ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/അമ്മ കരയുകയായിരുന്നു
അമ്മ കരയുകയായിരുന്നു
ഇൻറർവെൽ കഴിഞ്ഞു , ഇംഗ്ലീഷ് പിരിയഡ് ആണ് , ചുമരിൽ പകുതി കീറി അനാഥനായി കിടക്കുന്ന ടൈം ടേബിൾ പേപ്പർ നോക്കി ഞാൻ മന്ത്രിച്ചു . ഇത്രയും നേരം ക്ലാസിൽ റോക്കറ്റ് പോലെ പറന്നിരുന്ന , ഏറെ വട്ടം പോസ്റ്റ്മോർട്ടത്തിനു ഇരയായ ഡസ്റ്റർ മൂന്നാമത്തെ ബെഞ്ചിനടിയിൽ അവശയായി നിലം പതിച്ചു . ഞാൻ സീറ്റിലിരുന്നു . കുട്ടികളുടെ ബഹളം ശാന്തമായി തുടങ്ങി . മാല മാഡം വരാനായി ഞങ്ങൾ അക്ഷമരായി കാത്തിരുന്നു .മാല മാഡത്തെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് പെട്ടെന്ന് മല്ലിക ടീച്ചർ ക്ലാസ്സിലേക്കോടിവന്നത് . ടീച്ചറുടെ മുഖത്തിന്ന് പതിവ് ചിരിയില്ല ! എന്തോ കണ്ടു ഭയന്നതുപോലെ വിളർത്ത മുഖം ; ഞങ്ങളെല്ലാവരും നിശ്ശബ്ദരായി . ടീച്ചർ ഓരോരുത്തരുടെയും മുഖത്തേക്ക് കണ്ണോടിച്ചു .ടീച്ചർ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു ! എന്താണെന്ന് വ്യക്തമല്ല .എന്റെ തൊട്ടടുത്തിരിക്കുന്ന വിനീതിൻെറ മുഖത്തു നിന്നും ടീച്ചറുടെ കണ്ണുകൾ എന്റെ മുഖത്തെത്തിയപ്പോൾ പരതുന്ന സാധനമെന്തോ കണ്ടുകിട്ടിയ പ്രതീതിയായിരുന്നു . ടീച്ചർ വേഗത്തിൽ എന്റെ അടുത്ത് വന്നിട്ട് പതറിയ ശബ്ദത്തോടെ പറഞ്ഞു ,"മോൻ വാ "........ മറുപടി പറയാനുള്ള സമയം പോലും തരാതെ ടീച്ചർ എന്റെ കൈയിൽ പിടിച്ച വലിച്ച പുറത്തേക്കോടി .ഞാൻ പലവട്ടം കൈയിൽ നിന്നും പിടിവിടുവിക്കാനായി ശ്രമിച്ചു ......... ടീച്ചർ അതൊന്നും അറിയുന്നുപോലുമുണ്ടായിരുന്നില്ല . ടീച്ചറുടെ മുറുകെപ്പിടിച്ച കൈകളിൽ പോലും ഭയപ്പാടുണ്ടായിരുന്നു. അതെന്നിൽ കൂടുതൽ ആശങ്കയും ഭയവും ജനിപ്പിച്ചു .ഓട്ടത്തിനിടയിൽ കിതപ്പോടെ ടീച്ചർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു " മോൻ പേടിക്കണ്ടാ ട്ടോ ....ടീച്ചർ കൂടെയുണ്ട് ...... വിഷമിക്കരുത് ട്ടോ ....." ഒന്നും മനസിലാവാതെ എന്തെന്ന് ഞാൻ ചോദിക്കാൻ ശ്രമിച്ചെങ്കിലും മറുപടി തരാതെ ടീച്ചർ എന്നെയും കൂടി ഓടുകയായിരുന്നു . ഗേറ്റിനു പുറത്തു ഞങ്ങൾക്കായി ഒരു ഓട്ടോ കാത്തുനിൽപ്പുണ്ടായിരുന്നു . ടീച്ചർ എന്നെ അതിലേക്ക് വലിച്ച് കയറ്റി. അക്ഷമയോടെ പറഞ്ഞു ; വേഗം അമൃത ഹോസ്പിറ്റലിലേക്ക് വിടൂ .എന്റെ തലയിൽ തലോടിക്കൊണ്ട് ടീച്ചർ പറഞ്ഞു " മോൻ പേടിക്കണ്ട ഒന്നും സംഭവിക്കില്ല ". ഒന്നും പിടികിട്ടാതെ ഞാൻ ടീച്ചറെ തന്നെ നോക്കിയിരുന്നു . എന്റെ മനസ് പിടയുകയായിരുന്നു സഹിക്കാനാവാത്ത വേദന എനിക്കായി കാത്തിരിക്കുന്നപോലെ .നെഞ്ച് പൊട്ടിത്തകരുന്നപോലെ തോന്നി . ഓരോന്നാലോചിക്കുന്നതിനിടയിൽ എന്റെ അമ്മയുടെ മുഖം മനസിലൂടെ മിന്നി മറഞ്ഞു "അയ്യോ എന്റെ അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചോ ! " ഞാൻ അറിയാതെ കരഞ്ഞുകൊണ്ട് പറഞ്ഞു .ഒന്നൂല്ലാട.. വിഷമിക്കണ്ട ട്ടോ.. മല്ലിക ടീച്ചർ പറഞ്ഞുകൊണ്ടേയിരുന്നു . ഓട്ടോ സാമാന്യം വേഗത്തിൽ ഓടുന്നുന്നുണ്ടായിരുന്നു അതുപോലെ എന്റെ ചിന്തകളും .പെട്ടെന്നുള്ള ഓട്ടോയുടെ നിൽപിനൊപ്പം എന്റെ ചിന്തകളിൽ നിന്നും ഞാൻ ഉണർന്നു .ടീച്ചർ എന്റെ കൈപിടിച്ചു വലിച്ച് ഓടുകയായിരുന്നു . എനിക്ക് കഴിയാവുന്ന വേഗത്തിൽ എന്റെ കാലുകൾ ഞാനറിയാതെ മുന്നോട്ട് പോകുന്നു .ഏതൊക്കെയോ ഇടവഴികളിലൂടെ ഓടിയ ഞങ്ങൾ നിന്നതു ഐ സി യു വിന് മുന്നിലാണ് .അവിടെ ഒരുഭാഗത്തായി ഇരിക്കുന്നവരിൽ ചിലരുടെ മുഖങ്ങൾ എനിക്ക് പരിചിതമായി തോന്നി.അവരുടെ ഇടയിൽ അച്ഛനെ കെട്ടിപ്പിടിച്ച് തേങ്ങി കരയുന്ന എന്റെ ചേച്ചിയുടെ മുഖം കണ്ണീരിനിടയിൽകൂടി ഞാൻ അവ്യക്തമായി കണ്ടു . ചുവന്നക്ഷരങ്ങളാൽ ഐ സി യു എന്ന് എഴുതിയിരിക്കുന്ന ആ വാതിലിനപ്പുറം എന്നെ കാത്തിരിക്കുന്നത് എന്റെ ജീവിതത്തിലെ തീരാ നഷ്ടമാണ് എന്ന് ഞാനറിഞ്ഞില്ല...... ആരോ വാതിൽ തുറന്നു ഞാൻ അകത്തേക്ക് കയറി , നിരന്നു കിടക്കുന്ന ബെഡ്ഡുകളിലെ ഓരോ മുഖവും ഞാൻ കണ്ണുകളാൽ പരതി.. അവസാനം അവശയായി തളർന്നു കിടക്കുന്ന എന്റെ അമ്മയുടെ മുഖത്തു എന്റെ കണ്ണുകളുടക്കി ... അമ്മയുടെ അടുത്തേക്ക് മനസ്സ് എത്തിയതിനൊപ്പം ശരീരം എത്തിയില്ല . കാലുകൾ കുഴയുന്നപോലെ... .പതുക്കെ അമ്മയുടെ അടുത്ത ചെന്ന് ആ കൈകളിൽ പിടിച്ചു . പരുക്കൻ ശബ്ദത്തോടെ അമ്മ വിളിച്ചു ; "മോനേ ......." ഞാൻ അമ്മയെ നിറഞ്ഞ കണ്ണുകളോടെ നോക്കി അമ്മയുടെ വരണ്ട ചുണ്ടുകൾ നിലച്ചു .....ആ വെളുത്ത കവിളുകൾ നനഞ്ഞു ........ കണ്ണീരാൽ ........
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ