ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /ക്ലാസ് മാഗസിൻ.

Schoolwiki സംരംഭത്തിൽ നിന്ന്

കളിപ്പാട്ടങ്ങൾ

സമയം 8.30 AM.
നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പർ ഫ്ലാറ്റിൽ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേൾക്കാം -
“ഓ.. പ്രകാശ്, നീ ഇനിയും ഒരുങ്ങിയില്ലെ! നമ്മൾ ഇന്നും ലേറ്റാവും,ഷുവർ.”
ചുണ്ടിൽ ലിപ്സ്റ്റിക് തേച്ച്, പട്ടുസാരിയുടുത്ത്, വാനിറ്റി ബാഗും തൂക്കി ജയലക്ഷ്മി പുറത്തേക്കു വന്നു.

" ജയാ, ഞാൻ എപ്പഴേ റെഡി!"- പ്രകാശ് തന്റെ ടൈ നേരെയാക്കിക്കൊണ്ടു പറഞ്ഞു.

"ശരി പോകാം. അല്ല ഈ സാരി എങ്ങനെയുണ്ട് പ്രകാശ്? "
"തരക്കേടില്ല.... ഓ, ഗോഡ് ! ടിന്റുമോൻ എണീറ്റിട്ടുകൂടിയില്ല! അവനെ ' ഡേ കെയറിൽ ' ഏൽപ്പിക്കേണ്ടേ?"
"ഞാൻ അക്കാര്യം മറന്നു!" തലയ്ക്കു കൈകൊടുത്ത് അവൾ സോഫയിലേക്ക് അമർന്നിരുന്നു.
"നീയവിടെ ഇരിയ്ക്വാണോ ! വേഗം പല്ലുതേച്ച് കുളിപ്പിക്ക്."
"ഓ- എന്നെകൊണ്ടു വയ്യ! നിങ്ങളു പോയി എടുത്തോണ്ടുവാ. പല്ലു തേപ്പിക്കലും കുളിപ്പിക്കലുമൊക്കെ അവിടുത്തെ ആയമാർ ചെയ്തോളും."
പ്രകാശ് മകനെ എടുത്തുകൊണ്ടുവന്നു. കാറിൽ കയറിയിട്ടും ടിന്റുമോൻ ഉറക്കത്തിലാണ്!
വാഹനം ഓടിക്കൊണ്ടിരിക്കെ ജയലക്ഷ്മി പലതവണ കണ്ണാടി നോക്കി. അപ്പോഴേക്കും അവർ 'പകൽവീടി'ന്റെ അങ്കണത്തിലെത്തിയിരുന്നു.
മധ്യവയസ്കയായ ഒരു സ്ത്രീ ടിന്റുമോനെ ഏറ്റു വാങ്ങി.അവരോട് പ്രകാശ് ടിന്റുമോനെ കുളിപ്പിക്കണം എന്നേ പറഞ്ഞൊള്ളു. 'പല്ലു തേപ്പിക്കണം' എന്നു പറയാൻ വിട്ടുപോയി!
ജയ അവന് ഒരുമ്മ കൊടുത്തു.എന്നിട്ട് പറഞ്ഞു,
"ടിന്റു, മമ്മി വൈകുന്നേരം വരാം.നല്ല കുട്ടിയായിരിക്കണം."
കാർ പാഞ്ഞുപോയി. ആ കുഞ്ഞിനെ കുളിപ്പിച്ചു നിർത്തി. വയസ്സ് മൂന്നേ ആയിട്ടുള്ളു; എങ്കിലും അവന് അത്യാവശ്യം 'തിരിച്ചറിവു'ണ്ട്. നിരനിരയായി വെച്ചിട്ടുള്ള കളിപ്പാട്ടങ്ങളിലേക്ക് അവൻ നോക്കി. എല്ലാം വീട്ടിലുള്ളത്; കളിച്ചു മടുത്തത്. അവനെപ്പോലെതന്നെയുള്ള ഒരു പാവ അക്കൂട്ടത്തിലുണ്ടായിരുന്നു. അവൻ അതിനെ മാത്രം ശ്രദ്ധിച്ചു.
ഏതാണ്ട് നാലു വയസ്സുള്ള ഒരാൺകുട്ടി അടുത്തു വന്ന് അവന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.
"വാ, മ്മക്ക് കളിച്ചാം."
അവൻ കുതറിമാറി.

ചുമരിൽ, ഒരമ്മ തന്റെ കുട്ടിയെ മടിയിലിരുത്തി ചോറൂട്ടുന്ന ചിത്രം ഉണ്ടായിരുന്നു. അവൻ കൊതിയോടെ അതു നോക്കിനിന്നു....
വൈകുന്നേരം അച്ഛനും അമ്മയും അവനെ 'ഏറ്റുവാങ്ങി.'
രാത്രി ജയ എന്തോ എവുതികൊണ്ടിരിക്കയായിരുന്നു. പതിവില്ലാത്ത ഒരു ചോദ്യം അവൻ ചോദിച്ചു.
"മമ്മീ, ഇച്ച് ചോറ് വാങ്ങിത്തര്വോ?"
"എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്! നീ തനിച്ചങ്ങു കഴിച്ചാൽ മതി."
എഴുത്തു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ടിന്റു അതാ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നു ! തൊട്ടുവിളിച്ചു ; അനക്കമില്ല ! കുലുക്കി വിളിച്ചു ; എന്നിട്ടും....
"പ്രകാശ് ,ഓടി വാ. നമ്മുടെ ടിന്റു....."
പ്രകാശ് പാഞ്ഞുവന്നു
"ജയേ, നീ പോയി കാറിന്റെ കീ എടുത്തോണ്ടു വാ."

*       *        *       *      *

ഡോക്ടർ ഐ.സി.യു.വിൽ നിന്ന് പുറത്തിറങ്ങി. ജയയും പ്രകാശും ഓടിച്ചെന്നു.
"ഡോക്ടർ, എന്തുപറ്റി എന്റെ മോന്? - ജയ ചോദിച്ചു.
"പേടിക്കാനൊന്നുമില്ല. ചെറിയൊരു മോഹാലസ്യം.ഇപ്പോൾ ബോധം തെളിഞ്ഞാണു കിടക്കുന്നത്..... ഒരു സംശയം - അബോധാവസ്ഥയിൽ കുട്ടി 'ചോറ് വാരിത്തര്വോ?' എന്നു ചോദിക്കുന്നുണ്ടായിരുന്നു. ഒരിക്കലല്ല. പലതവണ! എന്തായിത്? എനിക്കു മനസ്സിലായില്ല.!"
എന്നാൽ ജയലക്ഷ്മിക്കു മനസ്സിലായി
"ഡോക്ടർ, ഞങ്ങൾക്ക് കുട്ടിയെ കാണണം."- അവർ ഒരുമിച്ച് ഒരേ സ്വരത്തിലാണു പറഞ്ഞത്!
"വരൂ."
അവർ ഡോക്ടറുടെ പിന്നാലെ കയറിച്ചെന്നു.അവൻ എണീറ്റിരിക്കയായിരുന്നു. ജയലക്ഷ്മി ഓടിച്ചെന്ന് അവന്റെ ഇരു കവിളിലും ഉമ്മവെച്ചു ; അതിനിടയിൽ ഡോക്ടർ കേൾക്കാതെ ചെവിയിൽ മന്ത്രിച്ചു,
"ഇനി എന്നും ചോറ് വാരിത്തരാം ട്ടോ."


GEETHU. K
STD - IX
G.H.S.S. POOKKOTTUMPADAM