Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം 2025

2025-2026 അധ്യയന വർഷത്തെ പ്രവേശനോൽസവവുമായി ബന്ധപ്പെട്ട് സെന്റ്. ജോൺ ഡി ബ്രിട്ടോ എ.ഐ. എച്ച്.എസ് ഫോർട്ടു കൊച്ചി സ്കൂളിലെ പരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി എത്തിച്ചേർന്ന കുരുന്നുകളെ വരവേൽക്കാൻ സ്കൂൾ അങ്കണം പൂക്കൾ കൊണ്ടും ബലൂൺ കൊണ്ടും പ്രത്യേകമായി അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മധുരം നൽകിക്കൊണ്ട് ഒന്നാം ക്ലാസ്സുകാരെ വരവേറ്റ‍ു. പ്രവേശനോൽസവം സംബന്ധിച്ച് നടന്ന പ്രത്യേക യോഗത്തിൽ സ്കൂൾ മാനേജർ റവ. മോൺ. ഷൈജു പരിയാത്തുശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടെറി ജസ്റ്റീന ഡിസൂസ ഏവർക്കും സ്വാഗതം ആശംസിച്ചു. കൊച്ചി കോർപ്പറേഷൻ ഫോർട്ടുകൊച്ചി ഡിവിഷൻ കൗൺസിലർ ശ്രീ. ആന്റണി കുരീത്തറ, പി .ടി .എ പ്രസിഡന്റ് ശ്രീ.ക്ലൈഡ് ഡിക്രൂസ്, ഫോർട്ടു കൊച്ചി സി.ഐ. ശ്രീ.ഫൈസൽ എം.എസ്. എന്നിവർ പ്രവേശനോൽസവത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ SPC യുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഫോർട്ടു കൊച്ചി എസ്.ഐ. ശ്രീമതി അഞ്ജന മനോജ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ഫ്ലാഷ് മോബ് പ്രവേശനോൽസവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ആലപിച്ച we are the world, we are the children എന്ന ഇംഗ്ലീഷ് ഗാനം പ്രവേശനോൽസവത്തിന് കൂടുതൽ ചാരുത പകർന്നു. 8-ാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ സെയ്ദ് ആലിം ആലപിച്ച സെമിക്ലാസ്സിക്കൽ സംഗീതവും ഏറെ ആസ്വാദ്യകരമായിരുന്നു. തുടർന്ന് ഒന്നാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ്, കുട, പുസ്തകം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ പരിപാടികളുടെയും ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിർവഹിച്ചു. ഏകദേശം 12 മണിയോടെ അധ്യാപക പ്രതിനിധി ശ്രീ.ബിജു പോളിന്റെ നന്ദി പ്രകടനത്തോടെ പ്രവേശനോൽസവ പരിപാടികൾ സമാപിച്ചു.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി 2025 ജൂൺ 5ാം തീയതി വ്യാഴാഴ്ച സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂളിൽ  വിവിധ ക്ലബ്ബുകളുടെ നേത്യത്വത്തിൽ , കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ പകർന്ന് നൽകാൻ സഹായിക്കുന്ന പ്രസംഗം,കവിതാലാപനം, പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിരുന്നു. യു.പി, ഹൈസ്കൂ‌ൾ കുട്ടികളെ ഉൾപ്പെടുത്തി പോസ്റ്റർ രചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. നിർമ്മിച്ച പോസ്റ്ററുകൾ ഉപയോഗിച്ച് സ്കൂ‌ൾ അങ്കണത്തിൽ ഒരു പ്രദർശനം നടത്തുകയും ചെയ്തു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ഹരിതക്യാമ്പസ്, സ്കൂൾ സൗന്ദര്യവത്കരണം, പ്ലാസ്റ്റിക് മലിനീകരണം എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണം അധ്യാപകർ ഓരോ ക്ലാസുകളിലും നൽകി. പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട 'മരങ്ങൾ ഓർമ്മകൾ' എന്ന  വിദ്യാഭ്യാസഡോക്യുമെന്ററി വീഡിയോയും  ക്ലാസുകളിൽ പ്രദർശിപ്പിച്ചു. കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ അഡ്വക്കേറ്റ് ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതി എന്ന മാതാവിന് കരുത്തും സംരക്ഷണവും നൽകുവാനായി വിദ്യാർത്ഥികൾ വീടുകളിൽ മരത്തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടെറി ജസ്റ്റീന ഡിസോസ എസ് പി സി കേഡറ്റ് നിഹാലിന് വൃക്ഷത്തൈ നൽകിക്കൊണ്ട് Tree walk റാലി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന റാലിയിൽ കുട്ടികൾ പൊതുജനങ്ങൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്തുകൊണ്ട് പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിക്കണമെന്ന് ബോധവത്കരണം നടത്തി.  കുട്ടികൾക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു.

യോഗാ ദിനം (21/ 6/ 2025)

സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ എസ് പി സി യൂണിറ്റ് KOC 896 ന്റെ നേതൃത്വത്തിൽ 21/ 6 /2025 യോഗാ ദിനത്തിൽ കളരി ഗുരുക്കളും യോഗ ഇൻസ്ട്രക്ടറുമായ ശ്രീമതി മറീന അശ്വനിയുടെ നേതൃത്വത്തിൽ യോഗ ബോധവൽക്കരണ റാലിയും യോഗ അഭ്യാസവും നടത്തി. റാലി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടെറി ജസ്റ്റീന് ഡിസൂസ ഉദ്ഘാടനം ചെയ്തു.