സെൻറ് മേരീസ് എൽ പി സ്‌കൂൾ എടൂർ /കൂടുതൽ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

1946 ഫാദർ കുര്യാക്കോസ് കുടക്കച്ചിറയുടെ നേതൃത്വത്തിൽ സെൻറ് മേരീസ് എൽപി സ്കൂൾ സ്ഥാപിതമായത് മുതൽ 23 ഹെഡ്മാസ്റ്റർമാർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോട്ടം ഭാഗത്ത് പള്ളിയോടനുബന്ധിച്ച സ്ഥലത്താണ് സ്കൂൾ ആദ്യം ആരംഭിച്ചത്. ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1948 ൽ സി ജെ വർക്കി അച്ഛൻ വികാരി ആയിരിക്കെ ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. മലയോര മേഖലയുടെ തിലകക്കുറിയായി പ്രവർത്തിച്ചുവരുന്ന എടൂർ സെൻറ് മേരീസ് എൽപി സ്‌കൂളിനെ മികവിൻറെ പടവുകളിലൂടെ ഉന്നതിയിൽ എത്തിക്കാൻ സ്കൂൾ മാനേജർ ഫാദർ ആൻറണി മുതുകുന്നേലിൻറെ നേതൃത്വത്തിൽ പ്രധാനാധ്യാപിക ലിസി തോമസിനൊപ്പം എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

         278 വിദ്യാർത്ഥികളും 11 അധ്യാപകരുമാണ് നിലവിൽ ഈ വിദ്യാലയത്തിൽ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും മലയാളം മീഡിയം ഡിവിഷനുകളും ഉണ്ട്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ഇരിട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ എൽ പി സ്കൂൾ ആണിത്. പാഠ്യ മേഖലയിൽ എന്നതുപോലെ പാഠ്യാനുബന്ധ പാഠ്യേതര മേഖലയിലും  മികച്ച  നിലവാരം പുലർത്തുന്ന ഒരു വിദ്യാലയം ആണിത്.
        മികച്ച ഭൗതിക സാഹചര്യം ഉള്ള വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും  ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്. അതോടൊപ്പം ക്ലാസ്മുറികളിലെ ഭിത്തികളിൽ മനോഹര ചിത്രങ്ങൾ വരച്ചു  ആകർഷമാക്കിയിട്ടുണ്ട്. 
      സ്‌കൂളിന്റെ  സമഗ്രമായ പ്രവർത്തനം വിലയിരുത്തി 2011-12 വർഷം മുതൽ തുടർച്ചയായി എട്ടു വർഷം ബെസ്റ്റ് സ്കൂൾ അവാർഡ് കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. അതോടൊപ്പം പി ടി എ  യുടെ പ്രവർത്തനങ്ങൾ മുൻനിർത്തി 2012-13 വർഷം മുതൽ തുടർച്ചയായി നാലുവർഷം ബെസ്റ്റ് പി ടി എ അവാർഡും, 2016-17 വർഷത്തിൽ ഇരിട്ടി സബ് ജില്ലാതല  പി ടി എ അവാർഡും നമുക്ക് ലഭിച്ചു.
      നാലാം ക്ലാസ്സിലെ കുട്ടികൾക്കായി സർക്കാർതലത്തിൽ നടത്തപ്പെടുന്ന എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 2018-19 വർഷത്തിൽ ഒമ്പത് കുട്ടികൾക്ക് സ്കോളർഷിപ്പ് നേടി കൊടുത്തു കൊണ്ട് ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ വിദ്യാലയം എന്ന പദവി കരസ്ഥമാക്കുകയും, 2019-20 വർഷത്തിൽ ഈ വിജയം 15 കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. 2019-20 അധ്യയന വർഷത്തിൽ ഇരിട്ടി സബ് ജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, ഇരിട്ടി സബ് ജില്ലാതല കലോത്‌സവ വേദിയിലും  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
     സബ് ജില്ലാതലത്തിൽ നടത്തപ്പെടുന്ന ക്വിസ്സ്, പ്രസംഗ മത്സരവേദികളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ മികവാർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു.
    കോർപ്പറേറ്റ് തലത്തിൽ നടത്തപ്പെടുന്ന വേദപാഠ,  സന്മാർഗ സ്കോളർഷിപ്പ് പരീക്ഷകളിലും മികവ് പരീക്ഷകളിലും നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു.
   കബ്  & ബുൾബുൾ യൂണിറ്റുകളും, വിവിധ ക്ളബുകളും കുട്ടികളുടെ  വ്യക്തിത്വവികസനത്തിന് സഹായിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളും വിവിധ ദിനാചരണങ്ങളും കാര്യക്ഷമമായി നടത്തിവരുന്നു. 
    കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് സംഗീത കായികപരിശീലനവും സൈക്കിൾ കരാട്ടെ പരിശീലനവും നൽകിവരുന്നു. പഠനനിലവാരം മെച്ചപ്പെടുത്താൻ വ്യത്യസ്ത പഠനപ്രവർത്തനങ്ങളും, പ്രോത്സാഹന സമ്മാനങ്ങളും കുട്ടികൾക്ക് നൽകുന്നു. സഹജീവിസ്നേഹവും സഹായ സന്നദ്ധതയും കുട്ടികളിൽ വളർത്താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പരിസര ശുചിത്വത്തിന്  കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ശുദ്ധീകരിച്ച കുടിവെള്ളവും ശിശു സൗഹൃദ ടോയ്‌ലറ്റുകളും  സജ്ജീകരിച്ചിരിക്കുന്നു. ഏഴ് പതിറ്റാണ്ട് പിന്നിട്ട്  ഒരു നാടിൻറെ  നാഴികക്കല്ലായി തന്നെ മാറിയ ഈ വിദ്യാലയം, ഈ  2021 -22 വർഷത്തിൽ  പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണുള്ളത്.