യു പി എസ് നടുപ്പൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

പതിതരും ചൂഷിതരുമായി ജീവിച്ച

തോൾമുണ്ടഴിക്കാനും തലകുനിക്കാനും

പഠിപ്പിക്കപ്പെട്ട ഒരു പാവം ജനതയെ

ആരുടെ മുന്നിലും തലയുയർത്തി നിൽക്കാനും

നെഞ്ചുറപ്പോടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുവാനും

നീതിക്കായി പൊരുതാനും പഠിപ്പിച്ച

നടുപ്പൊയിൽ സ്കൂളിന്റെ ചരിത്രമാണിത്.


1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ

കത്തിച്ചു വെച്ച കൈത്തിരിയാണ് ഈ ദീപസ്തംഭം.

അദ്ദേഹത്തിന് ശേഷം ഭാര്യയായ മാതുഅമ്മയും

പിന്നീട് മക്കളായ രാജഗോപാലൻ മാസ്റ്ററും

എം പി സൌദാമിനി അമ്മയും മാനേജർമാരായി.

കുറച്ചുകാലം കണ്ണൂരിലെ വിദ്യാഭ്യാസ പ്രവർത്തകനായ

വത്സൻ മഠത്തിലായിരുന്നു മാനേജർ.

ഇപ്പോഴത്തെ മാനേജർ ശശി മഠപ്പറമ്പത്ത്

ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും

വിദ്യാലയത്തിൻ്റെ ദൈനം ദിന കാര്യങ്ങളിൽ പോലും

ജാഗ്രതയോടെ അദ്ദേഹം ഇടപെടുന്നു.

അദ്ധ്യാപകരെയും രക്ഷിതാക്കളെയും

കേൾക്കുവാനും ഒപ്പം നിർത്താനും

അദ്ദേഹം സമയം കണ്ടെത്തുന്നു.


സമൂഹത്തിന്റെ , കാലത്തിന്റെ മാറ്റങ്ങളോടൊപ്പം

നടുപ്പൊയിൽ യു പി സ്കൂളും മാറി.

ഇന്നും വിദ്യാർത്ഥി മനസ്സുകൾ ഓർത്തുവെക്കുന്ന

പ്രഗത്ഭരായ ഗുരുനാഥന്മാർ..

വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന

ഉന്നതരായ പൂർവ വിദ്യാർഥികൾ..

സ്കൂളിന്റെ കുതിപ്പിന് പ്രചോദനമായി

എന്നും ഒപ്പം നിന്ന രക്ഷിതാക്കൾ..

ആ കൂട്ടായ്മ തന്നെയാണ് ഈ സ്കൂളിന്റെ

കിതക്കാത്ത കുതിപ്പിന് പിന്നിലെ പ്രേരക ശക്തി.