ഗവ. എച്ച് എസ് പനങ്കണ്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ ഹയർ സെക്കണ്ടറി സ്കൂൾ പനങ്കണ്ടി

മുഖമൊഴി - വാമൊഴികളും , വരമൊഴികളും ഭൂതകാലത്തെ രേഖപ്പെടുത്തുമ്പോൾ ചരിത്രം രചിക്കപ്പെടുന്നു. വാക്കുകളിലൂടെ, വരകളിലൂടെ, കോറിയിടുന്ന പഴമയുടെ പുതുമണംതലമുറകൾ കൈമാറി വരുന്നത് നിയോഗം. ഇവിടെ ഞങ്ങളൊരു ചരിത്രം കുറിക്കുകയാണ്. ധന്യമായ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം.

  .ഭൂമിശാസ്ത്രം

വയനാട് ജില്ലയിൽ മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പനങ്കണ്ടി എന്ന ചെറിയ ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പനങ്കണ്ടി ശ്രീ കരിയാത്തൻ ക്ഷേത്രത്തിന്റെ തണലിലായതിനാലോ പനകളുടെ നാടായതിനാലോ ആവാം ഈ നാട് പനങ്കണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്.

പനങ്കണ്ടിപ്പുഴയുടെ തെക്ക് വശത്ത് കണിയാമ്പറ്റ പഞ്ചായത്തിന്റെ അതിർത്തി പങ്കിട്ടുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിന്റെ സ്ഥാനം .ആധുനികതയുടെ കടന്നുകയറ്റം ബാധിക്കാത്ത ശുദ്ധമായ പ്രകൃതിയും, ഗ്രാമഭംഗിയും ഇവിടുത്തെ പ്രത്യേകതയാണ്. വയനാടൻ കാർഷിക വിഭവങ്ങളായ കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, വാഴ, മഞ്ഞൾ പച്ചക്കറികൾ എന്നിവ ഇവിടെ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നു. ഐശ്വര്യദായിനിയായ പനങ്കണ്ടിപ്പുഴയുടെ ഓരങ്ങളിൽ പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങളും പറ്റം ചേർന്നു മേയുന്ന കന്നുകാലികളും, വിവിധങ്ങളായ പക്ഷികളും പുഴയിൽ തിമിർക്കുന്ന തിരുതയും ചെമ്പല്ലിയും ഗ്രാമീണതയുടെ തനിമയോടെ ഇന്നും നിലനിൽക്കുന്നു.

        പുരാതന സംസ്കൃതികളുടെ ഉടമകളായ ഗോത്ര വിഭാഗങ്ങളോടൊപ്പം പനങ്കക്ഷിയിലെ നായർ തറവാടുകൾക്ക് വീര പഴശ്ശിയുടെ പടയോടുള്ള ബന്ധം ചരിത്രമാണ്. ക്ഷേത്രകലകളുടെ കേന്ദ്രമായ പനങ്കണ്ടി ശ്രീ കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം ചരിത്ര പ്രധാനമാണ്. ഇതിന്റെ ചൈതന്യം പ്രദേശവാസികളിൽ നിഴലിക്കുന്നതിനാൽ കലാ രംഗങ്ങളാൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ് ഈ പ്രദേശത്തുകാർ.

സാംസ്കാരികം

ഗോത്രവിഭാഗക്കാരായ ആളുകളും പിന്നോക്കവിഭാഗക്കാരും കുടിയേറ്റക്കാരും പരസ്പര സഹകരണത്തോടെ ജീവിക്കുന്ന ഈ ഗ്രാമത്തിൽ 1956-ലാണ് പനങ്കണ്ടി കേന്ദ്രമായി വിദ്യാലയം സ്ഥാപിതമായത്. പ്രദേശത്ത് ആകെയുണ്ടായിരുന്ന വിദ്യാ കേന്ദ്രം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലുള്ള കാര്യമ്പാടി എൽ പി സ്കൂൾ മാത്രമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസ കാര്യത്തിൽ പനങ്കണ്ടിയിലും ഒരു വിദ്യാലയം എന്ന ആവശ്യം ഉയർന്നുവന്നു. ഇക്കാലത്ത് പനങ്കണ്ടിയിലെ അധികാരിയായിരുന്ന യശ:ശരീരനായ ശ്രീ ചുണ്ടപ്പൻ നായർ സൗജന്യമായി നൽകിയ ഭൂമിയിൽ 1956-ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്ചുണ്ടപ്പൻ നായരുടെ പിൻഗാമിയായ അപ്പു അധികാരിയുടെ നേതൃത്വത്തിൽ പനകളുടെ നാടായ പനങ്കണ്ടിയിൽ വളർന്നു വന്ന ഈ വിദ്യാലയം ആ പ്രദേശത്തിന്റെയും പ്രദേശങ്ങളുടെയും സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായിച്ചു. ഗ്രാമവാസികളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. ഈ വിദ്യാലയത്തിന്റെ വരവോടെ പിന്നോക്ക ഗോത്രവിഭാഗക്കാരുടെ അറിവുവർദ്ധിപ്പിക്കാനും വിവിധ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാനും അതു വഴി ജീവിത സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞു. നാട്ടറിവുകളിലൂടെ പുതിയ കൃഷിരീതി, അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ സാമൂഹ്യ ബന്ധം, മദർ പിടി എ മുഖേനയുള്ള സ്ത്രീ ശാക്തീകരണം എന്നിവ പ്രദേശത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

   പിന്നീട് എൽ പി , യുപി ക്ലാസുകൾ നിലവിൽ വരികയും 1980-ൽ ഈ സ്ഥാനം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. 2005-ൽ ഹയർ സെക്കണ്ടറി ബാച്ചുകൾ കൂടി അനുവദിച്ചതോടെ ഈ ഗ്രാമത്തിൽ അത് ദൂരവ്യാപകമായ ഗുണാത്മക മാറ്റങ്ങൾ വരുത്തി. ഹൈസ്കൂൾ പ്ലസ് ടു തലങ്ങളിലായി 1500 കുട്ടികൾക്ക് അറിവിന്റെ ലോകം തുറക്കുന്നതിലൂടെ ഈ സരസ്വതീ ക്ഷേത്രം വിദ്യാദാനത്തിന്റെ ഒരു വൻ വൃക്ഷമായി മാറിയിരിക്കുന്നു.

കാലത്തിന്റെ അനസ്യൂതമായ ഒഴുക്കിൽ നാം നേടിയ നേട്ടങ്ങൾ അനവധിയാണ്. ഇവിടെ നിന്ന് ആദ്യാക്ഷരം കുറിച്ച വർ ജീവിതത്തിന്റെ വ്യത്യസ്ത കർമ മേഖലകളിൽ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. കാലമേറെ കഴിയുമ്പോൾ ഓർമിക്കാൻ , നമ്മുടെ കൂടെ ഉണ്ടായിരുന്നവർ ഇന്നിയാത്തവർ, അറിയാതെ മിഴി നിറയുമ്പോൾ നമുക്കിനിയും ഓർമിക്കാം ആ നല്ല നാളുകൾ

....

1956-ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ വിജയ ഗാഥ ഇന്നും തുടരുകയാണ്. ഹൈസ്കൂളായി ഉയർത്തപ്പെട്ട നാൾ മുതൽ വയനാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് പനങ്കണ്ടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. 1988-ലെ എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് 14ാം റാങ്കിന് ഉടമയായ കുമാരി സൽമ ഇന്ന് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.

പനങ്കണ്ടി സ്വദേശിയും വിപ്രോയിൽ സീനിയർ മാനേജരുമായ ശ്രീ എം ദിവാകരൻ ഈ സ്ഥാപനത്തിന്റെ അഭിമാനമുയർത്തിയ സംഭാവനയാണ്. മികച്ച വിജയം കരസ്ഥമാക്കുന്ന കുട്ടികൾക്ക് വർഷംതോറും അദ്ദേഹം സ്കോളർഷിപ്പ് നൽകുന്നുണ്ട്.

   ഭാരത സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഐ ടി സി അവാർഡ് നേടിയത് ഈ വിദ്യാലയത്തിലെ ഫിസിക്സ് അധ്യാപകനായ ശ്രീ കെ പി ഷൗക്കമാൻ ആണ്. കൂടാതെ ലണ്ടനിൽ ഡോക്ടറായ ശ്രീ വിനൂപും ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തിയവരിൽ ഉൾപ്പെടുന്നു.

ഒരു ഉൾനാടൻ ഗ്രാമത്തിന്റെ ശാന്തതയിൽ അക്ഷരവെളിച്ചമേകിയ ഈ വിദ്യാലയത്തിന്റെ സാന്നിധ്യം ഈ നാടിന്റെ സാംസ്കാരിക വളർച്ചയിലു ണ്ടാക്കിയ മാറ്റം ചെറുതല്ല. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം അറിവ് നടത്താൻ അവസരം ലഭിക്കാതിരുന്ന ഒട്ടനവധി പേർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലുകൾ തുറന്നു കൊടുത്ത പനങ്കണ്ടിയിൽ സ്ഥാപിതമായ ഈ ഗവ ഹയർസെക്കണ്ടറി വിദ്യാലയമാണ്. വിശേഷിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരെ വളരെ വിദൂരത്തിൽ സെക്കണ്ടറി വിദ്യാഭ്യാസത്തിന് വിടാനുള്ള സാമ്പത്തിക ശേഷിയോ മനസ്സാന്നിധ്യമോ വളരെയധികം പേർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചിത്രമാകെ മാറിയിരിക്കുന്നു. രാജ്യത്തിന്റെ ഏത് കോണിലും പോയി പഠിക്കുന്നതിനും, ലോകത്തിൽ ഏത് രാജ്യത്ത് പോയി ജോലി ചെയ്യുന്നതിനും ഈ പ്രദേശത്തുള്ളവർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ശക്തി സ്രോതസ്സ് പകർന്നേകിയത് ഈ വിദ്യാലയമാണെന്ന് നിസംശയം പറയാം.

   അധ്യാപകർ ഉൾപ്പടെ സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകർ ഈ കൊച്ചു വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഇവിടെ നിന്നും ഔദ്യോഗിക സേവനത്തിന്റെ പടിയിറങ്ങി , സാമൂഹിക നന്മയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന മഹത് വ്യക്തികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു.

സ്കുൾ
സ്കൂൾ പ്രവേശനകവാടം തറകല്ലിടൽ ശ്രീമതി ലക്ഷിയമ്മ നിർവ്വഹിക്കുന്നു

    വാക്കുകളും അക്ഷരങ്ങളും തലോടാത്ത മറ്റു പല മേഖലകളിലും എടുത്തു പറയേണ്ടുന്ന വ്യക്തികൾ ഇനിയുമേറെയുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് വർദ്ധിത വീര്യത്തോടെ ഈ നാടിനെയും നാട്ടുകാരെയും അറിവിന്റെ ലോകത്തിലേക്ക് നയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഊർജം പകർന്ന ജനങ്ങളെയും ജനപ്രതിനിധികളെയും അധ്യാപക ശ്രേഷ്ഠരെയും , വിദ്യാർത്ഥികളെയും നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് ഉപസംഹരിക്കുന്നു.🤝🤝


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം