അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ വൈറസ് നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് നൽകിയ പാഠം

ഒരു ഗ്രാമത്തിൽ ദാമു എന്ന കുട്ടി ഉണ്ടായിരുന്നു. അവൻ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. അവൻ പഠനത്തിൽ പിന്നിലായിരുന്നു. പരീക്ഷകളെല്ലാം അവനു പേടിയായിരുന്നു. അങ്ങനെയിരിക്കെ എസ്. എസ്. എൽ. സി. പരീക്ഷയായി. ആദ്യ ദിവസത്തെ മലയാളം പരീക്ഷ കഴിഞ്ഞു. അവന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പിറ്റേദിവസത്തെ പരീക്ഷക്കുവേണ്ടി പഠിക്കുന്നതിനു പകരം അവൻ കളിച്ചു നടന്നു. അന്ന് വൈകിട്ടത്തെ വാർത്തയിൽ എഴുതി കാണിച്ചു എസ്. എസ്. എൽ. സി. പരീക്ഷകൾ മാറ്റി വച്ചുവെന്ന്. കാരണം കോവിഡ് 19. അവന് ഏറെ സന്തോഷമായി.

വൈകിട്ട് അച്ഛൻ വീട്ടിൽ വന്നു. അച്ഛന് ശക്തമായ പനിയും ജലദോഷവും. അമ്മ പനിക്ക് നൽകുന്ന ഗുളിക നൽകി. നേരം പുലർന്നു. അച്ഛന് പനി കുറഞ്ഞില്ല. രണ്ടു ദിവസമായി മൂന്നു ദിവസമായി. അവനും അച്ഛനും അമ്മയ്ക്കും കുഞ്ഞനുജനും എല്ലാർക്കും പനി പിടിച്ചു. അയൽവാസികളും ചില ആരോഗ്യ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ അവരെ ആശുപത്രിയിൽ എത്തിച്ചു. കൊറോണ പരിശോധനയിൽ അവർ നാലുപേരുടെയും ഫലം പോസിറ്റീവ്. ആരോഗ്യ പ്രവർത്തകരും മറ്റും ചേർന്ന് റൂട്ട് മാപ്പും തയ്യാറാക്കി. പറഞ്ഞു മാത്രം അറിയാമായിരുന്ന ആ മഹാമാരി നേരിട്ട് അവർ അനുഭവിക്കാൻ പോകുന്നു. ആദ്യം അവർക്ക് അതിനെ ഉൾക്കൊള്ളാൻ സാധിച്ചില്ല. ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും സമയോചിത ഇടപെടൽകൊണ്ട് അവർ അതിനെ നേരിട്ടു. ക്രൂരവും പേടിപ്പെടുത്തുന്നതുമായ ആവസ്‌ഥയിലൂടെ അവർ കടന്നു പോയി. അച്ഛനും അമ്മയ്ക്കും ദാമുവിനും രോഗം ഭേദമാകാൻ തുടങ്ങി. എന്നാൽ അനുജൻ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർ പറഞ്ഞു. കാരണം അവന് ജന്മനാ ശ്വാസസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. അവർ ഈശ്വരനോട് പ്രാർത്ഥിച്ചു. ആരോഗ്യ പ്രവർത്തകർ രക്ഷപെടുത്താൻ അക്ഷീണം പരിശ്രമിച്ചു. അച്ഛനും അമ്മയും സങ്കടം ഒതുക്കി ആശുപത്രിയിൽ കഴിഞ്ഞു. ദാമു ഈശ്വരനൊടു പ്രാർത്ഥിച്ചു, തന്റെ അനുജനെ രക്ഷിക്കണേയെന്ന്. ആത്മ വിശ്വാസം അവൻ കൈവിട്ടില്ല.

ദിവസങ്ങൾ കഴിയുന്തോറും അനിയന്റെ നില ഗുരുതരമായി തന്നെ തുടർന്നു.ഒരു ദിവസം രാത്രിയിൽ കുഞ്ഞനുജൻ മരണത്തിന് കീഴടങ്ങി. കുഞ്ഞനുജൻ മരിക്കുന്നത് അവൻ നേരിൽ കണ്ടു. അവന്റെ ആത്മ വിശ്വാസം നഷ്ട്ടപ്പെട്ടു. അവനെയും അച്ഛനെയും അമ്മയെയും വിട്ട് കുഞ്ഞനുജൻ യാത്രയായി. അവനെ അവസാനമായി ഒന്ന് കാണാൻ വേണ്ടി അവർ കാത്തിരുന്നു. ഒന്ന് തൊടാൻ സാധിക്കാതെ, അന്ത്യ ചുംബനം നൽകാൻ സാധിക്കാതെ, മുഖമൊന്നു കാണാൻ സാധിക്കാതെ, ഒരു പെറ്റമ്മ സ്വന്തം കുഞ്ഞിനെ പൊതിഞ്ഞ നിലയിൽ ദൂരെ നിന്ന് നോക്കി കണ്ടു. ദാമുവിന് താൻ ഒറ്റക്കായി പോയതായി തോന്നി. അനാഥ ശവത്തെ പോലെ അനുജൻ മണ്ണിനടിയിലായി. അവർ മൂവരും രോഗം ഭേദമായി അനുജനില്ലാത്ത വീട്ടിലേയ്ക്ക് വന്നു. എങ്ങും മൂകത. അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. അമ്മ ഇടക്കിടയ്ക്ക് പൊട്ടി കരഞ്ഞു. ഇത് കണ്ടു സഹിക്കവയ്യാതെ ദാമുവും കരഞ്ഞു. അവൻ കരഞ്ഞു കരഞ്ഞു രാത്രിയിൽ എപ്പോളോ ഉറങ്ങിപ്പോയി.ഇടയ്ക്കു ഞെട്ടി എഴുന്നേറ്റു.

രണ്ടാഴ്ച അവർ പുറത്തിറങ്ങാതിരുന്നു. അയല്പക്കക്കാരോ ബന്ധുക്കളോ ആരും വീട്ടിൽ വന്നില്ല. രോഗത്തിന്റെ മൂർച്ഛിച്ച അവസ്ഥ അവന്റെ കുഞ്ഞനുജനിൽ കണ്ടു. അവന്റെ പ്രാർത്ഥനയിൽ ഡോക്ടർമാരെയും നേഴ്സുമാരെയും ഉൾപ്പെടുത്തി. രണ്ടാഴ്ചക്കു ശേഷം ഒരു തിങ്കളാഴ്ച അവൻ വാർത്തയിൽ കണ്ടു എസ്. എസ്. എൽ. സി. പരീക്ഷ അടുത്ത മാസം ഉണ്ടാകുമെന്ന്. അവന് പേടിയായി. തന്റെ കുഞ്ഞനുജന്‌ വേണ്ടി പഠിച്ചു നല്ല മാർക്ക്‌ മേടിക്കുമെന്ന്അവൻ മനസിൽ ഉറപ്പിച്ചു. അന്ന് മുതൽ അവൻ നന്നായി പഠിച്ചു. സംശയമുള്ള ഭാഗങ്ങൾ കൂടുതൽ പഠിച്ചു. രാത്രി സമയങ്ങൾ പഠിക്കാൻ ചിലവിട്ടു.

തുടർന്നുള്ള ദിവസങ്ങളിൽ അവൻ കഷ്ടപ്പെട്ടു പഠിച്ചു. അവന്റെ മനസ്സിൽ മറ്റൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല; കുഞ്ഞനുജന്റെ മുഖമല്ലാതെ. അതിനു ശേഷമുള്ള ഒരു ബുധനാഴ്ച പരീക്ഷ ആരംഭിച്ചു. എല്ലാ പരീക്ഷകളും അവന് നന്നായി എഴുതാൻ കഴിഞ്ഞു. പഠിച്ചാൽ വിജയിക്കാം എന്നവന് മനസിലായി. നാലാഴ്ചയ്ക്കു ശേഷം റിസൾട്ട്‌ വന്നു. അവന് ഒൻപത് എ പ്ലസും ഒരു ബി പ്ലസും. അവൻ നന്നായി പഠിച്ച വിഷയത്തിനെല്ലാം എ പ്ലസ്. അവന്റ അച്ഛനും അമ്മയ്ക്കും സന്തോഷമായി. ടീച്ചർമാർ അവനെ അഭിനന്ദിച്ചു. അവന് ധാരാളം സമ്മാനങ്ങൾ ലഭിച്ചു.

ഒരു കുഞ്ഞു വൈറസിന് പലരുടെ ജീവിതത്തെയും മാറ്റാൻ സാധിച്ചു. അതിലൊന്ന് മാത്രമാണ് ദാമുവിന്റെ ജീവിതം. ലോകത്ത് കോവിഡ് മുഴുവനായും ഭേദമായില്ലെങ്കിലും എല്ലാം പൂർണ്ണമായും മാറും എന്ന പ്രത്യാശ അവനുണ്ട്. അവൻ ദൈവത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിച്ചു. കാരണം ഈ രണ്ടു പേർക്കും ഇടയിലായിരുന്നു അവന്റ ജീവൻ. ദാമുവിന്റെ വീട്ടിൽ പഴയ സന്തോഷം മെല്ലെ മെല്ലെ തിരിച്ചെത്തി...

ശ്രീമയ് സാബു
10 B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ