വയനാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് വയനാട് ജില്ലാ ക്യാമ്പ്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ നടന്ന് വരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ, ഉപജില്ലാ, ജില്ലാ സംസ്ഥാന തല ക്യാമ്പുകൾ നടത്തി വരുന്നു . ഇന്ററാക്ടീവ് സെഷനുകൾ, വർക്ക്ഷോപ്പുകൾ, ഹാൻഡ്സ് ഓൺ ട്രെയിനിങ്ങ് എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ഐടി അറിവ് വർദ്ധിപ്പിക്കുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമുള്ള അവസരം ഈ ക്യാമ്പുകൾ നൽകുന്നു. 2024 ൽ വയനാട് ജില്ലയിൽ പനമര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ജില്ലാ ക്യാമ്പ് നടന്നു. ജില്ലയിലെ 68 യൂണിറ്റുകളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തവരിലെ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ ഉപയോഗിച്ചുള്ള അനിമേഷൻ, പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ആർഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും പരിചയപ്പെടുത്തി.

വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയ്യാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ ക്യാമ്പഗങ്ങൾ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ സോ‍ഫ്റ്റ്‍വെയർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റിംഗ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സി ഇ ഒ കെ അൻവർസാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയ വിനിമയം നടത്തി.

ക്യാമ്പ് അംഗങ്ങൾ & വയനാട് കൈറ്റ് ടീമിനൊപ്പം

ക്യാമ്പിൽ പങ്കെടുത്തവരിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 4 കുട്ടികൾ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കും.