എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

നമ്മുടെ ജീവനും നിലനിൽപ്പിനും തന്നെ അടിസ്ഥാനമായ ഒന്നാണ് പരിസ്ഥിതി. ഇളം കാറ്റ് വീശുന്ന മരങ്ങളും സ്വരസാന്ദ്രമായി ഒഴുകുന്ന അരുവികളും ചെറുതോടുകളിൽ ഓടിയൊളിക്കുന്ന പരൽ മീനുകളും ഒക്കെ നമ്മെ ഒരു ദ്രോഹവും ചെയ്തിട്ടില്ല .പക്ഷെ നാം ചെയ്യുന്നതോ ?കാടുകളൊക്കെ വെട്ടിത്തളിച്ചും പുഴകളിൽ നിന്നു മണ്ണുവാരിയും കുന്നിടിച്ചു നിരത്തിയും ഒക്കെ അവരെ ഉപദ്രവിക്കുകയാണ്. പ്രകൃതിക്ക് ഇതൊക്കെ സഹിക്കാൻ വയ്യാതായപ്പോൾ പ്രളയമായും ഉരുൽപ്പൊട്ടലായും പ്രതികരിച്ചു .ജീവന് ആധാരമായ മണ്ണും മരങ്ങളും പാറകളും ഒക്കെ പ്രളയജലത്തിൽ ഒലിച്ചുപോയി .

മനുഷ്യന്റെ നാശം അവൻ തന്നെയാണ് വരുത്തി വയ്ക്കുന്നത് .ടൂറിസത്തിന്റെ വികസനത്തിനും പണത്തിനും വേണ്ടി കായൽക്കരയിൽ നിർമ്മിച്ച അംബരചുമ്പികൾ മനുഷ്യനു തന്നെ ആപത്താണെന്ന് മനസ്സിലാക്കിയതിനാൽ നിമിഷ നേരങ്ങൾ കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പൊളിച്ച് നീക്കി. സ്വാർത്ഥ താൽപര്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് നാളേറയായി. ഭൂമിയുടെ ശ്വാസകോശം എന്ന് അറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാട്ട് തീയാലും വനനശീകരണത്താലും നശിക്കുന്നു.

നാം ഒരു മരം വെട്ടുമ്പോൾ പത്ത് തൈകൾ നടണം. മരങ്ങളുടെ മൂല്യം നാം ഇതുവരെയും പൂർണമായി മനസ്സിലാക്കിയിട്ടില്ല. സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാവയലറ്റ് രശ്മികൾ ഒരു പരിധി വരെ ഭൂമിയിൽ പതിക്കാതെ തടയുന്നത് അന്തരീക്ഷത്തിലെ ഓക്സിജൻ കണികകൾ ചേർന്നുണ്ടാക്കുന്ന ഓസോൺ പാളിയാണ്. മരങ്ങൾ നശിപ്പിച്ചാൽ ഓക്സിജൻ കുറയും.ഇത് ഓസോൺ പാളിയെ സാരമായി ബാധിക്കും. മാത്രമല്ല ഫാക്ടറികളിൽ നിന്നും മറ്റും അന്തരീക്ഷത്തിൽ എത്തുന്ന ക്ലോറോഫ്ലൂറോകാർബണുകൾ (CFC) ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു. മഴ പെയ്യാൻ മരങ്ങൾ സഹായിക്കുന്നു. ശുദ്ധമെന്ന് പറയുന്ന മഴവെള്ളം പോലും മലിനമാണ്. അന്തരീക്ഷത്തിൽ എത്തുന്ന അലോഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡും സൾഫർ ഡൈ ഓക്സൈഡും ഒക്കെ കലർന്ന മഴവെള്ളം ഇപ്പോൾ അമ്ലമാണ്. ഭൂമിയിലെ ജല സ്രോതസ്സുകൾ വറ്റി വരളുകയാണ്. നാം ഭൂമിയുടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കണം.

നമ്മുടെ പഴയ പരിസ്ഥിതിയെ തിരികെ കൊണ്ട് വരണം.നാം ഒരു തൈ നട്ട് വളർത്തി അതിനെ സംരക്ഷിച്ച് വലുതാക്കിയാൽ അത് നാം ചെയ്യുന്ന മഹത്തായ ഒരു കർമ്മമാണ്. നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതിന്റെ കാരണക്കാർ നാം തന്നെയാണ്.ഈ പ്രകൃതിയെ തിരിച്ച് പിടിക്കാൻ നമ്മുടെ ചെറുകരങ്ങൾ തന്നെ ധാരാളമാണ്. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ സംരക്ഷണത്തിന് തുല്യമാണ്. എല്ലാവർക്കും അതിന് മനസ്സുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം. പ്രകൃതിസംരക്ഷണ യജ്ഞത്തിൽ പങ്കാളിയാവാം.

ദേവിക എം എസ്
9 F എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം