ഒരു മഴയായ് എനിക്കൊന്നു പെയ്യാൻ കഴിഞ്ഞെങ്കിൽ ...
കരൾ പിളർക്കും വേദനയേവം തുടയ്ക്കാനും
കടിച്ചമർത്തും നോവിനെ കണ്ണീരായ് അണപൊട്ടിയൊഴുക്കാനും
ആടിത്തിമിർക്കും മഴയായ് ആ കണ്ണീർ ഒന്നലിയിച്ചു കളയാനും കഴിഞ്ഞെങ്കിൽ
ഒരു മഴയായ് എനിക്കൊന്നു പെയ്യാൻ കഴിഞ്ഞെങ്കിൽ...
ഇവിടെ പൊലിഞ്ഞൊരായിരം ജീവനെൻ നെഞ്ചിലേറ്റാനും
അഴലിൽപെട്ടുഴലുന്നോർക്കാശ്വാസമേകാനും
മഴവില്ലായ് അവർ തൻ സ്വപ്നങ്ങൾക്ക് വർണ്ണചിറകേകാനും കഴിഞ്ഞെങ്കിൽ
ഞാനുമവരും കടന്നുപോവതൊരേ നോവ് തൻ തേരിൽ എന്നും തിരിച്ചറിയുന്നു ഞാൻ
എങ്കിലും ഞാൻ ആശിച്ചു പോകുന്നു..
ഒരു മഴയായ് എനിക്കൊന്നു പെയ്യാൻ കഴിഞ്ഞെങ്കിൽ...
ആ സങ്കടക്കടൽ ഒന്നൊതുക്കാൻ കഴിഞ്ഞെങ്കിൽ...