നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊളത്തൂർ

ചരിത്രപഠനം ശ്രമകരമായ ഒരു ദൗത്യമാണ്. ഓരോ പ്രദേശത്തിനും ചെറുത്തു നില്പുകളുടെയും, മുന്നേറ്റങ്ങളുടെയും വൈവിധ്യമാർന്ന ഭ‌ൂതകാലമുണ്ട്.കുളത്തൂരിന്റെ പ്രാദേശികതയുടെ അന്വേഷണമാണ് ഇത്. ന‌ൂറ്റാണ്ടുകൾക്കുമുൻപ് ഇപ്പോൾ ഗവൺമെന്റ് മ‌ൃഗാശുപത്രി നിൽക്കുന്നിടത്ത് 10 ഏക്കർ സ്ഥലത്ത് വിശാലമായ ഒരു കുളം സ്ഥിതി ചെയ്തിരുന്നു. കനാലുകൾ വഴി ഈ വൻകുളത്തിലെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്തിരുന്നു. സംരക്ഷിക്കാനാളില്ലാതെ ഈ കുളം പിന്നീട് നശിച്ചുപോയി. കുളമുള്ള ഊര്പിന്നീട് കൊളത്തൂർ ആയി പരിണമിക്കുകയുണ്ടായി.സസ്യശ്യാമള ഭ‌ൂപ്രകൃതിയോടു കൂടിയ സ്ഥലം ആണ് കൊളത്തൂർ തങ്കേത്തിന്റോള് അഥവാ സങ്കേതത്തിന്റെ മുകൾ ഭാഗം എന്നർത്ഥം-ഇപ്പോൾ ഇർഷാദിയ സ്ക‌ൂൾ നില്ക്ക‌ുന്നിടം. ഇവിടെയായിരുന്നു കുളത്തൂരിലെ തുടിയാർ എന്ന വേടജാതിക്കാരുടെ സങ്കേതം. ഈ തുടിയാന്മാർ ഇതര മനുഷ്യരെ ആക്രമിക്കുകയും,കൊലപ്പെടുത്തി ഭീകരാന്തരീക്ഷം സ‌ൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇവരെ അമർച്ച ചെയ്യുന്നതിനു വേണ്ടി സാമൂതിരി രാജാവ് നീലേശ്വരത്തു നിന്നും പറഞ്ഞയച്ചവരാണ് വാരിയന്മാർ.സാമൂതിരിയുടെ പടയാളികളായിരുന്നു വാരിയന്മാർ. തുടിയാർകോട്ടയുടെ പ്രാന്തപ്രദേശങ്ങളിൽ താമസിച്ചിരുന്ന വേടജാതിക്കാരുടെ ആക്രമണം സഹിക്കവയ്യാതെ ഭരണാധികാരിയായ കൊളത്തൂർ തമ്പുരാട്ടി സാമൂതിരിയെ വിവരം അറിയിക്കുകയും അദ്ദേഹം നീലേശ്വരത്തെ അഭ്യാസികളെ വിവരം അറിയിച്ച് സഹായം ഉറപ്പു വരുത്തകയും ചെയ്തു.പിൽക്കാലത്ത് കൊളത്തൂരിന്റെ പല ഭാഗങ്ങളും അവർ വീതിച്ചെടുക്കുകയുമായിരുന്നു. കൊളത്തൂർവാരിയം 1871ൽ അതായത് കൃത്യം 147 വർഷങ്ങൾക്കു മുമ്പ് ഇക്കണ്ട മൂപ്പിൽ വാരിയർ പണികഴിപ്പിച്ച മഹാസൗധം.സിമന്റിനു പകരം മണ്ണും ശർക്കരയും കുഴച്ച് മുക്കാകൊരട്ടി കല്ലുപയോഗിച്ചാണിത് പണികഴിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സംരക്ഷാണാർത്ഥം ബ്രിട്ടീഷുകാർ ഒരു പോലീസ് ഔട്ട്പോസ്റ്റ് അനുവദിച്ചിരുന്നുവത്രേ. 1967 ൽ ഇത് കുളത്തൂർ പോലീസ്‌സ്റ്റേഷനായി ഉയർത്തി. ജന്മികളെ യശ്മാൻ എന്നാണ് വിളിച്ചിരുന്നത്. യജമാനൻ ലോപിച്ചാണ് യശ്മാൻ ആയത്. യശ്മാന്മരുടെ വീട് വയമ്പറ്റ വീട് എന്നറിയപ്പെട്ടു. കൊളത്തൂർ പ്രദേശം മുഴുവൻ അവരുടെ വളപ്പായി പരിഗണിച്ചാണത്രേ ഈ വാരിയം നിർമ്മിച്ചത്. തമിഴർ മധുരൈ എന്നു വിളിക്കുന്ന മീനാക്ഷി ക്ഷേത്രത്താൽ ധന്യമായ നാട്. ഇവിടെ ഒരു കുഗ്രാമത്തിന്റെ പേര്മലയാളത്താൻപെട്ടി.മധുരയിലെ ഒരു ഗ്രാമത്തിന് എങ്ങനെയാണ് ഈ പേരു വന്നതെന്നു നോക്കാം.കേളുണ്ണി മൂപ്പിൽ വാരിയർ കാശി,വാരാണസി,മധുരൈ എന്നിവിടങ്ങളിലേക്ക് ഒരു തീർത്ഥയാത്ര പോയി. മധുരയിൽ എത്തിയപ്പോൾ കൃഷി യോഗ്യമായ സ്ഥലങ്ങൾ ലേലം ചെയ്യുന്നതായി അറിഞ്ഞ വാരിയർ ലേലത്തിൽ പങ്കെടുത്തു.ലാളിത്യത്തിന്റെ പ്രതീകമായ വാരിയർ ഷർട്ടു പോലും ധരിച്ചിട്ടില്ല.കയ്യിൽ ഒരു ഊന്നു വടി. നാടൻ വേഷമണിഞ്ഞ വാരിയർ വില ഉയർത്തി വിളിച്ചു. തമിഴ് സമ്പന്നർക്ക് ഇത് രസിച്ചില്ല. വാരിയരെ വെട്ടിലാക്കാനായി അവർ വിളി അവസാനിപ്പിച്ച് വാര്യർക്ക് ലേലം ഉറപ്പിച്ചു കൊടുത്തു. വാര്യർ തന്റെ വടിയുടെ അഗ്രം തുറന്ന് സ്വർണ്ണനാണയങ്ങൾ എറിഞ്ഞു കൊടുത്തു. ഇന്നും ഈ ഗ്രാമം മലയാളത്താൻ പെട്ടിയായി തന്നെ തുടരുന്നു. കൊളത്തൂരിന് കലാപത്തിന്റെ രക്തംപുരണ്ട കഥകളും ഉണ്ട്.ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ മലബാറിലെ മാപ്പിളമാരുടെ മുൻനിരയിൽ കൊളത്തൂരുകാരുമുണ്ട്.കൃത്യം 167 വർഷം മുൻപ് 1851 ആഗസ്റ്റ് 22 ന് നമ്മുടെ പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെയും അവരെ കൂട്ടുപിടിച്ച് നമ്മെ ചൂഷണം ചെയ്ത മുതലാളിത്തവാഴ്ചക്കെതിരെയും സായുധസമരം നടന്നിട്ടുണ്ട്. ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ സായുധസമരം നടത്തി വീരമൃത്യു വരിച്ചവരിൽ ചിലർ പൂപ്പറ്റ കുട്ടിഹസൻ,വടക്കേതിൽ ബീരാൻ, തെന്നത്ത് അത്ത,അത്താമു കുരിക്കൾ എന്നിങ്ങനെ നീണ്ട ഒരു നിരതന്നെയുണ്ട്.കൊളത്തൂർ പട്ടണം കുറുപ്പത്താൽ എന്നും അറിയപ്പെടുന്നു. കുറുപ്പത്തു തറവാട്ടുകാരുടെ ഒരു ആൽ റോഡിലുണ്ടായിരുന്നു. അങ്ങനെ കുറുപ്പത്തെ ആൽ ഉള്ള സ്ഥലം കുറുപ്പത്താൽ എന്നറിയപ്പെട്ടു.പെരിന്തൽമണ്ണയുടെയും വളാഞ്ചേരിയുടെയും മധ്യഭാഗമായി ഈ കൊച്ചുപട്ടണം സ്ഥിതി ചെയ്യുന്നു.

കൊളത്ത‌ൂരിന്റെ അതിരുകൾ

കിഴക്ക് -എടത്താചോല.ദേശത്തിന്റെ കിഴക്കേ അറ്റം. വടക്ക് -വെള്ളക്കാരനെ വിറപ്പിച്ച ടിപ്പുസുൽത്താന്റെ പടയോട്ട ഭൂമിയായ പാലൂർകോട്ട. പടിഞ്ഞാറ് -പാങ്ങിൽകുന്ന് തെക്ക്-തുടിയാർ കോട്ടകുന്നും, കുനിയൻ കുന്നും

കൊളത്തൂർ ടൗണിന്റെ ആകാശകാഴ്ച

"ഐതീഹ്യവും ചരിത്രവും"

പച്ചവിരിച്ച് മനോഹരമായി പടർന്നു കിടന്ന ദേശമായിരുന്നു കൊളത്തൂർ. അവിടെ കൊള്ളക്കാരും കൊലയാളികളുമായ വേടന്മാർ കുടിയേറിപ്പർത്ത് നാടിന്റെ സമാധാനം ഇല്ലായ്ക ചെയ്യാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് വെള്ളാട്ടുകര രാജാവ് വടക്ക് നീലേശ്വരത്ത് നിന്നും യോദ്ധാക്കളായ വാര്യന്മാരെ കൊണ്ടുവന്ന് കൊളത്തൂർ ദേശത്ത് നാടുവാഴികളായി വാഴിച്ചത്. വേടന്മാരിൽ നിന്നും നാടിനെ രക്ഷിച്ചതിന് നന്ദി സൂചകമായി രാജാവ് അവരെ രാജാവിൻറെ സൈനിക മേധാവികളായി നിയമിക്കുകയും അവർക്കായി ഒരു കോട്ട പണിത് നൽകുകയും ചെയ്തു എന്നാണ് ഐതിഹ്യം. കൊളത്തൂർ കോട്ട ഒരു എട്ടുകെട്ട് മാളികയായിരുന്നു; ഈ കോട്ടയ്ക്കകത്ത് 112 മുറികൾ, 16 കോണികൾ, രണ്ട് നടുമുറ്റങ്ങൾ, നടുമുറ്റത്ത് ഒരു കളരി എന്നിവ ഉണ്ടായിരുന്നു. ഇക്കണ്ടനുണ്ണി മൂപ്പിൽ വാര്യരാണ് ഈ കോട്ട നിർമ്മിച്ചത്. കൊളത്തൂർ വാരിയർ വകയായി നാട്ട്യകലാശാലയും കഥകളി സംഘവും നിലനിന്നിരുന്നു. അതുപോലെ, കുറുപ്പത്താലിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയും ആ വിദ്യാലയത്തിലെ കലാസമിതിയിലൂടെ നിരവധി കലാകാരന്മാർ ഉയർന്നുവരികയും ചെയ്തു.

കൊളത്തൂർ ഗ്രാമം

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കൊളത്തൂർ . മലപ്പുറത്തെ പുലാമന്തോളുമായും പെരിന്തൽമണ്ണയെ വളാഞ്ചേരിയുമായും ബന്ധിപ്പിക്കുന്നു .

ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കൊളത്തൂർ . മലപ്പുറത്തെ പുലാമന്തോളുമായും പെരിന്തൽമണ്ണയെ വളാഞ്ചേരിയുമായും ബന്ധിപ്പിക്കുന്നു .പച്ചപ്പുനിറഞ്ഞ കോളത്തൂരിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് NHSS.

കുളത്തൂർ കലാപം

1851ൽ പെരിന്തൽമണ്ണയിൽ നടന്ന മാപ്പിള കലാപം. ടിപ്പുവിന്റെ കാലത്ത്‌ തിരുവിതാംകൂറിൽ അഭയം പ്രാപിച്ച കൊളത്തൂർ വാരിയരുടെ ഭൂമി മുസ്ലിം കർഷകർ കൈയ്യേറിയിരുന്നു. ടിപ്പു സുൽത്താൻ പരാജയപ്പെട്ടപ്പോൾ വാര്യർ ഭൂമി വീണ്ടെടുത്തു. പള്ളി പണിയാൻ വാരിയർ വിസ്സമ്മതിച്ചതോടെ മുസ്ലിങ്ങൾ ഒരു താൽക്കാലിക പള്ളി പണിതു. 1851 ഓഗസ്റ്റ്‌ 23-ന്‌ ഇവർ വാരിയരെ വധിച്ചു. അടുത്ത ദിവസം ബ്രിട്ടീഷ്‌ പട്ടാളം കലാപകാരികളെ വധിച്ചു.

കൊളത്തൂരും കലയും

കലാപരമായ ഇടപെടലുകളിൽ വളരെ പേരു കേട്ട ഗ്രാമമാണ് കൊളത്തൂർ. നാടക കലയും കഥകളിയും എല്ലാം കാലമെത്ര കഴിഞ്ഞാലും കൊളത്തൂരിന്റെ സാംസ്കാരികാന്തരീക്ഷത്തെ മനോഹരമാക്കുന്നുണ്ട്. ഏതൊരു പരിപാടിയുടെയും ഭാഗമായി കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ അവസരമൊരുക്കുന്ന ഗ്രാമവാസികളാണ് ഇവിടെയുള്ളത്.

നാടകത്തിനാണ് കൊളത്തൂർ കരുതൽ പ്രസിദ്ധി നേടിയിരിക്കുന്നത്. ധാരാളം നാടക സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും നാടക സംഘങ്ങൾ സജീവമാണ്. സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ കൊളത്തൂരിൽ എന്നും ചർച്ചാ വിഷയമാക്കുവാനായി നാടക സംഘങ്ങൾ സഹായിക്കുന്നു.നാടകത്തിന്റെ ഭാഗമായ കൂട്ടായ്മകൾ പുതിയ തലമുറയെയും ആകർഷിക്കുന്നു. കലാപരമായ എല്ലാ വളർച്ചകളുടെയും വാതായനമാണ് ഇത്തരം കൂട്ടായയ്മകൾ

കൊളത്തൂർ കേന്ദ്രീകരിച്ച് അനേകം കലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. നൃത്തം, സംഗീതം, അഭിനയം, മറ്റ് കലാരൂപങ്ങൾ,തുടങ്ങി എല്ലാം അവിടങ്ങളിൽ അഭ്യസിക്കുവാൻ അവസരം ഉണ്ട്. പുതിയ തലമുറ അവ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എൻ എച്ച് എസ് എസ് കൊളത്തൂർ
  • കൊളത്തൂർ പോലീസ് സ്റ്റേഷൻ