എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്ഷരവൃക്ഷം/ദൈവത്തിന്റെ ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ ചിരി

ആദ്യത്തെ മനുഷ്യന് വേണ്ടി ദൈവം മണ്ണ് കുഴച്ചപ്പോൾ, അവൻ പോലും വിചാരിച്ചില്ല അവന്റെ ഈ സൃഷ്ടി അവന്റെ മറ്റു സൃഷ്ടികളുടെയെല്ലാം നാശത്തിന് കാരണമാകുമെന്ന് ..


തുടക്കത്തിലേ മനുഷ്യൻ, അവന്റെ സ്വാർത്ഥതക്ക്‌ വേണ്ടി തന്റെ ആദ്യസഹോദരനെ കൊന്നു. പിന്നീട് കാട്ടിലെ മൃഗങ്ങളെ അവൻ അടിമകളാക്കി. അവനെ ഉണർത്താനും അവന്റെ ഭക്ഷണത്തിനും വേണ്ടി അവൻ പക്ഷികളെ കൂട്ടിലടച്ചു. പുതപ്പിനും കൊഴുത്ത ഇറച്ചിക്കും വേണ്ടി മനുഷ്യൻ ചെമ്മരിയാടുകളെയും മാടുകളെയും കഴുത്തിൽ കയറിട്ട് വടി കൊണ്ടു വേദനിപ്പിച്ചു ആട്ടിത്തെളിച്ചു. പിന്നീട് അവൻ കാട്ടിലെ മൃഗങ്ങളെ ഒന്നൊന്നായി അവന്റെ കാവലിനായും അവന്റെ വിനോദത്തിനായും അവനു വേണ്ടി പണിയെടുക്കുന്നതിനായും മെരുക്കിയെടുത്തു. നായയും, ആനയും, കഴുതയും കാളയും ഒക്കെ അതിൽ പെടും. ഓരോന്ന് കഴിയുമ്പോഴും അവന്റെ അഹങ്കാരം കൂടിക്കൂടി വന്നു. അവൻ ആദ്യം കല്ല് കൊണ്ട്, പിന്നീട് വടി കൊണ്ട്, പിന്നെ വാളും പരിചയും കൊണ്ട്, അതിനു ശേഷം തോക്ക് കൊണ്ട് ലോകം പിടിച്ചടക്കാൻ ഇറങ്ങി തിരിച്ചു. പരസ്പരം കൊന്ന് അവൻ മുന്നോട്ട് നീങ്ങി. അതിനിടയിൽ മിണ്ടാപ്രാണികളായ പാവം മൃഗങ്ങൾ അവന്റെ വാശിക്കും സ്വാർത്ഥതക്കും വേണ്ടി കൊല ചെയ്യപ്പെട്ടു. കൂടെ പ്രകൃതിയും പിച്ചിച്ചീന്തപ്പെട്ടു. കാടുകൾ വെട്ടി നിരത്തിയും കുന്നുകൾ ഇടിച്ചു നിരത്തിയും പുഴയെ മണ്ണിട്ടു നികത്തിയും മനുഷ്യൻ തന്റെ അഹങ്കാരം തുടർന്നു.


എല്ലാത്തിനെയും കൂട്ടിലിട്ട അവൻ തന്നെ നശിപ്പിക്കാൻ ആർക്കും കഴിയില്ല എന്ന് വിശ്വസിച്ചു. പക്ഷെ ദൈവത്തിന് മനുഷ്യന്റെ അഹങ്കാരത്തിൽ നശിച്ച പ്രകൃതിയുടെ അടക്കിപ്പിടിച്ച കരച്ചിലും, മൃഗങ്ങളുടെ കണ്ണീരും കണ്ടില്ല എന്ന് നടിക്കാൻ കഴിഞ്ഞില്ല, കാരണം ദൈവത്തിന്റെ സൃഷ്ടിയാണല്ലോ പ്രകൃതിയും മറ്റു ജീവജാലങ്ങളും.


ദൈവം കടുത്ത വേനലിലൂടെയും, പ്രളയത്തിലൂടെയും, ഓഖിയിലൂടെയും, നിപ്പയിലൂടെയും മറ്റും മനുഷ്യന് അടയാളങ്ങൾ കാണിച്ചു. പക്ഷെ മനുഷ്യൻ ദൈവത്തിന്റെ അടയാളങ്ങൾക്ക് ചെവി കൊണ്ടില്ല. വേനലും പ്രളയവും കഴിഞ്ഞപ്പോ അവൻ വീണ്ടും പഴയ പോലെയായി. ദൈവം ഉള്ളിൽ ചിരിച്ചു. ലോകത്തിലെ സർവ്വ ജീവജാലങ്ങളെയും കൊന്നൊടുക്കുന്ന വുഹാനിലെ ഒരു ചന്തയിൽ നിന്നും ദൈവം ഒരു കൊച്ചു ജീവിയെ പറഞ്ഞയച്ചു. മനുഷ്യന്റെ കണ്ണിൽ പെടാത്ത ഒരു ജീവി. അവിടെ നിന്നും തുടങ്ങി ഇന്ന് ആ കൊച്ചു ജീവി ലോകം മുഴുവൻ വിഴുങ്ങി. എല്ലാത്തിനെയും കൂട്ടിലാക്കിയ മനുഷ്യൻ ഇന്ന് പേടിച്ചു തന്റെ വീടുകളിൽ തടവിലാക്കപ്പെട്ടു. മരണം അവനെയും തേടി ചെന്ന് തുടങ്ങി. മരണത്തെ അവനും ഭയപ്പെട്ടു. ദൈവം പറയാതെ പറഞ്ഞു , ഹേ മനുഷ്യാ... നീ നിർത്തിക്കോ നിന്റെ അഹങ്കാരം, ഇല്ലെങ്കിൽ നിന്നെ സൃഷ്ടിച്ച ഞാൻ തന്നെ നിന്നെ ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റും. ദൈവം ആർത്തു ചിരിച്ചു.

ശ്രീജെന്യ
7 D എസ്സ് എച്ച് സി ജി എച്ച് എസ്സ് എസ്സ് ചാലക്കുടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ