എം.എം.എച്ച്.എസ് നരിയംപാറ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

രാമപുരം എന്ന ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന് നടുവിലൂടെയാണ് കല്ലൂന്നിപ്പുഴ വളരെ ശാന്തമായി ഒഴുകുന്നത്. ഗ്രാമത്തിലെ ആളുകൾ ഈ പുഴയിലെ വെള്ളമാണ് വീട്ടാവശ്യത്തിനും കൃഷിക്കുമൊക്കെ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ മണ്ണ് വളരെ ഫലഭൂയിഷ്ടമായിരുന്നു.തങ്ങൾക്കുള്ള ഭക്ഷണസാധനങ്ങളൊക്കെയും ഗ്രാമവാസികൾ അവിടെത്തന്നെ കൃഷിചെയ്തുണ്ടാക്കുകയാണ് പതിവ്. ഗ്രാമത്തിനുപുറത്തുള്ള സ്കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്. ഈ പുഴയുടെ തീരത്തായി ഗോപിനാഥൻ എന്ന പേരുള്ള ഒരു അപ്പൂപ്പനും ജാനകി എന്നു പേരുള്ള ഒരമ്മൂമ്മയും താമസിച്ചിരുന്നു. നല്ല ഭംഗിയുള്ള ഓടിട്ട വീട്. വീടിന്റെ തൊടിയിൽ വാഴ,മരച്ചീനി,പച്ചക്കറികൾ,മാവുകൾ,പ്ലാവുകൾ ഇതെല്ലാം ഉണ്ടായിരുന്നു.വീടിനു മുന്നിലുള്ള പുഴയുടെ കടവിൽ ആഴം തീരെ കുറവായിരുന്നു.വൈകുന്നേരങ്ങളിൽ ധാരാളം കുട്ടികൾ അവിടെ കുളിക്കാൻ വരും.അവരുടെ കളിയും വർത്തമാനങ്ങളും ആർപ്പുവിളികളും കൊണ്ട് കല്ലൂന്നിപ്പുഴ സന്തോഷവതിയാവും.വൈകുന്നേരത്തെ കുട്ടികളുടെ കളികൾ കാണാൻ അപ്പൂപ്പനും അമ്മൂമ്മയും കടവത്ത് വന്നു നിൽക്കും. അവരുടെ നീന്തലും അട്ടഹാസവും ഒക്കെ കാണാനും കേൾക്കാനും

അവരുടെ ഒരേയൊരു മകൻ അരുൺ അമേരിക്കയിലെ വലിയൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ ലക്ഷ്മിക്കും അവിടെത്തന്നെയാണ് ജോലി.രണ്ടു മക്കളുണ്ട് അവർക്ക് നന്ദുവും ചിന്നുവും.നാലിലും ആറിലും പഠിക്കുന്നു. പക്ഷേ കൊച്ചുമക്കളെ ഒരിക്കൽ പോലും ഒന്നു കാണാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായിട്ടില്ല. അരുണും ഭാര്യയും ഒരിക്കലും നാട്ടിലേക്ക് വരുവാനും കുട്ടികളെ ഈ ഗ്രാമാന്തരീക്ഷം കാണിക്കുവാനും താല്പര്യപ്പെട്ടിരുന്നില്ല. അവർക്ക് എന്നും ഇതൊരു കുഗ്രാമമായിരുന്നു. ഗ്രാമത്തിലുള്ളവരെല്ലാം കൾച്ചർ ഇല്ലാത്തവരാണെന്നാണ് ലക്ഷ്മിയുടെ വിചാരം. ഈ ഗ്രാമവും പുഴയും പാടശേഖരങ്ങളും തങ്ങളുടെ പശുക്കളെയും ഒക്കെ വിട്ട് ഒരിക്കലും മകന്റെ അടുത്തേക്ക് പോകുവാൻ അവർക്ക് കഴിയുമായിരുന്നില്ല എങ്കിലും തന്റെ മക്കൾ എന്നെങ്കിലും വരുമെന്നവിശ്വാസത്താൽ അവർ തങ്ങൾക്കുള്ളതെല്ലാം പരിപാലിച്ചു പോന്നു. വൈകുന്നേരം വരുന്ന കുട്ടികൾ തൊടിയിലെ മുത്തശ്ശി മാവിൽ കയറി മാമ്പഴങ്ങൾ ശേഖരിച്ചു കൊണ്ട് പോവുമ്പോൾ അവർ സന്തോഷത്തോടുകൂടി മാമ്പഴം പെറുക്കാൻ കൂടും. ഉണ്ടാക്കി വച്ചിരിക്കുന്ന പലഹാരങ്ങൾ കുട്ടികൾക്ക് തിന്നാൻ കൊടുക്കും. ഓണത്തിന് പായസവും വിഷുവിന് വിഷുവടയും പെസഹായ്ക്ക് അപ്പവും ഒക്കെയായി ഗ്രാമത്തിലെ കുട്ടികൾ സ്നേഹത്തോടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് വരും. അവർ സന്തോഷത്തോടെ ആ കുട്ടികളുടെ സ്നേഹം സ്വീകരിക്കും

പെട്ടെന്നാണ് ലോകമാകെ ഭീതി പരത്തിക്കൊണ്ട് ഒരു മഹാരോഗം പടർന്നുപിടിച്ചത്. ആളുകളിൽനിന്ന് ആളുകളിലേക്ക് രോഗം വളരെ വേഗം വ്യാപിച്ചുകൊണ്ടിരുന്നു. ആ മഹാമാരിക്ക് കൊറോണ എന്ന് പേര് വിളിക്കപ്പെട്ടു. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. ചികിത്സ കിട്ടാതെ ആളുകൾ മരണമടഞ്ഞു .ഈ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കാനും ആർക്കും സാധിച്ചില്ല. വികസിതരാജ്യമായ അമേരിക്കയിലും ധാരാളം ആളുകൾ മരണമടഞ്ഞു. സ്കൂളുകൾ അടച്ചിട്ടു. കമ്പനികൾ പൂട്ടി. പ്രവാസികൾ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് അമേരിക്കൻഭരണകൂടം ആവശ്യപ്പെട്ടു. അങ്ങനെ ജോലിനഷ്ടപ്പെട്ട അരുണും ഭാര്യയും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. സാധനങ്ങൾ വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ബാങ്കിൽ ഉള്ള പണം പോലും എടുക്കാൻ പറ്റില്ല.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.

സ്വന്തം ഗ്രാമത്തിലെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് എന്തുചെയ്യുമെന്ന് അച്ഛനോട് ചോദിച്ചു. "എല്ലാവരുംകൂടി ധൈര്യമായി ഇങ്ങ് പോരെടാ" മറുപടി വന്നു. അങ്ങനെ അരുണും കുടുംബവും ഇന്ത്യയിലേക്ക് വിമാനം കയറി. സ്വന്തമായി ഉണ്ടാക്കിയത് എല്ലാം ഉപേക്ഷിച്ച് തന്റെ ഗ്രാമത്തിലേക്കുള്ള മടക്കം അരുണിന്റെമക്കൾ തങ്ങളുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും ആദ്യമായി കാണുകയായിരുന്നു. ശാസ്ത്രം വളരെയേറെ പുരോഗമിച്ചെങ്കിലും അപ്പൂപ്പനും അമ്മൂമ്മയ്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് ഫോണിൽ കൂടിപ്പോലും ആ കുട്ടികൾ അവരെ കണ്ടിട്ടുണ്ടായിരുന്നില്ല. കുറേ ദിവസങ്ങൾ വേണ്ടിവന്നു അവർക്ക് ആ ഗ്രാമാന്തരീക്ഷവുമായി പൊരുത്തപ്പെടാൻ. മരച്ചീനിയും ചേമ്പും ചീനിക്കിഴങ്ങും കഴിച്ചു ശീലിച്ചിട്ടില്ലാത്ത കുട്ടികൾ അവയൊക്കെ രുചി അറിഞ്ഞു കഴിച്ചു. ഫ്രിഡ്ജിൽവച്ച ഭക്ഷണവും വെള്ളവും കഴിച്ച് ശീലിച്ച അവർക്ക് വിഷമില്ലാത്ത പ്രകൃതിദത്തമായ ഭക്ഷണം ലഭിച്ചത് പുതിയ അനുഭവം ആയിരുന്നു. അവർ അപ്പൂപ്പന്റെയും അമ്മയുടെയും കൂടെ പുഴയിൽ തോർത്ത് മുണ്ടുടുത്ത് കുളിച്ചു. പുഴയിൽ നീന്തി. നീന്താൻ പഠിച്ചു. ചൂണ്ടയിട്ട് മീൻ പിടിക്കാൻ അപ്പൂപ്പനെ സഹായിച്ചു. മുത്തശ്ശിമാവ് പൊഴിച്ചിടുന്ന മാമ്പഴം അവർ മത്സരിച്ചോടിച്ചെന്നെടുത്ത് അമ്മയ്ക്കുമച്ഛനും വീതം വെച്ചു നൽകി. അപ്പൂപ്പൻ ഉണ്ടാക്കിക്കൊടുത്ത ഊഞ്ഞാലിൽ ആടുമ്പോൾ എന്തൊക്കെയോ നേടിയ സന്തോഷമായിരുന്നു കുട്ടികൾക്ക്. അരുണും ലക്ഷ്മിയും കുട്ടികളുടെ ചിരിയും കളിയും ആസ്വദിച്ചു. സ്കൂളിൽനിന്ന് ട്യൂഷൻ കഴിഞ്ഞ് വരുന്ന കുട്ടികൾ അരുൺ വരുമ്പോഴേക്കും ക്ഷീണിച്ചുറങ്ങുമായിരുന്നു. ഇവിടെ അവർ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം അവരുടെ കഥകൾ കേട്ട് സന്തോഷത്തോടെ ഉറങ്ങി.

ഈ സമയത്ത് ഇന്ത്യയിലൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ആർക്കും എങ്ങും പോകാൻപറ്റില്ല. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻമാത്രം പുറത്തുപോകാം. അതും ഒരു വീട്ടിൽനിന്നും ഒരാൾമാത്രമേ പുറത്തു പോകാവൂ. ആളുകൾ തമ്മിൽ സമ്പർക്കം പാടില്ല. ജനങ്ങൾ രോഗഭീതിയാൽ പൊറുതിമുട്ടി. മരണസംഖ്യ പതുക്കെ ഉയർന്നുവന്നു. രാമപുരം ഗ്രാമത്തിലെ ആളുകളും സർക്കാർ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചു. എല്ലാവരും അവരവരുടെ വീടുകളിലും പറമ്പുകളിലും ആയി ഒതുങ്ങിക്കഴിഞ്ഞു. പക്ഷേ ദാരിദ്ര്യം ഉണ്ടായിരുന്നില്ല. അവിടെത്തന്നെ കൃഷി ചെയ്തുണ്ടാക്കിയ നെല്ലുകുത്തരിയുടെ ചോറുണ്ട് കപ്പയും മീനും കഴിച്ച് വാഴപ്പഴങ്ങളും മാമ്പഴവും ഒക്കെ കഴിച്ച് അരുണും കുടുംബവും ആ ഗ്രാമത്തിൽ കഴിഞ്ഞു. അപ്പോഴാണ് തന്റെ ഗ്രാമത്തെയും അച്ഛനെയും അമ്മയെയും അവരുടെ സ്നേഹത്തെയും അവൻ അറിഞ്ഞത്. അധികം സ്വത്ത് സമ്പാദിച്ചുനൽകുന്നതിൽ അല്ല കുഞ്ഞുങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും കളിക്കാനും അവർക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനും സമയം കണ്ടെത്തുന്നവരാണ് യഥാർത്ഥ മാതാപിതാക്കളെന്ന് അവർ തിരിച്ചറിഞ്ഞു. സ്വന്തം നാട് നൽകുന്ന സുരക്ഷിതത്വം വേറെയെങ്ങും ലഭിക്കില്ല. നന്ദുവും ചിന്നുവും ഇപ്പോൾ സന്ധ്യാസമയം അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമിരുന്ന് പ്രാർത്ഥനകൾ ചൊല്ലും. അത് അവർക്ക് വേണ്ടി മാത്രമായിരുന്നില്ല. രാമപുരം എന്ന ഗ്രാമത്തിനു വേണ്ടിയോ, ഭാരതീയർക്കുവേണ്ടിയോ മാത്രമായിരുന്നില്ല, സമസ്ത മാനവരാശിക്കും നന്മ വരുവാനുള്ള പ്രാർത്ഥനയായിരുന്നു. മനുഷ്യന് പണത്തേക്കാൾ വേണ്ടത് സമാധാനവും സന്തോഷവും ആണെന്ന തിരിച്ചറിവാണ് അരുണിനും കുടുംബത്തിനും ഉണ്ടായത്. ഇതിനെല്ലാം സാക്ഷിയായി കല്ലൂന്നിപ്പുഴ അപ്പോഴും ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.

പാർവ്വതി ശ്യാം
6ബി എം.എം.എച്ച്.എസ്സ് നരിയമ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം