ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കാട്ടിലെ ലോക്ക് ഡൗൺ
കാട്ടിലെ ലോക്ക് ഡൗൺ
ഇന്ന് കിങ്ങിണി കാട്ടിൽ വലിയ ആഘോഷമാണ്. കാട്ടിലെ വായനശാലയുടെ വാർഷികം. എല്ലാ മൃഗങ്ങളും അതിനുള്ള ഒരുക്കത്തിലാണ്. ആനച്ചാരും കൂട്ടരും പന്തലൊരുക്കി, പാചകപ്പുര കുരങ്ങച്ചനും കുടുംബക്കാരും ഏറ്റെടുത്തു, തോരണം തൂക്കി പന്തലിലാകെ അലങ്കരിക്കുന്ന പണിയെല്ലാം കൊക്കമ്മാവൻന്റെയും കാക്കച്ചിയുടെയും മേൽനോട്ടത്തിൽ തകൃതിയായി നടന്നു. എന്നാൽ എല്ലായിടത്തും എല്ലാവരും ചർച്ച ചെയ്തത് ഒരേ ഒരു വിഷയം, മനുഷ്യർക്കിടയിലെ കൊറോണ.
കാക്കച്ചി കൊക്കമ്മാവനോട് പറഞ്ഞു: കൊക്കമ്മാവൻ അറിഞ്ഞോ ? തോരണം തൂക്കുന്നതിന് ഇടയിൽ കൊക്കമ്മാവൻ ചോദിച്ചു: എന്താ കാര്യം? കാക്കച്ചി തുടർന്നു: അങ്ങ് മനുഷ്യർക്കിടയിൽ വലിയ പ്രശ്നം നടന്നുകൊണ്ടിരിക്കുകയാണ്. ആരും പുറത്തിറങ്ങുന്നില്ല!!! കൊക്കമ്മാവൻ പറഞ്ഞു : ആണോ? അല്ല മനുഷ്യന്മാരെ പോലും വീട്ടിൽ ഇരുത്തണം എങ്കിൽ അതൊരു വലിയ പ്രശ്നം തന്നെയാണല്ലോ? എന്താ അത്? കാക്ക വീണ്ടും തുടർന്നു: എന്തോ കോറോണയോ മറ്റോ അതിനെ പേടിച്ചാ അവർ വീട്ടിൽ ഇരിക്കുന്നെ !! കൊക്ക് ചോദിച്ചു:കോറോണയോ? അതെന്താ സാധനം? കാക്കച്ചി പറഞ്ഞു: അതു വലിയ കൈയും വായും ഉള്ള, ആളുകളെ പിടിച്ചു തിന്നുന്ന ഒരു ഭീകരജീവിയാണ്. കൊക്കമ്മാവൻ പേടിയോടെ ചോദിച്ചു : ഓ ! പേടിയാവുന്നു. അല്ല കാക്കച്ചി ഇതൊക്കെ നിന്നോട് ആരാ പറഞ്ഞേ? നീ ഈ ഭീകരനെ കണ്ടിട്ടുണ്ടോ? കാക്കച്ചി പറഞ്ഞു: കണ്ടിട്ടില്ല പക്ഷേ എന്റെ കുടുംബക്കാർ കുറെ മനുഷ്യർക്കിടയിൽ ഉണ്ടല്ലോ അവരു പറഞ്ഞു അറിഞ്ഞതാ.. കാക്കച്ചിയുടെ ഈ വീമ്പിളക്കൽ കേട്ട് അടുത്തിരുന്ന പരുന്തമ്മ പറഞ്ഞു: എന്റെ കാക്കച്ചി ഇങ്ങനെ തള്ളി മറക്കല്ലേ എന്റെ കൊക്കമ്മാവാ കൊറോണ കാക്കച്ചി പറഞ്ഞപോലെ ഒരു ഭീകരജീവിയൊന്നുമല്ല. "പിന്നെ? "കൊക്ക് ചോദിച്ചു. "അതൊരു വൈറസ് ആണ്. അതിനെ നമ്മൾക്ക് കണ്ണുകൊണ്ട് കാണാൻ പോലുമാവില്ല" പരുന്ത് പറഞ്ഞു നിർത്തി. അപ്പോൾ കൊക്ക് ചോദിച്ചു: "കണ്ണ് കൊണ്ട് കാണാൻ കഴിയില്ലേ അപ്പോൾ അത് നമ്മുടെ കാട്ടുമൂപ്പൻ ദൈവത്തെ പോലെയാണോ ആർക്കും കാണാൻ പറ്റില്ലേ". " ഏയ് അല്ല അല്ല " ഇവരുടെ സംഭാഷണം കേട്ട് അതുവഴിയെത്തിയ കാട്ടിലെ വിപ്ലവകാരി കുറുക്കൻ പറഞ്ഞു: "അങ്ങനെയല്ല. ഈ കൊറോണ ഒരു വൈറസ് അല്ലേ അതുമൂലം എല്ലാവർക്കും അസുഖം വരും. ഈ വൈറസുകൾ ഒക്കെ മൈക്രോസ്കോപ്പ് എന്ന ഒരു ഉപകരണത്തിൽ മാത്രമേ നമുക്ക് കാണാൻ കഴിയൂ. കൊറോണ വൈറസ് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കാണാൻ കഴിയും. പക്ഷേ നിങ്ങളുടെ കാട്ടുമൂപ്പനെ മൈക്രോസ്കോപ്പിലൂടെ നോക്കിയാലും കാണാൻ കഴിയില്ലല്ലോ." ഇത് പറഞ്ഞ കുറുക്കൻ പൊട്ടിച്ചിരിച്ചു. അപ്പോഴേക്കും പരിപാടി തുടങ്ങാൻ സമയമായി. ഉദ്ഘാടകനായ എംഎൽഎ കരടിയും വാർഡ് മെമ്പർ അണ്ണാറക്കണ്ണനും വേദിയിലെത്തി. അണ്ണാറക്കണ്ണൻ സ്വാഗത പ്രസംഗം നടത്തി എന്നിട്ട് എംഎൽഎയെ വേദിയിലേക്ക് ഉദ്ഘാടനപ്രസംഗത്തിനായി ക്ഷണിച്ചു.
എംഎൽഎ പറഞ്ഞു തുടങ്ങി: "പ്രിയപ്പെട്ട കിങ്ങിണി കാട് നിവാസികളെ നമസ്കാരം. ഇന്ന് നമ്മൾക്കെല്ലാം സന്തോഷകരമായ ദിവസമാണ്. ഈ വായനശാല വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുക എന്നതാണ് എന്റെ കർത്തവ്യം. എന്നാൽ ഈ അവസരത്തിൽ സന്തോഷമുള്ള വാർത്ത കൂടി ഞാൻ നിങ്ങളെ അറിയിക്കട്ടെ. നമ്മുടെ കൂട്ടത്തിൽ പെട്ട ആളുകളെ പിടിച്ചുകൊണ്ടുപോയി കൂട്ടിലാക്കി കാഴ്ചയ്ക്ക് വേണ്ടി പ്രദർശിപ്പിക്കുന്ന മനുഷ്യർ ഇന്ന് കൊറോണാ വൈറസിനെ പേടിച്ച് വീട്ടിലിരിക്കുകയാണ് അവർ അറിയണം കൂട്ടിൽ കിടക്കുന്നത് കഷ്ടപ്പാട് ആണെന്ന്. അതുകൊണ്ട് എങ്കിലും അവർ നമ്മുടെ പ്രിയപ്പെട്ടവരെ കാട്ടിലേക്ക് തിരിച്ചു വിടും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ നമ്മൾ ഈ അവസരത്തിൽ കുറച്ച് ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. കാരണം ആ വൈറസ് നമ്മളിലേക്ക് പകരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇന്ന് തൊട്ട് 60 ദിവസം ആരും കിങ്ങിണി കാട് അതിർത്തികൾ ലംഘിച്ച് മനുഷ്യർക്കിടയിൽലേക്ക് പോകാൻ പാടില്ല. ഈ വാർഷികാഘോഷത്തിന് ശേഷമുള്ള 12 ദിവസം ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. കാട്ടിലും 12 ദിവസത്തേക്ക് ഭാഗികമായി ലോക്ക്ഡോൺ നടപ്പാക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നു. എല്ലാവരും അതുമായി സഹകരിക്കണം. നമ്മൾക്കിടയിൽ നാട്ടിൽ പോയി വരുന്ന പല വിരുതന്മാരും ഉണ്ടെന്ന് എനിക്കറിയാം എന്നാൽ ഇനി നാട്ടിൽ പോയവർ ഇങ്ങോട്ട് വരുന്നത് കൊറോണ എന്ന വൈറസിന്റെ കെട്ടടങ്ങിയ ശേഷം മാത്രം മതി. എല്ലാവരും എല്ലാ ദിവസവും കിങ്ങിണി ആറിൽ പോയി കുളിച്ചു വൃത്തിയാക്കണം. പന്നിച്ചാരോട് പ്രത്യേകം പറയുന്നു. "എംഎൽഎ കൂട്ടിച്ചേർത്തു. ഇത് പന്തലിലാകെ ഒരു ചിരി പടർത്തി. പന്നിച്ചാരും നാണിച്ചു പോയി. ശേഷം മത്തങ്ങ മുറിച്ച് കരടി പരിപാടി ഉദ്ഘാടനം നടത്തി. ശേഷം പ്രശസ്ത ഗായിക വാനമ്പാടിയുടെ പരിപാടി വേദിയിൽ നടന്നു. അവർ ഇങ്ങനെ പാടി: " കണ്ണി മുറിക്കാൻ നാമെല്ലാരും വീട്ടിൽ തന്നെ ഇരിക്കേണം കൊറോണ എന്ന ഭീകരനെ നാം തൂത്തെറിഞ്ഞു കളയേണം.!!!!" കാട് ആടിപ്പാടി. ഒപ്പം ആ കിങ്ങിണി കാടിനെ കൊറോണയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമവും അവർ തുടങ്ങി കഴിഞ്ഞു.!!!!"
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ