മെരുവമ്പായി യു പി എസ്‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തലശ്ശേരി മൈസൂർ റോഡിൽ കൂത്തുപറമ്പിൽ നിന്നും 5 കിലോമീറ്റർ അകലെ മെരുവമ്പായി എന്ന സ്ഥലത്താണ് മെരുവമ്പായി മാപ്പിള യു പി സ്കൂൾസ്ഥിതിചെയ്യുന്നത്. മെരുവമ്പായി പുഴയുടെ ഓരം ചേർന്നുകിടക്കുന്ന പ്രസ്തുതസ്കൂളിന്റെചരിത്രം97വർഷത്തെചരിത്രമാണ്.1925ലാണ്ഈ വിദ്യാലയം നിലവിൽ വന്നത്."നേര് മുമ്പായ് " എന്ന പദപ്രയോഗത്തിൽ നിന്നുണ്ടായ മെരുവമ്പായി എന്നഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ- പരമായ പിന്നോക്കാവസ്ഥയും ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഒരു വിദ്യാലയം എന്ന സ്വപ്നവും ദിവാംഗതനായ ശ്രീമാൻ നാമത്ത് കയ്യാലക്കകത്ത് തൂപ്പർ ഹാജി എന്നവർക്ക് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പ്രേരണയായി.

1925-ൽ ഇന്ന് മെരുവമ്പായി യത്തീംഖാന സ്ഥിതിചെയ്യുന്ന സ്ഥലത്തിന് എതിർവശത്തായി ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. അന്നു ഒരു "എഴുത്തു പള്ളി" എന്ന നിലയിലാണ് വിദ്യാലയം ആരംഭിച്ചത്. ശ്രീമാൻ അനന്തൻ നായരായിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ. നാമ മാത്രമായ വിദ്യാർത്ഥികളെ മുന്നിലിരുത്തിക്കൊണ്ട് തുടങ്ങിയ വിദ്യാലയം അദ്ദേഹത്തിന്റെ അക്ഷീണ താൽപ്പര്യവും വിദ്യാഭ്യാസ കാര്യത്തിലുള്ള ദാർശനികതയുംഈവിദ്യാലയത്തിന്ഉണർവേകി.

1940 ലാണ് സ്കൂളിനു സ്ഥിരാംഗീകാരം ലഭിക്കുന്നത്. ഒന്നാംതരം മുതൽ അഞ്ചാം തരം വരെ പ്രവർത്തിക്കാനുള്ള അംഗീകാരമാണ് അന്നുണ്ടായിരുന്നത്. *ഓർഡർ നമ്പർ: 26/40 dt. 10-04-1940*.

ശ്രീമാൻ തൂപ്പർ ഹാജിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രൻ മണപ്പാട്ടി മക്കി എന്നവർ‍ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1968-ൽ അദ്ദേഹം മരിക്കുന്നതുവരെ വിദ്യാലയത്തിന്റെ എല്ലാ പുരോഗതിക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. ആ കാലയളവിൽ മെരുവമ്പായിയുടെ ഹൃദയഭാഗത്ത് സ്കൂൾ കെട്ടിടം മാറ്റി സ്ഥാപിച്ചു.മുൻപേപ്രവർത്തിച്ചിരുന്നസ്ഥലംപള്ളിയുടെയുംമറ്റും നിർമ്മാണത്തിന്സംഭാവനയായിനൽകി.

1968 -മുതൽ ശ്രീ. മണപ്പാട്ടി മക്കി യുടെ മകൾ ശ്രീമതി. കെ.കെ. കദീസ മാനേജരായി പ്രവർത്തിക്കുന്നു. 1965 മുതൽ 1992 വരെ ഇന്നത്തെ സ്കൂൾ മാനേജർ ആയ കെ കെ കദീസയുടെ ഭർത്താവായ ശ്രീമാൻ. അബ്ദുല്ല മാസ്റ്റർ ആയിരുന്നു സ്കൂളിന്റെ പ്രധാന അധ്യാപകൻ.

1982 -ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള സർക്കാർ ഉത്തരവ് വന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സുപ്രീംകോടതി വരെ പോകേണ്ടി വന്നു.കേസിന്റെ ഒടുവിൽ 1986 -ൽ സ്കൂൾ ഒന്നുമുതൽ ഏഴുവരെ പ്രവർത്തിക്കാനുള്ള സർക്കാർ ഉത്തരവ് വന്നു. ഓർഡർ നമ്പർ:KDIS2355/86A-4dt.23.06.1986-DEO-Tly.

അതിനിടയിൽ കുണ്ടൻ മാസ്റ്ററും കുഞ്ഞിക്കണ്ണൻ മാസ്റ്ററും സ്കൂളിൽ നിന്നുംവിരമിച്ചു.

വിദ്യാലയം യു.പി തലത്തിൽ ആയതോടുകൂടി ഈ നാട്ടിലെ സർവ്വ പ്രവർത്തനങ്ങൾക്കും ഭാഗവാക്കാവാൻ സ്കൂളിനു കഴിയുന്നുണ്ട്.

1992- ഏപ്രിൽ മാസത്തിൽ ശ്രീമാൻ അബ്ദുള്ള മാസ്റ്റർ വിരമിച്ചു. തുടർന്ന് എം.മൊയ്തു മാസ്റ്റർ പ്രധാനധ്യാപകനായി ചുമതലയേറ്റു. രണ്ടു വർഷക്കാലം അദ്ദേഹമായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.1994 മെയ് മാസം മുതൽ പുതിയകത്ത് മമ്മദ് മാസ്റ്ററാ യിരുന്നു സ്കൂളിന്റെ പ്രധാനാധ്യാപകൻ.അദ്ദേഹത്തിന്റെ കാലയളവിൽ എം.പ്രസന്നകുമാരി, വി മൊയ്തു, പി പാറുക്കുട്ടി, കെ ലക്ഷ്മി എന്നിവർ സർവീസിൽ നിന്ന് വിരമിക്കുകയും, കെ.ആനന്ദവല്ലി അർബുധ രോഗ ത്താൽ അകാലചരമമടയുകയും ചെയ്തു.2004 ഓഗസ്റ്റ് മാസാവസാനം ശ്രീമാൻ പുതിയകത്ത് മമ്മദ് സർവീസിൽനിന്ന് വിരമിക്കുകയും ഇപ്പോൾ ശ്രീമാൻ മനോജ് മാസ്റ്റർ സ്കൂളിന്റെ പ്രധാന അധ്യാപകനായി ചുമതല വഹിക്കുകയുംചെയ്യുന്നു.

2016 മാർച്ച് മാസം സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു നീക്കി ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള 40 ഓളം ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടത്തിന്റെ പണിപൂർത്തീകരിച്ചു് മെരുവമ്പായി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

2020 ഫെബ്രുവരി 22ന് ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.

2015-16-അധ്യയന വർഷം 175 കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1200 ലധികം വിദ്യാർത്ഥികൾ എൽകെജി മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചു വരുന്നു.പഠന പ്രവർത്തനങ്ങൾ ക്കൊപ്പം സ്കൂൾ വിദ്യാർത്ഥികൾ കലാപരമായും സാംസ്കാരികവുമായ ധാരാളം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട്.ഇന്ന് വിദ്യാലയത്തിൽ 30-ൽ അധികം അധ്യാപകർ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്.

വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ശക്തമായ പി ടി എ യും

മദർ പി ടി എയും പ്രവർത്തിക്കുന്നുണ്ട്.

സ്കൂളിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മുഴുവൻ വ്യക്തിത്വങ്ങളെയും നന്ദി പൂർവ്വം സ്മരിക്കുന്നു.