പി.എച്ച്.എസ്.എസ്. പന്തല്ലൂർ/പ്രവർത്തനങ്ങൾ/2026-27
സ്കൂൾ പ്രവേശനം സ്മാർട്ടാക്കി പന്തല്ലൂരിൽ 'അഡ്മിഷൻ റോബോ'; ശ്രദ്ധേയമായി വിദ്യാർത്ഥിയുടെ കണ്ടുപിടുത്തം
പന്തല്ലൂർ: സ്കൂൾ പ്രവേശനത്തിനായി എത്തുന്ന രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കൗതുകമായി പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 'അഡ്മിഷൻ റോബോ'. പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനും വിവരങ്ങൾ കൃത്യമായി നൽകുന്നതിനുമായി നിർമ്മിച്ച ഈ റോബോട്ട് ഇപ്പോൾ സ്കൂളിലെ പ്രധാന ആകർഷണമാണ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് (Little KITEs) അംഗമായ ജസ സി.എച്ച് ആണ് ഈ സ്മാർട്ട് റോബോട്ടിന് പിന്നിൽ.
അഡ്മിഷൻ സമയത്ത് രക്ഷിതാക്കൾക്ക് ഉണ്ടാകുന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുക എന്നതാണ് ഈ റോബോട്ടിന്റെ പ്രധാന ദൗത്യം. പ്രവേശനത്തിന് ആവശ്യമായ രേഖകൾ ഏതൊക്കെയാണ്, സ്കൂളിലെ വിവിധ സൗകര്യങ്ങൾ, മറ്റ് പ്രധാന കാര്യങ്ങൾ എന്നിവയെല്ലാം റോബോട്ട് രക്ഷിതാക്കൾക്ക് വ്യക്തമായി വിവരിച്ചു നൽകും. പുതിയതായി സ്കൂളിലേക്ക് വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവരസാങ്കേതികവിദ്യയുടെ ഈ പുതിയ മുഖം അത്ഭുതവും വേറിട്ട അനുഭവവുമായി മാറി.
കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥി കൂടിയാണ് ജസ. ക്യാമ്പിൽ നിന്നും ലഭിച്ച പരിശീലനവും സാങ്കേതിക അറിവുകളുമാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിന് വിദ്യാർത്ഥിക്ക് കരുത്തായത്.
വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക വിദ്യയോടുള്ള താല്പര്യം വളർത്താനും നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാനും ഇത്തരം പ്രവർത്തനങ്ങൾ വലിയ തോതിൽ സഹായിക്കുമെന്ന് അധ്യാപകർ പറഞ്ഞു. അഡ്മിഷൻ നടപടികൾ ലഘൂകരിക്കുന്നതിനൊപ്പം സ്കൂളിന് തന്നെ അഭിമാനമായി മാറിയ ജെസയുടെ ഈ മികച്ച നേട്ടത്തെ സ്കൂൾ അധികൃതരും പി.ടി.എയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും അഭിനന്ദിച്ചു.
Video Link : https://www.instagram.com/reel/DYSAyDXTmmf/?igsh=MTl2Y2ptMzJ3bWZkaQ==