ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ ശബ്‌ദം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ശബ്‌ദം

ഒരിടത്ത് ഒരു ഗ്രാമമുണ്ടാ യിരുന്നു. പവിഴമലയുടെ അടിവാരത്തിലുണ്ടായിരുന്ന ഈ ഗ്രാമം പവിഴ ഗ്രാമം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സ്നേഹസമ്പന്നരായ കർഷകർ ഒത്തൊരുമയോടെ താമസിച്ചിരുന്ന ഈ ഗ്രാമത്തിനു കാവലാളായി പവിഴമലമുകളിൽ പുരാതനമായഒരു ക്ഷേത്രവുമുണ്ടായിരുന്നു. അത് കൊണ്ടു തന്നെ ഗ്രാമവാസികൾക്ക് പവിഴമലയും ദൈവതുല്യമായിരുന്നു.

അങ്ങനെയിരിക്കേ ആ ഗ്രാമത്തിലേക്ക് ഒരു ദിവസം ആഡംബര വസ്ത്രധാരിയായ ഒരാൾ ഗ്രാമമുഖ്യനെ കാണാനായെത്തി. താൻ പട്ടണത്തിൽ നിന്നാണെന്നും തൻ്റെ പേര് വിശാൽ മേത്ത എന്നാണെന്നും ഗ്രാമമുഖ്യനെ കണ്ട് ഒരു സുപ്രധാന കാര്യം അറിയിക്കാനാണ് വന്നതെന്നും അറിയിച്ചു. ഗ്രാമമുഖ്യൻ ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി എന്താ കാര്യമെന്നന്വേഷിച്ചു. താൻ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രശസ്തമായ കൺസ്ട്രക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സൂപ്പർവൈസർ ആണെന്ന് മി.വിശാൽ പറഞ്ഞു. കമ്പനി പുതുതായി പവിഴമലയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണവിടെ എത്തിയതെന്നു ഗ്രാമമുഖ്യനോടു പറഞ്ഞു. ഇതു കേട്ട ഗ്രാമുഖ്യൻ അമ്പരന്നു. "ഹോട്ട ലോ ? ഇവിടെയോ? ആർക്കു വേണ്ടി? പാവങ്ങളായ ആൾകാർക്ക് ഇവിടെ യു ളള രാമനുണ്ണിയുടെ ചായപ്പീടിക തന്നെ ധാരാളം.. പിന്നെന്തിനാ ഇത്രയും വലിയൊരു ഹോട്ടൽ.. "ഗ്രാമമുഖ്യൻ്റെ സംശയങ്ങൾ കേട്ട വിശാൽ ഉറക്കെ ചിരിച്ചു.. "ഹ ഹ ഹ.... ഈ അഞ്ചു നില ആഡംബര ഹോട്ടൽ ഇവിടുത്തെ പട്ടിണി പാവങ്ങളായ നാട്ടുകാർക്കല്ല... നിങ്ങൾക്കറിയില്ല ഇപ്പോൾ ഈ ഗ്രാമത്തിൻ്റെ മാർക്കറ്റ് വില... ഇവിടെ ഇത്തരം സംവിധാനങ്ങളുണ്ടെന്നറിഞ്ഞാൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ പ്രവാഹമായിരിക്കും ഇവിടെ.. ആ മലമുകളിൽ ഉടനെ തന്നെ ഒരു മണിമന്ദിരം ഉയരും... ഞങ്ങളിവിടെ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തും "വിശാൽ തുടർന്നു....

ഗ്രാമമുഖ്യന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല.. "ഇല്ല... അത് നടക്കില്ല.... ഞങ്ങളുടെ ദൈവമാണ് പവിഴമല... ഞങ്ങളുടെ ജീവനും ജീവിതവും ഈ മലനിരകളെയും അതിൽ നിന്നൊഴുകുന്ന പുഴയെയും ആശ്രയിച്ചാണ്.... ഇത്തരമൊരു നിർമാണം ഞങ്ങളുടെ പവിഴമലയുടെ നാശത്തിനു കാരണമാകും.. അതു കൊണ്ട് ദയവു ചെയ്ത് നിങ്ങൾ ഈ പദ്ധതി ഉപേക്ഷിക്കണം...." ഗ്രാമമുഖ്യൻ വിശാലിനോട് അപേക്ഷിച്ചു. "ഉപേക്ഷിക്കാനോ....ഹ ഹ ഹ ...ഒരിക്കലും സാധ്യമല്ല ..എല്ലാ നടപടികളും പൂർത്തിയാക്കി ഗവൺമെൻ്റിൻ്റെ അനുമതിയുമായി നാളെത്തന്നെ പണി തുടങ്ങാനുള്ള എല്ലാ ഏർപ്പാടുകളുമായാണ് ഞാനെത്തിയത്... ഒരു മര്യാദയുടെ പേരിൽ നിങ്ങളോട് പറഞ്ഞെന്നു മാത്രം... "ഇത്രയും പറഞ്ഞ് വിശാൽ പോയി

ഹൃദയം പൊട്ടുന്ന വേദനയുമായി ഗ്രാമമുഖ്യൻ നിന്നു.. ജനിച്ച നാൾ മുതൽ ഈ മലയും പുഴയും ക്ഷേത്രവും ജീവൻ്റെ ഭാഗമാണ്.. അതിനെ നശിപ്പിക്കാൻ സമ്മതിക്കരുത്.... ഗ്രാമമുഖ്യൻ ഉടനെ തന്നെ ഗ്രാമ വാസികളെ വിളിച്ചു കൂട്ടി വിവരം ധരിപ്പിച്ചു. അവരും ഗ്രാമമുഖ്യനോടൊപ്പം നിന്നു. പവിഴമലയുടെ നാശം തങ്ങളുടേയും നാശമാണെന്നവർക്കറിയാം.. ഇനിയൊരു നിർമ്മാണം പവിഴമലയ്ക്കു താങ്ങാനാവില്ലെന്നുള്ള കാര്യം വിശാലിനെ പറഞ്ഞു ബോധ്യ പ്പെടുത്താൻ അവർ തീരുമാനിച്ചു.

പിറ്റേ ദിവസം ഗ്രാമവാസികൾ കണി കണ്ടത് നിരനിരയായി വരുന്ന ലോറികളെയും തൊഴിലാളികളെയുമാണ്.. സംഭ്രാന്തരായ ഗ്രാമീണർ ഗ്രാമമുഖ്യ നൊപ്പം പവിഴമലയിലെത്തി പണിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്ന വിശാലിനെ കണ്ടു.. അവർ എല്ലാ കാര്യങ്ങളും വിശാലിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അയാൾ ഗ്രാമീണരെ പരിഹസിച്ചു തള്ളി. യന്ത്രങ്ങൾ തങ്ങളുടെ പവിഴമലയെ വിഴുങ്ങുന്നതു കണ്ടു നിൽക്കാനാകാതെ ഗ്രാമീണർ നിരാശരായി മലയിറങ്ങി .പെട്ടെന്ന് വലിയൊരലർച്ചയും പാറകൾ വീഴുന്ന ശബ്ദവും കേട്ട ഗ്രാമവാസികൾ ഞെട്ടിത്തിരിഞ്ഞു നോക്കി.. അവർക്ക് വിശ്വസിക്കാനായില്ല... അതെ... അത് സംഭവിച്ചു കഴിഞ്ഞു.. പവിഴമലയിൽ ഉരുൾ പൊട്ടി... പറയും മണ്ണു മാ യി പവിഴമലയിതാ താഴേക്കൊഴുകുന്നു.. പാറകൾക്കടിയിൽ പെട്ട് ജീവനു വേണ്ടിയുള്ള വിശാലിൻ്റെ തൊഴിലാളികളുടെ നിലവിളി അവർക്ക് കണ്ടു നിൽക്കാ നായില്ല... പരമാവധി പേരുടെ ജീവൻ അവർ രക്ഷിച്ചു.. ആ ശ്രമത്തിനിടയിൽചില ഗ്രാമവാസികളുടെ ജീവനും പൊലിഞ്ഞു.. കൂട്ടത്തിൽ വിശാലിനും ജീവൻ നഷ്ടമായി.

അതേ, സ്വാർത്ഥരായ മനുഷ്യരുടെ ഹീനമായ പ്രവൃത്തികൾക്കെതിരെ ഒരു നാൾ ഈ പ്രകൃതി ശബ്ദമുയർത്തുക തന്നെ ചെയ്യും.... പേമാരിയായും, കൊടുങ്കാറ്റായും മഹാ മാരിയായും മഹാവ്യാധിയായും.......

അഭിശ്രീ
9 A ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ