ജി.എം.എൽ.പി.എസ് നിലമ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
kovilakam
                                          നിലമ്പൂർ

പണ്ടുകാലത്ത് “നിലംബപുരം” എന്നറിയപ്പെട്ടിരുന്നതും, പിന്നീട് “നിലംബഊര്” എന്നും, തുടർന്ന് “നിലമ്പൂർ” എന്നും സ്ഥലനാമപരിണാമം സംഭവിച്ചതുമായ ഈ പ്രദേശത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രം ആരംഭിക്കുന്നത് 1775 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന തച്ചറക്കാവിലെ നിലമ്പൂർ‌കോവിലകവുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തൻമാരായിരുന്നു നിലമ്പൂർ കോവിലകം. അവരുടെ കീഴിലുള്ള പ്രദേശങ്ങളെ 18 ചേരിക്കല്ലുകളായി തിരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശം ചാലിയാറിന്റെ തീരത്ത് കാടിന്റെ അതിരിൽ സ്ഥിതിചെയ്തിരുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു. മാനവേദൻ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് കാട്ടാനകളുടെ ചിന്നംവിളി കേൾക്കാമായിരുന്നുവെന്നു പഴമക്കാർ പറയുമായിരുന്നു. ഒരുകാലത്ത് നിലമ്പൂർ കോവിലകത്തിനു കീഴിൽ ജന്മി-നാടുവാഴി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സാമൂഹ്യഘടനയായിരുന്നു ഈ ഗ്രാമത്തിലുമുണ്ടായിരുന്നത്. 13-ാം നൂറ്റാണ്ടിൽ നെടിയിരുപ്പിൽ നിന്ന് വന്ന തച്ചറക്കാവിൽ ഏറാടിമാരാണ് ഈ കോവിലകം സ്ഥാപിച്ചത്. തമ്പാൻ, തിരുമുൽപ്പാട്, രാജ എന്നിങ്ങനെ പല പേരുകളിലും അവർ രേഖകളിൽ പരാമർശിക്കപ്പെട്ടു കാണുന്നു. ആദിവാസികളായ മലമുത്തൻമാരും, പാതിനായ്ക്കൻമാരും, ചോലനായ്ക്കൻമാരും, പണിയൻമാരുമായിരുന്നു ഇവിടുത്തെ ആദിമജനവിഭാഗങ്ങൾ. കോവിലകം ഇവിടെ വരുന്നതോടുകൂടിയാണ് ഈ ഗ്രാമത്തിന്റെ പ്രാധാന്യം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ താലൂക്കടക്കമുള്ള കിഴക്കൻ പ്രദേശം മുഴുവൻ ഒരുകാലത്ത് അവരുടെ ജന്മമായിരുന്നു. “ശക്തൻ” എന്ന “തമ്പാൻ” കാടിന്റെ ഉടമകളായ ആദിവാസികളിൽ നിന്ന് ഭൂമി മുഴുവൻ കൈയ്യൂക്കുകൊണ്ടു വെട്ടിപ്പിടിക്കുകയായിരുന്നു. പിൽക്കാലത്ത് “ഭക്തൻ” എന്ന മറ്റൊരു തമ്പാൻ നമ്പോലക്കോട്ടയിൽ നിന്ന് ആദിവാസികളുടെ കുലദൈവമായ “വേട്ടക്കൊരുമകനെ” ഇവിടെ കൊണ്ടു വന്നു പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ചടങ്ങുകൾ പരിശോധിച്ചാൽ കാടിന്റെ മക്കളോടു കാണിച്ച കടുംകൈയ്യിന് ഒരു പ്രായശ്ചിത്തം കൂടിയായിട്ടാണോ അത് ഏർപ്പെടുത്തിയത് എന്ന് സംശയം തോന്നും. ക്രമേണ കൃഷി, കച്ചവടം, തൊഴിൽ എന്നിവ വികസിപ്പിക്കുവാനും കോവിലകത്തെ ആവശ്യങ്ങൾക്കുമായി നായൻമാർ, ചെട്ടിമാർ, കുമ്പാരൻമാർ മുതലായവരെ കൂട്ടിക്കൊണ്ടു വന്ന്, അവർ കോവിലകത്തിനു ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവരൊക്കെ പല കാലങ്ങളിലായി നിലമ്പൂരിന്റെ വനസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും കണ്ട് കൃഷിചെയ്തും തൊഴിലെടുത്തും ജീവിക്കാനായി ഇവിടെ കുടിയേറിപാർത്തവരാണ്. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിലും തമ്പുരാന്റെ അധികാരങ്ങളെയും തീരുമാനങ്ങളേയും എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നു.