ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം

നല്ലൊരു നാളേയ്ക്കായ് പ്രകൃതിയെ സംരക്ഷിക്കാം

അമിതമായ പ്രകൃതിചൂഷണത്തിൻറെ ദൂഷ്യഫലങ്ങൾ ആഗോളസമൂഹം അനുഭവിച്ചുകൊണ്ടിരിക്കെ, ലോകമെമ്പാടും പരിസ്ഥിതി ദിനം ആചരിക്കുന്നതിൻറെ പ്രസക്തി എന്താണ്? പ്രകൃതി സംരക്ഷണം എന്നാൽ അതിനെ നശിപ്പിക്കാതിരിക്കലാണ്. എന്നാൽ ഭൗതിക നേട്ടങ്ങൾക്കായും വികസനത്തിനായും മനുഷ്യൻ പ്രകൃതിയോട് പിണങ്ങാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. പ്രകൃതി വിഭവങ്ങൾ ഒരിക്കലും തീരില്ല എന്നധാരണയിൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. മനുഷ്യൻറെ ന്യായമായ ആവശ്യങ്ങൾ പ്രകൃതി നിറവേററും. എന്നാൽ അത്യാർത്തിക്കുള്ളത് പ്രകൃതിയിൽ ഇല്ല. പ്രകൃതി സ്നേഹികളുടെ ഇത്തരം ഓർമ്മപ്പെടുത്തലുകൾ ആദ്യ കാലത്ത് എല്ലാവരും അവഗണിച്ചു. എന്നാൽ വിദഗ്ധരായവർ മുൻപ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ യാഥാർത്ഥ്യം ആകാൻ തുടങ്ങിയപ്പോഴാണ് സമൂഹവും ഭരണകൂടവും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായത്. ജലക്ഷാമം, കാലാവസ്ഥാവ്യതിയാനം, കൃഷിനാശം തുടങ്ങിയ പ്രശ്നങ്ങൾ തങ്ങളുടെ ചെയ്തികളുടെ ഫലമാണെന്ന് യാഥാർത്ഥ്യം മനുഷ്യൻ തിരിച്ചറിഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്ന പല രാജ്യങ്ങളും പ്രകൃതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകിത്തുടങ്ങി. ഐക്യരാഷ്ട്ര സംഘടന പോലുള്ള അന്താരാഷ്ട്ര സമിതികളും ഇക്കാര്യത്തിൽ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. സാർത്ഥകമായ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ഇതിനെ കാണാം.

ദൂരക്കാഴ്ച ഇല്ലാത്ത പദ്ധതികളും മലിനീകരണവും പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗവും ഇന്ത്യയിൽ ഉണ്ടാക്കിയ പാരിസ്ഥിതിക ആഘാതം വലുതാണ്. ജലസ്രോതസ്സുകളുടെ മലിനീകരണം മൂലം ഇന്ത്യയും കടുത്ത ശുദ്ധജല ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് പഠനങ്ങൾ പറയുന്നു. നാശത്തിലേക്ക് നീങ്ങുന്ന ലോകത്തിലെ പത്ത് പ്രമുഖ നദികളിൽ ഗംഗയും ഉൾപ്പെടുന്നു. രാജ്യത്തെ മറ്റു പല പ്രധാന നദികളും മലിനീകരിക്കപ്പെട്ടിരിക്കുന്നു. വനങ്ങളും നാശത്തിൻറെ വക്കിലാണ്. ഭൂമിയിൽ പ്രകൃതി ഒരുക്കിയ നിമ്നോന്നതങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇല്ലാതാക്കുന്നു. ഇങ്ങനെയുള്ള പ്രകൃതി ചൂഷണം പരിസ്ഥിതി സംതുലനത്തെയും ആവാസവ്യവസ്ഥയേയൂം കാര്യമായി ബാധിച്ചിട്ടുണ്ട്.

അലീഷ നീനു
12 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം