നാടോടി വിജ്ഞാനകോശം

10B യിലെ ദേവനന്ദ

 

എന്ന വിദ്യാർത്ഥി ഉണ്ടാക്കിയ പ്രോജക്ടിന്റെ ഉള്ളടക്കമാണ് ഇവിടെ കൊടുക്കുന്നത്

കുമരപുരം സ്കൂൾ പ്രദേശത്തിന്റെ നാട്ടറിവിന്റെയും നാടോടി കലകളുടെയും തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണവുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്

അഗ്രഹാരവീഥികളിൽ.

 

പാലക്കാട് ജില്ലയിലെ ഒരു പ്രധാന ഗ്രാമമാണ് കല്പാത്തി. ടൗണിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ നിളാകൈവഴിയുടെ തീരത്ത് ബ്രാഹ്മണർ ഒരുമിച്ചു താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശം. ബ്രാഹ്മണ അഗ്രഹാരങ്ങളും, സംഗീത സാന്ദ്രമായ അഗ്രഹാരവീഥികളും തഞ്ചാവൂർ ശൈലിയിലെ ശില്പവിദ്യയാൽ തീർത്ത ക്ഷേത്രങ്ങളും രഥോത്സവങ്ങളും

 

സർവ്വോപരി കല്പാത്തിപ്പുഴയും എന്തുകൊണ്ടും കല്പാത്തിയെ വേറിട്ടു നിർത്തുന്നു.

സിവിൽ സർവ്വീസുകാരും എെ.എ.എസുകാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഗീതനാട്യരംഗങ്ങളിലെ പ്രശസ്തരും നടന്നു നീങ്ങിയ വഴികൾ......അവരുടെ കാൽപ്പാടുകൾ പതിഞ്ഞ വീഥികൾ..... എന്നും ഒട്ടും മാറാത്ത ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് പഴമയും എളിമയും കാത്തുസൂക്ഷിക്കുന്ന ഗ്രാമം. ലോകവിനോദ സഞ്ചാര ഭൂപടങ്ങളിൽ ഇടം നേടി, യുനെസ്കോ പൈതൃകഗ്രാമമായി പ്രഖ്യാപിച്ച നമ്മുടെ കല്പാത്തി...
ചരിത്രത്തിലൂടെ.....

AD 1464ൽ പാലക്കാട് രാജാവ് ബ്രാഹ്മണർക്ക് താമസിക്കുവാനും ക്ഷേത്രം പണിയുവാനുമായി നൽകിയ ഇടമാണിതെന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുണ്ടായതാണീ വിശ്വനാഥക്ഷേത്രവും

 

അഗ്രാഹാരവും എന്നു പറയുന്നു. അഗ്രഹാരം എന്ന വാക്കിനർത്ഥം ഹരനും(ശിവനും) ഹരിയും(വിഷ്ണുവും) വസിക്കുന്ന ഇടം എന്നാണത്രേ. ക്ഷേത്രത്തിലേക്കു പോകുന്ന വഴിയുടെ ഇരുവശവും ബ്രഹ്മണ പാർപ്പിടങ്ങൾ മാലകോർക്കപ്പെട്ടിരിക്കുന്ന പോൽ കാണപ്പെടുന്നു. സംഘകാലകൃതിയായ പെരുമ്പാണരുപടയിൽ കല്പാത്തിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: ചാണകം മെഴുകിയ മുറ്റങ്ങൾക്കു മുന്നിൽ കുറുകിയ കാലുള്ള ചായ്പിൽ കൊഴുത്ത പശുക്കൾ കാണപ്പെടുന്നു. പട്ടികൾക്കും കോഴികൾക്കും പ്രവേശനമുണ്ടായിരുന്നില്ല. വേദങ്ങളുടെ രക്ഷകർ തത്തകളെ ചൊല്ലിപഠിപ്പിക്കുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരനായ ഫ്രാൻസിസ് ബുക്കാനൻ പറയുന്നത് ഇങ്ങനെയാണ്: പ്രശാന്തവും വിസ്തൃതവുമായ ആകാശത്തിന്റെ വടക്കേ ചെരുവിൽ തിളങ്ങുന്ന കുുഞ്ഞു നക്ഷത്രത്തെപ്പോലെ വളയിട്ട സുന്ദരികളാണ് നിങ്ങളെ അവിടെ സ്വീകരിക്കുക......

കുടിയേറി വന്നവർ

കേരളത്തിനില്ലാത്തൊരു ചരിത്രത്തിനുടമയാണീ കല്പാത്തി. ശത്രുക്കളുടെ ആക്രമണം ഭയന്ന് മായാവാരത്തുനിന്നും കൂട്ടപാലായനം ചെയ്തു ബ്രാഹ്മണർ. പാണ്ഡ്യരാജാവ് മാരാവർമ്മൻ മരിച്ചതോടെ ശത്രുക്കളുടെ ഭീഷണി രൂക്ഷമായി. തുടർന്ന് നിരവധി ബ്രാഹ്മണർ ഇവിടെയെത്തി. വിജയനഗരസാമ്രാജ്യത്തിന്റെ തകർച്ച ബ്രാഹ്മണർ നിളാതീരത്ത്(കൽപാത്തിപ്പുഴ)

 

ആശ്രയം കണ്ടെത്തുവാൻ കാരണമായി. തുടർന്നവർ അഗ്രഹാരം പണിയുകയും ഒരുമയോടെ താമസിക്കുകയും ചെയ്തു. ആദ്യം ശേഖരീപുരത്താണ് അഗ്രഹാരം പണിതിരുന്നത്. പിന്നീടത് കൽപ്പാത്തിപ്പുഴയോരത്തും നൂറണിയിലുമായി മാറി.

ഈ ഒഴുക്കിനും സംഗീതത്തിൻ താളം..

.. അങ്ങ് സഹ്യനിൽ നിന്ന് പിറന്ന് കേരളത്തനിമ ദ്രാവിഡകന്യകയായ നിള കേരളത്തിൽ കാലുകുത്തി ചിറ്റൂരിലെ ശോകനാശിനിയായി മാറുന്നു. പാലക്കാടിന്റെ ഹൃദയഭാഗത്തവൾ കല്പാത്തിപ്പുഴയാണ്. അഗ്രഹാരങ്ങളേയും സംഗീതസ്വരങ്ങളേയും രഥോത്സവങ്ങളേയും എണ്ണമറ്റ സംഗീതസദസ്സുകളേയും സാക്ഷിയാക്കികൊണ്ടവൾ ഒഴുകുന്നു. കോരയാറും മലമ്പുഴയും കൂടിച്ചേരുന്നത് ഇവിടെയാണ്. കല്പാത്തിപ്പുഴയ്ക്കിരുവശവും കല്ലുകളാണ്. പാറകൊണ്ടുണ്ടാക്കിയ ഓവിലൂടെ ഒഴുകുന്നതിനാലാണ് കല്പാത്തി എന്ന പേരുവന്നതെന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്പാത്തിപ്പുഴ. കല്പാത്തിയുടെ ചരിത്രത്തിൽ പുഴയുടെ ഒഴുക്കിന് വളരെയധികം പ്രാധാന്യമുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഒരു ഉയർന്ന മലയിടുക്കിൽ നിന്നുമാണ് കല്പാത്തിപ്പുഴ ഉത്ഭവിക്കുന്നത്.

സംഗീതസാന്ദ്രം

സംഗീതത്തെ സംബന്ധിച്ച് മുന്നിൽ നിൽക്കുന്നവരാണ് കല്പാത്തിക്കാർ. ഓരോ വീടുകളിൽ നിന്നുമുയരുന്ന മൃദംഗവായനയ്ക്കും സംഗീതത്തിനും

 

പകരം വയ്ക്കുവാൻ മറ്റൊന്നുമില്ലെന്നുള്ളത് സത്യമാണ്. കല്പാത്തിയെ സംബന്ധിച്ച് കാശിയിൽ പാതി കല്പാത്തി എന്നാണ്. വടക്കേ ഇന്ത്യയിലെ വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രവുമായി സാമ്യമുള്ളതിനാലാണത്. സംഗീതവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ തഞ്ചാവൂരിൽ പാതി കല്പാത്തി എന്നു തന്നെ പറയാം. സംഗീതത്തിന്റെ ആശാൻമാരാണിവിടെ കുടികൊണ്ടിരിക്കുന്നത് എന്നതിൽ ഒരു തർക്കവുമില്ല.

രുചിപ്പെരുമ

സസ്യാഹാരം കഴിച്ച് സാത്വികരായ ബ്രാഹ്മണരുടെ വസ്ത്രധാരണം ആഹാരരീതി തുടങ്ങി എല്ലാം തന്നെ വ്യത്യസ്തമാണ്. വേദങ്ങളും പുരാണങ്ങളും മന്ത്രങ്ങളുമായി കഴിയുന്നവരാണിവർ. ആഹാരരീതിയെക്കുറിച്ച് പറയുമ്പോൾ രുചിപ്പെരുമയിൽ ഒട്ടും പുറകിലല്ല ഇവർ. അരിപൊടിച്ചുണ്ടാക്കുന്ന മുറുക്കും

 

കൊഴക്കട്ടയും കഠിനമധുരപ്പായസവും വടകളും പപ്പടങ്ങളും അരിമുറുക്കുകളും മന്ദക്കരഗണപതിയ്ക്ക് നേർച്ചചെയ്യുന്ന മോദകവും ചെറു കുഴലപ്പങ്ങളും ഏറെപ്രശസ്തമാണ്. ഗണപതി ഹോമം കഴിഞ്ഞുകിട്ടുന്ന പ്രസാദം മറ്റുള്ളവിടങ്ങളിൽ നിന്നും വളരെ രുചിയേറിയതാണ്. ഇതു് അനേകം ഭക്തജനങ്ങൾ ഇവിടെ വഴിപാടിനായി നൽകുന്നു.

വിദ്യാഭ്യാസത്തിലും...

വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന കല്പാത്തിജനത. ഗ്രാമത്തിൽ തന്നെ ഒരു എൽ . പി സ്കൂളും യു.പി സ്കൂളും തൊട്ടടുത്ത കുമരപുരം ഗ്രാമത്തിലെ ഗവ: ഹയർസെക്കണ്ടറി സ്കൂളും ഗ്രാമവാസികൾക്ക് അധികം ദൂരമല്ലാത്ത പഠനസൗകര്യമൊരുക്കുന്നു. ഒരു നാഴിക മാത്രം ദൂരമുള്ള വിക്ടോറിയ കോളേജും ഇവരുടെ വിദ്യാഭ്യാസത്തിന്റെ മറ്റൊരു ഭാഗമാണ്. അഗ്രഹാരത്തിൽ തന്നെ പല ഉദ്യോഗസ്ഥരും ഉന്നത മേധാവികളും പഠിച്ചുയർന്നത് ഈ കലാലയ ത്തിലാണു്.