എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/പൊരുതി ജയിച്ചവർ

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതി ജയിച്ചവർ     

"അമ്മേ.... അമ്മേ.... അച്ഛൻ എപ്പഴാ വരുന്നേ? അച്ഛനെ കാണാൻ കൊതിയാവ്വ്വാ.”
ഉമ്മറത്തിരുന്ന്, അച്ഛൻ ഗൾഫിൽ നിന്ന് കഴിഞ്ഞതവണ കൊണ്ടുവന്ന കാറുമായി കളിച്ചുകൊണ്ടിരുന്ന അപ്പു അടുക്കളവാതിലിനരികിലേക്ക് ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു. കരിയും പുകയും ദേഹത്ത് പുരണ്ടിരുന്ന രാജി തന്റെ നിറംമങ്ങിയ സാരി ഒന്ന് തട്ടിക്കുടഞ്ഞ് അപ്പുവിന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.
"ഇന്നലേം കൂടി വിളിച്ചുവച്ചതല്ലേ ഉള്ളൂ നിന്റെ അച്ഛൻ.... മെയ് മാസം കഴിയും മുമ്പേ ഇങ്ങെത്തിയിരിക്കും.”

തിളച്ചുവന്ന ക‍ഞ്ഞിയിൽ നിന്ന് ഒരു തവി കോരി വേവു നോക്കാൻ ആ വീട്ടിലെ ഗൃഹനാഥയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് ശകലം സംശയത്തോടെ അപ്പുവിന്റെ അമ്മ രാജി പറഞ്ഞു.
"അങ്ങനെയല്ലേ അമ്മേ ഹരിയേട്ടൻ പറഞ്ഞേ...? ഇനി വൈകുവോ? വൈകിയാൽ അവിടെനിന്ന് അമ്മാവനെങ്കിലും വിളിക്കില്ലേ?”
രാജി പുസ്തകത്താളുകൾ മറിക്കുന്നതുപോലെ തന്റെ ഭർത്താവിന്റെ അമ്മ സരസ്വതിയമ്മയ്ക്കു മുന്നിൽ ചോദ്യങ്ങൾ നിരത്തി. ഒരു നിമിഷം പകച്ചു നിന്ന സരസ്വതിയമ്മ പെട്ടെന്ന് പൊ‌ട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
"നീ അപ്പൂനേക്കാൾ കഷ്ടാണല്ലോ രാജ്യേ...... അവനിങ്ങെത്തിക്കോളും, എന്നും വിളിക്കുന്നില്ലേ.. പിന്നെന്താ?
വർഷങ്ങളായി അവൻ ആ മരുഭൂമിയിൽ നിന്ന് കഷ്ടപ്പെടുന്നത് കൊണ്ടാ ഇന്ന് ഈ വാടകവീട്ടിൽ അടുപ്പ് പുകയുന്നേ....... എന്റെ മോന്റെ വിയർപ്പാ രാജീ നമ്മൾ ഈ കലത്തിൽ വേവിക്കുന്ന അന്നം. ഈ ദാരിദ്രം മാറാൻ എന്റെ മോൻ അവിടെ ത്യാഗം സഹിക്ക്വാ.....അവന് ആ ജോലിയില്ലേൽ നമ്മൾ പട്ടിണി കിടന്ന് മരിക്കുമായിരുന്നു അല്ലേ.....?”
രാജി അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. ആ ഉറവയിൽ നിന്ന് തെളിനീര് പൊടിയാൻ ശ്രമിക്കുന്നുവോ എന്ന സംശയത്താൽ പെട്ടെന്നു തന്നെ അവൾ വിഷയം മാറ്റി സംസാരിക്കാൻ ഒരുങ്ങി.
"ദേ അമ്മേ, ഈ അപ്പൂന് പുസ്തകം തുറന്നുനോക്കണമെന്ന വിചാരമില്ല.......”
പെട്ടെന്ന് അവന് നേരെ തിരിഞ്ഞ് അവൾ പറഞ്ഞു,
"നീ ആറാം ക്ലാസ്സിലാ ഓർത്തോ...... നേരെ പഠിച്ചില്ലെങ്കിൽ നിന്റെ അച്ഛൻ ഗൾഫിൽ നിന്ന് വരുമ്പോൾ നിനക്ക് ഒന്നും കൊണ്ടുവരണ്ടാന്ന് പറയും.”
ശകാരരൂപത്തിൽ ഇങ്ങനെ പറഞ്ഞ് അപ്പൂന്റെ തലക്ക് ഒരു കിഴുക്കും നൽകി. അപ്പൂന് കാര്യം മനസ്സിലായി. അവൻ അവിടെ സ്റ്റീൽ പാത്രത്തിലുണ്ടായിരുന്ന ഉണ്ണിയപ്പം കൈയിലെടുത്ത് ഉമ്മറത്തേക്ക് ഒാടി, പുസ്തകമെടുത്ത് ഉറക്കെ വായിക്കാൻ തുടങ്ങി.
'വിജയൻ 10% നിരക്കിൽ 10000 രൂപ ബാങ്കിൽ..........................'
പെട്ടെന്ന് രാജി ഇടയ്ക്ക് കയറി. "എടാ അപ്പൂ.... നിന്റെ വേല കൈയിലിരിക്കട്ടെ, കണക്ക് വായിച്ചാ പഠിക്കുന്നേ? ചെയ്ത് പഠിക്കെടാ...”
ചൂലെടുത്ത് മുറ്റമടിച്ചുകൊണ്ട് അവൾ തുടർന്നു. "അതെങ്ങനാ എന്റെയും നിന്റെ അമ്മമ്മയുടെയും കണ്ണിൽ പൊടിയിടാനല്ലേ നീ വായിക്കുന്നേ. നീ ആ സിനിയുടെ ഉണ്ണിയെ നോക്ക്യേ.. അവൻ എപ്പോഴും പഠിപ്പാ... അതുകൂടാതെ ലൈബ്രറി പുസ്തകങ്ങളും വായിക്കും. നീ സ്കൂൾ ബുക്കെങ്കിലും വായിക്ക്. എങ്കിലേ കളിക്കാൻ വിടൂ.”
അത് അപ്പുവിന് ഇഷ്ടപ്പെട്ടില്ല. തന്നെ ഉണ്ണിയുമായി താരതമ്യം ചെയ്യുന്നത് അവന് തീരെ ഇഷ്ടമല്ല. അവൻ ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു.
"അവൻ വീഡിയോ ഗെയിം കളിക്കുവാ നോക്ക്യേ......”
"അത് ഇപ്പഴല്ലേ ഇത്രേം നേരം പഠിക്കുവായിരുന്നു.” രാജി വിട്ടുകൊടുത്തില്ല. അവൾ തുടർന്നു.
"നിന്റെ അച്ഛന് നിന്നെക്കുറിച്ച് എന്തുപ്രതീക്ഷയാണെന്നറിയോ നിനക്ക്?”
അവൻ തന്റെ നാളത്തെ പരീക്ഷയ്ക്ക് പഠിക്കാൻ തുടങ്ങി.

കുപ്പൻ ചിലച്ചുകൊണ്ടാണ് അന്ന് നേരം പുലർന്നത്. അപ്പുവിന്റെ കിടക്കയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ വെയിൽ വന്നെത്തി. അത് കണ്ണുകളിൽ തട്ടിയതുകൊണ്ടായിരിക്കാം അവൻ പൊടുന്നനെ എഴുന്നേറ്റു. കുളിച്ചൊരുങ്ങി പ്രാതൽ കഴിച്ച് ഇറങ്ങുമ്പോൾ പൂജിച്ച് മഷിനിറച്ച പേന നൽകിയ അമ്മമ്മയുടേയും അമ്മയുടേയും അനുഗ്രഹം വാങ്ങാൻ അവൻ മറന്നില്ല. അന്ന് ഉച്ചവരെയായിരുന്നു പരീക്ഷ. അന്നത്തെ മലയാളം പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് അവനെത്തിയതെങ്കിലും വരും ദിവസങ്ങളിലെ സാമൂഹ്യം കണക്ക് പരീക്ഷകൾ അവനെ തികച്ചും അസ്വസ്ഥനാക്കി. ഇത് കൊല്ലപരീക്ഷയാണ്. ഇനി എഴാം ക്ലസിലേക്കാണ് എന്നൊക്കെ അവനറിയാത്തതുകൊണ്ടല്ല, പരീക്ഷകളുടെ കൊടും ചൂടിൽ ഒരു തണൽമരം പോലുമില്ലാതെ അവനുരുകുകയായിരുന്നു. പക്ഷേ ദിവസങ്ങൾ വളരെ വേഗം നീങ്ങുന്നു, സൂര്യൻ ഉണർവിൽ നിന്ന് ഉറക്കത്തിലേക്ക് പെട്ടെന്ന് വഴുതി വീഴുന്നു.
അന്ന് അപ്പുവിന് ഹിന്ദി പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞ് പതിവിലും സന്തോഷത്തിലാണ് അവൻ വീട്ടിലെത്തിയത്. രാജി സ്തബ്ധയായി. അടുത്തദിവസം കണക്ക് പരീക്ഷയാണെന്ന് അവൾക്കറിയാം.
അപ്പു ആർത്ത് ചിരിച്ച് ഉമ്മറപ്പടിയിൽ ബാഗ് വലിച്ചെറിഞ്ഞ് അമ്മമ്മയുടെ കവിളുകളിൽ ചുംബിച്ചുകൊണ്ട് പറ‍ഞ്ഞു.
"എനിക്ക് നാളത്തെ കണക്ക് പരീക്ഷ എഴുതണ്ട അമ്മമ്മേ...............” സരസ്വതിയമ്മക്ക് ഒന്നും മനസ്സിലായില്ല.
ഉമ്മറത്ത് കിടന്ന ബാഗെടുത്ത് ഉള്ളിൽ വച്ച് രാജി അവനോട് പറഞ്ഞു.
"നാളെ കണക്ക് പരീക്ഷയാ ... നിന്റെ അടവല്ലേടാ ഇത് ...... നിനക്ക് മാത്രമെന്താ എഴുതണ്ടാത്തേ..? പോയിരുന്ന് പഠിച്ചേ...”
"എന്നെ പറഞ്ഞു തീർക്കാൻ സമ്മതിക്കൂ അമ്മേ.....നിങ്ങൾ ടി വി കണ്ടില്ലേ ? ചൈനക്കാർ ഒരു കൊറോണ വൈറസിനെ പുറത്ത് വിട്ടിട്ടുണ്ട് പോലും. അത് പകർന്ന് ആയിരങ്ങളാ മരിച്ചതത്രേ. അതിലും കൂടുതലാ ഇറ്റലിയിൽ ....... ദേ .. ഇപ്പോൾ ഇന്ത്യയിലേക്കും എത്തീന്നാകേൾക്കുന്നേ...നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇന്ത്യക്കും കേരളത്തിനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവത്രേ.. ഇനി ഈ കൊല്ലത്തെ പരീക്ഷയൊന്നും ഇല്ല. ഈ കൊറോണ പനിയായിട്ട് വന്നിട്ടാ ആളുകൾ മരിക്കുന്നേ..... ഹൊ ! എന്തായാലും പരീക്ഷ എഴുതണ്ടല്ലോ....”
രാജി ടി വി ഓൺ ചെയ്ത് വാർത്ത വച്ചു. ഞെട്ടിക്കുന്ന വാർത്തകൾ !!!

കൊറോണ വൈറസ് കൊവിഡ് 19 എന്ന രോഗത്തിലൂടെ ലോകരാഷ്ട്രങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്നു. സരസ്വതിഅമ്മയുടെ ശരീരം വിറയ്ക്കുന്നതു പോലെ തോന്നി. കൈയിലുണ്ടായിരുന്ന പാത്രങ്ങൾ താഴെ വീണ് ചിതറി. ഗൾഫിലുള്ള മകനെ ആലോചിച്ചപ്പോൾ വിറച്ചുപോയി.
വെള്ളിയാഴ്ച്ച രാത്രിവരെ മകന്റെ ഫോൺവിളിക്കു വേണ്ടി പരിഭ്രാന്തിയോടെ അവർ കാത്തിരുന്നു. ഒടുവിൽ ഫോൺ ശബ്ദിച്ചു. വിറക്കുന്ന കൈകളാൽ രാജി ഫോണെടുത്തു. രാജി, എന്ന വിളി കേട്ടതേ അവൾ പൊട്ടിക്കരഞ്ഞുപോയി. ഹരി അവളെയും അമ്മയെയും മാറിമാറി സമാധാനിപ്പിച്ചു.
"കരയണ്ട, ഇവിടെ ഇപ്പൊ പ്രശ്നമൊന്നും ഇല്ല. ജോലിക്കു പോകാതിരിക്കാൻ പറ്റില്ല. ഞാനൊരു ടാക്സി ഡ്രൈവറല്ലേ. പ്രശ്നം വരികയാണെങ്കിൽ വീട്ടിലിരിക്കാം. നിങ്ങളുടെ പ്രാർത്ഥന എന്നെ രക്ഷിക്കില്ലേ! എനിക്ക് തിരക്കുള്ള ദിവസം രാഘവമ്മാമൻ വിളിക്കും" ഹരി ഫോൺ കട്ട് ചെയ്തു.
ദിവസങ്ങൾ കടന്നുപോയി. പുറത്തിറങ്ങാൻ കഴിയുന്നില്ല. ടി വി യിൽ ഭീതിപ്പെടുത്തുന്ന വാർത്തകൾ. ഇടയിൽ കണ്ടു, കോവിഡ് ബാധിച്ച് ഗൾഫിൽ അഞ്ച് മരണം. അങ്ങോട്ട് വിളിച്ചു നോക്കി, ഫോണെടുക്കുന്നില്ല. കാത്തിരിപ്പിനൊടുവിൽ ഹരി വിളിച്ചു. വിറയാർന്ന ശബ്ദം....
"ഞാൻ ഇവിടെ ക്വാറന്റൈനിലാണമ്മേ, ഞങ്ങളുടെ കൂട്ടത്തിലുള്ള അഞ്ച് പേരാ മരിച്ചത്.”
കൂടുതൽ കേൾക്കാൻ ആ അമ്മയ്ക്ക് ശക്തിയുണ്ടായില്ല. ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജിയും കരഞ്ഞുപോയി. അപ്പുവിന്റെ ചിരിയും കളിയും മാറി.
ആ കുടുംബം തകർന്നു വീഴുകയാണോ!
ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു, അമ്മ പൂജാമുറിയിൽ നിന്ന് എഴുന്നേൽക്കാറേ ഇല്ല.
ആഴ്ചകൾക്ക് ശേഷം ഗൾഫിൽ നിന്നും രാഘവന്റെ ഫോൺ..... മരണകാഹളമറിയിക്കാനായി............. ഹരി കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു. അവസാനമായി ആ തണുത്ത ശരീരം പോലും ഒരുനോക്കു കാണാനാവാതെ ആ അമ്മയും ഭാര്യയും മകനും അലമുറയിട്ടു. ദാരിദ്രത്തോടും ദുഃഖങ്ങളോടും ഒരുപാട് പോരാടി. എന്നിട്ടും തോറ്റുപോയി...................

വിറയ്ക്കുന്ന കരങ്ങളാൽ അമ്മമ്മ കൊച്ചുമകന്റെ ശിരസ്സിൽ തലോടി. അപ്പൂ ഇനി നീയാണ് കുടുംബത്തിന്റെ പ്രതീക്ഷ.
'ഇല്ല, അമ്മമ്മയുടേയും, അമ്മയുടേയും പ്രതീക്ഷകളെ ഞാൻ അസ്ഥാനത്താക്കില്ല.' കുഞ്ഞുമനസ്സിൽ ഉറഞ്ഞുകൂടിയ സങ്കടങ്ങൾ മനസ്സാക്ഷിക്ക് നേരെയുള്ള മൂർച്ചയേറിയ അമ്പുകളായി. അവൻ ചിന്തിച്ചു, 'എന്റെ അച്ഛൻ കേരളത്തിലായിരുന്നെങ്കിൽ ....... ഉറക്കവും വിശ്രമവും ഇല്ലാതെ രാപകൽ കേരളത്തിനു വേണ്ടി അധ്വാനിച്ച ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും കാരുണ്യഹസ്തങ്ങൾ എന്റെ അച്ഛന് നേരെ ഉയർന്നേനേ.......അച്ഛൻ ജീവിച്ചിരുന്നേനേ....'
കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു.
നിർമ്മല ഹോസ്പിറ്റലിലെ ഐ.സി.യു. വിൽ ഹൃദയമിടിപ്പ് കുറഞ്ഞുകൊണ്ടിരിക്കുന്ന രോഗിയെ നോക്കി നിസ്സഹായയായ നഴ്സ് അലറി വിളിച്ചു.
"ഡോക്ടറെ വിളിക്കൂ...... ഡോക്ടറെ വിളിക്കൂ......”
ഐ.സി.യു. വിന്റെ ചില്ല് വാതിൽ തള്ളിത്തുറന്ന് കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കി ഡോക്ടർ അഭിജിത്ത് എന്ന അപ്പുകടന്നുവന്നു............
'അതെ ........... അപ്പു ജയിച്ചിരിക്കുന്നു, വിധിയോട് പൊരുതി............., അവന്റെ അച്ഛനു വേണ്ടി............., ജീവിതത്തിൽ കാലിടറിപ്പോയ അമ്മയ്ക്ക് വേണ്ടി.........., മകന്റെ വേർപാടിലും പതറാതെ കരുത്ത് പകർന്ന് പിടിച്ചുനിന്ന അമ്മമ്മയ്ക്ക് വേണ്ടി..........'
'ആതുരസേവനത്തിന്റെ കൈത്താങ്ങ് പ്രതീക്ഷിച്ച് ജീവിക്കുന്ന ഒരു ജനതയ്ക്കു വേണ്ടി.............'

ദേവനന്ദ വി വി
8 C എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ, കണ്ടങ്കാളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ