എ.എച്ച്.എസ്. പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം മോചനം കാലൊച്ചയും കാത്ത് .. / മോചനം കാലൊച്ചയും കാത്ത് ..

Schoolwiki സംരംഭത്തിൽ നിന്ന്
      മോചനം കാലൊച്ചയും കാത്ത്


       ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു അടച്ചിടലിലാണ് നമ്മൾ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമൂഹ  ജീവികളായ നമുക്ക് മറ്റുള്ളവരുമായി ഇടപഴകാതെ കഴിയുക എന്നത് ദുഃസ്സഹമായ കാര്യമാണ്. പരിചയക്കാരോട് രണ്ട് വാക്ക് മിണ്ടാതെ, അങ്ങാടികളിൽ ഇറങ്ങി വൈകുന്നേരങ്ങൾ  ചിലവഴിക്കാതെ മുന്നോട്ട് പോകുക എന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. നാം ഏറ്റവും പവിത്രമായി കാണുന്ന രോഗി സന്ദർശനവും, മരണവീട്  സന്ദർശനവും ഇന്ന് വിലക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം മലയാളികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമാണ്. അതുകൊണ്ട് തന്നെ ഈ അടച്ചിടൽ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതും നമ്മെത്തന്നെയാണ്. 
     കൊറോണ വൈറസ് ഒരു പേമാരിയെപോലെയാണ്. ആദ്യം ഇടിയും, മിന്നലും. അപ്പോൾ നമ്മൾ കരുതി, ഏയ് അത് നമ്മളെ ബാധിക്കില്ല. ദൂരെയെവിടെയോ പെയ്ത് പോകും. പിന്നീട് അത് ചാറ്റൽ മഴയായി. അപ്പോഴും നാം ആശ്വസിച്ചു. പിന്നീട് അതൊരു പേമാരിയായി പെയ്തിറങ്ങാൻ തുടങ്ങിയപ്പോഴാണ് നാം അതിന്റെ ആഴവും പരപ്പും മനസ്സിലാക്കിയത്. 
      തികച്ചും ജനാധിപത്യരീതിയിലാണ് കൊറോണ വൈറസ് ഇരകളെ പിടിച്ച്കൊണ്ടിരിക്കുന്നത്. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ അതിന് നോട്ടമില്ല. ജാതിയോ, മതമോ, ലിംഗമോ, അതിന് പ്രശ്നമില്ല.
             എന്റെ ഓർമകളിലൊന്നും തന്നെ ഇതുപോലെയൊരു റംസാൻ കാലം ഉണ്ടായിട്ടില്ല. പള്ളികളിൽ തറാവീഹ് നമസ്കാരങ്ങൾ ഇല്ലാതെ, നോമ്പ്തുറകളില്ലാതെ, കുടുംബവീടുകൾ സന്ദർശിക്കാതെ, എല്ലാം ഇതാദ്യം. കഴിഞ്ഞ നൂറ്റാണ്ടിലെ വില്ലനായ സ്‍പാനിഷ് ഫ്ലൂ ഇതിന് സമാനമായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. 
          പുറത്തിറങ്ങി സ്വന്തം നാടിന്റെ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കണം. ഞാനടക്കം എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം ഇന്ന് ഇതായിരിക്കും. മനുഷ്യൻ എത്ര നിസ്സാരനാണെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ ഈ സാഹചര്യം. നമ്മുടെ പരിമിതികളെ ബോധ്യപ്പെടുത്തുന്നതാണ് ഈ അടച്ചിടൽ കാലം. 
        കൊറോണ വൈറസിന്റെ നീരാളി കൈകളിൽ നിന്ന് എത്രയും വേഗത്തിൽ മോചനമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു നാളെക്കായി സ്വപ്നം കണ്ട് നിർത്തുന്നു. 




NAHDA.T.K
8E എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം