എഫ്.എച്ച്.എസ് മ്ലാമല/അക്ഷരവൃക്ഷം/പക

Schoolwiki സംരംഭത്തിൽ നിന്ന്
പക


ഉയിരിനായ് അടരാടും മനുജാ
നീ ചെയ്ത അപരാധം ഒന്നും മറന്നിടേണ്ടാ
കലികാലം എന്ന് മൊഴിഞ്ഞതിൻ ഫലമെന്ന്
വെറുതെ പുലമ്പി നടന്നിടേണ്ടാ

വഴിവിട്ട പോക്കിന് വഴികാട്ടുവാനോ
വഴി നീളെ വിതറുന്നു വൻദുരന്തം
പണ്ടും പറഞ്ഞുഞാൻ അരുതരുതേയെന്റെ
അമ്മയാം ഭൂമിയെ തകർത്തിടല്ലേ

അഴകെഴും മാമലയല്ലേ നിരത്തി നീ
കമനീയസൗധങ്ങൾ പണിയുവാനായ്
കർണ്ണങ്ങൾ പൊട്ടി തെറിക്കുമാറുച്ചത്തിൽ
കല്ലുകൾ കീറി പിളർന്നതില്ലെ?

കുളിരും കുളിർക്കാറ്റുമാവോളം നൽകിയ
പുഴയോരം മാന്തിയെടുത്തതില്ലേ
ആരോരുമറിയാതെ വിഴുപ്പിന്റെ ഭാണ്ഡങ്ങൾ
പുണ്യമാം നദിയിൽ നീ തള്ളിയില്ലേ ?

നീ അറിഞ്ഞില്ല നിൻ അന്തകയായവൾ
ആർത്തലച്ചെത്തിടും നാളൊരിക്കൽ
ഉഗ്രരൂപം പൂണ്ട് നിളയും പെരിയാറും
ഉന്മത്തയായവർ താണ്ഡവമാടി

സകലം നശിപ്പിച്ച് കലിത്തുള്ളിപ്പാഞ്ഞുപോയ്
കനവായ ഭവനങ്ങൾ കടലെടുത്തു.
പൊങ്ങി ജഡങ്ങൾ വികൃതമായിത്തീർന്നൊരു
പരിചിതരൂപങ്ങൾ പ്രിയജനങ്ങൾ

പ്രളയത്തിൻ ഭീകരഭാവങ്ങൾ നൽകുന്നു
ദുരിതങ്ങൾ പേറുന്ന രാവുകളും
പിടക്കുന്നു പ്രാണൻ വിറക്കുന്നു പ്രകൃതി
ഒടുക്കലെത്താൻ കൊതിക്കുന്നപോലെ

ആർക്കാണ് നേരം തിരിഞ്ഞ് ചിന്തിക്കുവാൻ ?
കാശിനായി ഓടുന്ന നേരമപ്പോൾ
സ്വത്തും പണവുമേറെയുണ്ടായാലിന്ന്
നിങ്ങൾ പട്ടിണിപാവങ്ങളെപ്പോലെയല്ലേ ?

എവിടെയാണിന്നുനിൻ തത്ത്വശാസ്ത്രങ്ങൾ?
മാത്സര്യശബ്ദത്തിൻ മാറ്റൊലികൾ ?
എവിടെയാണിന്നുനിൻ മതതീവ്രചിന്തകൾ?
മറഞ്ഞുനീയാടുന്ന പേക്കൂത്തുകൾ?

ഇനിയും പഠിക്കാനിടയില്ല പാഠങ്ങൾ
സ്വാർത്ഥത കൈമുതലാക്കിയ സോദരർ
ആർത്തരായിത്തീരുവാൻ നാളേറെവേണ്ടന്ന്
ഓർത്തെന്റെ നയനങ്ങൾ സജലങ്ങളായ്

വരുന്നുണ്ട് പ്രളയങ്ങൾ, അഗ്നിവർഷങ്ങൾ,
ജ്വലിക്കുന്ന ഭൂമിതൻ പകയുടെ കാഴ്ചകൾ…..
അറിയാതെപോലും നീ നോവിച്ചിടല്ലേ
അരുമയാം അമ്മയെ അഭയമാം ഭുമിയെ

 

അശ്വതികൃഷ്ണ എസ്
X B എഫ്.എച്ച്.എസ് മ്ളാമല
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത