എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


മാനവരാശിക്ക് വലിയ തിരിച്ചറിവ‍ുകൾ നൽകി കോവിഡ് 19 എന്ന മഹാമാരി ഒര‍ു ശിക്ഷയായി നമുക്ക് നൽകിയപ്പോൾ തന്നെ തന്റെ പ്രിയ സ‍ൃഷ്‍ടികൾ കീഴ്‍പെട്ട് പോകാത്ത വിധം കരുത്ത‍ുറ്റ മനസ‍ും , വിശ്വാസവ‍ും അവന‍ുണ്ടെന്ന് സ‍ൃഷ്‍ടാവിന് അറിയാമായിരുന്നിരിക്കണം. അതു കൊണ്ട് തന്നെ നമ്മുടെ പരാജയം പ്രപഞ്ച ശക്തിയും ആഗ്രഹിക്കുന്നുണ്ടാവില്ല .ഈ മഹാമാരിയെ നാം മറികടക്കുക തന്നെ ചെയ്യും . അതോടൊപ്പം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട ; പരിഹാരം കാണേണ്ട ധാരാളം വിഷയങ്ങൾ നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടു എന്ന യാഥാർത്ഥ്യം ഇനിയും കണ്ടില്ലന്ന് നടിച്ചാൽ സമീപഭാവിയിൽ ഈ പ്രപഞ്ചത്തിന്റെ പരമാധികാരികൾ , ഈശ്വരന്റെ പ്രിയപ്പെട്ടവർ എന്നൊക്കെ ഊറ്റം കൊള്ളുന്ന മാനവരാശിയുടെ സ്ഥാനം ഭൂമിയിലുണ്ടാവില്ല. എല്ലാ ജീവജാലങ്ങളേയും മാറ്റി നിറുത്തി തന്റെ പ്രിയ സ‍ൃഷ്‍ടിക്ക് മുകളിൽ വാരി വിതറിയ വൈറസ് നമുക്ക് തര‍ുന്ന സൂചന "മനുഷ്യനില്ലെങ്കിലും ഈ ഭൂമിക്ക് ഒന്നും സംഭവിക്കില്ലെന്ന് " നമ്മെ ബോധ്യപ്പെടുത്തുന്നതു പോലെ തോന്നുന്നു. നാം പ്രകൃതിയോട് ചെയ്ത പൊറുക്കാൻ പറ്റാത്ത ക്രൂരതക്കുള്ള ശിക്ഷയും , പരിഹാരവുമായി ഈ മഹാമാരിയെ കാണുന്നതിലും തെറ്റില്ല .

ഇരുപതിനായിരം കോടി രൂപ കൊണ്ട് ശ‍ുദ്ധീകരിക്കാൻ കഴിയാത്ത ഭാരതത്തിന്റെ പുണ്യനദിയെ ഒരു രൂപ പോലും ചെലവഴിക്കാതെ പത്ത് ദിവസം കൊണ്ട് പൂർവ്വസ്ഥിതിയിലാക്കാനും , എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത വായുമലിനീകരണം ഇല്ലാണ്ടാക്കാനും മനുഷ്യന്റെ കൂട്ടില്ലാതെ പ്രകൃതിക്ക് സാധിച്ചിരിക്കുന്നു. ഈ മഹാമാരിയിൽ നാമൊഴികെ ഭൂമിയിലെ സർവ്വ ചരാചരങ്ങളും സന്തോഷിക്കുന്നതായി അവയെ അടുത്ത് നിരിക്ഷിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും.

പണവും , സമയവുമാണ് ഏറ്റവും വലിയ സമ്പത്തെന്ന് വിശ്വസിച്ചിരുന്ന നമുക്കുണ്ടായ ഒന്നാമത്തെ തിരിച്ചറിവാണ് "ആരോഗ്യമാണ് മനുഷ്യന്റെ ഒന്നാമത്തെ സമ്പത്ത് " എന്ന‍ും , നമുക്കുണ്ടായിരുന്ന നല്ല ആരോഗ്യ ശീലങ്ങളെല്ലാം തള്ളിപ്പറഞ്ഞ് പുതുമയുടെ രുചിക്കൂട്ടുകളേയും ശീലങ്ങളേയും ചേർത്ത് പിടിച്ചപ്പോൾ നഷ്ടമായത് ആരോഗ്യവും, കിട്ടിയത് ജീവിത ശൈലി രോഗങ്ങളുമാണ് ' ജീവിതശൈലീ രോഗങ്ങളൊന്നുമില്ലാത്തവർ നമുക്കിടയിൽ കുറവാണന്ന യാഥാർത്ഥ്യം അറിയാവുന്നതുകൊണ്ടാണ് കോവിഡ്- 19 നെ മഹാമാരി എന്ന് നമുക്ക് വിളിക്കേണ്ടി വരുന്നത് .ആരോഗ്യമുള്ള ശരീരത്തെ കീഴ്പ്പെടുത്താൻ വൈറസിന് കഴിയില്ലന്ന് ഇതിനോടകം തിരിച്ചറിഞ്ഞു.ഇതിൽ നിന്നും നമ്മുടെ രാജ്യത്ത് മറ്റെന്തിനേക്കാളും പ്രാധാന്യം ആരോഗ്യത്തിന് നൽകണമെന്ന വലിയ തിരിച്ചറിവ് നാം ഉൾക്കൊള്ളണം .

ഈശ്വരന്റെ പ്രിയപ്പെട്ടയിടം എന്ന് അഹങ്കരിക്കുന്ന നമ്മുടെ കൊച്ചു സുന്ദരമായിരുന്ന സംസ്ഥാനം , പേരു കേട്ടാൽ ചോര തിളക്കേണ്ട എന്റെ ജന്മഭൂമിയുടെ നാലതിർത്തികൾ താൽക്കാലികമായി കൊട്ടിയടക്കപ്പെട്ടപ്പോൾ കെണിയിൽ വീണ എലികളെപ്പോലെ കൂട്ടിലകപ്പെട്ടു പോയ സ്ഥിതി നമുക്കുണ്ടായി. ഇതും നമുക്കു നൽകുന്ന തിരിച്ചറിവ് വലുതാണ്.വിഷവും ,രാസവസ്‍ത‍ുക്കളും നിറച്ച ഭക്ഷ്യവസ്‍ത‍ുക്കളും , പച്ചക്കറികളും , പാലും , മുട്ടയും ,മീനും ,മാംസവുമാണ് ഈ സുന്ദര ഭൂമിയുടെ ആരോഗ്യത്തെ ഇല്ലായ്‍മ ചെയ്തതെന്ന സത്യം . കേവലം ഉണക്കമീനും , ഉള്ളിയും , സവാളയും മാത്രം കടയിൽ നിന്ന് വാങ്ങി ബാക്കിയെല്ലാം തന്റെ വളപ്പിൽ നിന്ന് പറിച്ച് പാകം ചെയ്ത് ഭക്ഷിച്ചുണ്ടാക്കിയെടുത്ത ആരോഗ്യമുള്ള ശരീരത്തിന‍ുടമകളായ നമ്മുടെ പ്രിയപ്പെട്ട വല്യപ്പച്ചന്മാരുടേയും ,വല്യമ്മച്ചിമാരുടേയും മുന്നിൽ ഈ വൈറസ് തോറ്റു പത്തി മടക്കിയത് ഒരു തിരിച്ചറിവും നൽകുന്നില്ലങ്കിൽ വലിയ തോൽവിയായിരിക്കും ഫലം. ഇവിടെ കൃഷി വെറുതേ പ്രോൽസാഹിപ്പിക്കുകയല്ല വേണ്ടത്;കൃഷി നമ്മുടെ സംസ്ക്കാരമാകണം. കർഷകൻ ആദരിക്കപ്പെടണം ,ഒരു ലാഭവും പ്രതീക്ഷിക്കാതെ ഗവൺമെൻ്റ് ഈ മേഖലയിൽ മുതൽ മുടക്കണം .എല്ലാ കീടനാശനികളും രാസവളങ്ങളും നിരോധിക്കണം .ജൈവ കൃഷിക്കാവശ്യമായതെല്ലാം ഒരുക്കിക്കൊടുക്കണം. എല്ലാ വിളകളും ഇൻഷ്വർ ചെയ്യണം. കൃഷി നാശം ,വിള നഷ്‍ടം എന്നൊന്ന് കർഷകനുണ്ടാകരുത്. വിഷം ചേർത്ത ഭക്ഷ്യവസ്‍ത‍ുക്കളെല്ലാം കൊട്ടിയടച്ച അതിർത്തിക്കിപ്പുറത്ത് നമ്മളും തടയണം. വന്ന വഴി തിരിച്ചുവിടണം നമ്മുടെ കർഷകർക്ക് അവന്റെ അധ്വാനത്തിന് വില കിട്ടണം .നമ്മുടെ മണ്ണിനെ പൂർവ്വസ്ഥിതിയിലാക്കിയാൽ നൂറുമേനി കൊയ്‍തെട‍ുക്കാൻ കർഷകർക്കറിയാം. തരിശിട്ടിരിക്കുന്ന ഭൂമി ഏറ്റെടുത്ത് കർഷകർക്ക് നൽകണം. ഒരു പശുവിന്റെ ചാണകവും ,ക‍ുറച്ച് ശർക്കരയും ചേർത്തുണ്ടാക്കുന്ന ജീവാമൃതം മാത്രം മതി നമ്മുടെ നാട്ടിൽ പച്ചക്കറികൾ തഴച്ചു വളരാൻ .അടുത്ത തലമുറയെ വാർത്തെടുക്കുന്ന വിദ്യാലയങ്ങളിൽ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ, പാല് , മുട്ട എന്നിവ രക്ഷിതാക്കൾ തന്നെ നൽകണം. അതിൻ്റെ പണം അവർക്ക് കിട്ടണം , കുട്ടികളുടെ പച്ചക്കറിത്തോട്ടം എല്ലാം സ്കൂളിലും ഉണ്ടാകണം. നമ്മുടെ സംസ്ഥാനത്ത് ചികിൽസക്കായി ഓരോ മുക്കിലും ആശുപത്രികൾ നിർമ്മിക്കുകയല്ല ചെയ്യേണ്ടത് ;ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയാണ് വേണ്ടത് ,മനുഷ്യ ശരീരം നിർമ്മിച്ചിരിക്കുന്നത് മരുന്നുകൊണ്ടല്ല പോഷകങ്ങൾ കൊണ്ടാണന്ന് തിരിച്ചറിവുണ്ടാകണം.

നാം കുടിക്കേണ്ട വെള്ളത്തിന്റെ പി.എച്ച് മൂല്യം (പൊട്ടൻഷ്യൽ ഹൈഡ്രജൻ) ഏഴാണ്. ഇന്ന് കാട്ടിൽ ജീവിക്കുന്ന മനുഷ്യർക്കാണിതിന് ഭാഗ്യമുള്ളത് . മനുഷ്യ രക്തത്തിലെ പി.എച്ച് മൂല്യം 7.4 ആണ്. മറ്റെല്ലാ അവയവങ്ങളുടേയും പി.എച്ച് മൂല്യം ഇതിലും കൂടുതലാണ് .ഏഴ് പി.എച്ച് മൂല്യം ഉള്ള വെള്ളം കുടിച്ചാലേ ശരീരത്തിന് മേൽപറഞ്ഞ പി.എച്ച് മൂല്യം നിലനിർത്താൽ സാധിക്കുകയൊള്ളു. രാസവളങ്ങളും കീടനാശിനികളും, മാലിന്യങ്ങളും വന്നടിഞ്ഞ് നമ്മുടെ കുടിവെള്ള സ്രോതസുകൾ പി.എച്ച് മൂല്യം കുറഞ്ഞ് അസിഡിക്കായി മാറിയിരിക്കുന്നു. ഇത് സ്ഥിരമായി ക‍ുടിക്കുന്നതിന്റെ ഫലമായി ക്യാൻസർ പോലുള്ള ജീവിത ശൈലീ രോഗങ്ങൾ കൂടുന്നു. നമ്മുടെ കുടിവെള്ളം നന്നാകണമെങ്കിൽ രാസവളങ്ങളും ,കീടനാശിനികളും നാട്ടിൽ നിന്നൊഴിവാക്കണം . ശ‍ുദ്ധമായൊഴുകുന്ന പുഴ ഒരു ജനവാസ കേന്ദ്രമോ ,പട്ടണമോ കടക്കുമ്പോൾ മലിനമാകുന്ന സ്ഥിതി മാറണം. ശ‍ുദ്ധമായ കുടിവെള്ളം ജീവികളുടെ അടിസ്ഥാന ആവശ്യമാണന്നും ;നല്ല ആരോഗ്യത്തിന്റെ ആണിക്കല്ലാണന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം .

ശരിയായ ആരോഗ്യത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് വ്യായാമം .ധാരാളം കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന മുൻ തലമുറയുടെ സ്ഥാനത്ത് ഇന്ന് മൊബൈലും കംപ്യൂട്ടറും മാത്രം ആശ്രയിക്കുന്ന തലമുറയാണ് കാണുന്നത്. സ്വന്തം വീടിന്റെ പരിസരം പോലും തിരിച്ചറിയാത്ത കുട്ടികളാണധികവും. സ്‍ക‍ൂളിൽ പോലും കളിസ്ഥലമോ ,കായികാധ്യാപകനോ ഇല്ലാണ്ടായി. ഡ്രിൽ പീരീഡ് ടൈംടേബിളിൽ മാത്രമായൊതുങ്ങി.അതിന്റെ ഫലമായി കഴിഞ്ഞ തലമുറയിലെ ക‍ുട്ടികളെ നാടൻ കോഴികളോടുപമിച്ചാൽ ഇന്നത്തെ ക‍ുട്ടികളെ ഇറച്ചിക്കോഴികളോട് ഉപമിക്കേണ്ടി വരും. ഇതിനെല്ലാം പ്രധാന കാരണം മൊബൈൽ ആണ്. പന്ത്രണ്ടാം ക്ലാസ് കഴിയുന്നത് വരെ ക‍ുട്ടികളുടെ മൊബൈൽ ഉപയോഗം നിയമം മൂലം നിരോധിക്കണം. . ലൈസൻസില്ലാതെ ക‍ുട്ടികൾ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്കെതിരെ കേസ് എടുക്കുന്നതു പോലെ ക‍ുട്ടികൾ മൊബൈൽ ഉപയോഗിച്ചാലും രക്ഷിതാക്കൾക്കെതിരെ നടപടിയെടുക്കണം. സ്‍ക‍ൂളിൽ കരാട്ടെ ,കളരി ,തായ്‍ക്കോണ്ട പോലുള്ള കായിക പരിശീലനങ്ങളിൽ കുട്ടികൾ നിർബദ്ധമായും പങ്കെടുക്കാൻ നടപടി സ്വീകരിക്കണം. ഇന്ന് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ പോലും ശരിയായ പരിശീലനം ലഭിക്കാത്തവരാണ തിരിച്ചറിവും ഇത്തരത്തിൽ നമുക്കുണ്ടാകണം

ലോക്ക് ഡൗൺ മൂലം വരുമാന മാർഗ്ഗങ്ങളെല്ലാം നിലച്ചപ്പോൾ ആരോഗ്യരംഗത്ത് മുടക്കാൻ പണമില്ലാതായി. സഹായിക്കേണ്ടവർ സഹായിച്ചില്ലന്ന് പറയുമ്പോഴും നമുക്ക് ചില തിരിച്ചറിവുകൾ കൂടിയുണ്ടാകണം. അമേരിക്കയിൽ കോവിഡ് 19 ൻ്റെ പരിശോധനക്കും,ചികിൽസക്ക‍ും പണം ഈടാക്കുന്നു. ഇവിടെ ഗവൺമെൻ്റ് ചെയ്യുന്നു എന്നഭിമാനിക്കുന്നു. നമ്മുടെ ഗവൺമെന്റിന്റെ കരുതൽ അഭിമാനാർഹം തന്നെയാണ്. എന്നാലിന്ന് ഗവൺമെന്റിന്റെ സാമ്പത്തീക സ്ഥിതി ദയനീയമായിരിക്കുന്നു. വികസിത രാജ്യങ്ങളിൽ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷ്വറൻസ് ഉണ്ട്. രോഗമുണ്ടായാൽ പണം ഇൻഷ്വറൻസ് കമ്പനി മുടക്കും ഈ തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത് . 99% ആളുകളും വീട്ടിൽ ആയിരം രൂപ കരുതൽ വേണമെന്നാഗ്രഹിക്കുന്നത് പെട്ടന്ന് ഒരസുഖം വന്നാൽ ചികിൽസിക്കുന്നതിനാണ്.ഇതിന് മാറ്റം വരണം ഒരു ക‍ുട്ടി ജനിക്കുമ്പോൾ തന്നെ ഇൻഷ്വർ ചെയ്യപ്പെടണം .അത് നിയമമാകണം .വരുമാനമുള്ളവർ സ്വന്തമായി പ്രീമിയം അടക്കണം ,അല്ലാത്തവർക്ക് വേണ്ടി സർക്കാർ പണം മുടക്കണം .ഇന്ന് ഐറ്റി മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ മാത്രമാണ് ശരിയായ ആരോഗ്യ ഇൻഷ്യുറൻസ് സംരക്ഷണമുള്ളവർ .പല അസുഖങ്ങളും ആരംഭത്തിൽ കണ്ടെത്തി ചികിൽസിക്കാൻ കഴിയാത്തത് പണം ഇല്ലാത്തതു കൊണ്ടാണ്. നമ്മുടെ സംസ്ഥാനത്തെ ഏതാണ്ട് ആറു ലക്ഷം വരുന്ന സർക്കാർ ജീവനക്കാർ പോലും ശരിയായ ഇൻഷ്വറൻസ് സംരക്ഷണമില്ലാത്തവരാണന്ന് എന്തേ തിരിച്ചറിയുന്നില്ല. പ്രീമിയം അടക്കാൻ കഴിവുള്ള ഇത്തരക്കാർക്ക് മെച്ചപ്പെട്ട ഇൻഷ്യർ പരിരക്ഷ ഒരുക്കുമ്പോൾ അവരുടെ കുടുംബം മുഴുവൻ സുരക്ഷിതരാക‍ും . ഗവൺമെന്റിന്റെ ബാധ്യതയും ഒഴിവാകും .എന്നിട്ടും എന്തേ നടക്കാത്തത് എന്ന് കണ്ടെത്തണം. കേരളത്തിലെ 100% ആളുകളേയും ആരോഗ്യ ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരാൻ സാധിച്ചാൽ ഇത്തരം ആരോഗ്യ പ്രതിസന്ധികൾ നമ്മെ തളർത്തില്ല. 50000 രൂപ വിലയുള്ള ബൈക്കിനും മൂന്ന് ലക്ഷം രൂപ വിലയുള്ള കാറിനും വലിയ തുക നൽകി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന നിയമം നിലവിലുള്ള നമ്മുടെ നാട്ടിൽ വില മതിക്കാൻ കഴിയാത്ത മനുഷ്യ ജീവൻ മാത്രം എന്തുകൊണ്ട് ഇൻഷ്വർ ചെയ്യപ്പെടുന്നില്ല എന്ന ചോദ്യം ഓരോരുത്തരും ചോദിക്കണം

മക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി എന്റെ മാതാപിതാക്കളുടെ കരുതൽ എത്ര വലുതായിരുന്നു എന്ന തിരിച്ചറിവാണ് ഈ കോവിഡ് കാലത്തെ എന്റെ സമ്പാദ്യം. നമ്മുടെ വളപ്പിൽ കൃഷി ചെയ്‍ത‍ുണ്ടാക്കുന്ന വിഭവങ്ങളും ,വീട്ടിലുണ്ടാക്കുന്ന ഭക്ഷണവുമാണ് ശരിയായ ആരോഗ്യത്തിന‍ുതക‍ുന്നത് മനുഷ്യ ശരീരം നിർമ്മിച്ചിരിക്കുന്നത് മരുന്നുകൊണ്ടല്ല മറിച്ച് പോഷകങ്ങൾ കൊണ്ടാണെന്ന തിരിച്ചറിവ് ഇനിയുള്ള കാലം ശരിയായ ആരോഗ്യ പ്രവർത്തനങ്ങളിൽ എനിക്ക് കൂട്ടായുണ്ടാകും. നാം കേരളീയരാണ് ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും .


ആൻദിയ സജി
IX B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം