എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ഈ ദുരന്തകാലത്തേയും നാം മറികടക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ദുരന്തകാലത്തേയും നാം മറികടക്കും     

കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന പേര് നാം കേട്ടുതുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാരംഭിച്ച് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ് ഈ മഹാമാരി. ലോകത്തിൽ വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഈ രോഗത്തിന് മുമ്പിൽ പതറുമ്പോഴും നമ്മുടെ കൊച്ചു കേരളം ഈ രോഗത്തിന് മുന്നിൽ തലകുനിക്കാതെ നിൽക്കുന്നുവെന്നത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഉണ്ടായ പുരോഗതിയുടെ ഫലം ശരിക്കും അനുഭവിക്കുന്ന കാലമാണിത്. കൊറോണയെ നേരിടാൻ കേരളസർക്കാർ നടത്തുന്ന പ്രയത്നങ്ങളിൽ ഏതൊരു മലയാളിക്കും അഭിമാനിക്കാം. വ്യാജവാർത്തകളെ തൂത്തെറിഞ്ഞ നാം കൊറോണക്കെതിരെ സാമൂഹിക അകലം പാലിച്ചുകൊണ്ട് സാമൂഹിക ഐക്യം നിലനിർത്തി പടപൊരുതുകയാണ്.

കരിന്തേളിനെ മുതൽ ചീങ്കണ്ണിയെ വരെ കിട്ടുന്ന മാർക്കറ്റായിരുന്നു വുഹാനിലെ വമ്പൻ മൽസ്യമാർക്കറ്റ്. 5.4ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള ഇവിടെ നിന്നാണ് കൊറോണ വൈറസ് തന്റെ പടയോട്ടം തുടങ്ങുന്നത്.

ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്-19. കഴിഞ്ഞ വർഷത്തിലെ അവസാനദിനം സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം കാട്ടുതീ പോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11-നാണ് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. മഹാമാരി ഗണത്തിലുള്ള മറ്റ് ഒരു രോഗമേ ഇന്ന് ഭൂമിയിലുള്ളൂ; അരനൂറ്റാണ്ട് മുമ്പ് കണ്ടെത്തിയ എയ്ഡ്സ്. ഈ വൈറസിന്റെ 96% സാമ്യമുള്ള വൈറസിനെ വർഷങ്ങൾക്ക് മുമ്പ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞയായ ഴെങ് ലിഷി കണ്ടെത്തിയിരുന്നു. പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ആദ്യ ആൾ നേത്രരോഗവിദഗ്ധനായ ലീ വെൻലിയാങ് ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവനും ഈ വൈറസ് അപഹരിച്ചു.

ഇതുവരെ ലോകത്തിൽ 23 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 1.6ലക്ഷത്തിലധികം പേർ മരണത്തിനിരയായി. ഇതെഴുമ്പോൾപോലും പലരും മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ രോഗികളും, മരണത്തിനിരയായവരും ഇന്ന് അമേരിക്കയിലാണ്, തൊട്ട് പിന്നിൽ യൂറോപ്യൻ രാജ്യങ്ങളുമുണ്ട്. ഇതുവരെ 193 രാജ്യങ്ങളിൽ പടർന്ന് പിടിച്ച കൊറോണ മൂലം ലോകം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്.

നമ്മുടെ രാജ്യമായ ഇന്ത്യയും കൊറോണയ്ക്കെതിരെ പടപൊരുതാൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മഹാമാരിയെ ഇല്ലാതാക്കാൻ ശാസ്ത്രലോകത്തിന് സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനായി നമുക്ക് ഒരുമിച്ച് വീട്ടിലിരിക്കാം. തൂവാല ഉപയോഗിച്ച് മുഖം മറക്കുന്നതും ഇടക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുന്നതും ഈ രോഗത്തിനെ നേരിടാൻ നമുക്ക് ശക്തി പകരുന്നു. പനി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളുമായി വരുന്ന ഈ ഭീകരനെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിന്, ഈ രോഗം ആദ്യം കാണുകയും പിന്നെ ഇതിനെ ഇല്ലാതാക്കുകയും ചെയ്ത ചൈന ഒരു പാഠമാണ്.

ജിജിൻ ശ്രീധർ
9 C എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ, കണ്ടങ്കാളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം