ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രാജകുമാരനും രാജകുമാരിയും

രാജകുമാരനും രാജകുമാരിയും      
                            വേനൽ അവധി ആയതിനാൽ വീട്ടുമുറ്റത്ത്  കളിക്കുകയായിരുന്നു രാജുവും റാണിയും. നല്ല വെയിൽ ഉണ്ടായിരുന്നു. പക്ഷികൾ മരത്തിനുമുകളിൽ അങ്ങോട്ടുമിങ്ങോട്ടും പറക്കുകയും ശബ്ദമുണ്ടാക്കുകയും താഴെവന്ന് കൊത്തി പെറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രാജുവിന് വല്ലാത്ത ദാഹം തോന്നി. അവൻ അമ്മയോട് വെള്ളത്തിന് ചോദിച്ചു. അമ്മ അവന് വെള്ളം കൊടുത്തു. ധാരാളം വെള്ളം കുടിച്ചപ്പോൾ രാജുവിന് ആശ്വാസം തോന്നി. വീണ്ടും അവർ കളിയിൽ ഏർപ്പെട്ടു. അവൻ മരത്തിലുള്ള പക്ഷികളെ ശ്രദ്ധിച്ചു. അവയ്ക്കും "ദാഹം തോന്നുന്നുണ്ടാകില്ലേ?” അവൻ റാണിയോട് ചോദിച്ചു. "തീർച്ചയായും, ഇപ്പോൾ വേനൽ കാലം ആയതിനാൽ അവർക്ക് വെള്ളം കിട്ടാൻ വിഷമമാണ്" റാണി മറുപടി പറഞ്ഞു. "എങ്കിൽ നമുക്ക് അവർക്കുവേണ്ടി പാത്രത്തിൽ വെള്ളമൊഴിച്ചു കൊടുക്കാം, പാവങ്ങളുടെ ദാഹം അകലട്ടെ” രാജു പറഞ്ഞു. അങ്ങനെ രാജുവും റാണിയും രണ്ടു പാത്രത്തിൽ വെള്ളമെടുത്ത് മരത്തിനു താഴെയുള്ള കല്ലിനുമുകളിലായി വച്ചു. അപ്പോഴാണ് അവർ പറമ്പിൽ അങ്ങിങ്ങായി ചെറിയ ചെറിയ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടത്. പ്ലാസ്റ്റിക് എല്ലാ ജീവജാലങ്ങൾക്കും ആപത്താണ് എന്ന് ടീച്ചർ പറഞ്ഞത് അവർ ഓർത്തു. അവർ അമ്മയോട് ചോദിച്ചു. "ഈ പ്ലാസ്റ്റിക് മാലിന്യങ്ങളെ എന്തുചെയ്യും" "അതൊക്കെ പെറുക്കി ചാക്കിലാക്കി പ്ലാസ്റ്റിക് എടുക്കാൻ വരുന്നവർക്ക് കൊടുക്കാം" അമ്മ പറഞ്ഞു അവർ പറമ്പിലെ പ്ലാസ്റ്റിക്കുകൾ എല്ലാം ശേഖരിച്ച് ഒന്നൊഴിയാതെ ചാക്കിൽ കെട്ടിവെച്ചു. പറമ്പിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചപ്പുചവറുകൾ ഒക്കെ അടിച്ചു കൂട്ടിയിട്ടു തീയിട്ടു. രണ്ടുപേരെയും അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു രണ്ടുപേരും കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകിത്തുടച്ച് ഭക്ഷണം കഴിച്ചു. അവർ വെള്ളം നിറച്ച പാത്രങ്ങളിൽ പക്ഷികൾ വെള്ളം കുടിക്കാൻ എത്തുന്നുണ്ടോ എന്ന് നോക്കി. അപ്പോളതാ ഒരു കുളക്കോഴി ആ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുകയും കുളിക്കുകയും ചെയ്യുന്നു. അവർക്ക് സന്തോഷം തോന്നി. പിറ്റേ ദിവസം ഒരു കിരി, കരിയിലപ്പക്ഷി, കൊക്ക്, വണ്ണാത്തിക്കിളി, ഇങ്ങനെ ദിവസവും കിളികൾ വന്നുകൊണ്ടേയിരുന്നു. അവർ പാത്രത്തിലെ വെള്ളം ദിവസവും മാറ്റിവച്ചു. അപ്പോൾ അമ്മ പറഞ്ഞു "ഇപ്പോൾ നിങ്ങൾ എല്ലാ ജീവികളുടെയും രാജകുമാരനും റാജകുമാരിയും ആയി". അതുകേട്ട് അവർക്ക് വളരെയധികം സന്തോഷമായി.
ആദിദേവ് വിപി
രണ്ടാംതരം സി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ