എം ടി യു പി എസ് തൃക്കുന്നപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് എം. ടി. യു. പി. സ്കൂൾ തൃക്കുന്നപ്പുഴ . മാർത്തോമാ സഭയുടെ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കടൽത്തീര മിഷനിൽ ആദ്യമായി സുവിശേഷവേല ആരംഭിച്ചത് തൃക്കുന്നപ്പുഴയിലാണ് തദവസരത്തിൽ, എൽ. പി. വിദ്യാഭ്യാസത്തിനു ശേഷം ഉപരി പഠനത്തിനായി അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന കാലത്ത് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രവർത്തനഫലമായിഅയിരൂർ ടി. വി. ചെറിയാൻ ഉപദേശി, പി. ഇ. കൊച്ചുകുഞ്ഞ് ഉപദേശി എന്നിവരുടെ മേൽ നോട്ടത്തിൽ 3 കുട്ടികളോട് കൂടി ഈ സ്കൂൾ കൊല്ലവർഷം 1086 ൽ(ക്രിസ്താബ്ധം 1911) സ്ഥാപിക്കപ്പെട്ടു.1091 ൽ (ക്രി.1916)രണ്ട് ക്ലാസുകൾ ഉള്ള ഒരു പള്ളിക്കൂടം ചെറുകാട് മൂത്ത കുഞ്ഞ് അരയന്റെ അനുവാദത്തോടുകൂടി അദ്ദേഹത്തിന്റെ സ്വന്തം പുരയിടത്തിൽ ഷെഡ്ഡ് കെട്ടി തുടങ്ങി. 1,091ൽ ജി. ജോസഫിനെയും 1092 കെ.ജെ. വർഗീസിനെയും അധ്യാപക സുവിശേഷകരായി നിയമിച്ചു. 1,092 (ക്രി.1917) ഇടവത്തിൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.ശ്രീ. ജി.ജോസഫിന്റെ നേതൃത്വത്തിൽ 4 ക്ലാസ്സ് ഉള്ള പ്രൈമറി സ്കൂളായി ഇത് അഭിവൃദ്ധി പ്രാപിച്ചു. ഹെഡ്മാസ്റ്റർ ജി. ജോസഫിനു ശേഷം 1106 മുതൽ ശ്രീ കെ. ജെ.വർഗീസ് ഹെഡ്മാസ്റ്ററായി തുടർന്നു.അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1950 ജൂൺ മാസത്തിൽ ഒരു മിഡിൽ സ്കൂൾ നടത്തുന്നതിന് അനുവാദം ലഭിച്ചു.അരയന്റെ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് എം. ടി. യു. പി. സ്കൂൾ (മാർത്തോമാ അപ്പർ പ്രൈമറി സ്കൂൾ ) എന്നറിയപ്പെടുന്നു.