ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി /കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻറ് സോഷ്യൽ ആക്ഷൻ (CISSA) കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് അംഗീകാരം. കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനത്തെ 136 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഓവറോൾ പ്രകടനത്തിനാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിൽ നടക്കുന്ന നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു പുറമേ 'എന്റെ സ്കൂൾ എന്റെ കൃഷിത്തോട്ടം' എന്നയിനത്തിൽ പ്രോജക്ട് അവതരണത്തിനും നാടൻപാട്ടിന്റെ വ്യക്തിഗത - ഗ്രൂപ്പ് മൽസരങ്ങളിലും സമ്മാനങ്ങൾ നേടിയാണ് സ്കൂളിന് സംസ്ഥാനത്തെ മികച്ച എട്ടു സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞത്. ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരം. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികൾക്ക് മെഡലുകളും ലഭിച്ചു. സ്കൂളിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ഹരിത വിദ്യാലയ പുരസ്കാരം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം, അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയുടെ വിതുര ബേബിി സ്മാരക പുരസ്കാരം, കൃഷിഭവന്റെ പുരസ്കാരം എന്നിവ നേരത്തേ സ്കൂൾ നേടിയിട്ടുണ്ട്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാലക്കാട് പട്ടാമ്പി മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന കേരള സ്കൂൾ അഗ്രി ഫെസ്റ്റിന്റെ സമാപനയോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരങ്ങൾ സമ്മാനിച്ചു. മുഹമ്മദ് മുഹസ്സിൻ എം.എൽ.എ., സിസ്സ ഡയറക്ടർ ഡോ.പീതാംബരൻ, ഇറാം ഗ്രൂപ്പിന്റെ സി.ഇ.ഒ. മനോഹർ, സ്കൂൾ മാനേജർ ഡോ.സിദ്ദിക്ക് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ പുരസ്കാരം നേടുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.

മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് 'കൃഷിപാഠം' പുരസ്കാരം.

പ്രശസ്ത പത്രപ്രവർത്തകനായിരുന്ന അന്തരിച്ച വിതുര ബേബിയുടെ സ്മരണാർഥം വിതുര ബേബി ഫൗണ്ടേഷനും അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന തല 'കൃഷിപാഠം പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്. വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ്. സംസ്ഥാനത്ത് പത്ത് സ്‌കൂളുകൾക്കാണ് ഈ പുരസ്കാരം. സ്ഥലപരിമിതി മൂലം സ്‌കൂളിന് പുറത്ത് തരിശുഭൂമി പാട്ടത്തിനെടുത്താണ് പടവലം, പയർ, വെണ്ട, ചീര, വെള്ളരി, പാവൽ, മരിച്ചീനി, വാഴ എന്നിവ കൃഷി ചെയ്തത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത് കൂടാതെ പൊതുവിപണിയിലും എത്തിക്കാൻ തക്കവണ്ണം നൂറുമേനി വിളവ് കൊയ്യാൻ കുട്ടികൾക്ക് കഴിഞ്ഞു. കടുത്ത വേനലിനെപോലും അവഗണിച്ച് സ്വന്തമായി ജലസേചന സൗകര്യം ഒരുക്കി നൂറുകണക്കിന് കിലോ പച്ചക്കറിയാണ് കുട്ടികൾ ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ജില്ലാ കലോൽസവത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറി സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു. ഈ വർഷം മുതൽ നെൽകൃഷി കൂടി ചെയ്യാൻ കുട്ടികൾ തയ്യാറെടുക്കുകയാണ്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ശ്രീ.റ്റി.പി.ശ്രീനിവാസൻ അവാർഡ് സമ്മാനിച്ചു. എൻ.രാജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഫ്രണ്ട്സ് പ്രവർത്തകരായ എം.പി.ലോക് നാഥ്, എസ്.ജയകുമാർ, ഡി.ആർ.ജോസ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, രോഹിണി ഇന്റർനാഷണൽ എം.ഡി. വിജയൻ നായർ എന്നിവർ സംബന്ധിച്ചു. സ്കൂളിനെ കൃഷിപാഠം വിദ്യാലയമായി ചടങ്ങിൽ പ്രഖ്യാപിച്ചു.

മികവിന്റെ നിറവിൽ ഗവ: ഹൈസ്കൂൾ അവനവഞ്ചേരി…

https://www.facebook.com/manikantannair.krishnapillai/videos/2540716429371009