ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/2 നെഗറ്റീവ് = പോസറ്റീവ്

Schoolwiki സംരംഭത്തിൽ നിന്ന്
2 നെഗറ്റീവ് = പോസറ്റീവ്

അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു. എന്നത്തേയും പോലെ അല്ലാത്ത ദിവസം.ഞാൻ എന്റെ കോഴ്സ് പൂർത്തിയാക്കി നാട്ടിലേക്ക് പോകാൻ ഒരുങ്ങി നിന്ന ദിവസം നാട്ടിലെ പുഴയും അമ്പലവും പൂരവും ഒന്നുകൂടി കാണാൻ ഇനിയൊന്നും കാണാൻ ......അമ്മയ്ക്ക് വലിയ സന്തോഷമാണ് ഞാൻ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദവും കഴിഞ്ഞ് വരുന്ന ദിനം. അമ്മ ഒരാഴ്ച മുന്നേ തന്നെ മാങ്ങ എടുത്തു വച്ചിരിക്കുന്നു. അമ്മയുടെ സ്പെഷൽ കണ്ണിമാങ്ങ അച്ചാർ. ആ ദിവസത്തെ പറ്റി ഞാനിതെഴുതുന്നത് എന്റെ നാട്ടിലെ ജില്ല ആശുപത്രിയുടെ ഐസൊലേഷൻ വാർഡിൽ നിന്നാണ്. എന്നാലും ഇത്ര മോശമാകുമെന്ന് കരുതിയിരുന്നില്ല. പക്ഷെ വൈകിയാണറിഞ്ഞത്. വീട്ടിലെത്തി വന്നപാടെ അമ്പലക്കുളത്തിൽ പോയി കുളിച്ചു. പണ്ടത്തെ ചങ്ങായിമാരെ കണ്ട് സൗഹൃദം പുതുക്കി. വീട്ടിലെത്തുന്നതിന് മുന്നെ മൈതാനത്തിൽ പോയി ഫുട്ബോൾ കളി കണ്ടു. വീട്ടിലെത്തുമ്പോഴേക്ക് വൈകുന്നേരമായി അമ്മ ചായയെടുത്തു വച്ചു. നാവിലൂടെ കപ്പയം ചമ്മന്തിയും ഓടിക്കളിച്ചു. അമ്മയുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും ഒരു പ്രത്യേക രുചിയാണ്. നേരെ മുറിയിൽ ചെന്ന് എന്റെ കട്ടിലും മേശയും ഇത്തിരി സ്ഥലം മാറി എന്നതൊഴിച്ച് പ്രത്യേകിച്ച് മാറ്റമൊന്നും കാണാനായില്ല. എല്ലാം അതേപോലെ സൂക്ഷിച്ചിരിക്കുന്നു. രാത്രിയിൽ ചോറും മുളകിട്ട് വച്ച അയലക്കറിയും പൊരിച്ച മത്തിയുമൊക്കെയായി നല്ല രുചിയായിരുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനിങ്ങനെ എഴുതുന്നത്. ഇവിടെ ഞാനൊറ്റയ്ക്കാണ്. അപ്പോഴാണ് ഒറ്റയ്ക്ക് വെറുതെയിരിക്കുന്നതിന്റെ വിഷമം മനസ്സിലായത്. എന്നെ നോക്കുന്ന ഡോക്ടറും നഴ്സ്മാരും പിന്നെ മൊബൈൽ ഫോണും മാത്രമാണ് പുറംലോകവുമായുള്ള ആകെബന്ധം. പിറ്റേന്ന് രാവിലെ പല്ല് തേച്ചയുടൻ കുളത്തിൽ പോയി കുളിച്ചു. അമ്പലത്തിൽ തൊഴാൻ പോയി. മറ്റന്നാൾ ഉത്സവമാണ് അതിന്റെ തിരക്കും കണ്ടു. ആ ബുധനാഴ്ചയാണ് ടി വിയിലെ ന്യൂസ് കണ്ട് അനുജത്തി വന്നു കാര്യം പറ‍ഞ്ഞത്. വുഹാനിലാണ് അത് തുടങ്ങിയത്.അതിനാൽ ചൈനയിൽ നാട്ടിലെത്തിയ എല്ലാവരും നിരീക്ഷണത്തിൽ കഴിയണമെന്നും ഡോക്ടറെ കാണണമെന്നും പറഞ്ഞു മന്ത്രി പി കെ ശൈലജ ടീച്ച‍ർ നേരിട്ട് ഓർഡർ കൊടുത്തതാണെന്നാണ് പറഞ്ഞത്. ഉത്സവം കൂടാൻ പറ്റാത്ത വിഷമം പറയാൻ പോലും ആരുമില്ല. എല്ലാം യാന്ത്രികമായി നടക്കുന്നു. ദിവസവും ഡോക്ടർ വരുന്നു സാമ്പിളുകൾ ടെസ്റ്റിനയക്കുന്നു. സമയാസമയം ഭക്ഷണവും വെള്ളവും എത്തിച്ചുതരുന്നു. കേരളത്തിൽ ആദ്യ രോഗി ഞാനാണെന്ന്മുഖ്യമന്ത്രി പേര് പറയാതെ സൂചിപ്പിച്ചത് അത് ലൈവായി കാണുന്ന എനിക്കു മാത്രമേ മനസ്സിലായുള്ളൂ. അമ്മയും അനിയത്തിയും എല്ലാവരും നിരീക്ഷണത്തിലാണ്.ഇന്ന് രണ്ട് സാമ്പിളുകൾ ടെസ്റ്റിനയച്ചു. അതിന്റെ റിസൽട്ട് കിട്ടിയശേഷം നെഗറ്റീവാണെങ്കിൽ വീട്ടിൽ നിരീക്ഷണത്തിലിരുന്നാൽ മതി എന്നാണ് ഡോകടർ പറഞ്ഞത്. അത് എന്തായാലും നെഗറ്റീവാകേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കിടന്നു. പിറ്റേന്ന് ‍ഡോക്ടർ വന്ന് കൺഗ്രാറ്റ്സ് പറഞ്ഞു. ആദ്യമായി ഇന്ത്യയിൽ രോഗം ഭേദമായത് എനിക്കാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. നാട്ടിൽ പോകാൻ ചൈനിൽ നിന്നുണ്ടായ സന്തോഷത്തേക്കാൾ വലുതായിരുന്നു അപ്പോഴുണ്ടായ സന്തോഷം. രണ്ട് റിസൾട്ടും നെഗറ്റീവായതിനാൽ പോസറ്റീവാകട്ടെ ഈ പ്രഭാതം എന്ന വാട്സ് അപ്പ് മെസ്സേജ് അന്നേരം മുന്നിൽ നിന്ന പോലെ എനിക്ക് തോന്നി.

റിതിൻ എം രാ‍ജീവ്
9 എ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ