കൊട്ടക്കാനം എ യു പി സ്കൂൾ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിലെ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഗ്രാമത്തിൽ ഈ വിദ്യാലയം പരിലസിക്കുന്നു. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് വടക്ക് ഉപജില്ലയിൽ പെടുന്ന ഒരു വിദ്യാലയമാണിത്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി ഏഴു ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർക്ക് പുറമേ  8 അധ്യാപകരും  ഒരു അധ്യാപകതര ജീവനക്കാരനും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 1953ലാണ് ഈ മഹത്തായ സ്ഥാപനം ഉദയം ചെയ്തത് . 1953 സപ്തംബർ മാസത്തിൽ സ്കൂൾ തുറക്കുവാനുള്ള അനുമതി വിദ്യാഭ്യാസ അധികൃതരിൽ നിന്നും ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിന് പ്രവർത്തനം ആരംഭിച്ചു. 1954 ഏപ്രിൽ പതിനഞ്ചാം തീയതി പരാതനായ ശ്രീ വി ആർ നായനാർ അവർകളുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്  ശ്രീ ചിറക്കൽട്ടി ബാലകൃഷ്ണൻ നായർ( ബി എ ബി ടി ) അവർകൾ സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടക്കത്തിൽ ഈ വിദ്യാലയത്തിൽ മൂന്ന് അധ്യാപകരും പത്ത് അദ്ധ്യേതാക്കളും  ഉണ്ടായിരുന്നു. കുറച്ചുകാലത്തേക്ക് സ്കൂളിന്റെ പ്രവർത്തനം ഭംഗിയായി നടന്നുവെങ്കിലും 1954 ഓഗസ്റ്റ് 9ന് പകൽ 11മണിക്ക് ഉണ്ടായ ആഗസ്മികവും അപകടകരമായ ഒരു കൊടുങ്കാറ്റ് നാട്ടുകാരുടെ ആശാസൂതം ആയിരുന്ന സ്കൂൾ കെട്ടിടത്തെ കടപുഴകിയെറിഞ്ഞ് തരിപ്പണമാക്കി. ഭാഗ്യമെന്ന് പറയട്ടെ അതൊരു ശനിയാഴ്ചയായിരുന്നു. പ്രവർത്തി ദിവസം അല്ലാത്തതുകൊണ്ട് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

            തകർന്നടിഞ്ഞ കെട്ടിടത്തിന്റെ പുനർനിർമ്മിതിക്കായി നാട്ടുകാരിൽ നിന്നും സംഭാവന പിരിച്ചെടുക്കുക ബുദ്ധിമുട്ടാണെന്ന് ബോധ്യമായതിനാൽ സ്വന്തം ഉത്തരവാദിത്വത്തിൽ കെട്ടിട നിർമ്മാണത്തിന് തയ്യാറാകുന്ന വ്യക്തിക്ക് നശിച്ച കെട്ടിടത്തിൽ അവശിഷ്ടങ്ങൾ വിട്ടുകൊടുക്കാൻ കമ്മിറ്റി തയ്യാറായി. അങ്ങനെ പരേതനായ ശ്രീ പി വി ചാത്തുക്കുട്ടി നമ്പ്യാർ കെട്ടിട നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തു. അദ്ദേഹം ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. 1955 ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി സുദിനത്തിൽ  പുതുതായി പണിത കെട്ടിടത്തിൽ വച്ച് അദ്ധ്യായനം ആരംഭിച്ചു. 1956 ജൂണിൽ പൂർണ്ണ എലിമെന്ററി സ്കൂൾ ആയി. 1957 ജൂൺ മാസത്തിൽ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആക്കി ഉയർത്തുകയും 1959ൽ പൂർണ്ണ അപ്പർ പ്രൈമറി സ്കൂൾ ആയി തീരുകയും ചെയ്തു. പ്രഥമ പ്രധാന അധ്യാപകനായിരുന്ന ശ്രീ എൻ കോരൻ മാസ്റ്ററുടെ അകാല വിയോഗത്തിന് ശേഷം 1956 മുതൽ 1987 വരെ ശ്രീ അച്യുതൻ നമ്പ്യാരായിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം വിരമിച്ച ശേഷം ശ്രീ  എം ഒ ശ്രീധരൻ നമ്പ്യാർ 1987 മുതൽ 1991 വരെ  ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1991 ഏപ്രിൽ മെയ് മാസങ്ങളിൽ ശ്രീ ഗോവിന്ദൻ മാസ്റ്റർ പ്രധാന അധ്യാപകനായി. 1991 ജൂൺ മുതൽ 2005 വരെ ശ്രീമതി ഇ കെ ഭവാനി ടീച്ചർ പ്രധാന അധ്യാപികയായി.  ശേഷം 2020 വരെ ശ്രീ പി ചന്ദ്രശേഖരൻ മാസ്റ്റർ  സ്കൂളിന്റെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ശ്രീമതി ടി ഹേമലത  സ്കൂളിന്റെ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.