എന്റെ വീടിന് എന്റെ കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ ലോകത്തിലേക്ക് ഒതുങ്ങിയ കുട്ടികളെ അവരുടെ സ്വാഭാവിക ജീവിതക്രമത്തിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമമെന്ന നിലയിലും, കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഒരു ചെറിയ പരിഹാരം എന്ന നിലയിലും, ജൂലൈ മാസം മുതൽ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്ന സ്കൂളിന്റെ തനതു പ്രവർത്തനമാണിത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഓൺലൈനായി നിർവ്വഹിച്ചു. അഭിവന്ദ്യ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോഗോ പ്രകാശനം ചെയ്തു. കുടുംബവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കോർത്തിണക്കികൊണ്ട് ഓരോ മേഖലയുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനായി അദ്ധ്യാപകരുടെ ഒരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അടുക്കളത്തോട്ട നിർമ്മാണം, തേനീച്ച വളർത്തൽ, മത്സ്യ കൃഷി, മൃഗ പരിപാലനം, പ‍ൂന്തോട്ട നിർമാണം, ക്രാഫ്റ്റ്, നാടൻ വിഭവങ്ങള‍ുടെ നിർമാണം എന്നീ മേഖലകളിൽ ആവേശത്തോടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഫീൽഡ് വിസിറ്റുകൾ തനതു പ്രവർത്തനത്തിന് ഊർജ്ജം പകരുന്നു.

കുട്ടികൾക്ക് പ്രോത്സാഹനം നല്കുന്നതിനായി കർഷക ദിനത്തിൽ മികച്ച കുട്ടി കർഷകരെ കണ്ടെത്തി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ തുറന്നതിനു ശേഷം സ്കൂൾ കോമ്പൗണ്ടിൽ ഒരു കൃഷിത്തോട്ടം നി‍ർമ്മിച്ച് സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുന്നു. ഇവിടുത്തെ കരനെൽകൃഷി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്.

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക → കൈത്താങ്ങ്