ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. 5ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം. 2ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം (സുനാമി ഫണ്ട്‌ ). 4ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം (എസ്. എസ്. എ &ഗ്രാമ പഞ്ചായത്ത്‌) ഓപ്പൺഎയർ സ്റ്റേജും ഒരു ക്ലാസ്സ്‌ മുറിയുമായി ഉപയോഗിച്ച് വരുന്ന 6x6 മീറ്റർ വിസ്താരമുള്ള കോൺക്രീറ്റ് കെട്ടിടവും ഇതിനോട് ചേർന്ന് 15മീറ്റർ നീളവും 7മീറ്റർ വീതിയുമുള്ള മനോഹരമായ ആഡിറ്റോറിയം (T. N. സീമ MP),കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ സ്റ്റോർ റൂം ഉൾപ്പെടുന്ന ഓഫീസ് റൂം (അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌) 3ക്ലാസ്സ്‌ മുറികൾ വീതം ഉൾക്കൊള്ളുന്ന ഓട് മേഞ്ഞ 2 Pre-KER കെട്ടിടങ്ങൾ ,15x6മീറ്റർ വലുപ്പത്തിൽ കോൺക്രീറ്റ് മേൽക്കൂരയുള്ള CRC കെട്ടിടം,6ക്ലാസ്സ്‌ മുറികളുള്ള ആധുനിക സജ്ജീകരണമുള്ള ഇരുനില മന്ദിരം(ജി. സുധാകരൻ MLA), 13മീറ്റർ നീളത്തിൽ അസംബ്ലി പന്തൽ, ഷീറ്റ് മേഞ്ഞ വൃത്തിയുള്ള പാചകപ്പുര, അവശ്യം വേണ്ടുന്ന കളി ഉപകരണങ്ങളോട് കൂടിയ കിഡ്സ്‌ പാർക്ക്‌, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ മൂത്രപ്പുര, കെട്ടിടങ്ങളോട് ചേർന്ന് 7 റാമ്പുകൾ, സ്കൂളിന്റെ 4അതിർത്തികളിലും കെട്ടുറപ്പുള്ള ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായ വാട്ടർ ടാപ്പ്, കോമ്പൗണ്ടിന്റെ മധ്യ ഭാഗത്തു മേൽക്കൂരയോട് കൂടിയ ഗ്ലോബ്, ക്ലാസ്സ്‌ മുറികളിൽ ശബ്ദ സംവിധാനം, 3ക്ലാസ്സ്‌ മുറികളിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സംവിധാനം, 12ലാപ് ടോപ്പുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ്, പ്രീ പ്രൈമറി ക്ലാസ്സ്‌ മുറികളിലെ ഗണിതമൂല, സംഗീതമൂല, പാവമൂല, ചിത്രമൂല, വായനമൂല, 3പ്രൊജക്ടർ, ഒരു ടെലിവിഷൻ, 25സീറ്റുകളുള്ള ടാറ്റാ മാർക്കോപോളോ സ്കൂൾ ബസ്, 7സീറ്റുകളുള്ള മാരുതി ഒമിനി വാൻ, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ബഞ്ച് , ഡസ്ക്, പ്രീ പ്രൈമറി ക്ലാസ്സുകളിലെ ശിശുസൗഹൃദ ഫർണീച്ചറുകൾ, 300പ്ലാസ്റ്റിക് കസേരകൾ, 25 സീലിംഗ് ഫാൻ, 10സ്റ്റീൽ അലമാര, ആഞ്ഞിലി തടിയിൽ തീർത്ത 5അലമാര, 15സ്റ്റീൽ അലമാരകളിൽ സജ്ജീകരിച്ചിട്ടുള്ള 2500ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന 15ക്ലാസ്സ്‌ റൂം ലൈബ്രറികൾ, ഇതു കൂടാതെ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 1200 ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി, ശുദ്ധ ജലം ശേഖരിക്കുന്നതിന് 2 ജലസംഭരണികൾ, കിണർ, 2മോട്ടോർ പമ്പ് സെറ്റ്, സ്കൂൾ കോമ്പൗണ്ടിനെ ആകർഷകമാക്കുന്ന പൂന്തോട്ടം, വിവിധ തരം ഫല വൃക്ഷങ്ങൾ ഉൾപ്പെടുന്ന സസ്യങ്ങൾ  എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം....

വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ

ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും  പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ.  മികച്ച പഠന പ്രവർത്തനങ്ങൾക്കുള്ള  എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അഗീകാരത്തിന്റെ നിറവിലാണ് ഇന്ന് ഈ വിദ്യാലയം. 2020 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ശ്രീ.സി.രവീന്ദ്രനാഥാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും ,ടൈൽസും പാകിയ നിലവും  സ്മാർട്ട് ക്ലാസ്‌ റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു.  അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.

മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടേയും  രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയകാംക്ഷികളുടേയും മികച്ച പിന്തുണ ലഭിക്കുന്നു. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ വർദ്ധിക്കുന്നതിന് ആനുപാതികമായ ക്ലാസ്സ് മുറികളുടെ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി  കേരളത്തിന്റെ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ജി.സുധാകരൻ നിർദ്ദേശിച്ച ആറ് മുറികളുള്ള ഇരുനില മന്ദിരം തല ഉയർത്തി നിൽക്കുന്നു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നിർമ്മിച്ച ഈ മന്ദിരം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.

മുൻ അധ്യാപകൻ ജി.ദാമോദരക്കണിയാരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്.  മുൻ എംപിമാരായ വി.എം.സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും ഓപ്പൺ എയർ ആഡിറ്റോറിയവും സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി.സുധാകരൻ എം.എൽ.എ ആയിരിക്കെ രണ്ട് സ്‌കൂൾ ബസുകളാണ് അനുവദിച്ചത്.

2020ൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്‌കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.