കൂടുതൽ വായിക്കുക/ഗവ. എൽ. പി. എസ് കന്യാകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്

കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്. 100-ൽ പരം വർഷങ്ങൾക്ക് മുമ്പ് കുടിപള്ളിക്കൂടമായി വടക്കേപ്പാറ വീടിന്റെ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചു. പറങ്കിമാംവിള ശ്രീ അലിയാരുകുഞ്ഞ് സംഭാവനയായി നൽകിയ സ്ഥലത്ത് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യകാല എം.എൽ.എ മാരായ ശ്രീ പൊന്നറ ശ്രീധർ ,ശ്രീ പി.എസ്.നടരാജപിള്ള തുടങ്ങിയവരുടെ ഇടപെടലുകളും സഹകരണങ്ങളും സ്കൂൾ സ്ഥാപിക്കുന്നതിന് ലഭിച്ചിട്ടുണ്ട്. പിന്നീട് പടിപടിയായി ഹൈസ്കൂൾ ആയി മാറുകയും ചെയ്തു.

          1962-ൽ ഹൈസ്കൂളിൽ നിന്നും പ്രൈമറി വിഭാഗം പ്രത്യേക ഹെഡ് മാസ്റ്ററുടെ കീഴിലാക്കി എൽ.പി.എസ് ആക്കി മാറ്റി പ്രവർത്തിച്ചു തുടങ്ങി. അതിനുശേഷം പൊതു തീരുമാനപ്രകാരം പെൺകുട്ടികളുടെ വിഭാഗം എൽ.പി.എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും എൽ .പി .എസിന്റെ പ്രവർത്തനം ഇപ്പോഴത്തേ ബോയ്സ് ഹൈസ്കൂളിന്റെ കെട്ടിടത്തിലേക്ക് മാറ്റുകയും വീണ്ടും പഴയ സ്ഥലത്തു തന്നെ പ്രവർത്തനം തുടരുകയും ചെയ്തു. പിൽക്കാലത്ത് ഗേൾസ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്തേക്ക് മാറുകയും എൽ.പി.എസ് ബോയ്സ് സ്കൂളിന്റെ പുറകുവശത്ത് ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് സ്ഥാനം ഉറപ്പിക്കുകയും ഉണ്ടായി. അങ്ങനെ കന്യാകുളങ്ങരയ്ക്ക് മൂന്ന് ഗവൺമെന്റ് സ്കൂളുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.

        60 വർഷങ്ങൾക്ക് മുമ്പ് 5, 6, 7 എന്നീ ക്ലാസുകളും അതിനു ശേഷം 8, 9, 10 ക്ലാസുകളും ഗവൺമെന്റിൽ നിന്ന് അനുവദിച്ചു കിട്ടിയ ഹൈസ്കൂളുകളും പ്രൈമറി സ്കൂളും പ്രവർത്തനം തുടരുന്നു.

      1911-ൽ മഹാത്മാ ഗാന്ധി വേറ്റിനാട് മണ്ഡത്തിൽ എത്തുകയും അവിടെ നടത്തിയ പ്രഭാഷണം ഉൾക്കൊണ്ട് ഈ സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായും ചരിത്രം വെളിവാക്കുന്നു.

        1950 -തോടെ വടക്കേപ്പാറയിൽ ശ്രീ അബ്ദുൽ റഹുമാൻ, പെരുംകൂർ ശ്രീ  രാമകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പിരിവെടുത്തും ഗവൺമെന്റിന്റെ സഹായത്തോടെയും രണ്ടു കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കി. പിന്നീട് ശ്രീ കുഞ്ഞുകൃഷ്ണ പിള്ള എം.എൽ.എ അനുവദിച്ച രണ്ടു നില കെട്ടിടവും ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി.

      സാമൂഹിക, രാഷ്ട്രീയ രംഗത്തുൾപ്പെടെ സുപ്രധാന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള നിരവധി സമർത്ഥരായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. 1962 മുതൽ വേറിട്ട് പ്രവർത്തനം ആരംഭിച്ച പ്രൈമറി വിഭാഗം കന്യാകുളങ്ങരയ്ക്ക് ഒരു തിലകക്കുറിയായി തിളങ്ങി നിൽക്കുന്നു. പ്രതിസന്ധികളിൽ പലതിലും തളരാതെ തികഞ്ഞ മികവോടെ നിലനിൽക്കുന്നതിനു പിന്നിൽ മികച്ച പി.ടി.എകൾ, നേതൃപാടവമുള്ള പ്രധമാധ്യാപകർ, ഒത്തൊരുമയോടെ പ്രവർത്തിച്ച അധ്യാപകർ, അനധ്യാപകർ, നല്ലവരായ നാട്ടുകാർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കൂട്ടായ്മ തന്നെയാണെന്ന് സ്കൂൾ ചരിത്രം വ്യക്‌തമാക്കുന്നു.