മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ എനിക്ക് സമ്മാനിച്ചത്

കൊറോണ എനിക്ക് സമ്മാനിച്ചത്     

സ്കൂളിലെ അവസാനനാളുകളായിരിക്കും ഒരുപക്ഷേ സൗഹൃദത്തെ കൂടുതൽ സുന്ദരമാക്കുന്നത്.കൂട്ടുകാരുമൊന്നിച്ച് അവസാനമായി ബെഞ്ച് പങ്കിടുന്നതും ഈ കൊല്ലപരീക്ഷകളിലായിരിക്കും.പ്രത്യേകിച്ച് പ്ലസ്ടു എന്നത് സ്കൂൾജീവിതത്തിന്റെഏറ്റവും അവസാനത്തെ ഓർമ്മകളാണ്.അങ്ങനെ ഓരോ പരീക്ഷയും എണ്ണിയെണ്ണി തീർന്നുപോകുമ്പോൾ സ്കൂളിൻറെ പടിയിറങ്ങുന്ന വേദനയാണ് ആദ്യം മനസിൽ വരിക...ഒട്ടും പ്രതീക്ഷിക്കാതെ അതിനിടയിലേക്കാണ് 'കൊറോണ'എന്ന വൈറസ് വന്നു വീഴുന്നത്. ലോകം എത്രപെട്ടെന്നാണ് നിശ്ചലമായിപ്പോയതെന്നോർത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്.ആദ്യ ദിവസങ്ങളിൽ ശരിക്കും ഭ്രാന്ത് പിടിച്ചതു പോലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിച്ചും കറങ്ങിനടന്നുമല്ലാതെ ഞാനൊരിക്കലും വീട്ടിലിരുന്നിട്ടേയില്ല. എന്നാൽ തീർത്തും പതിവ് ശീലങ്ങളെ തെറ്റിച്ചുകൊണ്ടാണ് ലോക്ഡൗൺ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയത്. പണി കഴിഞ്ഞ് അൽപം മദ്യപിച്ച് വീട്ടിലെത്തുന്ന അച്ഛന് എന്നോടും അമ്മയോടും സംസാരിക്കാൻ പോലും നേരമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഒരുപാട് തമാശകൾ പറഞ്ഞും കളിച്ചും ചിരിച്ചും കൂടെയുണ്ട്. ഇടയ്ക്ക് അമ്മയെ കുറിച്ചും ആലോചിക്കാറുണ്ട്. സന്ധ്യയായാലും വീട്ടിൽ കയറാതെ പന്ത് കളിച്ചിരുന്ന ഞാൻ ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടുമ്പോൾ എല്ലാ ദിവസവും നടുനിവർത്താൻ സമയമില്ലാതെ ഈ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്ന അമ്മയുടെ മനസിൽ എന്തൊക്കെ മോഹങ്ങളുണ്ടായിട്ടുണ്ടാവും....!വീട്ടിൽ ഞങ്ങൾ മൂന്നു പേരു മാത്രമായതിനാൽ മിക്കപ്പോഴും അമ്മ തനിച്ചായിരിക്കും. അതുകൊണ്ട്തന്നെ ലോകഡൗൺ അമ്മയെ ബാധിക്കാത്തതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. എങ്കിലും ഇത്രമേൽ ഏകാന്തത അനുഭവിക്കുന്ന അമ്മയെ കൂടുതൽ ചേർത്തുനിർത്താൻ ഈ കൊറോണകാലം കാരണമായി. മാത്രമല്ല അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്ന എനിക്ക് തൊടിയിലെ ചക്കയും മുരിങ്ങയുമൊക്കെ പ്രിയപ്പെട്ടവയായിത്തീർന്നു. ഒന്നും ചിന്തിക്കാതെ കളിച്ചുനടന്ന ജീവിതത്തിൽ ഇങ്ങനൊരു കാലവും ഈ മാറ്റങ്ങളുമൊന്നും പ്രതീക്ഷിച്ചിരുന്നില്ല.. ഇനിയും നീണ്ടുപോയേക്കാവുന്ന ദിനങ്ങളെയോർത്ത് ഇപ്പോഴും ഉള്ളിൽ ആശങ്കയുണ്ട്.. എങ്കിലും നമ്മൾ കൊറോണയെയും അതിജീവിക്കും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

പ്രവീൺ വി
11 ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം