അണ്ടത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്

'മലപ്പുറം ജില്ലയുടെ പിറവിക്ക് മുമ്പ് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു അണ്ടത്തോട്. പിന്നീട് ഇവിടം തൃശ്ശൂർ ജില്ലയിലേക്ക് ചേർക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ പ്രഥമ നിയമസഭയിൽ ഒരു അസംബ്ലി മണ്ഡലമായിരുന്നു അണ്ടത്തോട്. ഇപ്പോഴുള്ള പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ ആദ്യകാലത്ത് അണ്ടത്തോട് പൊലീസ് സ്റ്റേഷനായിരുന്നു.കേരളത്തിന്റെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ നടപ്പാടകലെയുള്ള പ്രദേശമെന്ന നിലക്കും പൗരാണിക വൈജ്‍ഞാനിക പ്രഭ ചൊരിഞ്ഞുനിന്ന മേഖല എന്ന നിലക്കും അണ്ടത്തോടിന് പണ്ടേ പെരുമയുണ്ടായിരുന്നു. ഫതഹുൽ മുബീന്റെ രചയിതാവ് ശുജാഇ മൊയ്തുമുസ്‌ല്യാരുടെ ഈ നാട് ഇസ്‌ലാമിക കേരളത്തിന് പ്രിയപ്പെട്ടതായിരുന്നു. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് അണ്ടത്തോട് ജുമുഅത്ത് പള്ളി. പള്ളിക്ക് എതിർവശത്ത് ഒരു ഇടവഴിയുണ്ടായിരുന്നു. അവിടെ തെളിവെള്ളമുള്ള ഒരു പൊയ്കയും അതിൽ നിറയെ കടും പച്ച കുളച്ചണ്ടികളുമുണ്ടായിരുന്നു. ആ കുളച്ചണ്ടികളുടെ വേരുകൾ അഴുക്ക് മുഴുവൻ വലിച്ചെടുത്ത് ജലാശയത്തെ നിർമ്മലമാക്കി നിർത്തിയിരുന്നു. പുന്നയൂർക്കുളം ,ഉപ്പുങ്ങൽ തുടങ്ങിയ വിദൂര ദേശങ്ങളിൽ നിന്നു പോലും മയ്യിത്ത് മറമാടാൻ കൊണ്ട് വന്നിരുന്ന ഖബറിത്താനായിരുന്നു ഇത്. പള്ളിക്ക് വടക്കുഭാഗത്ത് പ്രസിദ്ധമായ ഒരു ചന്തയുണ്ടായിരുന്നു. ഇന്ന് ഇരുപത്തിനാല് മണിക്കൂറും ചീറിപ്പായുന്ന നാഷണൽ ഹൈവേയുടെ ഭാഗമായ റോഡ് സംവിധാനം ഇവിടുണ്ടായിരുന്നില്ല . പകരം ചരൽ വിരിച്ച നടവഴികളായിരുന്നു.അകലാട് പള്ളി മുതൽ ചാവക്കാട് വരെ പൂഴിമണ്ണായിരുന്നു. നടക്കുന്ന വഴി എന്ന അർത്ഥത്തിൽ നടക്കായി എന്നാണ് റോഡിനെ വിളിച്ചിരുന്നത്. കനോലി കനാലാണ് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് .ചരക്കുവള്ളങ്ങൾ ഇവിടങ്ങളിലെ നിത്യ കാഴ്ചയായിരുന്നു. പനന്തറ ,അണ്ടത്തോട് എന്നിവയായിരുന്നു പ്രധാന കയറ്റിറക്കു കേന്ദ്രങ്ങൾ. പാലം ഇല്ലാത്തതുമൂലം പുതുപൊന്നാനി വരെ മാത്രമേ റോഡ് സൗകര്യം ഉണ്ടായിരുന്നുള്ളൂ. 1968 ലാണ് ആദ്യമായി ബസ്സ് ഗതാഗതം തുടങ്ങിയത്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പുന്നയൂർക്കുളം വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണ് അണ്ടത്തോട്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലാണ് .മദ്രാസ് പ്രസിഡൻസിയുടെ കീഴിലെ മലബാർ ഡിസ്ട്രിക്ടിൽ ഉൾപ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയൂർക്കുളം. പിന്നീട് ഇത് അണ്ടത്തോട് ,ആറ്റുപുറം എന്നീ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു. 1962-ലാണ് ഇന്ന് നിലവിലുള്ള ഏകീകൃത പുന്നയൂർക്കുളം പഞ്ചായത്തായി മാറിയത്. ആദ്യം കോഴിക്കോട് ജില്ലയിലും പിന്നീട് 1956-നു ശേഷം പാലക്കാട് ജില്ലയിലും ഉൾപ്പെട്ടിരുന്ന അണ്ടത്തോട് 1970-കൾക്കുശേഷമാണ് തൃശ്ശൂർ ജില്ലയിലായത്.തെക്കേമലബാറിലെ വളരെ പ്രശസ്തമായ കളരിത്തറവാടായ അണ്ടത്തോട്ടെ ചെറായി കളരി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചെറായി പണിക്കന്മാർ നടത്തിയിരുന്ന ഈ കളരിയിൽ ഒതേനൻ ആയുധവിദ്യ അഭ്യസിക്കാൻ എത്തിയിരുന്നതായി ചരിത്രസൂചനയുണ്ട്. നാട്ടിൽ നിന്ന് പഠനം കഴിഞ്ഞ ഒതേനൻ ഉപരിപഠനാർത്ഥം രണ്ടുവർഷം കൊല്ലം ചെറായി കളരിയിൽ ആയുധവിദ്യ അഭ്യസിച്ചിട്ടുണ്ട്. ചില അപൂർവ്വ വിദ്യകൾ പഠിക്കാനായിരുന്നുവത്രേ ഒതേനൻ ഇവിടെ വന്നത്. ഇതിൽ നിന്നും മനസ്സിലാവുന്ന വസ്തുത, അണ്ടത്തോട് ചെറായി കളരിയുടെ പ്രശസ്തി വർഷങ്ങൾക്കു് മുമ്പുതന്നെ വടക്കേമലബാറിലും എത്തിയിരുന്നു എന്നാണ്. കേരളത്തിൽ ഏറ്റവുമധികം രാമച്ചം കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന ഗ്രാമങ്ങളിലൊന്നാണ് അണ്ടത്തോട്.വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത് അസംസ്കൃതവസ്തുവായി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന പരമ്പരാഗതകാർഷികോൽപ്പന്നമാണ് രാമച്ചം.ഒരു ആയുർവ്വേദ ഉൽപന്നമായ രാമച്ചം മറ്റു സംസ്ഥാനങ്ങളിലെത്തിച്ചു സംസ്കരിച്ച് കിടക്കകളും വിശറികളും ഉണ്ടാക്കി വീണ്ടും കേരളത്തിന്റെ മാർക്കറ്റുകളിൽ തന്നെയെത്തുന്നു. ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത് കൊളാടി ഗോവിന്ദൻകുട്ടി മേനോൻ ആയിരുന്നു. 1957-ൽ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കെ.ജി. കരുമാകരമേനോനെ പരാജയപ്പെടുത്തി അണ്ടത്തോട് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം ഒന്നാം കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അണ്ടത്തോട് ഗ്രാമം സ്ഥിതിചെയ്യുന്ന പുന്നയൂർക്കുളം പഞ്ചായത്തിന്റെ മണ്ണിൽ ജനിച്ചുവളർന്ന് സാഹിത്യ-സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ നാലപ്പാട്ട് നാരായണമേനോൻ,ബാലാമണിയമ്മ,കമലാസുരയ്യ(മാധവിക്കുട്ടി) എന്നിവർ ഈ ഗ്രാമത്തിന്റെ പ്രശസ്തി ലോകം മുഴുവൻ എത്തിച്ചവരാണ്.വിക്ടർഹ്യൂഗോയുടെ പാവങ്ങൾ എന്ന വിശ്വവിഖ്യാതമായ നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് നാലാപ്പാട്ട് നാരായണമേനോനാണ്. മലയാളത്തിന്റെ അമ്മയായ ബാലാമണിയമ്മ എന്ന കവയിത്രിയെ രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചു. മകളാകട്ടെ മാധവിക്കുട്ടി, കമലാദാസ് എന്നീ പേരുകളിൽ കഥയും കവിതകളുമെഴുതി ലോകപ്രശസ്തയായി മലയാളമണ്ണിന്റെ ഖ്യാതി ലോകമെങ്ങുമെത്തിച്ചു. അണ്ടത്തോട് ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലിനോട് ചേർന്ന് ഏകദേശം 3 കിലോമീറ്റർ വിസ്തൃതിയിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നു. ടിപ്പുസുൽത്താൻ റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട്. മത്സ്യബന്ധനവും മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് ഏകദേശം 1000-ത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. കൂടുതലാളുകളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ഈ അടുത്ത കാലങ്ങളിലായി പുതിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തികൊണ്ട് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരും ധാരാളമായുണ്ട്.സ്വാതന്ത്ര്യലബ്ധിക്കു മുൻപ് എഴുത്താശാൻമാരുടെ കീഴിൽ നിലത്തെഴുത്ത് അഭ്യസിക്കുകയായിരുന്നു വിദ്യാഭ്യാസത്തിന്റെ ആദ്യ പടി. കുടുക്കയിൽ പൂഴിമണൽനിറച്ച് പനയോലകളും കൊണ്ടാണ് അന്നത്തെ വിദ്യാർത്ഥികൾ എഴുത്തുപള്ളിയിൽ പോകുക. ചൂണ്ടാണിവിരൽ കൊണ്ടാണ് പൂഴിയിൽ ഹരിശ്രീ കുറിക്കുക. അക്ഷരങ്ങൾ ഓലയിൽ എഴുതിക്കൊടുക്കുകയും ചെയ്യും. അതായിരുന്നു അന്നത്തെ വിദ്യാഭ്യാസസമ്പ്രദായം. സവർണ്ണകുട്ടികളെ ഒരിടത്തും അവർണ്ണരെ മറ്റൊരിടത്തും മാറ്റിനിർത്തുകയും ചെയ്യും. ദേഷ്യം വന്നാൽ ആശാൻ സവർണ്ണ വിദ്യാർത്ഥികളെ വടികൾ കൊണ്ട് കയ്യിൽ അടിക്കുകയും അവർണ്ണവിദ്യാർത്ഥികളെ അയിത്തത്തിന്റെ പേരിൽ വടികൊണ്ട് എറിയുകയുമായിരുന്നു പതിവ്. ജാതിയുടെ പേരിൽ സ്വന്തം ശിഷ്യന്മാരോടു പോലും ആശാൻമാർ വിവേചനം കാട്ടിയിരുന്നു. 1892-ലാണ് അണ്ടത്തോട് ഗ്രാമം ഉൾപ്പെടുന്ന പുന്നയൂർക്കുളത്ത് ആധുനികവിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചത്.1892-ൽ പുഴിക്കളയിൽ ഹിന്ദു എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇതാണ് അണ്ടത്തോട് ഗ്രാമത്തിനടുത്തുള്ള ആദ്യത്തെ വിദ്യാലയം. ഇത് പിന്നീട് എലിയങ്ങാട്ട് രാജ ഏറ്റെടുത്ത് രാമരാജ സ്കൂൾ എന്ന പേരുനൽകി. കാലക്രമേണ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം വർദ്ധിക്കുകയുണ്ടായി. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ പ്രവർത്തനഫലമായി പരൂർ എലിമെന്ററി സ്കൂൾ, ചമ്മന്നൂരിൽ ഇപ്പോഴും പ്രവർത്തിക്കുന്ന പ്രൈമറിവിദ്യാലയം, പുന്നയൂർക്കുളം ജി.എം.എൽ.പി.എസ്, കടിക്കാട് പ്രവർത്തിച്ചിരുന്ന പ്രൈമറിവിദ്യാലയം തുടങ്ങിയവയൊക്കെ സ്വാതന്ത്ര്യസമ്പാദനത്തിനു മുമ്പുതന്നെ നിലവിൽ വന്നിരുന്നു. 1993-ലാണ് കടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ നിലവിൽ വന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഉയർന്ന സാമൂഹ്യ അവബോധവും ഉന്നത നിലവാരവും ഉള്ളവരാക്കി മാറ്റിയെടുക്കാനുമുള്ള ശ്രമകരമായ പ്രവർത്തനം മുന്നിൽ കണ്ടുകൊണ്ട് സംഘടിപ്പിച്ച സംരംഭമായ തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് 1998ലാണ് അണ്ടത്തോട് തഖ്‌വ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്. സാമ്പത്തികമായി പിന്നോക്കമായി എന്ന കാരണം കൊണ്ട് മതിയായ വിദ്യാഭ്യാസമോ ,സംസ്കാരമോ ലഭിച്ചിട്ടില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥിനികളെ കണ്ടെത്തി പൂർണ്ണ സംരക്ഷണവും സഹായവും നൽകുക എന്ന ഉദ്ധേശത്തോടെ പ്രഥമ സംരംഭമായി അണ്ടത്തോട് തഖ്‌വ വനിതാ യത്തീംഖാനക്ക് തുടക്കമിട്ടു. തീരപ്രദേശമായ അണ്ടത്തോടിലെ സാധാരണക്കാർക്ക് അപ്രാപ്യമായ ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനായി സ്ഥാപിക്കപ്പെട്ട തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ ഇന്ന് ഉന്നത നിലവാരം പുലർത്തിവരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടുത്തെ മുഖ്യ ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. അറബിക്കടലിനോടു ചേർന്നുകിടക്കുന്ന തീരപ്രദേശവും സമതലപ്രദേശങ്ങളുമടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രദേശം. മുഖ്യകൃഷി തെങ്ങ്, നെല്ല്, ഇടവിളകളായി കിഴങ്ങുവർഗ്ഗങ്ങൾ, വാഴ, പച്ചക്കറി എന്നിവയാണ്. പഴയകാലത്ത് തീരപ്രദേശങ്ങളിൽ പ്രധാനമായും കശുമാവാണ് കൃഷി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ എതാനും ദശകങ്ങളായി രാമച്ചകൃഷിയും കൂർക്ക കൃഷിയും ഈ പ്രദേശത്ത് വികസിച്ചു. കശുമാവുകൃഷി നാമമാത്രമായി ചുരുങ്ങി. .പുരാതന കലാരൂപമായ അറബനമുട്ട്, കോൽക്കളി തുടങ്ങിയവ ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു. എഴുപതുകളിൽ എണ്ണ സമ്പന്നമായ അറബ്‌നാടുകളിലുണ്ടായ സാമ്പത്തിക പുരോഗതിയുടെ സ്വാധീനം അണ്ടത്തോടിനേയും ബാധിച്ചു. ഗൾഫിലേക്കുള്ള കുടിയേറ്റമാണ് ഇന്ന് നാട്ടിലുള്ള പുരോഗതിയുടെ യഥാർത്ഥ ഹേതു. മതസൗഹാർദ്ധത്തിനും മതേതരത്വത്തിനും വളക്കൂറുള്ള മണ്ണാണ് അണ്ടത്തോട് .പഴക്കമുള്ള ജുമുഅത്ത് പള്ളി പോലെ തന്നെ പെരിയമ്പലം എന്നറിയപ്പെടുന്ന വേട്ടക്കൊരുമകൻ ക്ഷേത്രം പ്രദേശത്തെ ഭക്തജനങ്ങളുടെ ആശാകേന്ദ്രമാണ്.


"https://schoolwiki.in/index.php?title=അണ്ടത്തോട്&oldid=396394" എന്ന താളിൽനിന്ന് ശേഖരിച്ചത്