ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ഒരു പാരിസ്ഥിതിക വേവലാതി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പാരിസ്ഥിതിക വേവലാതി

നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതുമായ ഒന്നാണ് നമ്മുടെ പരിസ്ഥിതി. അതിസൂക്ഷ്മങ്ങളായ ജീവികൾ മുതൽ ഭീമാകാരമായ ജീവികൾ വരെ അതിലുണ്ട്. ജീവീയ ഘടകങ്ങൾ കൂടാതെ അജീവീയ ഘടകങ്ങളുും കൂടി ഉൾപ്പെടുന്ന ഒരു വലിയ ചുറ്റുപാട് തന്നെയാണ് പരിസ്ഥിതി. ഒരു ജീവിയുടെ ജീവചക്രത്തിൽപരിസ്ഥിതിക്കുള്ള പങ്ക് വളരെ വലുതാണ്. പരിസ്ഥിതി പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് ധാരാളം ഉപയോഗപ്രദമാണ്. നമ്മുടെ ഭക്ഷ്യ ആവശ്യത്തിനായി ലഭ്യമാകുന്ന വസ്തുക്കൾ മുഴുവനും പരിസ്ഥിതിയിൽ നിന്ന് ലഭ്യമാകുന്നതാണ്. കൂടാതെ മരുന്നുകൾ, തടികൾ, എണ്ണകൾ തുടങ്ങിയവ പ്രദാനം ചെയ്യുന്നത് പരിസ്ഥിതി തന്നെയാണ് അന്തരീക്ഷത്തിലെ നമ്മുടെ ജീവവായുവായ ഓക്സിജന്റെ 70 – 80 % വരെ പ്രദാനം ചെയ്യുന്നത് സമുദ്രത്തിലെ ആൽഗകളും സസ്യപ്ലവകങ്ങളുമാണ് .നമ്മുടെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും വിലമതിക്കാനാവാത്ത നിധി തന്നെയാണ്. പരിസ്ഥിതിയിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതിന്റെ ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഭൂമിയിലെ സമ്പന്നമായ ജൈവസമൂഹത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. മനുഷ്യന് ഭൂമിയിൽ നിലനിൽക്കാനാവശ്യമായതെല്ലാം പ്രദാനം ചെയ്യുന്നത് പരിസ്ഥിതി തന്നെയാണ്. പരിസ്ഥിതി മനുഷ്യനു വേണ്ടി മറ്റനേകം സേവനങ്ങൾ ചെയ്തുവരുന്നു. ഈ സേവനങ്ങൾ നമുക്കു നൽകുന്ന നമ്മുടെ ആവാസവ്യവസ്ഥകളും ജൈവ വൈവിധ്യവും സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ ജീവിതം അത്യധികം ദുരിതപൂർണമാകും. എന്നാൽ ഇന്ന് മനുഷ്യൻ മുലം പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുകയാണ്. വികസനത്തിന്റെ പേരിൽ അവൻ പരിസ്ഥിതിയെ മുഴുവൻ നശിപ്പിക്കുകയാണ്. ഖനനം ചെയ്ത് ഭൂഗർഭജലവും ഫോസിൽ ഇന്ധനങ്ങളും ഊറ്റിയെടുക്കുകയാണ്. വിഷവസ്തുക്കൾ രാസമാലിന്യങ്ങൾ കീടനാശിനികൾ കളനാശിനികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ഉപയോഗിച്ച് ഭൂമിയെ മലിനപ്പെടുത്തുന്നു. കുന്നിടിക്കുന്നു, തണ്ണീർത്തടങ്ങൾ നികത്തുന്നു. ജീവസംരക്ഷണത്തിനാവശ്യമായ വായുവും വെള്ളവും മണ്ണും വിഷലിപ്തമാകുന്നു.പരിസ്ഥിതിയിലെ ഓരോ വസ്തുക്കളേയും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഇല്ലാതാക്കുകയാണ് മനുഷ്യൻ. ഇങ്ങനെ മറ്റ് ജീവജാതികൾക്കൊപ്പം തന്റെയും നാശത്തിന് കഴി തോണ്ടുകയാണ് അവൻ. കൂടാതെ ജീവികളുടെ വംശനാശത്തിന്റെ തോത് വർധിക്കുകയാണ്. ഭൂമിക്ക് അപ്പുറം ജീവനുണ്ടോ എന്ന് അന്വേഷിക്കുവാൻ കോടികൾ ചെലവിടുമ്പോൾ നമുക്ക് ഇടയിൽ പല ജീവികളും കണ്ടെത്തപ്പെടുന്നതിന് മുമ്പുതന്നെ ഇല്ലാതാക്കപ്പെടുകയാണ്. പ്രകൃതിക്കുമേലുള്ള കടന്നാക്രമണം കുുറയ്ക്കുക എന്നതുതന്നെയാണ് ഇതിനുള്ള ഏക പോംവഴി. കൂടാതെ സ്വാഭാവിക ആവാസവ്യവസ്ഥകളുടെ സംരക്ഷണം. പുതിയ വന്യജീവി സങ്കേതങ്ങൾ ബയോസ്ഫിയർ റിസേർവുകൾ നാഷണൽ പാർക്കുകൾ എന്നിവ നടപ്പിലാക്കണം. സസ്യ – ജന്തുജാലങ്ങൾക്ക് നേരെയുള്ള കടന്നാക്രമണം അനധികൃതകയറ്റുമതി എന്നിവ തടയണം. വിദ്യാർതഥികൾക്കും ജനങ്ങൾക്കും ജൈവവൈവിധ്യസംരക്ഷണത്തെ കുറിച്ച് അവബോധം നൽകണം. പരിണാമത്തിന്റെ ഒടുവിലത്തെ കണ്ണിയായ മനുഷ്യൻ തന്റെ അതീവ ബുദ്ധികൂർമതയോടെ സകലജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ ബാധ്യസ്ഥനാണ്. എന്നാൽ താനൊഴികെ തന്റെ പൂർവികരേയും ജന്മമേകിയ ഭൂമിയേയും നശിപ്പിക്കുന്ന നടപടികളാണ് ചിന്താശൂന്യതകാരണം മനുഷ്യൻ നടത്തുന്നത്. എന്നാൽ തിരിച്ചറിവിനും പ്രായശ്ചിതത്തിനും സമയം വൈകിയിട്ടില്ല. നാമുൾപ്പടെ സകലജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന ബോധ്യത്തോടെ നമുക്ക് നമ്മുടെ സഹജീവികളുടേയും ഭൂമിയുടെയുടെയും സംരക്ഷണം ഏറ്റെടുക്കാം. കാരണം ഈ ലോകത്തിന്റെ ഭാവി നമ്മുടെ കരങ്ങളിലാണ്.

ദിയ ജി എസ്സ്
9 ബി ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം