JASNAKU
നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്. 2017 ജനുവരി 27നാണ് പദ്ധതി തുടക്കം കുറിച്ചത്.[1] ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.[2] തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക.