എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കലയന്താനി ഇന്നലെ ഇന്ന്

തൊടുപുഴ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശം-കലയന്താനി. കലയന്താനി ഒരു ഗ്രാമമല്ല. ഇളംദേശം ആലക്കോട് കരകളുടെ സംഗമ സ്ഥാനമാണ് ഈ സ്ഥലം.

തരിശായി കിടന്ന ഒരു കുന്നായിരുന്നു പണ്ട് ഈ പ്രദേശം. കലയന്താനിയിൽ പള്ളി പണിയുന്നതിന് അനുമതി നൽകിക്കൊണ്ട് 1916 ഏപ്രിൽ 15 ന്എറണാകുളം വികാരി അപ്പസ്തോലിക്കാ പഴേപ്പറമ്പിൽ ളൂയിസ് മെത്രാൻ പുറപ്പെടുവിച്ച കല്പനയിൽ കലയന്താനിക്കുന്നിൽ പള്ളിപണിയാൻ അനുവദിച്ചിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സ്ഥലത്തിനു പിന്നിൽ

കലയന്താനി എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തിയേപ്പറ്റി പല വ്യഖ്യാനങ്ങളുണ്ട്. ഇപ്പോൾ പള്ളിയിരിക്കുന്ന കുന്നിൽ ഒരു കലയവും താന്നിയും ചേർന്നുനിന്നിരുന്നുവെന്നും, കലയും താന്നിയും ചേർന്നുനിൽക്കുന്ന കുന്ന് എന്ന അർത്ഥത്തിൽ കലയന്താനിക്കുന്ന് എന്ന പേരുണ്ടായി എന്നാണ് ഒരു വ്യാഖ്യാനം. കലയുടെ നാട് എന്ന അർത്ഥത്തിലാണ് ഈ പേരുണ്ടായതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. പണ്ട് ഇവിടെയുണ്ടായിരുന്ന വിവിധ ജനവിഭാഗങ്ങൾ തമ്മിൽ മണ്ണിനും പണത്തിനും വേണ്ടി പരസ്പരം കലഹിച്ചുവെന്നും കലഹംതന്നെ രൂപാന്തരപ്പെട്ട് കലഹന്താനിയും പിന്നീട് കലയന്താനിയുമായി എന്നാണ് വേറെ ചിലരുടെ വിശദീകരണം.

കലയന്താനി എന്ന സ്ഥലമേ ഇല്ല എന്നുവാദിക്കുന്ന വേറൊരുവിഭാഗം ഉണ്ട്. തൊടുപുഴ താലൂക്കിന് ആദ്യമുണ്ടായിരുന്ന അഞ്ചുപകുതികളിലൊന്നായ കാരിക്കോട് പകുതിയിലെ ഇളംദേശം കരയുടെ അതിർത്തി നിർണ്ണയിക്കാൻ വന്ന ഉദ്യോഗസ്ഥൻ ഈ കുന്നിൻപ്പുറത്ത് അന്നുണ്ടായിരുന്ന കലയും താന്നിയും നിൽക്കുന്നിടം അതിർത്തിയായി നിശ്ചയിച്ചു എന്നാണിക്കൂട്ടരുടെ വാദം.

ചരിത്രവഴിയിലൂടെ

വടക്കുംകൂർ രാജക്കന്മാരുടെ ഭരണത്തിൻകീഴിൽ ആയിരുന്നു ഈ ഭൂവിഭാഗം. ഇന്നത്തെ തൊടുപുഴ- വെള്ളിയാമറ്റം റോഡിന് ഏറെക്കുറെ സാമാന്തരമായി അക്കാലത്ത് കാരിക്കോട്, ചാലങ്കോട്, ഇടവെട്ടി, ആലക്കോട്, കലയന്താനി, ഇളംദേശം, വെള്ളിയാമറ്റം സ്ഥലങ്ങളിലൂടെ പാണ്ടിനാട്ടിലേക്ക് ഒരു പെരുവഴി ഉണ്ടായിരുന്നതായി പഴമക്കാർ പരയുന്നു. ഈ സ്ഥലങ്ങളിൽ പലയിടത്തും ക്ഷേത്രാവശിഷ്ടങ്ങളും, കുളങ്ങളും, കെട്ടിടങ്ങളുടെ തറകളും മറ്റും കാണപ്പെടുന്നതിനാൽ ഒരുകാലത്ത് ഇവിടെ ആളുകൾ തിങ്ങിപ്പാർത്തിരുന്നുവെന്ന് ഊഹിക്കാം. ഈ പ്രദേശങ്ങളിലെ മണ്ണിനടിയിൽനിന്നും കണ്ടെടുത്തിട്ടുള്ള മൺചാറകളും, വിളക്കുകളും, ആയുധങ്ങളും ഈ നിഗമനത്തിനു പിൻബലമേകുന്നു.