സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ ഇടിക്കുള ചാക്കോ

98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്ന ചാക്കോ മാഷിന്റെ ചിന്തയിൽ നിന്നാണ് ഈ വിദ്യാലയം പിറവിയെടുക്കുനത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചാക്കോ മാഷിന്റെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന കാലത്ത് പൂഴിമണ്ണിൽ എഴുതിയായിരുന്നു കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പഠനമായിരുന്നു വിദ്യാലയം പിന്തുടർന്നിരുന്നത്. യൂണിഫോം ഇല്ലാതിരുന്ന ആ കാലത്ത് തോർത്തുമുണ്ട് ധരിച്ചായിരുന്നു കുട്ടികൾ വിദ്യാലയത്തിലെത്തിയിരുന്നത്. നാനാജാതിമതസ്ഥരായ വിദ്യാർഥികൾ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിച്ച്  അറിവ് നേടിയ വിദ്യാലയമാണ് സെന്റ് ജെയിംസ്. ആ കാലഘട്ടത്തിൽ കരുവാറ്റയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന ഏക വിദ്യാലയവും സെന്റ് ജെയിംസായിരുന്നു. സ്കൂളിന്റെ സ്ഥാപകനായ ശ്രീ ഇടിക്കുള ചാക്കോ തന്നെയായിരുന്നു സ്കൂളിന്റെ പ്രഥമ അധ്യാപകനും. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. അക്കാദമിക നിലവാരം മികവുറ്റതാക്കി നിലനിർത്തിക്കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ചാലകശക്തി അധ്യാപകരുടെ ഐക്യവും കഠിനാധ്വനവുമാണ്. അധ്യാപകരുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന വിദ്യാർഥികളും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കളുമാണ് ഈ വിദ്യാലയത്തിന്റെ യഥാർഥ സമ്പത്ത്.