മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


പ്രവേശനോത്സവം

2023 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10:30 ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു.ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നവാഗതരെ സ്വാഗതം ചെയ്തു.പ്രവേശനോത്സവത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ടാ തിഥികളെയും രക്ഷിതാക്കളെയും എച്ച് എം ശ്രീ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.തുടർന്ന് ശ്രീ ലിജോ ഡേവിസ് അധ്യക്ഷ പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഫാദർ സെബി കാഞ്ഞിരത്തിങ്കൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.പള്ളി ട്രസ്റ്റ് ശ്രീ ജയിംസ് പറപ്പുള്ളി ,ശ്രീമതി കൃഷ്ണവേണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തുകയും ചെയ്തു.കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി. ശ്രീമതി ജീന ടീച്ചറുടെ നന്ദിയോടു കൂടി യോഗം അവസാനിച്ചു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളോട് കൂടുതൽ താല്പര്യവും, വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് വേണ്ടിയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പോർട്ടികോയിൽ മരത്തിന്റെ വലിയ കട്ടൗട്ട് സ്ഥാപിച്ച് മനോഹരമായി അലങ്കരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളായ ആദ്യ ലക്ഷ്മിയുടെ കവിതാലാപനവും, ദേവനന്ദയുടെ പരിസ്ഥിതിദിന സന്ദേശവും ഏറ്റവും ഫലവത്തായ രീതിയിൽ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ എച്ച് എം. തോമസ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന ആഘോഷം മരം നടലാണ്. ഇതിനായി നമുക്കൊരു മുദ്രാവാക്യമുണ്ട്. "ആഗോളതാപനം- മരമാണ് മറുപടി". ഇതുപോലുള്ള മറ്റു മുദ്രാവാക്യങ്ങൾശേഖരിച്ച് വരാൻ നിർദ്ദേശിക്കുകയും, ഓരോ വിഭാഗത്തിലെയും കൂടുതൽ മുദ്രാവാക്യങ്ങൾ കണ്ടെത്തി വരുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്, പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. "ബീറ്റ് പ്ളാസ്റ്റിക്ക് പൊലൂഷൻ"എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള റാലി സ്കൂളിന്റെ മുൻവശത്തെ റോഡിലൂടെ കടന്ന് സ്കൂളിൽ തന്നെ സമാപിച്ചു. പ്ലാകാർഡുകളും മുദ്രാവാക്യ വിളിയുമായി അനേകം കുട്ടികൾ റാലിയിൽ പങ്കെടുത്തു.ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ പൂർണ്ണമായും "പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തും " എന്ന് പ്രതിജ്ഞയെടുത്തു. ഇതിന്റെ മുന്നോടിയായി മിഠായിയുടെ ഉപയോഗം സ്കൂളിൽ വേണ്ട എന്ന് തീരുമാനിച്ചു.തുടർന്ന്, ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികളുടെ ക്വിസ് മത്സരം നടത്തി. പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവയിലെ വിജയികളെ തിരഞ്ഞെടുത്തു.വിജയികളായവരെ അഭിനന്ദിച്ചു,മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പിന്നീട് നൽകും എന്ന് അറിയിച്ചു.

ബാലവേല ദിനം👶👧🏼

ജൂൺ 12 തിങ്കളാഴ്ച ബാലവേല വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. എച്ച് എം തോമസ് മാസ്റ്റർ ,ശ്രീദേവി ടീച്ചർ എന്നിവർ ബാലവേല വിരുദ്ധസന്ദേശം അസംബ്ലിയിൽ നൽകി. 10 ഡി ൽ പഠിക്കുന്ന കുമാരി ദേവനന്ദ എൻ വി ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തി. ബാലവേല വിരുദ്ധ ദിന പോസ്റ്ററും സന്ദേശവും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ബാലവേലയുടെ ദോഷവശങ്ങളെപ്പറ്റിയും ബാലവേല മൂലം കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി. അതോടൊപ്പം തന്നെ നമ്മുടെ നാട്ടിലും വിദ്യാലയത്തിലും വീടുകളിലും കുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സാഹചര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സമൂഹത്തിന് നന്മ ചെയ്യണമെന്ന ആശയവും കുട്ടികൾക്ക് പകർന്നു കൊടുത്തു.

ഫീൽഡ്ട്രിപ്പ് ക്ലാസ് 7🌳✨

ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂൺ 13-ാം തീയ്യതി പാടവരമ്പത്തേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി.ഇംഗ്ലീഷ് സയൻസ് മലയാളം എന്നീ വിഷയങ്ങളിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് ഫീൽഡ് ട്രിപ്പ് നടത്തിയത്*. *നെൽപ്പാടങ്ങൾ വിവിധതരം കൃഷികൾ ചെയ്യുന്ന പറമ്പുകൾ തോടുകൾ എന്നിവ കുട്ടികൾ കണ്ടറിഞ്ഞു. മഴയ്ക്ക് മുൻപുള്ള സുഖപ്രദമായ അന്തരീക്ഷം ട്രിപ്പ് കൂടുതൽ മനോഹരമാക്കി*. *സ്കൂളിൻറെ തന്നെ അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും നടനാണ് പോയത്*. *കുറെ കുട്ടികൾക്ക് പാടവും പറമ്പും എല്ലാം പരിചിത കാഴ്ചയാണെങ്കിലും കുറെയധികം കുട്ടികൾക്ക് ഇതെല്ലാം വളരെ പുതുമയുള്ള കാഴ്ചകൾ ആയിരുന്നു* *അന്യസംസ്ഥാനത്തുനിന്നും നമ്മുടെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഈ ട്രിപ്പ് വളരെയധികം പുതുമ നിറഞ്ഞതായിരുന്നു* *പാഠപുസ്തകത്തിന് അപ്പുറത്തുള്ള ഈ പ്രകൃതി നടത്തം കുട്ടികളും അധ്യാപകരും വളരെയധികം ആസ്വദിച്ചു*.

ഫീൽഡ്ട്രിപ്പ് ക്ലാസ് 6🌳✨

14/06/2023 ബുധനാഴ്ച രാവിലെ യുപി അധ്യാപകരും ആറാം ക്ലാസ് വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന് അടുത്തുള്ള പാടവും കൃഷി സ്ഥലങ്ങളും സന്ദർശിച്ചു. ആറാം ക്ലാസ്സിലെ "ഇംഗ്ലീഷ് - മുത്തച്ഛനൊപ്പമുള്ള ജീവിതം", സാമൂഹിക ശാസ്ത്രം - കേരളം മണ്ണും മഴയും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് കുട്ടികളെ ഫീൽഡ് ട്രിപ്പ് കൊണ്ടുപോയത്. ചാറ്റൽ മഴയത്ത് കുടപിടിച്ചുള്ള റയിൻ ഡാൻസ് ട്രിപിലെ രസകരമായ അനുഭവമായിരുന്നു.ചക്ക ,മാങ്ങ തുടങ്ങിയ പ്രകൃതി വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കു വച്ചു കഴിച്ചു.പാടത്തും വെള്ളത്തിലും ഇറങ്ങി കളിച്ചത് കുറെ പേർക്കെങ്കിലും പുതിയ അനുഭവമായിരുന്നു. കുട്ടികളും അധ്യാപകരും ട്രിപ്പ് നന്നായി ആസ്വദിച്ചു .

വായനദിനം

മണ്ണംപേട്ട മാത ഹൈസ്ക്കൂളിലെ വായനദിനം ഏറെ പുതുമകളോടെ ആഘോഷിച്ചു. കുട്ടികളെ അക്ഷരലോകത്തേക്ക് ആനയിക്കുവാനായി സ്കൂളിൽ അക്ഷരത്തോണി തയ്യാറാക്കി. മലയാള വിഭാഗം അധ്യാപിക ജൂലിയറ്റ് നീലങ്കാവിൽ വായനദിന സന്ദേശം നല്കി. സീനിയർ അധ്യാപിക ഷീജ വാറുണ്ണി വായനദിനം ഉദ്ഘാടനം ചെയ്തു. LP വിഭാഗത്തിൽ നിന്നും എമിൽ റോസ് പുസ്തക പരിചയവും UP വിഭാഗത്തിൽ നിന്ന് കൃഷ്ണാപ്രിയ കവിതാലാപനവും HS വിഭാഗത്തിൽ നിന്നും ഐശ്വര്യ തെരേസ് പ്രസംഗവും അവതരിപ്പിച്ചു. അക്ഷരത്തോരണം, വായനമത്സരങ്ങൾ, പ്ലക്കാർഡ് നിർമ്മാണം, സാഹിത്യ ക്വിസ്, സംവാദം, അമ്മ വായന തുടങ്ങി വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ്.

സംസ്കൃത നാടകം കർണ്ണാടകയിൽ

മാത എച്ച് .എസ് മണ്ണംപേട്ടയുടെ സംസ്കൃതനാടക പെരുമ കന്നട മണ്ണിലും. കർണാടകയിലെ ഉടുപ്പിSMSP സംസ്കൃത കോളേജിൽ അനന്ത നാമം എന്ന പേരിൽ 2 ദിവസങ്ങളിലായി നടന്ന 'ജന്മശതാബ്ദി ആഘോഷത്തിൽ മാതാ ഹൈസ്കൂളിലെ സംസ്കൃത നാടക സംഘം 'കാലചക്രം' എന്ന സംസ്കൃതനാടകം അവതരിപ്പിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ പ്രസാദ് മല്ലിശ്ശേരിയുടെ നേതൃത്വത്തിൽ,നമ്മുടെ മിടുക്കികളും മിടുക്കന്മാരുമായടകുട്ടികൾ അവതരിപ്പിച്ച ,സംസ്കൃതനാടകം അവിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. ജ്യോതിർ നിധി ബൈലൂർ ശ്രീ അനന്തപത്മനാഭ തന്ത്രിമാരുടെ സ്മരണാർത്ഥം ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ നടന്ന *അനന്തനാമം* എന്ന് ത്രിദിന ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ എനിക്കും എൻറെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും കാലചക്രം എന്ന എൻറെ സംസ്കൃതനാടകം അവതരിപ്പിക്കുവാനുള്ള ഭാഗ്യം ഉണ്ടായി ഈശ്വരാനുഗ്രഹം കൊണ്ടും ഗുരുകാരുണ്യം കൊണ്ടും ആവും വിധം ചെയ്യുവാൻ സാധിച്ചു എന്ന കൃതാർത്ഥത യോടെ ആ സന്തോഷം എല്ലാവരോടും ഞാൻ പങ്കുവെക്കുന്നു.

വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ

മണ്ണംപേട്ട മാത സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻവളരെ മനോഹരമായി സംഘടിപ്പിച്ചു. ജൂൺ പതിനഞ്ചാം തീയതി വ്യാഴാഴ്ച കുട്ടികളുടെ വാട്സ്ആപ്പ്ഗ്രൂപ്പ്‌ വഴിയും, നോട്ടീസ് ബോർഡിലും അവർക്ക് കൊണ്ടുവരാകുന്ന ഐറ്റത്തിന്റെ ലിസ്റ്റ് കുട്ടികളെ അറിയിച്ചു. ആ ലിസ്റ്റിൽ നിന്നും കുട്ടികൾക്ക് താല്പര്യമുള്ള ഉൽപ്പന്നങ്ങൾ അവരോട് വീട്ടിൽ നിന്നും സ്വന്തമായി തയ്യാറാക്കി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ജൂൺ 22ആം തീയതി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസിലെ വിദ്യാർത്ഥികളും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ക്ലാസിനു മുന്നിലുള്ള വരാന്തയിൽ ഉത്പന്നങ്ങൾ വളരെ ഭംഗിയായി പ്രദർശിപ്പിച്ചു. എക്സിബിഷൻ വളരെ ആവേശകരവും രസകരവും ആയിരുന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, ആത്മവിശ്വാസം വളർത്തുന്നതിനും അധ്യാപകർക്ക് കുട്ടികളുടെ പാഠ്യേതര കഴിവുകൾ മനസ്സിലാക്കുന്നതിനുള്ള അവസരമായിരുന്നു. വേസ്റ്റ് കൊണ്ടുള്ള മനോഹരമായ ഉൽപ്പന്നങ്ങൾ, വർണ്ണക്കടലാസ് കൊണ്ട് വിവിധ തരത്തിലുള്ള പുഷ്പങ്ങൾ, എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളാണ് കുട്ടികൾ കൊണ്ടുവന്നത്. യു.പി വിഭാഗത്തിൽ 7 സി,7 ബി എന്നീ ക്ലാസുകൾ ഒന്ന് രണ്ട് സ്ഥാനങ്ങളും, *5 എ,5 ബി ക്ലാസുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തിൽ 8 സി , 9ബി, 8 എ ക്ലാസുകൾ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വരുന്ന ആഴ്ചയിൽ സ്കൂളിൽ വച്ച് നടത്തുന്ന ഓൺ ദി സ്പോട്ട് വിഭാഗത്തിൽ പങ്കെടുക്കാൻ തയ്യാറായിവരാൻ പറഞ്ഞു.

ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ ദിന സന്ദേശം സമൂഹത്തിൽ ഉണർത്താൻ ഫ്ലാഷ് മോബുമായി ' മാതാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ. മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീമതി.ജിൻസി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശവും ബോധവത്ക്കരണ ക്ലാസും നടത്തി. ലഹരി വിരുദ്ധ ഗാനത്തിനു ശേഷം കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകളും കൊളേഷുകളും ആയി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. മാതാ ഹൈസ്കൂളിൽ ഗൈഡ്സ് ക്യാപ്റ്റൻ മിനി N. J ടീച്ചർ, ശിൽപ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡ്സ് വിദ്യാർത്ഥിനികൾ പൊതുജനമധ്യത്തിൽ ഫ്ലാഷ് മോബ് നടത്തി. കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവർക്കും ഹെഡ്മാസ്റ്റർ ശ്രീ.തോമസ് മാസ്റ്റർ നന്ദി പറഞ്ഞു.

മെറിറ്റ് ഡേ

ജൂൺ30 ാം തീയ്യതി2 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടന്നു.കാര്യപരിപാടിയും വിവരങ്ങളും - എസ്.എസ് എൽ സി പാസായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനയോഗവും നടന്നു. പ്രാർത്ഥന സ്വാഗതം : തോമസ് കെ ജെ (HM ) അദ്ധ്യക്ഷപ്രസംഗം: ശ്രീമതി ഭാഗ്യവതി ചന്ദ്രൻ (വാർഡ് മെമ്പർ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം: ശ്രീ പ്രിൻസൻ തയ്യാലക്കൽ (പഞ്ചായത്ത് പ്രസിഡണ്ട്, അളഗപ്പനഗർ പഞ്ചായത്ത്) അനുഗ്രഹ പ്രഭാഷണം: റവ: ഫാ: സെബി കാഞ്ഞിരത്തിങ്കൽ ആശംസകൾ: 1.ശ്രീ. ജിജോ ജോൺ(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംങ്ങ് കമ്മിറ്റി ചെയർമാൻ, അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത്) 2. ശ്രീ. ലിജോ ഡേവിസ് ( പി.ടി.എ പ്രസിഡണ്ട്) 3. ശ്രീ. ജെയിംസ് പറപുള്ളി ( ട്രസ്റ്റി ,മേരി ഇമ്മാക്കുലേറ്റ് ചർച്ച്, മണ്ണംപ്പേട്ട ) 4. അഡ്വ. ജോഷി പി ആർ (സ്കൂൾ അഡ് വൈസ് റി ബോർഡ് മെമ്പർ) 5. ശ്രീമതി.കൃഷ്ണവേണി ടി ( എം.പി.ടി.എ. ,പ്രസിഡണ്ട്) 6. ശ്രീമതി. ജീന ജോർജ് (എൽ.പി.എസ്.ടി ) 7. ശ്രീമതി . ജീന ജോസ് (എച്ച്.എസ്.ടി ) 8. ഓർമകൾ പങ്ക് വെയ്ക്കുന്നു (ക്ലാസ്സ്10 പ്രതിനിധി) 9. നന്ദി : ജിൻസി ഒ ജെ(സ്റ്റാഫ് സെക്രട്ടറി)

ബഷീർ ദിനം

  • ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മദിനം*

  • ബഷീർ ദിനത്തിൽ നമ്മുടെ വിദ്യാലയത്തിൽ നടത്തിയ ചില പരിപാടികൾ

യുപി വിഭാഗം

  • ബഷീറിൻറെ നോവലുകളിലെ കഥാപാത്രങ്ങളുടെ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ
  • ഫാൻസി ഡ്രസ്സിന് ഒരുങ്ങുന്നവർക്ക് കഥാപാത്രത്തിന്റെ പേരും ,ഏത് കൃതിയിലെ കഥാപാത്രമാണെന്നും, കഥാപാത്രത്തെ കുറിച്ചുള്ള അറിവും ഉണ്ടാവണം
  • ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം
  • കഥാപാത്രങ്ങളെ പെൻസിൽ ഡ്രോയിങ് ആയോ കളർ ചിത്രം ആയോ അവതരിപ്പിക്കാം
  • ഏത് കഥാപാത്രത്തെയാണ് വരയ്ക്കുന്നത് എന്ന് സൂചിപ്പിക്കുകയും വേണം
  • വരയ്ക്കാനുള്ള സാമഗ്രികൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരണം
  • മിഡ് ടേം പരീക്ഷ നടക്കുന്നതിനാൽ ഏഴാം തീയതി വെള്ളിയാഴ്ചയാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നത്
  • പരിപാടികൾക്ക് വേണ്ടി ഒരുങ്ങാനുള്ള റഫറൻസ് പി.ഡി.എഫ് ആയി ഇതോടൊപ്പം അയക്കുന്നുണ്ട്

വായനദിനം

മണ്ണംപേട്ട മാത ഹൈസ്ക്കൂളിലെ വായനദിനം ജൂൺ 19 ന് ഏറെ പുതുമകളോടെ ആഘോഷിച്ചു. കുട്ടികളെ അക്ഷരലോകത്തേക്ക് ആനയിക്കുവാനായി സ്കൂളിൽ അക്ഷരത്തോണി തയ്യാറാക്കി. മലയാള വിഭാഗം അധ്യാപിക ജൂലിയറ്റ് നീലങ്കാവിൽ വായനദിന സന്ദേശം നല്കി. സീനിയർ അധ്യാപിക ഷീജ വാറുണ്ണി വായനദിനം ഉദ്ഘാടനം ചെയ്തു. LP വിഭാഗത്തിൽ നിന്നും എമിൽ റോസ് പുസ്തക പരിചയവും UP വിഭാഗത്തിൽ നിന്ന് കൃഷ്ണാപ്രിയ കവിതാലാപനവും HS വിഭാഗത്തിൽ നിന്നും ഐശ്വര്യ തെരേസ് പ്രസംഗവും അവതരിപ്പിച്ചു. അക്ഷരത്തോരണം, വായനമത്സരങ്ങൾ, പ്ലക്കാർഡ് നിർമ്മാണം, സാഹിത്യ ക്വിസ്, സംവാദം, അമ്മ വായന തുടങ്ങി വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ നടത്തപ്പെട്ടു

റോബോട്ടിക്സ് പരിശീലനം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻഞ്ചീനീയറിങ്ങ് കോളേജും സ്റ്റെയ്പ്പ് ടെക്നോളജീസും ചേർന്ന് മാത സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് പരിശീലനം, ഓഗസ്റന്റഡ് റിയാലിറ്റി, വിർച്ച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപ്പശാലയും, പരിശീലനവും നടത്തി.

പിടിഎ - രക്ഷകർത്തൃദിനം

അദ്ധ്യാപക രക്ഷാക൪തൃ സംഗമം മാത ഹൈസ്കൂളിൽ 2023-24 അദ്ധ്യയന വ൪ഷത്തെ പി.ടി.എ ജനറൽ ബോ‍ഡിയോഗം 15-07-2023 ശനിയാഴ്ച ഉച്ചക്ക് 2.30 ന് പിടിഎ പ്രസിഡന്റ് ശ്രീ.ലിജോ ‍ഡേവീസിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹാളിൽ ചേരുന്നു.അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് ഒന്ന് മുതൽ പത്തുവരെയുള്ള ക്ളാസ്സുകളിൽ നടത്തുന്നതാണ്. എല്ലാ രക്ഷിതാക്കളേയും ഈ രണ്ട് മീറ്റിംഗിലേക്കും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.1.30 ന് തന്നെ എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഓൺ ദി സ്പോട്ട് മത്സരം

ശില്പ ടീച്ചറുടെ നേതൃത്വത്തിൽ ഏകദേശം അറുപതു കുട്ടികൾ ഓൺ ദി സ്പോട്ട് മത്സരത്തിൽ പങ്കെടുത്തു. യു പി , എച്ച്.എസ് വിഭാഗം വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ കുട്ടികളുടെ പ്രവർത്തനമികവാൽ ഏറെ ശ്രദ്ധേ ആകർഷിക്കപ്പെട്ടു. ജൂലൈ 18ആം തീയതി നോട്ടീസ് ബോർഡിൽ വർക്ക്‌ എക്സ്പീരിയൻസ് എക്സിബിഷന് കൊണ്ടുവരാവുന്ന ഇനങ്ങളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുകയും,വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇനങ്ങൾ ജൂലൈ 27 വ്യാഴാഴ്ച കുട്ടികളോട് കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇത് പ്രകാരം ജൂലൈ 27 വ്യാഴാഴ്ച കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുമായി വന്നു . മികച്ച നിലവാരം പുലർത്തുന്ന ഈ ഉൽപ്പന്നങ്ങൾ ക്ലാസ് വരാന്തയിൽ അതിമനോഹരമായി പ്രദർശിപ്പിച്ചു. ഈ എക്സിബിഷൻ കുട്ടികളുടെ പാഠ്യേതര മികവുകൾ മനസ്സിലാക്കുന്നതിനും, കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിനും ഉപകാരപ്രദമായി. യുപി സെക്ഷനിൽ 7സി, 7 ബി ക്ലാസുകൾ യഥാക്രമം ഒന്ന് രണ്ട് സ്ഥാനവും 5ബി,5എ ക്ലാസുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എച്ച്.എസ് സെക്ഷനിൽ 8സി, 9ബി, 8എ ക്ലാസ്സുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലാസ്സുകൾക്കുള്ള സമ്മാനം ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ പൊതുവസംബ്ലിയിൽ വിതരണം ചെയ്തു. ഓഗസ്റ്റ് പതിമൂന്നാം തീയതി വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് കോമ്പറ്റീഷനും സംഘടിപ്പിച്ചു. ഓരോ ഇനങ്ങളിലും ഒന്ന് രണ്ടു മൂന്ന് സ്ഥാനത്തിന് അർഹരായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ വിതരണം ചെയ്തു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പി റ്റൽ, അങ്കമാലി & റിസർച്ച് സെന്റർ , ഓർബിസ് - റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് 29-07-2023 ശനിയാഴ്ച രാവിലെ 10:15 മുതൽ നടക്കുകയുണ്ടായി. ക്യാമ്പിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.വിദഗ്ധ ചികിത്സയും കണ്ണടയും ആവശ്യമുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ അവർ നൽകി.കുട്ടികൾക് 600 രൂപ ഇളവിൽ കണ്ണടകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഏകദേശം 3:30-ന് ക്യാമ്പ് അവസാനിച്ചു.

യൂണിസെഫ് സന്ദർശനം.

ബാംഗ്ലൂരിൽ നിന്നുള്ള യൂണിസെഫ്(UNICEF) അംഗങ്ങൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശിക്കുകയും കുട്ടികളുടെ ഗ്രൂപ്പ് തിരിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിലെ 2000 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും ഏകദേശം 20 സ്കൂളുകളിലാണ് അവർ സന്ദർശനം നടത്തിയത്.അതിൽ നമ്മുടെ മാതാ സ്കൂളും ഉൾപ്പെട്ടു എന്നതിൽ നമുക്ക് അഭിമാനിക്കാം. തെരഞ്ഞെടുത്ത ആറു കുട്ടികളുടെ ഇൻറർവ്യൂ നടത്തി കാര്യങ്ങൾ മനസ്സിലാക്കി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ അമ്മമാരുടെ അടുത്തും ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ അടുത്തും കാര്യങ്ങൾ ചോദിച്ച് അവർ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യൂണിസെഫിൽ നിന്നും അനിഷ മേഡവും ഹരീഷ് സാറും,തൃശ്ശൂർ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ വിനോദ് സാറും മാസ്റ്റർ ട്രൈയിനേഴ്സ് ആയ വിജുമോൻ സാറും ജിനോ സാറും ഒപ്പം ഉണ്ടായിരുന്നു.ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ യൂണിസെഫ് അധികൃതർ മാതാ ഹൈസ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ തനത് പ്രവർത്തനങ്ങളും കണ്ട് വിസ്മയിച്ചു. പത്താം ക്ലാസിലെ അതുൽ ഭാഗ്യേഷിന്റെ അനിമേഷനുകളും പ്രസന്റേഷനും കഴിഞ്ഞ കൊല്ലം പത്താം ക്ലാസിൽ ഉണ്ടായിരുന്ന പോൾവിന്റെ അണ്ടർ വാട്ടർ ഡ്രോണും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും അവരെ വളരെയധികം ആകർഷിച്ചു. ഹൈസ്കൂൾ ക്ലാസുകളിൽ ഇതുപോലുള്ള പഠന സംവിധാനം മറ്റു ഒരു സംസ്ഥാനങ്ങളിലും ഞങ്ങൾ കണ്ടില്ല എന്ന് യൂണിസെഫ് അംഗങ്ങൾ അഭിപ്രായപ്പെടുകയും ചെയ്തു. ഏകദേശം രണ്ടു മണിക്കൂറിനു മേൽ സമയം എടുത്ത് കുട്ടികളുമായും ടീച്ചർമാരുമായും മാതാപിതാക്കളുടെ അടുത്തുംഅവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പുതുമയാർന്ന പ്രവർത്തനങ്ങളിലൂടെആചരിച്ചു. ബഹിരാകാശ ദൗത്യമായ അപ്പോളോ 11, ചന്ദ്രയാൻ 3, ബഹിരാകാശ സഞ്ചാരികൾ തുടങ്ങിയവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസ് ബോർഡ് വരാന്തയിൽ അലങ്കരിക്കുകയും കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന റോക്കറ്റുകൾ പ്രദർശനത്തിനായി ക്രമീകരിക്കുകയും ചെയ്തു. മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൗമ്യ ടീച്ചർ അസംബ്ലിയിൽ സന്ദേശം നൽകി. എൽ പി വിഭാഗത്തിൽ നിന്ന് ലെന ചന്ദ്രനെ കുറിച്ചുള്ള കവിതയും യുപി വിഭാഗത്തിൽ നിന്ന് റോസ് ബെല്ല സജി ചാന്ദ്രദിനത്തെ കുറിച്ചുള്ള പ്രഭാഷണവും അവതരിപ്പിച്ചു.എൽ പി വിഭാഗത്തിന് ഫാൻസി ഡ്രസ്സ് മത്സരവും യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് റോക്കറ്റ് നിർമ്മാണ മത്സരവും ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു. എൽ പി വിഭാഗം ഫാൻസി ഡ്രസ്സ് മത്സരത്തിൽ ശ്യാമപ്രിയ പി എസ് ,ഫെലിക്സ് റൈഗൻ എം എന്നിവർക്ക് ഒന്നാം സ്ഥാനവും എയ്ഡൻ ജോൺ ലിന്റോനെ രണ്ടാം സ്ഥാനവും ലഭിച്ചു. യുപി വിഭാഗം ജുവൽ മരിയ കെ ജെക്ക് ഒന്നാം സ്ഥാനവും സിയോൺ യു ബി ക്ക് രണ്ടാം സ്ഥാനവും വൈഗലക്ഷ്മിക്ക് മൂന്നാം സ്ഥാനവും ലഭിച്ചുനേത്ര പരിശോധന

ഡോക്ടർ എ പിജെ അബ്ദുൽ കലാം ഓർമ്മ ദിനം

ജൂലൈ 27 ഡോക്ടർ എ പിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തോടനുബന്ധിച്ച് 10 ബിയിൽ പഠിക്കുന്ന ഐശ്വര്യ തെരെസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ

ജൂലൈ 5 ബഷീറിൻറെ ഓർമ്മ ദിനത്തോടനുബന്ധിച്ച് അന്നേ ദിനം വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. എച്ച് എസ് വിഭാഗം ജൂലിയറ്റ് ടീച്ചറുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സഹൽ കെ അൻവർ ബഷീറിനെ കുറിച്ച് ജീവചരിത്രം അവതരിപ്പിച്ചു. യുപി വിഭാഗത്തിൽനിന്ന് അഖില ലക്ഷ്മി ബഷീർ കൃതികൾ കൂട്ടിയിണക്കി കൊണ്ടുള്ള ഗാനാലാപനം നടത്തി. കൂടാതെ എൽ.പി യുപി വിഭാഗത്തിലെ കുട്ടികളുടെ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ വളരെ മനോഹരമായി സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീർ ,പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങളെ വളരെ രസകരമായി കുട്ടികൾ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ ചെറിയൊരു ഭാഗം സ്കിറ്റ് രൂപത്തിൽ യുപി വിഭാഗം കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. എൽ പി വിഭാഗത്തിൽ ബഷീർ ദിന ക്വിസ് മത്സരം നടത്തി, നിർമ്മൽ മരിയ ടീച്ചറാണ് എൽ പി വിഭാഗത്തിൽ നേതൃത്വം കൊടുത്തത്. യുപി വിഭാഗം അലീന ടീച്ചർ ശ്രീദേവി ടീച്ചർ നീതു ടീച്ചർ രേഷ്മ ടീച്ചർ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും പങ്കാളിത്തം വഹിക്കുകയും ചെയ്തു. സ്കൂൾ എച്ച് എം തോമസ് മാസ്റ്ററിന്റെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ബഷീർ ദിന പരിപാടികൾ സ്കൂൾ കോർട്ടിൽ വളരെ മനോഹരമായി സംഘടിപ്പിച്ചു.

ദശപുഷ്പങ്ങളുടെ പ്രദർശനം🌿

കർക്കടക മാസാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു കേരളീയ നാട്ടു ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതെങ്കിലും കുറേ കുട്ടികൾക്ക് എങ്കിലും ഇതൊരു പുതിയ അനുഭവം ആയിരുന്നു.ദശപുഷ്പങ്ങളായ മുക്കുറ്റി ,കറുക, കയ്യോന്നി, തിരുതാളി, മുയൽച്ചെവിയൻ, വിഷ്ണു ക്രാന്തി ,പൂവാം കുരുന്നില ,നിലപ്പന, ചെറൂള, ഉഴിഞ്ഞ എന്നീ സസ്യങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. 7സി യിലെ വിദ്യാർത്ഥിയായ അഖിലാ ലക്ഷ്മി ദശപുഷ്പങ്ങൾ പൂർണമായും ശേഖരിച്ചു കൊണ്ടുവന്നു. വിഷ്ണു ക്രാന്തി തുടങ്ങി ചില സസ്യങ്ങൾ കണ്ടുപിടിച്ചു കൊണ്ടുവരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കുട്ടികൾ പറഞ്ഞു. യുപി വിഭാഗം അധ്യാപിക വിജി ടീച്ചർ ആണ് ദശപുഷ്പങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.ആയുർവേദത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം ടീച്ചർ വിശദീകരിച്ചു.

ഹിരോഷിമ ദിനം

മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ ഹിരോഷിമ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് : 1945 ആഗസ്റ്റ് 6 ന് രാവിലെ 8.15ന് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചു. മാനവരാശിയുടെ കറുത്ത ദിനമാണ് അത്. അന്നത്തെ അണുബോംബ് വർഷത്തിന്റെ ഫലമായി ധാരാളം ആളുകൾക്ക് ജീവഹാനിയും, അംഗവൈകല്യവും ഉണ്ടായി. പിന്നീട് മറ്റു മാരകരോഗങ്ങൾ ഉണ്ടാകുവാനും ഈ അണുവികിരണം കാരണമായി. ആ അണു വിസ്ഫോടനത്തിന്റെ രക്തസാക്ഷിയാണ് സഡാക്കോ സസാക്കി. ആണുവിസ്ഫോടണത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും മാരകമായ രക്താർബുദം അവൾക്ക് പിടിപ്പെട്ടു. ആയിരം കടലാസ് കൊറ്റി കളെ ഉണ്ടാക്കി പ്രാർത്ഥിച്ചാൽ ഏതു കാര്യം സാധിക്കുമെന്ന വിശ്വാസം ജപ്പാനിൽ ഉണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രി കിടക്കയിൽ ഇരുന്ന് കടലാസ് കൊറ്റികളുടെ നിർമ്മാണം ആരംഭിച്ചു. നിർഭാഗ്യവശാൽ 644 കൊറ്റികളെ ഉണ്ടാക്കാൻ അവൾക്ക് സാധിച്ചുള്ളൂ. പിന്നീട് അവളുടെ കൂട്ടുകാരാണ് അത് പൂർത്തിയാക്കിയത്. പിന്നീട് അവളെ ഓർക്കുവാനും സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും കടലാസ് കൊറ്റി നിർമ്മിക്കുകയും ചെയ്തു. ഹിരോഷിമ ദിനാചരണവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 3,4 ദിവസങ്ങളിൽ കുട്ടികൾക്ക് ഈ ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും, സഡാക്കോ കൊറ്റിയുടെ നിർമ്മാണ ശില്പശാല നടത്തുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ സന്ദേശം ഷീബ കെ എൽ ടീച്ചർ നൽകി. കുമാരി ഐശ്വര്യ തെരേസ, കുമാരി സഹാന എൻ എന്നിവർ ഹിരോഷിമ ദിന പ്രസംഗം നടത്തി. ഏറ്റവും കൂടുതൽ കടലാസ് കൊക്കുകളെ നിർമ്മിച്ച് കൊണ്ടുവന്ന എ ച്ച്.എസ്‌, യു .പി, എൽ. പി വിഭാഗങ്ങളിലെ ക്ലാസുകാർക്ക് സമ്മാനം നൽകി. തുടർന്ന് വിദ്യാർത്ഥികൾ ഉണ്ടാക്കി വന്ന കടലാസ് കൊക്കുകളെ സ്കൂൾ അസംബ്ലിയിൽ ഉയർത്തിപ്പിടിച്ച് യുദ്ധത്തോടുള്ള അവരുടെ വെറുപ്പും, സഡാക്കോയോടുള്ള അവരുടെ ആദരവും പ്രകടിപ്പിച്ചു. ഓരോ യുദ്ധവും നാശം വിതയ്ക്കുമെന്നും നാമെല്ലാവരും സമാധാനത്തിനുവേണ്ടി പ്രയത്നിക്കണമെന്നുള്ള സന്ദേശം കുട്ടികൾ എത്തിക്കുവാൻ ഈ ദിനാചരണം കൊണ്ട് സാധിച്ചു.

നാഗസാക്കി ദിനം

ഓഗസ്റ്റ് 9 നാഗസാക്കി ദിനം. മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെ ഓർമ്മ പുതുക്കൽ. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധയിനം പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ സന്ദേശം ബിജി ടീച്ചർ നൽകി. തുടർന്ന് നാഗസാക്കി ദിനത്തെ കുറിച്ചുള്ള പ്രഭാഷണം ജുവൽ മരിയ കെ ജെ അവതരിപ്പിച്ചു. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽനിന്ന് ഇവാനിയ സിറിൽ ഒന്നാം സ്ഥാനവും ആത്മിക വി എം, ശ്രാവൺ കെ എന്നിവർ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ നിന്ന് ജുവൽ മരിയ കെ ജെ ഒന്നാം സ്ഥാനവും അനുരാഗ് വി എം രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് അനക്സ് ജോബി ഒന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ നടത്തിയ നാഗസാക്കി ദിന ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയത് അവന്തിക കെ യു ആണ്. ലക്ഷ്മി അജിത്താണ് രണ്ടാം സ്ഥാനത്തിന് അർഹയായത്.

അധ്യാപകർക്കുള്ള ഏകദിന ശില്പശാല

2021-22 അധ്യയന വർഷത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ച അധ്യാപകർക്കുള്ള ഏകദിന ശില്പശാല 10/8/2023 വ്യാഴാഴ്ച, ഫാമിലി അപ്പോസൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. 9.30ന് പ്രാർത്ഥനയോടെ ആരംഭിച്ച ശില്പശാലയിൽ എവരെയും സ്വാഗതം ചെയ്ത് സംസാരിച്ചത് സാജു മാസ്റ്റർ ആയിരുന്നു.കോർപ്പറേറ്റ് മാനേജർ ഫാ. ജോയ് അടമ്പുകുളം അധ്യക്ഷപദം അലങ്കരിച്ച ശില്പശാല, സിസ്റ്റർ റാണി കുര്യൻ(എഫ്.എഫ്.സി കോർപ്പറേറ്റ് മാനേജർ)ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഫാദർ ചാക്കോ ചിറമ്മൽ "ടീച്ചർ ആസ് എ ലീഡർ" എന്ന വിഷയത്തെക്കുറിച്ച് വളരെ മനോഹരമായി ക്ലാസ് നയിച്ചു.തുടർന്ന്,പ്രൊഫ. കെ. എം ഫ്രാൻസിസ്, "ക്രിസ്ത്യൻ മൂല്യങ്ങൾ അധ്യാപനത്തിലും പഠനത്തിലും "എന്ന വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനുശേഷം, "ക്ലാസ് മുറിയിൽ തിയേറ്റർ ടെക്നിക്കുകളുടെ പ്രയോഗം " എന്ന വിഷയത്തെക്കുറിച്ചുള്ള മനോഹരമായ ക്ലാസ്സ് ആയിരുന്നു. ഫിജോ ആലപ്പാടൻ അച്ഛനാണ് ക്ലാസ് നയിച്ചത്. ക്ലാസ് റൂം പഠനം ഐസിടി സാധ്യതകളും, പുസ്തകങ്ങളും മാത്രം മുൻനിർത്തി കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ കലാപരമായി എന്തെല്ലാം പ്രവർത്തനങ്ങൾ ആകർഷകമായി അവതരിപ്പിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നൽകുന്ന ക്ലാസ്സ് ആയിരുന്നു ഫാദർ നയിച്ചത്. അത്തരത്തിൽ പ്രവർത്തനങ്ങൾ നൽകുമ്പോഴുള്ള മേന്മകളെ കുറിച്ചും ചർച്ച ചെയ്തു. ശ്രീ ബാബു ജോസ് തട്ടിൽ, "ടീച്ചർ ആസ് എ മെന്റർ" എന്ന വിഷയത്തെക്കുറിച്ച് തന്റെ അനുഭവത്തിൽ നിന്നും ഉദാഹരണസഹിതം വളരെയധികം കാര്യങ്ങൾ വ്യക്തമാക്കി തന്നു. ഏകദേശം 160 അധ്യാപകർ പങ്കെടുത്ത ശില്പശാലയിൽ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് ഫാദർ ജോയ് അടമ്പുകുളം സംസാരിച്ചു. മാതാ സ്കൂളിൽ നിന്നും അധ്യാപകരായ സിനി സിജോ, ധന്യ, ജിഷ ഫിലിപ്പ്, നീതു ജോസഫ്, ശിൽപ്പ തോമസ് എൻ, ഷിബി നീതു ജോസഫ് എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.നാലു സെഷനുകളായി കൈകാര്യം ചെയ്ത എല്ലാ വിഷയങ്ങളും തന്നെ ഏവർക്കും പരിചിതം ആണെങ്കിൽ കൂടി കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാനും, കൂടുതൽ മൂല്യബോധം ഉള്ളവരായി തീരുവാനും ഏറെ സഹായകമായി.

ഇംഗ്ലീഷ് ക്ലബ് 2023-2024

ഇംഗ്ലീഷ് ക്ലബ്ബ് 2023 ന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 2023 ഓഗസ്റ്റ് 10 ന് രാവിലെ 11.30 ന് ഞങ്ങളുടെ സ്കൂളിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഇംഗ്ലീഷ് അധ്യാപകർ ഇംഗ്ലീഷ് ക്ലബ്ബിന്റെ പങ്കിനെക്കുറിച്ച് ഒരു ആശയം നൽകി. വിദ്യാർത്ഥികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗത്തിലുള്ള പദാവലിയും ഒഴുക്കും മെച്ചപ്പെടുത്തുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നത്. ഹെഡ് മാസ്റ്റർ ശ്രീ. ഇംഗ്ലീഷ് പദാവലി മെച്ചപ്പെടുത്താനുള്ള നല്ല സന്ദേശം നൽകി തോമസ് കെ ജെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.ദിവസവും രണ്ട് ഇംഗ്ലീഷ് വാക്കുകളുടെയെങ്കിലും അർത്ഥം പഠിക്കാനായിരുന്നു അത്. ക്ലബ് അംഗങ്ങൾ ഇത് വളരെ രസകരമായി കണ്ടെത്തി അത് നടപ്പിലാക്കാൻ തീരുമാനിച്ചു. ക്ലബ്ബ് അംഗങ്ങളുടെ പ്രിയപ്പെട്ട വിഷയത്തിൽ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കുകയായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം.ഞങ്ങൾ ഒരു പ്രസംഗം അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നുറുങ്ങുകൾ നൽകിക്കൊണ്ട് ക്ലബ്ബിന്റെ ആദ്യ മീറ്റിംഗ് ഫലപ്രദവും അർത്ഥപൂർണ്ണവുമായിരുന്നു.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ ഷീജ വാറുണ്ണിയും മറ്റ് ഇംഗ്ലീഷ് അധ്യാപകരായ ജിൻസിയും ബെല്ലയും ചേർന്ന് ക്ലബ്ബിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. 12.30 ഓടെ യോഗം അവസാനിച്ചു.

സാമൂഹ്യശാസ്ത്ര ക്ലബ്

ജൂൺ 26 ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓരോ വിദ്യാർത്ഥിയുടെയും സാമൂഹ്യ,സാംസ്കാരിക, വ്യക്തിത്വ വികസനത്തിന് സാമൂഹ്യശാസ്ത്ര ക്ലബ് സഹായിക്കും എന്ന ആശയ കുട്ടികളിൽ എത്തിക്കാൻ ഈ ക്ലബ്ബിന്റെ ഉദ്ഘാടനം വഴി സാധിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ അവറുകൾ ആയിരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഹൈസ്കൂളിൽ വി ഭാഗത്തു നിന്ന് ശ്രീമതി ജിനി ജേക്കബ് സി യും, യു പി വിഭാഗത്തിൽ നിന്ന് ശ്രീമതി നിഷ സി എൽ എന്നിവരാണ്. വിദ്യാർത്ഥി പ്രതിനിധികളായി കുമാരി സഹാന എം എസ്, കുമാരി അനീറ്റ കെ എ യും തെരഞ്ഞെടുത്തു. തദവസരത്തിൽ ഷീബ കെ എൽ ടീച്ചർ, സിജി ജോസ് ടീച്ചർ, ബിജി ടീച്ചർ എന്നിവരുടെ നിറ സാന്നിധ്യം ഉണ്ടായിരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്നേദിവസം പത്രവായന മത്സരം നടത്തി. സമകാലീന പ്രശ്നങ്ങൾ അറിയുന്നതിന് പത്രവായന വളരെയധികം സഹായിക്കും. വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ, പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവ അറിയുവാൻ സാധിക്കുന്ന ഏറ്റവും നല്ല മാധ്യമമാണ് പത്രo. ഈ ആശയം കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.യുപി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വേർതിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ഒന്നും രണ്ടും സ്ഥാനം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനം നൽകി അനുമോദിച്ചു. തുടർന്ന് ആഗസ്റ്റ് മാസത്തിൽ വരുന്ന ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ചർച്ച ചെയ്തു. തദവസരത്തിൽ ജിനി ടീച്ചർ നന്ദി പറഞ്ഞു

ഫ്രീഡം ഫെസ്റ്റ് 2023

ഫ്രീഡം ഫെസ്റ്റ് 2023 വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും മറ്റു ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 9 മുതൽ 12 വരെ ആഘോഷിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുകൊണ്ട് ഐടി കോർണർ സ്കൂളിൽ പ്രവർത്തിക്കുകയുണ്ടായി. സ്വതന്ത്ര ഹാർഡ്‌വെയർ ആയ ആർഡിനോ ഉപയോഗിച്ചുള്ള ഡാൻസിങ് എൽഇഡി, റോബോ ഹെൻ എന്നിവ കുട്ടികളിൽ വളരെ കൗതുകം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗോഡ്‍വിൻ ഓസ്റ്റിൻ,നിവേദ് ജയൻ , നോയൽ ലിജോ എന്നിവർ ഈ റോബോട്ടിക് ഉപകരണം മാതൃകകൾ നിർമ്മിച്ചത്. സീനിയർ വിദ്യാർത്ഥികൾ റാസ്ബറി പൈ ഉപയോഗിച്ച് നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി. ഫ്രീഡം ഫസ്റ്റ് 2023 മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. അതിൽ 12 ഓളം കുട്ടികൾ പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ച് പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.പോസ്റ്റർ മത്സരത്തിൽ ക്രിസാന്റോ ലിൻസൺ,വിജിൻ ദാസ് ,ഗോഡ് വിൻ സോബി,ഗോഡ്സൺ സോബി,ജോൺ ആൽഫിനോ എന്നീ കുട്ടികളാണ് സമ്മാനത്തിന് അർഹരായത്.സമ്മാനത്തിന് അർഹരായ കുട്ടികളുടെ പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഐടി കോർണറിലെ നോട്ടീസ് ബോർഡിൽ ഭംഗിയായി പ്രദർശിപ്പിച്ചു. കൃഷ്ണേന്ദു ,കൃഷ്ണപ്രിയ എം .പി ,ബാല ടി ആർ ,പവിത്ര എന്നീ കുട്ടികൾ ഐ ടി കോർണർ നോട്ടീസ് ബോർഡ് വളരെ മനോഹരമായി അലങ്കരിച്ചു.

ഗണിത ക്ലബ്ബ്

2023-2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് 10/08/2023 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം തെരഞ്ഞെടുത്തു. ഏകദേശം 150 കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങളാണ്. യോഗത്തിൽ ഗണിത അധ്യാപകരായ ലിൻസി ടീച്ചർ, സിമി ടീച്ചർ ,ബിജി ടീച്ചർ ,നീതു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ലിൻസി ടീച്ചർ സ്വാഗതം പറയുകയും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. യുപി വിഭാഗത്തിൽ നിന്ന് വേദസ് കെ എസ്, സനാ മരിയ ബൈജു എന്നിവരെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആഞ്ജലിന സി എസ്, അഭിനവ് കൃഷ്ണ പി എസ് എന്നിവരെ ലീഡേഴ്സായി തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിൻറെ പ്രസിഡൻറ് ആയി അഭിനവ് കൃഷ്ണ പിഎസി നെയും, സെക്രട്ടറിയായി ആഞ്ജലിന സി എസിനെയു൦ തെരഞ്ഞെടുത്തു. ഈ ടേമിൽ മിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ഓണത്തോടനുബന്ധിച്ച്ജ്യോമട്രിക്കൽ( ജ്യാമിതീയപൂക്കളം )വരച്ചു കൊണ്ടുവരാനുള്ള പ്രവർത്തനം കൊടുത്തു. ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഓണത്തിന് ശേഷം നടത്താം എന്ന് പറഞ്ഞു. ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങേണ്ട വിധവും ഏതെല്ലാം മിനങ്ങളിൽ പങ്കെടുക്കണമെന്ന് വിശദീകരിച്ചു. നിത്യ ജീവിതത്തിലെ ഗണിതത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. എല്ലാ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.

സയൻസ് ക്ലബ്‌ ഉദ്ഘാടനം🌡️🧪

2023-24 അധ്യയന വർഷത്തിലെ മാതാ എച്ച് എസ് മണ്ണപേട്ട സ്കൂളിലെ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് ആഗസ്ത് 14 തിങ്കളാഴ്ച 1.30 pm ന് ആരംഭം കുറിച്ചു. സയൻസ് ക്ലബ്ബിലേക്ക് പുതിയതായി വന്ന അംഗങ്ങളെ സ്വാഗതം ചെയ്യാനും ശാസ്ത്രകൗതുകം അവരിലുണർത്താനും ഉതകുന്ന രീതിയിലാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്.ആഷ ടീച്ചർ സമ്മേളനത്തിൽ എത്തിച്ചേർന്നവർക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള മികവ് പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം സയൻസ് അദ്ധ്യാപകരാണ് നമുക്കുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷവും ഇത്തരം മികവുകൾ ഈ ക്ലബ്‌ അംഗങ്ങളിൽനിന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. രസതന്ത്ര ത്തിലെ സൂചകങ്ങളെ ഉപയോഗിച്ചുള്ള ഒരു ലഘുപരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടത്തെ ബീന ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പിന്നീട് രസതന്ത്രത്തിലെ ഒരു ലഘു പരീക്ഷണം മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസ് ഉണ്ടാകുന്നത് യുപി വിദ്യാർഥികളായ തരുണും ആൻ മരിയയും കൂടി അവതരിപ്പിച്ചു. അദ്വൈത് കൃഷ്ണ സ്വയം നിർമ്മിച്ച വാട്ടർ പമ്പും വാക്വo ക്ലീനറും കുട്ടികൾക്ക് മുന്നിൽ പ്രവർത്തിപ്പിച്ച് അതിന്റെ പ്രവർത്തനതത്വം വിശദീകരിച്ചു. അതുപോലെ വായു മർദ്ദം ആസ്പദമാക്കി നിർമ്മിച്ച വാട്ടർ ഡിസ്പെൻസർ എൽറോയ്, ശ്രീഹരി തുടങ്ങിയവർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന്റെ വീഡിയോപ്രദർശനം നടത്തി. തുടർന്ന് ജീവശാസ്ത്രത്തിലെ കുഞ്ഞു കോശങ്ങളെ ലിനു ടീച്ചർ മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശാസ്ത്രലോകത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് അറിവ് നൽകാൻ ഈ വേദി ഉപയോഗപ്പെടുത്തി. വിജി ടീച്ചർ, നിഷ ടീച്ചർ,രേഷ്മ ടീച്ചർ, ഫ്രാൻസിസ് മാസ്റ്റർ, സൗമ്യ ടീച്ചർ,പ്രിൻസി ടീച്ചർ എന്നുവരും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു. കഴിഞ്ഞവർഷം ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ എത്തിയ നമ്മുടെ കുട്ടികളുടെ മികവുകൾ മീറ്റിങ്ങിൽ എടുത്തു പറഞ്ഞു.കുട്ടികൾ ഓണാവധി യിൽ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങൾക്കായി തയ്യാറാകേണ്ടതിനെക്കുറിച്ചും അവർ തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ തുറക്കുമ്പോൾ നടത്താമെന്നും ബിനി ടീച്ചർ അറിയിച്ചു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാമെന്നും പറഞ്ഞു. മീറ്റിംഗിൽ എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു.

ജെ ആർ സി 2023

ജെ ആർ സി 2023 പ്രവർത്തന കലണ്ടർ പ്രകാരം ആഗസ്റ്റ് മാസം നടത്തേണ്ട ഹിരോഷിമ നാഗസാക്കി ദിനാചരണം സമു ചിതമായി ആചരിച്ചു. JRC അംഗങ്ങൾ പ്ലക്കാർഡ് നിർമ്മിച്ചു കൊണ്ടുവന്നു. യുദ്ധം മാനവരാശിക്ക് നാശം മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നതിനെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കി.

ജാഗ്രത സമിതി റിപ്പോർട്ട്

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചയുടെ വെളിച്ചത്തിൽ ആഗസ്റ്റ് മാസം ആദ്യവാരം കൂടിയ പി.ടി.എ എക്സിക്യൂട്ടിവ് യോഗം നിലവിലുള്ള സ്കൂൾ ജാഗ്രതാ സമിതി സമൂഹത്തിലെ വിവിധ മേഖലയിലെ ആളുകളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കേണ്ടതിൻ്റെ ആവശ്യകത ചർച്ച ചെയ്തു. ആയതിൻ്റെ അടിസ്ഥാനത്തിൽ 11/8/2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ്റെ അധ്യക്ഷതയിൽ ജാഗ്രത സമിതിയുടെ 2023-24 അധ്യയന വർഷത്തിലെ പ്രഥമ യോഗം സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡൻ്റ്, വാർഡ് മെമ്പർ ,ജില്ലാ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ, നിലവിലെ ജാഗ്രത സമിതി പ്രസിഡൻറ്, വരന്തരപ്പിള്ളി പോലീസ്, സമീപത്തെ വ്യാപാരികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ ,തുടങ്ങിയവർ ക്ഷണിതാക്കൾ ആയിരുന്നു. കൃത്യം 2 pm ന് ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു. അധ്യാപകർ സ്വന്തം ജോലിയും ജീവനും പണയം വെച്ച് എടുക്കുന്ന നടപടികളെക്കുറിച്ച് വിവരിച്ചു .അതിനുശേഷം യോഗത്തിൽ എത്തിച്ചേർന്ന സമൂഹത്തിലെ വിവിധ പ്രമുഖർക്ക് അദ്ദേഹം സ്വാഗതമേകി.യോഗത്തിൻ്റെ അധ്യക്ഷ ഭാഗ്യവതി ചന്ദ്രൻ സ്കൂൾ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നമ്മുടെ മക്കളുടെ വളർച്ചയിലും സുരക്ഷിതത്വത്തിലും പൊതു സമൂഹത്തിൻ്റേയും അധ്യാപകരുടേയും പങ്കാളിത്തത്തോടെ മാത്രമെ ഇത്തരം ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ പരിപൂർണ്ണമാവുകയുള്ളൂ. രക്ഷിതാക്കളുടെ തുറന്ന സമീപനം അഭ്യർത്ഥിച്ചു കൊണ്ടും പൂർണ്ണ പിന്തുണ ഉറപ്പാക്കി കൊണ്ടും ജാഗ്രത സമിതിയുടെ ഈ യോഗം സമാപിച്ചു.

ഒ എസ്.എ മീറ്റിങ്ങ് 2023

12/08/2023 ശനിയാഴ്ച 11 മണിക്ക് മാത ഹൈസ്കൂൾ മണ്ണംപേട്ടയിൽ വച്ച് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒരു യോഗം ചേർന്നു. പൂർവ്വവിദ്യാർത്ഥി സംഘടന കുറച്ചു കൂടി ഊർജസ്വലമാക്കുക, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, ഒരിക്കൽ കൂടി ഒത്തുചേരുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നടത്തിയ യോഗം വളരെയധികം സജീവവും വിജയകരവും ആയിരുന്നു. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സ്കൂളിനോടുള്ള സ്നേഹം കൊണ്ടും വൈകാരികമായി അടുപ്പം കൊണ്ടും സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഓ എസ് എ പ്രസിഡൻറ് ശ്രീ രവി ഇ കെ, പിടിഎ പ്രസിഡണ്ട് ശ്രീ ഫ്രാൻസിസ് പി കെ എന്നിവർ സ്വാഗതം ആശംസിച്ചു. ശ്രീ തോമസ് മാസ്റ്റർ എത്തിച്ചേർന്ന എല്ലാ പൂർവവിദ്യാർത്ഥികളോടും സ്കൂളിൻറെ നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം സ്കൂളിന് ഈ കാലഘട്ടത്തിൽ ഉണ്ടായ നേട്ടങ്ങളും വളർച്ചയും വിശദമാക്കി. പൂർവ വിദ്യാർത്ഥികളുടെ സഹകരണം സ്കൂളിൻറെ ക്രിയാത്മകമായ വളർച്ചയ്ക്ക് വളരെ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ രവി ഇ കെ സംഘടനയ്ക്ക് ഊർജസ്വലരായ ഭാരവാഹികൾ അത്യാവശ്യമാണെന്ന അഭിപ്രായം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ആയ ശ്രീ ഫ്രാൻസിസ് പി കെ പിടിഎ യുടെ പ്രവർത്തനങ്ങൾക്കൊപ്പം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളും സ്കൂളിന് വളരെയധികം ഗുണപ്രദം ആണെന്ന് അഭിപ്രായപ്പെട്ടു. ശേഷം എത്തിച്ചേർന്ന ഒട്ടുമിക്ക പൂർവ വിദ്യാർത്ഥികളും അവരുടെ സ്കൂളിനെ കുറിച്ചുള്ള ഓർമ്മകൾ, സംഘടന കൂടുതൽ പ്രവർത്തനക്ഷമമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചർച്ച ചെയ്തു. വളരെ സജീവമായ ചർച്ചയിൽ എല്ലാവരും സ്കൂളിൻറെ വളർച്ചയ്ക്ക് ഹൃദയപൂർവ്വം പിന്തുണ പ്രഖ്യാപിച്ചു. ചർച്ചയ്ക്ക് ശേഷം വന്നിരിക്കുന്ന ആളുകളിൽ നിന്ന് ഓരോ ബാച്ചിനെ പ്രതിനിധീകരിച്ച് സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സായി ഓരോരുത്തരെ തിരഞ്ഞെടുത്തു. 1964 ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ രവി ഇ കെ, 1974- ശ്രീ ടോണി ടി എൽ, 1979- ശ്രീ ഉണ്ണിമോൻ, 1992- ശ്രീ ഫ്രാൻസിസ് പി കെ, 2000 -രാജ്മോഹൻ തമ്പി ,മെജി ജെൻസൺ, 2002- വിനീഷ് വി കെ,2021-ഗ്ലോറിയ ഓസ്റ്റിൻ, 2022- ക്രിസ്റ്റീന എംജെ, സോനാ മേരി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയി തിരഞ്ഞെടുത്തു. ഇവരിൽ നിന്നും സംഘടനയുടെ രക്ഷാധികാരിയായി ശ്രീ രവി ഇ കെ, പ്രസിഡണ്ടായി രാജ് മോഹൻ തമ്പി, സെക്രട്ടറി വിനീ ഷ് വി കെ, ട്രഷറർ മെജി ജെൻസൻ, വൈസ് പ്രസിഡൻറ് ഗ്ലോറിയ ഓസ്റ്റിൻ, ജോയിൻ സെക്രട്ടറി ടോണി ടി എൽ എന്നിവരെ തിരഞ്ഞെടുത്തു. ഇന്ന് യോഗത്തിൽ വന്ന എല്ലാവർക്കും വേണ്ടി ഓരോ ബാച്ചിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജനറൽ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രീമതി കൃഷ്ണവേണിയെ ചുമതല ഏൽപ്പിച്ചു. എക്സിക്യൂട്ടീവ് മെമ്പേഴ്സിന് വേണ്ടി മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും നിർദ്ദേശം വന്നു. സംഘടനയുടെ പഴയ പ്രസിഡൻറ് ശ്രീ രവി ഇ കേ ക്ക് നന്ദിയും പുതിയ ഭാരവാഹികൾക്ക് ആശംസകളും ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ അറിയിച്ചു. വോയിസ് സംഘടനയുടെ ജനറൽ വാട്സപ്പ് ഗ്രൂപ്പിൽ ഓരോ ബാച്ചിനെയും പ്രതിനിധീകരിച്ച് നാലോ അഞ്ചോ ആളുകളെ ചേർക്കാമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനറൽ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഈ അഞ്ചുപേർക്ക് അവരവരുടെ ഗ്രൂപ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും ഇത് ഉപകരിക്കും എന്ന് അഭിപ്രായപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളും കൂടിച്ചേരലുകളും സംഘടനയുടെ കുടക്കീഴിൽ സ്കൂളുമായി ബന്ധപ്പെടുത്തി ചെയ്യാനും തീരുമാനിച്ചു

കളർ ഇന്ത്യ മത്സരം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76-ആം വാർഷികത്തിൽ "നാം എല്ലാവരും ഒന്നാണ്, സഹോദരി സഹോദരങ്ങളാണ്" എന്ന ചിന്ത വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ചിത്രരചന മത്സരത്തിൽ മാതാ എച്ച് എസ് മണ്ണംപേട്ടയിലെ 300 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. എച്ച് എം ശ്രീ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത വേദിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ ടീച്ചർ ചിത്രരചന മത്സരത്തിന് പങ്കെടുക്കുവാൻ എത്തിയ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. ചിത്രകല അധ്യാപിക ശ്രീമതി ശില്പ തോമസ് ദേശീയോദ്‍ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി വിഭാഗത്തിൽ നിന്നും 140 വിദ്യാർത്ഥികളും, യുപി വിഭാഗത്തിൽ നിന്നും 123 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 36 വിദ്യാർത്ഥികളും ആണ് പങ്കെടുത്തത്.

സ്വാതന്ത്ര്യ ദിനാഘോഷം

15/08/2023 ചൊവ്വാഴ്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രാർത്ഥനാ ഗാനത്തിന് ശേഷം ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു .ഭാരതത്തിൻറെ ത്രിവർണ പതാക മുഖ്യാതിഥിയായ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ ,ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ എന്നിവർ ചേർന്ന് ഉയർത്തി. ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.പിടിഎ പ്രസിഡൻറ് ശ്രീ പി കെ ഫ്രാൻസിസ് പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് ഗൈഡ് ജെ ആർ സി എന്നീ സംഘടനയുടെ കീഴിലുള്ള വിദ്യാർത്ഥികൾ പതാക ഉയർത്തൽ സമയത്ത് മനോഹരമായി അണിനിരക്കുകയും പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. 4B യിലെ തന്മയ ഭാരതാംബയായും മൂന്ന് ബിയിലെ അർദ്രവ് കൃഷ്ണ ജവഹർലാൽ നെഹ്റുവായും ഒരുങ്ങി വന്നത് പരിപാടിക്ക് കൂടുതൽ മാറ്റേകി. ഹൈസ്കൂൾ യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ എല്ലാ ആവേശവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന തരത്തിൽ ആവേശപൂർവ്വം ദേശഭക്തിഗാനം ആലപിച്ചു. 9B യിലെ വിദ്യാർത്ഥിയായ സഹാന എം എസ് സ്വാതന്ത്ര്യദിന സന്ദേശം പ്രസംഗം അവതരിപ്പിച്ചു. 7C യിലെ വിദ്യാർത്ഥിയായ അവന്തിക എം യു അവതരിപ്പിച്ച പ്രസംഗം ഏവരെയും പുളകം കൊള്ളിച്ചു. സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ച പ്രസംഗത്തിൻ്റെ ശൈലി ഏവരെയും അത്ഭുതപ്പെടുത്തി. ഒന്നാം ക്ലാസിലെ ആത്മിക അനൂപ് വളരെ രസകരമായി സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗം അവതരിപ്പിച്ചു. മൂന്നാം ക്ലാസിലെ ശ്യാമപ്രിയ അവതരിപ്പിച്ച പ്രസംഗം ലളിതവും അർത്ഥവത്തുമായിരുന്നു . എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരം പകർന്നു. എൽ പി വിഭാഗം അധ്യാപികയായ ശ്രീമതി ബിന്ദു സി എൽ യോഗത്തിന് നന്ദി അർപ്പിച്ചു.

ഗാലറി