എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ചിത്രശാല
ഹിലാലാന് പുതിയൊരു ലോകം സമ്മാനിച്ച എം.കെ.എച്ച്.എം.എം. ഒ.എച്ച്.എസ്.എസ്
ഒരു മാതാവിന്റെ അംഗീകാരപത്രം
എന്റെ പേര് സീനത്ത് എന്റെ മോൻ ഹിലാൽ ഹനീഫ.
ഏകദേശം 6 വർഷം ഞാനും മോനും മൈസൂർ ആയിരുന്നു. മോന്റെ ചികിത്സ ക്കു വേണ്ടി. ലോക്ക് ഡൗണിൽ ഞങ്ങൾ് അവിടെ നിന്നും നാട്ടിലെത്തി.മൈസൂരിൽ നിന്നും നാട്ടിലേക്കു ബസ് കയറുമ്പോൾ മനസ് വല്ലാത്ത അസ്വസ്ഥമായിരുന്നു. ഹിലാലൂനേം കൊണ്ട് ഇനി എങ്ങനെ മുന്നോട്ട് പോകും😒.
ഒരു കൂട്ടുകാരി മുഖേന ആണു സ്കൂളിനെ എം.കെ.എച്ച്.എം.എം. ഒ.എച്ച്.എസ്.എസ്കുറിച്ച് അറിഞ്ഞത്.കുന്നിൻമുകളിൽ തല ഉയർത്തി നിൽക്കുന്ന ആ സ്കൂളിൽ ഹിലാലിന്റെ കയ്യും പിടിച്ചു, ആധി പിടിച്ച മനസോടെ ഓഫീസിനു മുന്നിൽ നിന്നു. സ്പെഷ്യൽ നീഡ് കുട്ടികളെ നോർമൽ സ്കൂളിൽ വിട്ട പല രക്ഷിതാക്കളുടെയും തിക്താനുഭവങ്ങൾ മനസിലേക്ക് ഓടി വന്നു. ഓഫീസിലെത്തി പ്രധാദ്ധ്യാപകൻ ജാഫർ സാറിനെ കണ്ടു. സൗമ്യമായ സ്വരത്തിൽ ക്ഷമയോടെ സർ എല്ലാം ചോദിച്ചു മനസിലാക്കി. എന്റെ മനസിലെ വിഷമം കണ്ടിട്ടാവണം സർ പറഞ്ഞത് "എന്തിനാണ് വിഷമിക്കുന്നത്, നാളെ സ്വർഗം നിങ്ങൾക്കാണ്". ഹിലാലിന്റെ അഡ്മിഷൻ ശരിയാക്കാം. ടിസി വാങ്ങാനുള്ള ഏർപ്പാട് ചെയ്യാൻപറഞ്ഞു. ആ വലിയ മനസിന് മുൻപിൽ ഞാൻ അല്ലാഹുവിന് നന്ദി പറയുകയായിരുന്നു .
പിന്നീട് ഞാൻ ടിസി വാങ്ങി വീണ്ടും സർനെ കണ്ടു. അദ്ദേഹം മോനു അഡ്മിഷൻ തന്നു.
സ്കൂൾ തുറന്നെങ്കിലും സ്പെഷ്യൽ കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അനുവാദം ആയിരുന്നില്ല. ഒരിക്കൽ എന്നെ ഷാഹിന ടീച്ചർ വിളിച്ചു മോന്റെ ടീച്ചർ ആണെന്ന് സ്വയം പരിചയ പ്പെടുത്തി.അപ്പോഴും പുതിയ ഒരു അന്തരീക്ഷവുമായി ഹിലാൽ എങ്ങനെ പൊരുത്തപ്പെടും, കുട്ടികൾ ഇവനെ അംഗീകരിക്കുമോ എന്നെല്ലാം ഉള്ള പേടി എനിക്കുണ്ടായിരുന്നു. ഞാനതു ടീച്ചറോട് പറയുകയും ചെയ്തു."ഒന്നുകൊണ്ടും വിഷമിക്കണ്ട. മക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട് " എന്നാണ് ടീച്ചർ പറഞ്ഞത്. തുടർന്ന് ഒരു ദിവസം ഷാഹിനടീച്ചർ സാലിഹ ടീച്ചരോടൊപ്പം വീട്ടിൽ വന്നു ഹിലാലിനെ കാണാൻ.
പിന്നീട് എച്ച്.എം പറഞ്ഞത് പ്രകാരം ഞാൻ ഹിലാലിനെയും കൊണ്ട് സ്കൂളിൽ ചെന്നു. സത്യത്തിൽ അതിന്റെ തലേ ദിവസം മുതൽ മനസ് അസ്വസ്ഥമാകാൻ തുടങ്ങി. കാരണം എന്റെ മോനെ മറ്റു കുട്ടികൾ എങ്ങനെ ആവും കാണുക. അവർ കളിയാക്കുമോ? ആരും സഹായിക്കാതെ അവൻ എങ്ങനെ ക്ലാസ്സിൽ ഇരിക്കും. അങ്ങനെ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു മനസ്സിൽ. എല്ലാം അല്ലാഹുവിന്റെ മുന്നിൽ സമർപ്പിച്ചു ഞാൻ ക്ലാസ്സിൽ എത്തി. "ഇതാണ് ഞാൻ പറഞ്ഞ കുട്ടി. ഇനി നിങ്ങൾ വേണം അവനെ ശ്രദ്ധിക്കാൻ, എല്ലാവരും അവനെ നോക്ക്കില്ലേ? ". ആ സമയം ഒരേ സ്വരത്തിൽ ആ മക്കൾ പറഞ്ഞു "ഞങ്ങള് നോക്കിക്കോളാ ടീച്ചറെ ". അത് കേട്ടപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു. അവിടത്തെ അദ്ധ്യാപകരുടെയും കുട്ടികളുടെയും സ്നേഹം കണ്ടു.......❤️❤️❤️❤️.
ഈ കുട്ടികൾ നാളെ സമൂഹത്തിൽ ഒരു മുതൽ കൂട്ടാവും. കാരണം അവിടെയുള്ള അദ്ധ്യാപകർ നന്മനിറഞ്ഞ പെരുമാറ്റം കണ്ടാണല്ലോ അവരും പഠിക്കുന്നതും വളരുന്നതും.
ഒന്നും അറിയാത്ത എന്റെ മോനെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്ന എച്ച്.എം,അവന്റ ക്ലാസ്സ്അധ്യാപകൻ മറ്റുള്ള ടീച്ചേർസ് കുട്ടികൾ മറ്റുള്ളസ്റ്റാഫ് അവന്റെ ബസ് അങ്കിൾ എല്ലാവർക്കും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.