എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ ഓർമ്മയിൽ ഒരു ദിവസം
ഓർമ്മയിൽ ഒരു ദിവസം
പ്രഭാതമായിരിക്കുന്നു. ഞാൻ പുറത്തേക്കിറങ്ങി. പുറത്തു നല്ല മഞ്ഞുണ്ട്. അതിരാവിലെ തന്നെ എഴുന്നേൽക്കാനായി നിർബന്ധിതനായി. ‘കലപില’ കൂട്ടുന്ന കിളികളുടെ ശബ്ദം എന്നെ അസ്വസ്ഥനാക്കി. എൻറെ തലയ്ക്കു മുകളിൽ നിരാശ വലം വയ്ക്കുന്നതായി തോന്നി. ഇന്നാണാ ദിവസം. കുറെ ദൂരം യാത്ര ചെയ്യാനുണ്ട്. ഏകദേശം മൂന്നു വണ്ടിയെങ്കിലും കയറിയിറങ്ങണം. ഏറെ കാത്തിരുന്ന ദിവസം. എൻറെ മനസിലെ സ്വപ്നങ്ങളെല്ലാം സഫലമാകാൻ പോകുകയാണോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു. എൻറെ അനിയത്തിയുടെ എം ബി ബി എസ് പഠനം പൂർത്തിയാകുകയാണ് ഇന്ന്. ആലപ്പുഴ ഗവ: മെഡിക്കൽ കോളേജിലാണ് അവൾ പഠിക്കുന്നത്. അവളെ ഇന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുവരണം. എൻറെ ജീവിതത്തിൽ ഞാൻ ഏറെ സന്തോഷിക്കേണ്ട സുരഭില നിമിഷം. പക്ഷെ എനിക്ക് അത് ആസ്വദിക്കാൻ കഴിയുന്നില്ല. എൻറെ മനസ്സ് ആരോ പിടിച്ചുലയ്ക്കുന്നതായി തോന്നി. അതിരാവിലെ തന്നെ ഞാൻ എൻറെ യാത്ര തിരിച്ചു. എൻറെ കയ്യിൽ ഒരു സഞ്ചിയും അതിനുള്ളിൽ ‘നിലം പൂത്തു മലർന്ന നാൾ’ എന്ന മനോജ് കുറൂറിൻറെ നോവലുമുണ്ട്. ചങ്ങനാശ്ശേരിയ്ക്ക് വണ്ടി കയറി. വിചാരിച്ച പോലെ തിരക്കൊന്നുമുണ്ടായിരുന്നില്ല. സീറ്റ് കിട്ടി. ടിക്കറ്റും എടുത്തു. എൻറെ കണ്ണുകളിലൂടെ മരങ്ങളും വീടുകളും മിന്നി മറഞ്ഞു. ഞാൻ സഞ്ചിയിൽ നിന്ന് നോവലെടുത്ത് വായിക്കാൻ തുടങ്ങി. വായിക്കാൻ കഴിയുന്നില്ല. കണ്ണുകളിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു. പുസ്തകങ്ങൾ വായിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ്. ധാരാളം പുസ്തകങ്ങൾ വായിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നതിന് കഴിയുന്നില്ല. സാധാരണ ഇതുപോലെയുള്ള ദൂരയാത്രകളിൽ പുസ്തകങ്ങൾ വായിക്കാറാണ് പതിവ്. ഇന്ന് എനിക്ക് എന്തുപറ്റി. തലേന്ന് രാത്രിയിൽ കണ്ട ഭയാനകമായ സ്വപ്നമാണോ എന്നെ അസ്വസ്ഥമാക്കുന്നത്. ആ സ്വപ്നം എൻറെ ഓർമകളിൽ തളം കെട്ടി നിൽക്കുന്നു. വിജനമായ പ്രദേശം. ആളനക്കമില്ല. ആകാശം ഇരുൾ മൂടിയിരുന്നു. അവിടെ ഒരു പെൺകുട്ടി. അവളെ കുറച്ചു ചെറുപ്പക്കാർ പിടിക്കാൻ ശ്രമിക്കുന്നു. ആ നിമിഷം അവളുടെ കണ്ണുകളിലെ ഭയാനകം ഒരമ്പായി മാറി എൻറെ മനസ്സിൽ തറച്ചു. ഒടുവിൽ അവർ അവളെ കീഴ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. അവസാനം അവർ അവളുടെ മൃതദേഹം ഓടയിൽ തള്ളുന്നു. പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു. പിന്നീട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞതേ ഇല്ല. എൻറെ മനസിൻറെ ഒരു കോണിൽ ആ പെൺകുട്ടിയുടെ മുഖം മായാതെ കിടപ്പുണ്ട്. എൻറെ അനുജത്തി, അവളും പ്രായപൂർത്തിയായ പെൺകുട്ടിയാണ്. നാളെ ഈ സമൂഹത്തെ നേരിടേണ്ട പെണ്ണാണ്. അവൾക്ക് നാളെ ഈ ഒരവസ്ഥ വരുമോ? അത് നേരിടാനുള്ള ശക്തി അവൾക്കുണ്ടോ? ഇങ്ങനുള്ള ആകുല ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ ഒരാൾ വന്നെൻറെ തോളിൽ തട്ടി. ആരാണെന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി. അതെൻറെ അമ്മാവനായിരുന്നു. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു. എങ്ങോട്ടാ അമ്മാവാ? അമ്മാവൻ പറഞ്ഞ മറുപടിയ്ക്ക് മുന്നിൽ ഞാൻ നിശ്ചലനായി. അമ്മാവന് ഒരു മകനും മകളുമാണുള്ളത്. അവരുടെ അമ്മ ശാരദ അമ്മായി ‘കാൻസർ’ എന്ന മാരക രോഗത്തിനിരയായി മരിച്ചു. ശാരദ അമ്മായി വളരെ സ്നേഹമുള്ള ഒരു സ്ത്രീ ആയിരുന്നു. എന്നോട് വളരെ അധികം സ്നേഹം ഉണ്ടായിരുന്നു. അമ്മായിയുടെ മരണ ശേഷം കുട്ടികളെ വളർത്തിയത് അമ്മാവനായിരുന്നു. അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെയും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയുമാണ് അമ്മാവൻ കുട്ടികളെ വളർത്തിയിരുന്നത്. ഇപ്പൊ കുട്ടികൾ വലുതായി. അവരുടെ വളർച്ചയ്‌ക്കൊപ്പം സ്വഭാവവും ചിന്തകളും മാറി വന്നു. അപ്പോൾ അവരുടെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ആളായി അമ്മാവൻ മാറി. അദ്ദേഹം ജീവിതത്തിൽ ഒറ്റപ്പെട്ടു. ഞാൻ അമ്മാവനെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്മാവൻ എന്നോട് പറഞ്ഞു ഞാൻ ആർക്കും ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ല. എങ്ങോട്ടെന്നറിയില്ല എവിടെ വരെ എൻറെ ഈ യാത്ര തുടരുമെന്നുമറിയില്ല. ഭഗവൻ നിശ്ചയിക്കട്ടെ അതുവരെ എൻറെ യാത്ര തുടരും. അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും. ഇത് പറയുമ്പോൾ അമ്മാവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മാവൻറെ വാക്കുകൾ എൻറെ കാതുകളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നു. വർഷങ്ങൾക്ക് ശേഷം ഞാൻ അമ്മാവനെ കണ്ടത് ഈ ഒരു അവസ്ഥയിലാണല്ലോ എന്നോർത്ത് ഞാൻ ദുഃഖിതനായി. കൃത്യമായി പറഞ്ഞാൽ ഞാൻ അമ്മാവനെ കണ്ടത് ഇരുപതു വർഷങ്ങൾക്ക് ശേഷമാണ്. അമ്മാവനെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും എൻറെ മനസ്സ് അതിന് അനുവദിച്ചില്ലെന്ന് പറയുന്നതാവും ഉചിതം. കാരണം പത്തു വർഷത്തോളം ഞാനും അമ്മാവൻറെ മകൾ സുമിത്രയും തമ്മിൽ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് അമ്മാവനോ എൻറെ അച്ഛനോ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വിവാഹത്തിന് ഒരു മാസം മുൻപ് എൻറെ അച്ഛൻ മരണപ്പെട്ടു. പിന്നീട് എനിക്ക് വിവാഹത്തിനെപ്പറ്റി ചിന്തിക്കാൻ കഴിഞ്ഞില്ല. അച്ഛൻറെ മരണത്തോട് കൂടി ഞാനും അനുജത്തിയും വീട്ടിൽ ഒറ്റപ്പെട്ടു. പിന്നീട് ഉള്ള എൻറെ ചിന്തകൾ അനുജത്തിയുടെ ഭാവിയെപ്പറ്റി ആയിരുന്നു. എനിക്കൊരു കുടുംബമാകുമ്പോൾ എൻറെ അനുജത്തിയെ നോക്കാൻ കഴിയുമോ? അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമോ? എന്ന കാരണത്താൽ എനിക്ക് മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ കഴിഞ്ഞില്ല. അമ്മാവൻ വിവാഹ കാര്യം സംസാരിക്കുമ്പോഴൊക്കെ ഞാൻ ഓരോ തടസങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്നു. പിന്നീട് ഞാൻ അവിടം വിട്ട് മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറി. എൻറെ മനസ്സിൽ നിന്നും അത്ര പെട്ടെന്നൊന്നും സുമിത്രയെ മറക്കാൻ കഴിയുമായിരുന്നില്ല. പാവമായിരുന്നു അവൾ. പക്ഷെ അമ്മാവനെ ഉപേക്ഷിക്കാൻ അവൾ തയാറായല്ലോ എന്നോർത്ത് ഞാൻ ദുഖിതനായി. അവളിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. എന്താണിവിടെ നടക്കുന്നത്. സമൂഹം അകെ മാറിയിരിക്കുന്നു. മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ അസഹനീയമാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഢനത്തിനിരയാക്കുന്നു. കുട്ടികൾ വളരുമ്പോൾ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്നു. വർണ തിളപ്പിൻറെ ലോകം അവരെ മാറ്റി മറിയ്ക്കുന്നു. തന്നെ ഇത്രയും കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച മാതാപിതാക്കളെ പറ്റി അവർ ചിന്തിക്കുന്നില്ല. പിന്നെ പണത്തോടുള്ള പ്രിയവും ഏറെയാണ്. പണത്തിനു വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത മനുഷ്യർ ഈ സമൂഹത്തിൽ ധാരാളം ഉണ്ട്. കുഞ്ചൻ നമ്പ്യാരുടെ ‘കിട്ടും പണമെങ്കിൽ’ എന്ന പാഠഭാഗം ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുന്നു. നാളെ ഈ സമൂഹം ചുട്ടുപൊള്ളുന്ന ക്രൂരതകളുടെ ഒരു ഭൂഗോളമായി മാറും. പെട്ടെന്ന് തന്നെ ഞാൻ എൻറെ ചിന്തകളിൽ നിന്നും ഉണർന്നു. ചങ്ങനാശ്ശേരി സ്റ്റാൻഡ് എത്തിയിരിക്കുന്നു. ഞാൻ ബസിൽ നിന്നും ഇറങ്ങി. എവിടെ നിന്നോ ഒരു കുളിർകാറ്റ് എന്നെ തലോടി മറഞ്ഞു. എൻറെ ശരീരം അകെ കോരിത്തരിച്ചു. മേഘങ്ങൾ ഇരുണ്ടു കയറുന്നു. മഴ കാണും എന്ന് എനിക്ക് തോന്നി. എനിക്ക് നന്നായി വിശക്കുന്നുണ്ട്. തവളകൾ കരയുന്നതിനേക്കാൾ ഏറെ കഷ്ടമായി വയറ്റിൽ ‘കിറോ കിറോ’ ശബ്ദം. ഞാൻ അടുത്തുള്ള ഒരു ചായക്കടയിൽ കയറി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ഞാൻ കടയിലെ കണ്ണാടിച്ചില്ലുകളിലെ പലഹാരങ്ങളിൽ ഒന്ന് കണ്ണോടിച്ചു. ആളൊഴിഞ്ഞ് കടക്കാരൻ എൻറെ മുന്നിലേക്ക് വന്നു. നീണ്ട മൂക്കും വളഞ്ഞ നട്ടെല്ലും ഉള്ള ഒരു കൊച്ചു മനുഷ്യൻ. അയാൾ എന്നോട് എന്താണ് കഴിക്കാൻ വേണ്ടതെന്നു ചോദിച്ചു. ആ കൊച്ചു മനുഷ്യൻറെ കടുത്ത ശബ്ദത്തിനു മുന്നിൽ ഞാൻ ഒന്ന് നിശബ്ദനായി. ശേഷം ഞാൻ പറഞ്ഞു രണ്ടു ഇഡ്ഡലിയും ഒരു ചായയും. പുറത്തു നല്ല മഴ തുടങ്ങി. ഒപ്പം നല്ല തണുത്ത കാറ്റുമുണ്ട്. ഞാൻ കഴിച്ചു കഴിഞ്ഞ് പുറത്തേക്ക് ഒന്നെത്തിനോക്കി. മഴ അല്പം കുറഞ്ഞിട്ടുണ്ട്. ഞാൻ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി. ബസ് സ്റ്റാൻഡായിരുന്നു എൻറെ ലക്‌ഷ്യം. അവിടെ എത്തിച്ചേർന്ന ഞാൻ ആലപ്പുഴയ്ക്ക് വണ്ടി കയറി. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. എങ്ങനെയോ ഭാഗ്യവശാൽ ഒരു സീറ്റ് കിട്ടി. സീറ്റിൻറെ വലതുഭാഗത്തായി മുകളിൽ ‘സ്ത്രീകൾ’ എന്ന് വലുതായി എഴുതിയിരുന്നു. പക്ഷെ ഞാൻ അത് കാര്യമായി എടുത്തില്ല. ക്രമേണ ആളുകളാൽ വണ്ടി നിറഞ്ഞു. എന്തോ ഒരു വലിയ ശബ്ദം. എന്താണെന്നറിയാൻ ഞാൻ പുറത്തേക്ക് തലയിട്ടു. പെട്ടെന്ന് തന്നെ ഞാൻ ഒരു കാഴ്ച കണ്ടു. ആ കാഴ്ച എൻറെ മനസിനെയും ശരീരത്തെയും ആനന്ദിപ്പിച്ചു. ഒരു മൈതാനം. അവിടെ നിറയെ കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ആ കാഴ്ചകൾ എൻറെ കണ്ണുകളിൽ നിന്ന് മിന്നി മറഞ്ഞു. ഒരു നിമിഷം ഞാൻ എൻറെ കുട്ടിക്കാലം ഓർത്തുപോയി. ഞാൻ പഠിക്കാൻ ബഹു കേമനൊന്നുമായിരുന്നില്ല. അതിനാൽ എനിക്ക് കൂടുതൽ പ്രിയം കളികളോടായിരുന്നു . ഞാൻ എൻറെ കൂട്ടുകാരുമൊത്ത് നാരായണി വല്യമ്മയുടെ ഒരേക്കർ പറമ്പിൻറെ മൂന്നു സെന്റ് സ്ഥലത്താണ് ക്രിക്കറ്റ് കളിച്ചിരുന്നത്. മടൽ വെട്ടി ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കി തരുമായിരുന്നു എൻറെ അച്ഛൻ. എനിക്ക് എട്ടു വയസായപ്പോൾ എനിക്ക് താഴെ എൻറെ അനുജത്തി ഭൂമിയിൽ ജന്മം കൊള്ളുകയും ഞങ്ങളുടെ സ്നേഹനിധിയായ 'അമ്മ ഭൂമി വിട്ടു അകലുകയും ചെയ്തു. ഞാൻ എൻറെ ജീവിതത്തിൽ ഓർക്കാൻ ആഗ്രഹിക്കാത്ത നിമിഷം. പക്ഷെ എൻറെ മനസ്സിൽ ഈ ചിന്തകൾ വേരുറപ്പിച്ചിരുന്നു. അമ്മയുടെ മരണശേഷം അച്ഛനായിരുന്നു ഞങ്ങളുടെ താങ്ങും തണലും. അച്ഛൻ എല്ലായ്‌പോഴും എന്നോട് പറയുമായിരുന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിൻറെ അനുജത്തിയെ നീ തനിച്ചാക്കരുതെന്ന്. അവളെ നീ പഠിപ്പിക്കണം. നല്ലൊരു നിലയിലെത്തിക്കണം. അച്ഛൻറെ ഈ വാക്കുകൾ ഓർക്കുമ്പോൾ ഇന്ന് എനിക്ക് സന്തോഷമുണ്ട്. കാരണം ഞാൻ ഇന്ന് അച്ഛന് കൊടുത്ത വാക്ക് നിറവേറ്റാൻ പോകുന്നു. അതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. യാത്ര തുടരവേ എൻറെ കണ്ണിൽ ഉറക്കത്തിൻറെതായ മയക്കം വന്നുതുടങ്ങി. ഉറക്കം ഉണർന്നപ്പോൾ ബസ് ആലപ്പുഴയിൽ എത്തിയിരിക്കുന്നു. രണ്ടു സ്റ്റോപ്പും കൂടി കഴിഞ്ഞാൽ എനിക്ക് ഇറങ്ങാം. പെട്ടെന്ന് ബസ് ബ്രേക്കിട്ടു നിന്നു. നോക്കിയപ്പോൾ ബസ് ഒരു റിക്ഷയുമായി കൂട്ടിയിടിച്ചിരിക്കുന്നു. റിക്ഷ രണ്ടു കരണം മറിഞ്ഞു. ഡ്രൈവർ കൂടാതെ അതിൽ ഒരു വൃദ്ധനുമുണ്ടായിരുന്നു. ആളുകൾ ചുറ്റും കൂടി. ബസിനു യാതൊന്നും സംഭവിച്ചില്ല. എൻറെ നെറ്റി സീറ്റിനു പിന്നിലുള്ള കമ്പിയിൽ തട്ടി. റിക്ഷ ഡ്രൈവറുടെ കാലിനു കാര്യമായ പരിക്ക് പറ്റി. വൃദ്ധൻറെ തലക്കും ക്ഷതം സംഭവിച്ചു. അവരെ പെട്ടെന്നു തന്നെ അവിടെ കൂടിയവർ ആശുപത്രിയിലെത്തിച്ചു. പക്ഷെ ബസിൽ നിന്ന് യാത്രക്കാർക്കൊക്കെയും ഇറങ്ങേണ്ടി വന്നു. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക്. എനിക്ക് ഇനിയും കുറച്ച് ദൂരം കൂടി യാത്ര ചെയ്യാനുണ്ട്. എന്ത് ചെയ്യുമെന്നറിയാതെ ഞാൻ പകച്ചുപോയി. ഞാൻ കുറെ നേരം ബസ് കാത്തുനിന്നു. പക്ഷെ ബസ് കിട്ടാതായപ്പോൾ ഞാൻ നടക്കാൻ തുടങ്ങി. നല്ല വെയിലുണ്ടായിരുന്നു. ഞാൻ സഞ്ചിയിൽ നിന്ന് കുടയെടുത്ത് നിവർത്തി. എന്നാൽ കുടക്കുള്ളിലെ സുഷിരത്തിൽ കൂടി പ്രകാശം മുഖത്തടിച്ചു. ഞാൻ കയ്യും വീശി അങ്ങനെ നടന്നു. സമയം പന്ത്രണ്ട് മണിയോളമായി. എത്രയും പെട്ടെന്ന് അവിടെ എത്തിച്ചേരണം. ഒരു മാസം മുൻപ് ഞാൻ ഇവിടെ വരെ വന്നതായിരുന്നു. അന്ന് എൻറെ കൂടെ എൻറെ പ്രിയ സുഹൃത്ത് ദേവനുമുണ്ടായിരുന്നു. അന്ന് കോളേജ് കലോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അവിടെ ഉണ്ടായിരുന്നു. ആ സംഗമ വേളയിൽ പങ്കെടുത്തതിൽ അന്ന് ഞാൻ ഏറെ സന്തോഷിച്ചു. എൻറെ കുട്ടി എന്നിൽ നിന്ന് അകന്നപ്പോൾ ഹൃദയം തകർന്ന വേദന ഞാൻ അനുഭവിച്ചു. പിന്നീടുള്ള രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല. എൻറെ മനസ് മുഴുവൻ അവളെ പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു. ആ ചിന്തകൾ എൻറെ മനസിനെ മാത്രമല്ല ശരീരത്തെ കൂടിയാണ് അവശനാക്കിയത്. അവളുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഒരു ഡോക്ടറാവുക എന്നത്. അക്കാര്യം അവൾ പലവട്ടം എന്നോട് പറയാതെ പറഞ്ഞിട്ടുണ്ട്. അന്നെൻറെ മനസ്സിൽ ഞാൻ ഉറപ്പിച്ചതാണ് എത്ര തന്നെ ബുദ്ധിമുട്ട് അനുഭവിച്ചാലും അവളെ ഒരു ഡോക്ടറാക്കുക എന്നത്. ഇന്ന് അവളുടെ പഠനം പൂർത്തിയായതിലും അവളുടെ ആഗ്രഹം സഭലമായതിലും ഞാൻ ഏറെ സന്തോഷിക്കുന്നു. ഇന്നിപ്പോൾ അവൾ ഒരു ഡോക്ടർ അകാൻ പോകുന്നു. നാളെ സമൂഹത്തിനു വേണ്ട സേവനങ്ങൾ ചെയ്യാൻ അവൾക്ക് സാധിക്കണം. അവൾ വളരുകയാണ്. അതോടൊപ്പം എൻറെ മനസ്സിൽ ആകുല ചിന്തകളും വളരുന്നു. ഇന്നിപ്പോൾ അവൾ ഏറെ സന്തോഷിക്കുന്നു. അവളുടെ ആ സന്തോഷം കാണാൻ എനിക്ക് തിടുക്കമായി. അതിനാൽ എൻറെ നടത്തം അല്പം വേഗത്തിലാക്കി. അപ്പോഴാണ് എൻറെ കാലിൽ എന്തോ കടിച്ചതായി എനിക്ക് അനുഭവപ്പെട്ടത്. കലശലായ വേദന തോന്നി. എന്താണെന്നെ കടിച്ചതെന്നറിയാൻ ഞാൻ ചുറ്റും നോക്കി. ദേ തടിച്ചുരുണ്ടൊരു കട്ടുറുമ്പ്. ഞാൻ അതിനെ ക്രൂരമായി നോക്കി. അപ്പോൾ അത് എന്നെ നോക്കി ക്ഷമ ചോദിക്കുന്നതായി എനിക്ക് തോന്നി. ഞാൻ അറിയാതെ അതിനെ വേദനിപ്പിച്ചിരിക്കണം അത് അതിൻറെ രക്ഷക്കായിരിക്കണം എന്നെ കടിച്ചത്. എൻറെ യാത്ര തുടർന്നു. എൻറെ വലതു ഭാഗത്തായി ഒരു പെട്ടിക്കട ഞാൻ കണ്ടു. റോഡ് മറികടന്ന് ഞാൻ കടയിലേക്ക് ചെന്നു. എന്നിട്ടൊരു ചായ വാങ്ങി കുടിച്ചു. ചായയ്ക്ക് നല്ല ചൂടുണ്ടായിരുന്നു. എനിയ്ക്ക് നല്ല ക്ഷീണം തോന്നി. അപ്പോൾ ഞാൻ തൊട്ടടുത്തുള്ള ആൽമരചുവട്ടിൽ കുറച്ചു സമയം വിശ്രമിച്ചു. ശേഷം ഞാൻ എൻറെ യാത്ര തുടർന്നു. ശേഷം ഞാൻ എൻറെ യാത്ര തുടർന്നു. ഞാൻ ഇപ്പോൾ ഗവഃ മെഡിക്കൽ കോളേജിന് മുന്നിൽ എത്തിയിരിക്കുന്നു. അതിനുള്ളിൽ പ്രവേശിച്ച എൻറെ കണ്ണുകൾ അവളെ തിരയുകയായിരുന്നു. കോടാനുകോടി ജനങ്ങൾക്കിടയിൽ ഞാൻ അവളെ എങ്ങനെ കണ്ടെത്തും. എനിക്ക് ഇവിടെ ആരെയും മുൻപരിചയം ഇല്ല. ആരോട് ചോദിക്കും? ഞാൻ ആകെ ദുഃഖിതനായി. അപ്പോഴാണ് എനിക്ക് ഓർമ വന്നത് ഞാൻ ആദ്യമായി വന്നപ്പോൾ പരിചയപ്പെട്ടതാണ് രാജൻ പിള്ള. ഇവിടത്തെ തോട്ടം നടത്തിപ്പുകാരൻ. തിരക്കിനിടയിൽ നിന്ന് പുറത്തിറങ്ങി രാജൻ പിള്ളയെ അന്വേഷിച്ചു. ഞാൻ കണ്ടത് അയാൾ ഒരു കൊച്ചു കുട്ടിയുമായി നിന്ന് വഴക്കടിക്കുന്നതായിരുന്നു. ഞാൻ മെല്ലെ നടന്നു അയാൾക്കരികിലേക്ക് ചെന്ന് കാര്യം അന്വേഷിച്ചു. രാജൻ പിള്ള എന്നോട് പറഞ്ഞ മറുപടി എന്നെ കോപിതനാക്കി. തോട്ടത്തിൽ നിന്നും ഒരു പൂവ് പറിച്ചതിനാണ് അയാൾ ആ കുട്ടിയെ വഴക്ക് പറഞ്ഞത്. തെല്ലു ഗൗരവത്തിൽ നിന്ന രാജൻ പിള്ളയോട് ഞാൻ എൻറെ അനുജത്തിയെ അന്വേഷിച്ചു. അയാൾ പറഞ്ഞു കുട്ടികളെല്ലാം ഹാളിൻറെ വലതു ഭാഗത്തായി കാണുന്ന ക്ലാസ് മുറിയിൽ കാണും. ഇത്രയും പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. പക്ഷെ അയാൾക്ക് എന്നെ മനസിലായില്ല എന്ന് തോന്നുന്നു. ഒന്നോർത്താൽ കണ്ട ഓർമ കാണില്ല. എത്ര പേരെ ഇതുപോലെ നിരന്തരം കാണുന്നു. ഞാൻ അയാൾ പറഞ്ഞ ക്ലാസ് മുറിയിലേക്ക് ചെന്നു . അവിടെയെല്ലാം ഞാൻ എൻറെ കുട്ടിയെ അന്വേഷിച്ചു. പക്ഷെ എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻഓഫീസ് മുറിയിലേക്ക് പോകാൻ തിരിഞ്ഞു. അപ്പോൾ ആരോ വന്നെൻറെ കയ്യിൽ പിടിച്ചു. ആ മൃദുവായ സ്പർശനം എൻറെ അനുജത്തിയുടെ തന്നെ. ഞാൻ തിരിഞ്ഞു നോക്കി. അതെൻറെ അനുജത്തി കുട്ടിയായിരുന്നു. അവൾ എന്നെ കണ്ടതും സന്തോഷത്താൽ കെട്ടിപിടിച്ചു. അവളുടെ സന്തോഷം എന്നോട് പറയാൻ അവൾക്ക് വാക്കുകൾ ഇല്ല. അതവളുടെ കണ്ണുകളിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. എനിക്ക് എടെ മനസിലെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പരിപാടികൾ അവസാനിച്ച ശേഷം ഞാൻ അവളുമായി വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഞാൻ രാജൻ പിള്ളയുടെ കാര്യം അവളോട് പറഞ്ഞു. അയാൾക്ക് നമ്മളെ ഓർമ്മയില്ലല്ലോ? അങ്ങനെ വർത്തമാനങ്ങൾ പറഞ്ഞ് ഞങ്ങൾ ഗേറ്റിനു മുന്നിൽ എത്തി. അപ്പോൾ പിറകിൽ നിന്ന് ഒരു പിൻവിളി. ‘ചേട്ടാ’ അത് രാജൻ പിള്ളയുടേതായിരുന്നു. ഞാൻ അവിടെ മറന്നു വച്ചിരുന്ന എൻറെ കുട തിരികെ നൽകി അയാൾ പറഞ്ഞു. ഇനി നമ്മൾ കാണില്ല അല്ലേ. അനുജത്തിയുടെ പഠനം പൂർത്തിയായല്ലോ. രാജൻ പിള്ളയുടെ വാക്കുകൾ എന്നിൽ അത്ഭുതം ഉണ്ടാക്കി. ആ മനുഷ്യന് എന്നെ ഓർമ ഉണ്ടല്ലോ. ഞാൻ ചോദിച്ചു രാജൻ പിള്ള എന്നെ മറന്നില്ലേ. അപ്പോൾ അയാൾ പറഞ്ഞ മറുപടി ഇതായിരുന്നു. നിങ്ങളെ എങ്ങനെ മറക്കാനാകും. ഈ കോടാനുകോടി ജനങ്ങളിൽ അല്പം സ്നേഹം ഉള്ളൊരു വ്യക്തി നിങ്ങൾ മാത്രമാണ്. ഇവിടെ വരുന്നവർ എന്നെ ഒരു തോട്ടക്കാരനായി മാത്രമാണ് കണ്ടിരുന്നത്. എന്നാൽ നിങ്ങൾ മാത്രമാണ് എന്നോട് സ്നേഹത്തോടെ പെരുമാറിയത്. അയാളുടെ വാക്കുകൾ എന്നിൽ സന്തോഷം ഉളവാക്കി. എൻറെ സന്തോഷം അധികനേരം എൻറെ മനസ്സിൽ തങ്ങി നിന്നില്ല. ഈ സമൂഹത്തെ ഓർത്ത് ഞാൻ ദുഃഖിതനായി. എല്ലാവരും എല്ലാവരെയും അടിമകളാക്കാൻ ആഗ്രഹിക്കുന്നു. ആ ഒരു വ്യക്തിത്വം എല്ലാ മനുഷ്യരിലും നമ്മൾ കാണുന്നു. അയാളോട് യാത്ര പറഞ്ഞ് ഞങ്ങൾ മടങ്ങി. മടക്ക യാത്രയിൽ സമൂഹത്തിലെ കുറ്റകൃത്യങ്ങൾ എൻറെ മനസ്സിൽ ഓടി മറഞ്ഞുകൊണ്ടിരുന്നു. ശുഭം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ