ജി എൽ പി എസ് പയിങ്ങാട്ടിരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
            എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.

1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ ചേർന്ൻ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെൺകുട്ടികൾ പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.

           പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹം‍ സംഭാവന നൽകിയ 29 സെൻറ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവർ തന്നെയായിരുന്നു. 1920 മുതൽ വിദ്യാലയം മിക്സഡ്‌ സ്കൂളായി മാറി.സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാലയത്തിൻറെ പേര് ഗവ. എൽ. പി. സ്കൂൾ പയിങ്ങാട്ടിരി എന്നാക്കി മാറ്റി . ആദ്യ കാലത്തൊക്കെ പ്രാഥമിക സൗകര്യങ്ങൾ ഇല്ലാതിരുന്ന സ്കൂളിൽ 1995 ഓടെ പി. ടി. എ. ഉണർന്നു പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു .

ഗ്രാമത്തിന് പയിങ്ങാട്ടിരി എന്ന പേര് വന്നത് രസകരമാണ് . ബ്രിട്ടിഷുകാരാണ് ഈ പേര് വരാനിടയായത് എന്ൻ ഒരു കൂട്ടർ പറയുന്നു. ഒരു കാലത്ത് ഇവിടെ പൈങ്ങ (അടക്ക, കമുക്) മരങ്ങൾ ധാരാളമായി ഉണ്ടായിരുന്നു ,ഒരു ബ്രിട്ടിഷ് റെവന്യൂ ഓഫിസർ ശിപായിയുമായി ഇവിടെ വന്നപ്പോൾ ഇതെന്ത് ട്രീയാണെന്ന് ചോതിച്ചു. ശിപായി “പയിങ്ങ ട്രീ“ എന്ൻ മറുപടി നല്കി. ഉടനെ സായിപ്പ് സ്ഥലത്തിന് “പയിങ്ങട്രീ” എന്ന പേര് നല്കിപ. അത് പിന്നീട് പയിങ്ങാട്ടിരി ആയി മാറി.

മറ്റൊരു വിഭാഗം പറയുന്നത് അന്ന് ഗ്രാമനിവാസികൾ ധാരാളം പൈക്കളെ വളർത്തിയിരുന്നു. രാവിലെ മേയ്ക്കാനും വൈകുന്നേരം തിരിച്ചും പൈക്കളെ കൊണ്ട് പോവുക പതിവായിരുന്നു . പൈക്കൾ നിര നിരയായി പോകുന്ന തെരുവ് എന്നർത്ഥത്തിൽ ഗ്രാമത്തിനെ പയിങ്ങട്ടിരി എന്ന പേര് വിളിച്ചു.

 അനുഗ്രഹീതമായ ഒരു സംസ്കാരത്തിൻറെ വേരുകളിൽ നിന്നാണ് ഞങ്ങളുടെ വിദ്യാലയത്തിൻറെ  തുടക്കം . ആ മഹാ സംസ്കാരത്തിൻറെ ശേഷിപ്പുകളും ആചാരങ്ങളും മറ്റും ഞങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാവാറണ്ട്. നമ്മുടെ നാട്ടിലും പുറം നാട്ടിലുമുള്ള ഒരുപാട് നല്ല പൌരന്മാരെ വാർത്തെടുത്ത ഞങ്ങളുടെ വിദ്യാലയം ഉയർച്ചയുടെ  പടവുകളിലാണ്.