ജി.എച്ച്.എസ്. ബാര/അക്ഷരവൃക്ഷം/ അകലങ്ങളിൽ ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
അകലങ്ങളിൽ ഒരുമയോടെ

മനുഷ്യ രാശിയെ പിടിച്ചു കുലുക്കിയ പല വമ്പൻ മാരകരോഗങ്ങളും വന്നു പോയിട്ടുണ്ട് . വിനാശകരമായ പല തീവ്ര രോഗങ്ങളും ലോകത്തെ വിറപ്പിച്ചിട്ടുണ്ട്. പ്ലേഗ് , വസൂരി , കോളറ മുതൽ എയ്ഡ്ഡ്സും നിപയും വരെ നീളുന്നു മഹാമാരികൾ . ഇന്ന് അത്തരം മഹാമാരികളുടെ നീണ്ട പട്ടികയിൽ കൊറോണ വൈറസ് അഥവാ കോവിഡ് 19 കൂടി ഇടം നേടി . ലോകത്ത് നിലനിൽക്കുന്ന ഒരു വിവേചനവും രോഗങ്ങൾക്ക് ബാധകമല്ല എന്നതാണ് എന്നും നിലനിൽക്കുന്ന , പ്രാധാന്യമർഹിക്കന്ന വസ്തുത . പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ , വെളുത്തവനെന്നോ കറുത്തവനെന്നോ , ഉയർന്നവനെന്നോ താഴ്ന്നവനെന്നോ ഭേദങ്ങളില്ലാതെ പല രോഗങ്ങളും വരികയും ധാരാളം ജീവനുകളെ കൊണ്ടു പോകുകയും ചെയ്യുന്നു . ഇത്തരം ചെറുതും വലുതുമായ പല മാരക വിപത്തുകൾക്കും ലോകം സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് , പക്ഷേ പഴയ അന്ധ വിശ്വാസങ്ങളിൽ നിന്ന് ആധുനിക ശാസ്ത്രത്തിലേക്കുള്ള വളർച്ച ഇന്നത്തെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിലും ആരോഗ്യ സംരക്ഷണത്തിലും പ്രകടമാണ് .


പ്ലേഗിൻ്റെയും വസൂരിയുടെയും കാലത്ത് നമ്മുടെ നാട്ടിൽ ആരും ചികിത്സ തേടിയിരുന്നില്ല. രോഗബാധിതരെ ഒറ്റപ്പെടുത്തി ,മരണത്തിന് വിട്ട് കൊടുക്കുന്ന ഒരവസ്ഥയാണ് അന്ന് ഉണ്ടായിരുന്നത് .രോഗം ബാധിച്ചത് ദൈവകോപമാന്നെന്ന് പലരും അടിയുറച്ച് വിശ്വസിച്ചിരുന്നു .രോഗ പ്രതിരോധം എന്ന ഒരു സാഹചര്യം ഭീതിയില്ലാതെ നയിക്കേണ്ടത് യഥാർത്ഥത്തിൽ ഒരു വെല്ലുവിളി തന്നെയാണ് .ജനങ്ങളെ രോഗത്തെക്കുറിച്ചും രോഗമാർഗ്ഗങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഇതിൻ്റ ലക്ഷ്യം . കാരണം , സാമൂഹ്യ വിരുദ്ധരുടെ ഒരു പ്രവാഹം തന്നെയാണ് ഇത്തരം കാലം .തനിക്ക് ബാധിച്ച രോഗം മറ്റുള്ളവർക്കും പകരണം എന്ന ചിന്താഗതിയാണ് പലർക്കും .എന്നാൽ , തിരിച്ചറിയേണ്ട ഒരു കാര്യം എന്തെന്നാൽ ഇന്ന് ആരോഗ്യ ശാസ്ത്രമാണ് നമ്മെ നയിക്കുന്നത് . രോഗ പ്രതിരോധം വൈറസിൻ്റെ ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നു . മരണത്തിന് കീഴടങ്ങേണ്ടി വരുന്നെങ്കിലും ,ഇന്നാരും രോഗികളെ ഉപേക്ഷിക്കുന്നില്ല. ചികിത്സയിലൂടെ പ്രതിരോധം സാദ്ധ്യമാണ് എന്ന ശാസ്ത്രബോധമാണ് ഇതിന് കാരണം .

ഇപ്പോഴത്തെ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ കേരളം മാതൃകയായിരിക്കുന്നു .വിപുലവും സമഗ്രവുമായ പ്രതിരോധ നടപടികളിലൂടെയാണ് കൊറോണ വൻ തോതിൽ മരണം കൊണ്ടുവരുന്നതിനെ നമ്മുടെ നാട്ടിൽ നിയന്ത്രിക്കാനും അതിജീവിക്കാനും സാധിച്ചത് . ലോക് ഡൗൺ , സാമൂഹിക അകലം പാലിക്കൽ മുതലായ നടപടികൾ നമ്മെ പഠിപ്പിക്കുന്നത് എന്തെന്നാൽ രോഗം വന്ന് ചികിത്സിക്കുന്ന അവസ്ഥയെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്ന പാഠമാണ് .അത്തരം നാളുകൾ ആശങ്കയുടെയും ഭീതിയുടെയും കാലമാണ് ,എന്നാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശമാണ് ജനങ്ങൾ മുറുകെ പിടിക്കേണ്ടത് . കേരളത്തിൽ പടർന്നു പിടിച്ച കൊറോണ വൈറസ് എന്തുകൊണ്ട് പരാജയപ്പെടുന്നു അഥവാ എന്തു കൊണ്ട് മറ്റു രാജ്യങ്ങളെക്കാൾ കുറഞ്ഞതോതിൽ പടരുന്നു എന്ന ചോദ്യത്തിന് അനേകം മറുപടികൾ ഉണ്ട് .അതിലൊന്ന് എന്നും പരിശ്രമിച്ചു കൊണ്ട് നിൽക്കുന്ന സർക്കാരിൻ്റെ നടപടികൾ തന്നെയാണ് .ലോക രാജ്യങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നമ്മൾ കാഴ്ചവെക്കുന്നത് .ആരോഗ്യ വകുപ്പിൻ്റെ സേവനങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കർശന നിർദ്ദേശങ്ങളുമെല്ലാം ചേർന്നതുകൊണ്ടാണ് ഇത്രയൊക്കെയായിട്ടും കേരളത്തിൽ നല്ലൊരു ശതമാനം പേരും രോഗമുക്തരായത് . ഒരു പക്ഷെ ,ലോകം മുഴുവൻ രോഗ പ്രതിരോധ നടപടികളിൽ കേരളത്തെ ഉദാഹരണമായി ഉറ്റുനോക്കുന്നതിന് ഇതും ഒരു കാരണമാകാം .


കേരളത്തിൻ്റെ പ്രതിരോധ നടപടികൾ പ്രശംസാർഹമാണ് .അതുകൊണ്ട് തന്നെയാണ് ലോകത്ത് മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് കേരളത്തിൽ മൂന്ന് പേർക്ക് ആദ്യം സ്ഥിരീകരിക്കപ്പെട്ടിട്ടും സമ്പർക്ക - സമൂഹ വ്യാപനവുമില്ലാതെ അത് കരുതലോടെ നാം നേരിട്ടതും ആ മൂന്ന് പേരും രോഗമുക്തരായതും പിന്നീട് വിദേശികളിൽ നിന്നു മാണ് കേരളത്തിനും ലോകം മുഴുവൻ നേരിടുന്ന അതേ അവസ്ഥ ഉണ്ടായത് .അല്ലാതെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളും ചികിത്സിച്ച് ഭേദപ്പെടുത്തി എന്നത് കേരളത്തിൻ്റെ ആരോഗ്യമേഖലയുടെ മികവ് തന്നെയാണ് .കേരളത്തിലുടനീളം പോലീസ് വിന്യസിപ്പിക്കൽ ക്രമീകരിച്ചതും ജനങ്ങളോട് കർശനമായി വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കാൻ ഉത്തരവിറക്കിയതും കൊറോണ വൈറസ് വ്യാപനം തടയാൻ ഇന്ത്യ മുഴുവനും ഇങ്ങനെയുള്ള നടപടികൾ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്‌ .ദിവസേന കൊറോണ പോസിറ്റീവ് കേസുകൾ കേൾക്കുമ്പോൾ ഭീതിയോടെ അത് കാണരുതെന്ന് പല നേതാക്കളും അറിയിച്ചിട്ടുണ്ട് .ജനങ്ങൾക്ക് കരുത്തായി സന്ദേശങ്ങൾ നൽകുന്നത്‌ ഈ സാഹചര്യത്തെ മറികടക്കാൻ സഹായിക്കും എന്നാണ് അവരെല്ലാം കരുതുന്നത് .വൈറസിൻ്റെ കണ്ണി മുറിക്കുക [Break The Chain] എന്നതത്വം കൊറോണ പ്രതിരോധത്തിൻ്റെ മാതൃകാ വഴികാട്ടലാണ് .


ഈ കൊറോണ കാലത്തിൻ്റെ പ്രധാന നേട്ടമെന്തെന്നാൽ മുൻപത്തെ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലോകം മികച്ച രീതിയിൽ പ്രതികരിക്കുന്നു എന്നതാണ് .പകർച്ച വ്യാധികളുടെയും സാംഗ്രമിക രോഗങ്ങളുടെയും അനുഭവങ്ങളിൽ നിന്ന് മനുഷ്യൻ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കാൻ പഠിച്ചു എന്നതാണ് പ്രാധാന്യമർഹിക്കുന്ന കാര്യം. " ശാരീരിക അകലം ,സാമൂഹിക ഒരുമ " എന്നതാണ് ഇന്നത്തെ സന്ദേശം .ലോകം മുഴുവൻ ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ മാത്രമേ കൊറോണ വ്യാപനം തടയാൻ സാധിക്കുകയുള്ളൂ .എന്നും എപ്പോഴും ,ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. നാം പുലർത്തിയ അതീവ ജാഗ്രത കൊണ്ടാണ് കൊറോണ വ്യാപനം ഒരു പരിധിവരെ തടയാൻ നമക്ക് സാധിച്ചത് .

ഫാത്തിമ നാസ്
9 C ജി.എച്ച്.എസ്. ബാര
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം