എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/ഓർമ്മകൾ ഉണ്ടാകണം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ ഉണ്ടാകണം

"കാലം ഒരുവനെ പലതും പഠിപ്പിക്കും. എന്നാൽ ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല" എന്ന് എം. എൻ. വിജയൻ അഭിപ്രായപ്പെട്ടത് എത്രയോ ശരിയാണ്. മഹാമാരികൾ തന്നെയാണ് അതിന് തെളിവ്. പ്രകൃതിക്ഷോഭങ്ങളും അതിനുദാഹരണമാണ്. നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് 80% പ്രകൃതി ദുരന്തങ്ങളും. എന്തിനു പറയുന്നു ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ വരെ ആഗോളതാപനത്തിന്റെ സന്താനമാണെന്നു പറഞ്ഞാൽ ആരു കേൾക്കും?

ചുറ്റുമുള്ള പരിസ്ഥിതിയെ മിനുക്കി എടുക്കാം എങ്കിലും അത് ശോചനീയം ആകുമ്പോൾ പ്രകൃതി തിരിച്ചടിക്കും. സമുദ്രത്തിന്റെ വെറും 10% ആണ് മനുഷ്യനെ വീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്, എന്നാൽ അതിൽ തന്നെ 50% മലിനമാണ് എന്നുള്ളത് വസ്തുതയാണ്. ലോകത്തുള്ള ശുദ്ധജലത്തിന്റെ 20 ശതമാനവും ഒഴുക്കുന്ന ആമസോൺ നദിയും, വനവും ഇന്ന് നശിപ്പിക്കപ്പെടുന്നു. അതിന് ഏറ്റവും തെളിവായണ്, കഴിഞ്ഞവർഷത്തെ പഠനത്തിൽ നാം കാണുകയുണ്ടായത്. അതായത് ഓരോ സെക്കൻഡിലും 2 ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ അത്രയും വനം നാം കൃഷിക്കായി ഒരുക്കുന്നു. ലോകത്തെ ഏറ്റവും വലിയ മാലിന്യ നിക്ഷേപകരായ ചൈനയും, യുഎസും, ഇന്ത്യയും ലോകത്തെ പകർച്ച വ്യാധികളുടെയും, ആഗോളതാപനത്തിന്റെയും അകക്കാമ്പിൽ കൊണ്ടെത്തിക്കുന്നു.

ഇന്ന് പിറന്നുവീഴുന്ന ഓരോ കുട്ടിക്കും അറിയാം എന്താണ് ആഗോളതാപനം എന്ന്. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡ്, ക്ലോറോ ഫ്ല‍ൂറോ കാർബൺ എന്നീ വാതകങ്ങളുടെ അളവ് വർധിക്കുന്ന അവസ്ഥ, അഥവാ ഓസോൺ പാളിയുടെ നാശം.

കണക്കുകൾ നമ്മെ കാണിച്ചു തരുന്നത് 2100 ആകുമ്പോഴേയ്ക്കും അറബിക്കടലിന്റെ റാണിയായ കൊച്ചിയും, ചെന്നൈയും കടലിനോട് ചേരും എന്നുള്ളതാണ്. അന്റാർട്ടിക്കയിലെ ചില സ്ഥലങ്ങളിലെ മഞ്ഞുപാളികൾ ഇന്ന് നാലര കിലോമീറ്ററോളം ഇന്ന് വെള്ളം ആയി മാറിയിരിക്കുന്നു. ഗ്രീൻലാൻഡും മുങ്ങും.

സമുദ്രജലത്തിലെ ഊഷ്മാവ് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ക‍ൂടുന്നു എന്നതും തെളിയിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവിക ജലസംഭരണികൾ ആയ കണ്ടൽവനങ്ങൾ ഇന്ന് ഓർമ്മകളിൽ ഒതുങ്ങുന്നു. നടപടികൾ ഉണ്ടെങ്കിലും തീവ്രത കുറയ്ക്കാൻ കഴിയുന്നില്ല.

ഇത്രയും എല്ലാം സഹിക്കുന്ന പ്രകൃതി എന്ത് ചെയ്യണം? അവൾ കരയുകയാണ് ! ആ കരച്ചിൽ ചിലപ്പോൾ പ്രതിഷേധമായി ആഞ്ഞടിച്ചേക്കാം. ഗ്രറ്റയെപ്പോലുള്ള പെൺകുട്ടികൾ ആ അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുന്നവരാണ്. ആ ശബ്ദമാണ് ലോകരാജ്യങ്ങളെ നടുക്കിയത്. ഈ ലോക്ഡൗൺ കാലത്ത് ഗംഗയും യമുനയും എല്ലാം ശുദ്ധമായി എന്നത് എത്ര സത്യമാണ് !

ഇത്രയും എല്ലാം ചെയ്യുന്ന മനുഷ്യൻ പ്രകൃതി നൽകുന്ന തിരിച്ചടികളും സ്വീകരിക്കാൻ ബാധ്യസ്ഥരാണ്. മലയാളികൾക്ക് അത് പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ല. കഴിഞ്ഞ രണ്ടു പ്രളയങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ നമ്മെ അലട്ടില്ല എന്ന് കരുതിയവർക്ക് ഒരു പാഠമാണ്.

ശുചിത്വമില്ലാത്ത മനുഷ്യന്റെ മാലിന്യങ്ങളെല്ലാം പേറി നിൽക്കുന്ന പ്രകൃതി നമുക്ക് എന്നും ഒരു ഭീഷണിയാണ്. എപ്പോഴും വ്യക്തി ശുചിത്വം പാലിക്കുന്ന നാം പരിസര ശുചിത്വം പാലിക്കാൻ മറക്കുന്നു, മറന്നെന്ന് നടിക്കുന്നു. പല രോഗങ്ങളും നമ്മുടെ ശുചിത്വമില്ലായ്‍മയിൽനിന്നാണ് ഉണ്ടാകുന്നതാണ്. മഞ്ഞപ്പിത്തവും, എലിപ്പനിയും, ഡെങ്കിയും എല്ലാം ഇതിന് ഉദാഹരണം തന്നെ. ഉരുളൻകല്ലുകൾ നോക്കി ഭയപ്പെട്ടിരുന്ന മനുഷ്യൻ ഇന്ന് സൂപ്പർസോണിക് വിമാനങ്ങൾ പറത്തുന്നെങ്കിൽ നിസ്സാരമായ പ്ലാസ്റ്റിക് എന്ന വിപത്തിനെയും മാറ്റാൻ കഴിയും.

ശുചിത്വം ഒരു വ്യക്തിയിൽ അധിഷ്ഠിതമല്ല, അത് അവൻറെ കുടുംബത്തെയും സമൂഹത്തെയും പ്രകൃതിയേയും ആശ്രയിച്ചിരിക്കുന്നു. അവനവൻ ശുചിയായി ഇരിക്കുന്നത് പോലെ ചുറ്റുമുള്ള പരിസരവും ശുചിയായിവെയ്ക്കാൻ നാം ബാധ്യസ്ഥരാണ്. അക്കാര്യം നാം പലപ്പോഴും മറക്കുന്നു.

പ്രതിരോധ കുത്തിവെപ്പിന്റെ പിതാവായ എഡ്വേർഡ് ജെന്നർ പോലും പകച്ചുനിൽക്കുന്ന തരത്തിൽ രോഗങ്ങൾ ഇന്ന് ലോകത്തെ വരിഞ്ഞു മുറുക്കുന്നു. പ്ലേഗ്, വസൂരി, സാർസ്, നിപ്പാ എന്നിങ്ങനെ തുടങ്ങി ഇന്നിപ്പോൾ കൊറോണ യിൽ വരെ എത്തിനിൽക്കുന്നു.

ഏവർക്കും പഠിക്കാവുന്ന പ്രകൃതിയുടെ ജാലകങ്ങൾ ഇനിയെങ്കിലും നമുക്ക് തുറന്നിടാം. ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കാം. രോഗങ്ങളും മാരികളും കുറയ്ക്കാം. ശുചിത്വം പാലിക്കുന്നതിലൂടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും, ജീവിതത്തെ മൂല്യവത്താക്കുകയും ചെയ്യാം.

അലൻ തോമസ്
10 ബി , എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം

.....തിരികെ പോകാം.....