ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച മാളു

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിച്ച മാളു

അവധിക്കാലമായതുകൊണ്ട് തന്റെ മുത്തശ്ശിയുടെയും, മുത്തശ്ശന്റെയും, ആന്റിയുടെയും കൂടെയാണ് 8 വയസ്സുകാരിയായ മാളുവിന്റെയും ചേച്ചി മിന്നുവിന്റെയും താമസം. എല്ലാ ദിവസവും അവൾ അവളുടെ ചേച്ചി മിന്നുവിനെയും കൂട്ടി തൊട്ടടുത്തുള്ള പാടത്തു കളിയ്ക്കാൻ പോവും. അവിടെ കൂട്ടമായി നിറഞ്ഞു നിൽക്കുന്ന നെല്ചെടികളും ക്രോം, ക്രോം എന്ന് ശബ്ദമുണ്ടാക്കി അതിനിടയിലൂടെ ചാടി നടക്കുന്ന തവളകളും പുതുമയല്ലെങ്കിലും അതവർക്ക് വളരെ സന്തോഷം നൽകിയിരുന്നു.

പാടത്തിനടുത്തു തന്നെ ഉടമസ്ഥരാരും ഇല്ലാതെ കിടക്കുന്ന ഒരു തോട്ടമുണ്ടായിരുന്നു. നിറയെ തേക്കുമരങ്ങളും, ഞാവൽ മരങ്ങളുമായിരുന്നു ആ തോട്ടത്തിൽ. എല്ലാ ദിവസവും ഞാവൽപ്പഴം പറിക്കാനായി കുട്ടികൾ ആ തോട്ടത്തിൽ ഓടിക്കൂടും. ഒരിക്കൽ മാളുവും ചേച്ചിയും പാടത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ "കിർ...... ർ "എന്നൊരു ശബ്ദം കേട്ടു. അവർ പേടിച്ചു പോയി. മാളു പറഞ്ഞു "ചേച്ചി വേഗം വാ... നമുക്ക് പോവാം." അവർ രണ്ടും മുത്തശ്ശിയുടെ അടുത്തേക്കോടി.

വീട്ടിലെത്തിയ ഉടൻ തങ്ങൾ കേട്ട ശബ്ദത്തെക്കുറിച്ചു അവർ മുത്തശ്ശിയോട് ചോദിച്ചു. അപ്പോൾ മുത്തശ്ശി പറഞ്ഞു, മോളെ അത് ആ ഉടമസ്ഥരാരും ഇല്ലാത്ത പറമ്പിൽ നിന്ന് ആരോ മരം വെട്ടുന്നതാ. വൃക്ഷങ്ങളോടും ചെടികളോടും ഏറെ പ്രിയമുള്ള മാളുവിന്‌ അത് സങ്കടമുണ്ടാക്കി. അവൾ മുത്തശ്ശിയോട് ചോദിച്ചു "അയ്യോ, അപ്പോൾ അവിടെ നിൽക്കുന്ന എല്ലാ മരങ്ങളും അവർ വെട്ടിക്കൊണ്ട് പോവോ?"മുത്തശ്ശി പറഞ്ഞു: 'ഉടമസ്ഥരില്ലാത്ത പറമ്പല്ലേ ആരു ചോദിക്കും?’

'മുത്തശ്ശി, ഞാനൊരു കാര്യം ചോദിച്ചോട്ടെ?’ മാളു മുത്തശ്ശിയോട്. 'ചോദിച്ചോളൂ' മുത്തശ്ശി പറഞ്ഞു. 'കഴിഞ്ഞ അവധിക്കു ഞാൻ വന്നപ്പോൾ ഒരു പത്രത്തിൽ വായിച്ചില്ലായിരുന്നോ, ഒരു വലിയ മല വെട്ടിയിട്ട് ഒരു കുളമുണ്ടാക്കിയെന്ന്‌?’ അപ്പോൾ മുത്തശ്ശി തിരുത്തി: 'കുളമല്ല, പാറമട.’ 'ആ...അത് തന്നെ, അപ്പോൾ എന്തൊക്കെയോ ദുരന്തങ്ങൾ ഉണ്ടായെന്ന്. അതുപോലെ മരങ്ങളൊക്കെ വെട്ടിക്കളഞ്ഞാൽ മഴ നഷ്ട്ടപെടില്ലേ?’ 'ഉണ്ടാവും മോളെ, ഇതുപോലെ എത്ര എത്ര സ്ഥലത്തു നടക്കുന്നു. രണ്ടു മൂന്നു മാസം മുമ്പ് നീ പത്രത്തിൽ വായിച്ചില്ലേ, മരടിൽ മൂന്നുനാലു ഫ്ലാറ്റ് പൊളിച്ചുമാറ്റിയെന്ന്?’

'എന്തിനാ മുത്തശ്ശി ആ ഫ്ലാറ്റൊക്കെ പൊളിച്ചു മാറ്റിയത്?’ മാളുവിന്‌ സംശയം. 'കായലുകളും, പുഴകളും നികത്തിയാണ് മരടിലെ മൂന്നു നാലു ഫ്ലാറ്റുകൾ പണിതിരുന്നത്. ഇതൊക്കെ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാവും. അതുകൊണ്ടാണ് ആ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റിയത്.’ 'ഈ മനുഷ്യർ എന്തിനാ പ്രകൃതിക്ക് ദോഷം ചെയുന്ന കാര്യങ്ങൾ ചെയ്ത് പ്രകൃതിയെ നശിപ്പിക്കുന്നത്?’ മാളുവിന്‌ പിന്നേം സംശയം.

മുത്തശ്ശി പറഞ്ഞു 'സംശയം എന്താ, ആർത്തി, പണത്തിനോടുള്ള ആർത്തി. എത്ര കിട്ടിയാലും മതിയാവില്ല എന്നുള്ള ദുർമോഹം. അതിന് തെളിവാണ് കഴിഞ്ഞ വർഷം വന്ന മഹാ പ്രളയം. എന്നാൽ ഈ പ്രകൃതി ദുരന്തങ്ങളൊക്കെ നമ്മൾ തന്നെ വരുത്തിവെച്ചതാണെന്ന് അവർ ചിന്തിച്ചിരുന്നെങ്കിൽ ഇനിയെങ്കിലും ഈ ദുർമോഹം അവർ അവസാനിപ്പിച്ചേനെ. മക്കൾ ഒരിക്കലും പ്രകൃതിക്ക് ദോഷം ചെയുന്ന ഒരു കാര്യം പോലും ചെയ്യരുത് കെട്ടോ.’ മാളു പറഞ്ഞു: 'ഇല്ല മുത്തശ്ശി.’

അലീഷ മരിയ തോമസ്
5 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ