ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരുന്നു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും ജനങ്ങളുടെ ഈ ആഗ്രഹത്തെ ജ്വലിപ്പിച്ചിരുന്നു. 1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഈ പ്രദേശത്ത് വിദ്യാലയങ്ങൾ നന്നേ കുറവായിരുന്നു. എരമല്ലൂർ, ചന്തിരൂർ, എഴുപുന്ന, കോടംതുരുത്ത് എന്നീ കരകളിൽ ഹൈസ്കൂൾ പഠനത്തിന് ഒരൊറ്റ വിദ്യാലയം പോലുമില്ലായിരുന്നു. ഈ സാഹചര്യത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാളികളിൽ ഒരാളുമായ കട്ടിയാട്ട് ശിവരാമ പണിക്കരുടെ നേതൃത്വത്തിൽ ഒരുകൂട്ടം ഉൽപതിഷ്ണുക്കൾ സംഘടിക്കുകയും ഈ നാടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ഒരു വിദ്യാലയം ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി എരമല്ലൂർ,ചന്തിരൂർ, എഴുപുന്ന, കോടംതുരുത്ത് എന്നീ കരകളുടെ ആദ്യാക്ഷരം നാമം ആക്കികൊണ്ട് ഈ സി ഈ കെ യൂണിയൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. വലിയ പ്രോത്സാഹനമാണ് ഈ നാട്ടിലെ ജനങ്ങൾ ഈ സംഘടനയ്ക്ക് നൽകിയത്. ചമ്മനാട് ദേവസ്വം വിദ്യാലയ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി എഴുതി നൽകി. ആളൂർ നാരായണ പണിക്കർ ഉൾപ്പെടെയുള്ള പൂർവ്വസൂരികളുടെ ത്യാഗോജ്വലമായ ശ്രമങ്ങളുടെ ഫലമായി പൊതുജനങ്ങൾ ഓഹരി എടുക്കുകയും സംഭാവന നൽകുകയും ചെയ്തു. ആവശ്യമായ ഫണ്ട് സമാഹരിക്കപ്പെട്ടു. 1950 ജൂൺമാസം എരമല്ലൂർ എൻ.എസ്.എസ് വക എൻ.എസ്.ഇ .എം സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഈ സി ഈ കെ യൂണിയൻ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീ ആളൂർ നാരായണപ്പണിക്കർ പ്രഥമ മാനേജരും ശ്രീ കട്ടിയാട്ട് ശിവരാമ പണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററുമായിരുന്നു