ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രകൃതി നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നൽകിയ പാഠം

ഈ അധ്യയന വർഷത്തിൽ വളരെ നല്ല നിമിഷങ്ങൾ സമ്മാനിച്ച് കടന്നു പോവുകയായിരുന്ന നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് അവൻ കടന്നു വന്നത്. അവനെ ലോകം കൊറോണ എന്നു വിളിച്ചു. അവൻ നമുക്കായി സമ്മാനിച്ച വ്യാധിയെ കോവിഡ്-19 എന്നും. കഴിഞ്ഞ ഓണവും ക്രിസ്‍തുമസും എല്ലാവരും ആഘോഷിച്ചു. എങ്കിലും പലരുടെയും വീടുകളിൽ അത് ആഘോഷിക്കുവാൻ എല്ലാവരും ഉണ്ടായിരുന്നില്ല. പലർക്കും തിരക്കുകളായിരുന്നു. പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. എന്നാൽ ഈ വർഷത്തിൽ അതെല്ലാം മാറി മറിഞ്ഞു. പുതു വർഷത്തിൽ നമ്മുടെ അയൽ രാജ്യമായ ചൈനയിൽ പുതിയ രോഗം ഉടലെടുത്തു. ആരും അത് കാര്യമായിട്ടെടുത്തില്ല. പക്ഷെ മാർച്ച് മാസം വാർഷിക പരീക്ഷയുടെ സമയം കോവിഡ്-19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു. പതിനായിരക്കണക്കിനു മനുഷ്യർ മരണപ്പെട്ടു. ആരംഭ ഘട്ടത്തിൽ തന്നെ ഇന്ത്യാ ഗവൺമെന്റ് ഉചിതമായ ഒരു തീരുമാനം കൈക്കൊണ്ടു. "ലോക് ഡൗൺ ‍" ജനങ്ങൾക്ക് അതൊരു പുതുമയായിരുന്നു. എല്ലാവരും വീടുകളിൽ തന്നെ കഴിയാൻ പറഞ്ഞു. ഫാൿടറികൾ, ഷോപ്പിങ്ങ് മാളുകൾ, തിയറ്ററുകൾ, ഓഫീസുകൾ, വാഹനങ്ങൾ, റയിൽ ഗതാഗതം എല്ലാം തന്നെ നിശ്ചലമായി. എന്തിനും ഏതിനും ആശുപത്രികളെ ആശ്രയിച്ചിരുന്നവർ, വിവാഹങ്ങളും മറ്റും ആഘോഷമാക്കിയിരുന്നവർ ദൈവം സർവ വ്യാപിയാണെന്നറിഞ്ഞിട്ടും ആൾ ദൈവങ്ങളെ തേടിപ്പോയിരുന്നവർ, എല്ലാം എല്ലാം മാറ്റിവച്ച് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി. ഉള്ളതു കൊണ്ട് ഭക്ഷിച്ചു തുടങ്ങി. ഈസ്‍റ്ററും വിഷുവും ആർഭാടമില്ലാതെ ആഘോഷിച്ചു. എല്ലാറ്റിനും പുറമെ കൊറോണ എന്ന മഹാമാരി മൂലം വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഓരോരുത്തരുടെയും ദിനചര്യയായി മാറി. അതോടൊപ്പം സ്വന്തമായി പാചകം ചെയ്യലും വീടുകളിലെ പച്ചക്കറി കൃഷിയും ഓരോരുത്തരും ഉത്സാഹത്തോടെ ചെയ്യുവാൻ തുടങ്ങി. വീടുകളിൽ എല്ലാവരും ചേർന്ന് മറന്നിരുന്ന പഴയ നാടൻ കളികളിൽ പ്രായ ഭേദമെന്യെ പങ്കെടുത്തു. കേരളത്തിന്റെ പഴയ കാലത്തിലേക്കൊരു തിരിച്ചു പോക്കായി മാറി ഈ ലോക് ഡൗൺ കാലം . പുതിയ അനുഭവങ്ങളുടെ ഒരു വേദിയായി വീടുകൾ. വീട്ടമ്മമാർക്ക് ഏറെ സന്തോഷമായി. കാരണം ഇതുപോലെ എല്ലാവരെയും ഒത്തു കിട്ടിയതിലുള്ള സന്തോഷം.. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നാം നേരിട്ട രണ്ട് പ്രളയങ്ങളിലും ജാതിയും മതവും നോക്കാതെ പരസ്‍പരം സ്‍നേഹിച്ചും സഹായിച്ചും അതിനെ ഒത്തൊരുമയോടെ നേരിട്ടു. അതുപോലെ കൊറോണ പിടിപെട്ടപ്പോഴും നൻമയുള്ള നമുഷ്യരെ നമുക്ക് കാണുവാൻ കഴിഞ്ഞു. നമ്മുടെയെല്ലാവരുടെയും രക്ഷയ്‍ക്ക് മുന്നിട്ടിറങ്ങിയ ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ തൃണവൽഗണിച്ച് രാപ്പകൽ ജോലി ചെയ്‍തു. അതുപോലെ പോലീസ് സേന, ഫയർ ഫോഴ്‍സ്, സന്നദ്ധ സംഘടനകൾ ഇവരുടെയെല്ലാം സേവനങ്ങൾ ഒരിക്കലും മറക്കാവതല്ല. അഹങ്കാരികളായ മനുഷ്യർ ഭൂമിയെ ചൂഷണം ചെയ്‍ത് മുന്നേറുമ്പോൾ അത് ഇല്ലാതാക്കാൻ പ്രകൃതി ഇതുപോലുള്ള മുന്നറിയിപ്പുകൾ തരുന്നു. അത് മനസ്സിലാക്കി നമ്മുടെ ഭൂമിയെ നമുക്ക് സംരക്ഷിക്കാം.. കൊറോണ നമ്മുടെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായാലും അത് നമ്മെ പഠിപ്പിച്ച പാഠങ്ങൾ മറക്കാതെ പിൻതുടരാം.

ആൽഫ്രഡ് വർഗീസ്
എട്ട്-ബി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം