ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ചരിത്രം
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ പുതിയ ബൈപ്പാസ് കടന്നു പോകുന്ന പ്രശാന്തസുന്ദരവും നയന മനോഹരവുമായ മങ്ങാട് ഗ്രാമം. ഒരു കാലത്ത് മൺകട്ടകളും കാടും നിറഞ്ഞിരുന്ന സ്ഥലം പിന്നീട് മങ്ങാടായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു.ഒരു വിളിപ്പാടകലെ അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളെ തഴുകിക്കൊണ്ട് വീശുന്ന മന്ദമാരുതനിൽ പരിലസിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഗ്രാമം . രാജകീയ പ്രൗഢിയുടെ ഓർമ്മകൾ നിലനിർത്തുന്ന പുരാവസ്തുശേഖരങ്ങൾ കണ്ടത്തിയ നാട്. രാജകിയ ഭരണത്തിന്റെ പ്രതാപങ്ങൾ ഇന്നും അങ്ങിങ്ങായി അവശേഷിക്കുന്നു.
അധ്വാനിക്കുന്ന തൊഴിലാളി വർഗം മങ്ങാടിന്റെ മുഖമുദ്രയായിരുന്നു. മീൻ പിടുത്തവും കയർ നിർമ്മാണവും ഇൗ ഗ്രാമത്തിന്റെ ജീവനോപാധിയിരുന്നു. പരമ്പരാഗത രീതിയിലെ ഇൗ കയർ നിർമ്മാണമത്രേ മങ്ങാടൻ കയറായി പിൽക്കാലത്ത് പ്രസിദ്ധമായത് . കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മുഖ്യസ്രോതസ് ഒരു കാലത്ത് മങ്ങാടൻ കയറിന്റെ വ്യാപാരമായിരുന്നു.
ചരിത്രം ഇപ്രകാമുളള ഒാർമ്മകൾ പങ്കുവയ്ക്കുമ്പോൾ കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു. കാലചക്രഭ്രമണത്തിൽ മങ്ങാടിനു മാറ്റങ്ങൾ സംഭവിച്ചു. ഒരു ദേശത്തിന്റെ ഐശ്വര്യവും വളർച്ചയും അവിടുത്തെ വിദ്യാലയമത്രേ . അങ്ങനെ മങ്ങാടിന്റെ പണ്ഡിതവരേണ്യൻമാരുടെ പരിശ്രമഫലമായി 1913 – ൽ ഒരു മലയാളം സ്കൂൾ സ്ഥാപിതമായി, മങ്ങാടിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഇവിടെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ മുന്നേറ്റത്തിന്റെ നന്ദി കുറിച്ചത് ഈ വിദ്യാലയമത്രേ . ഏകദേശം 5കിലോമീറ്റർ ദൂരത്തുനിന്നു വരെ ധാരാളം വിദ്യാർത്ഥികൾ ഇൗ പ്രൈമറി വിദ്യാലയത്തിലെത്തിയിരുന്നു. അങ്ങനെ സമ്പദ് സമൃദ്ധമായ ഇൗ നാടിനെ വിദ്യാദേവതകനിഞ്ഞ് അനുഗ്രഹിച്ചു എൽ.പി.സ്കൂൾ 1960 – ൽ എച്ച്. എസ്. ആയി ഉയർന്നു. മങ്ങാട് ഗ്രാമവാസികളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞു.
ഒരു വിദ്യാലയത്തിലൂടെ ഒരു നാടിന് എങ്ങനെ ഉന്നമനം ലഭ്യമാകും എന്ന് തെളിയിച്ച് കൊണ്ട് അവിശ്രാന്ത പരിശ്രമം ചെയ്ത പൂർവ്വ സൂരികളായ അധ്യാപകർ ഈ സ്കൂളിന്റെ അനുഗ്രഹമായിരുന്നു. അങ്ങനെ 1998 ൽ മങ്ങാടിന്റെ നെറുകയിൽ പൊൻലിപികളാൾ കുറിയ്ക്കപ്പെട്ടു. “മങ്ങാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ.”
ഈ സരസ്വതി ക്ഷേത്രത്തിൽ പടികളിറങ്ങിയ അനേകം വ്യക്തിത്വങ്ങൾ ഇന്നും ലോകത്തിന്റെ തന്നെ അഭിമാനപാത്രങ്ങളാണ്. ഭരണസംവിധാനം , ആരോഗ്യം , വിദ്യാഭ്യാസം ,നിയമം, വ്യവസായം, കല എന്നിങ്ങനെ വിവിധ മേഖലകൾ പരിശോധിച്ചാൽ ഇതിന്റെ മകുടോദാഹരണങ്ങൾ കണ്ടെത്താം.
106 വർഷം പിന്നിട്ട ഈ മുത്തശ്ശിവിദ്യാലയം കേരള സർക്കാറിന്റെ പൊതുവിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക്കായി മാറുകയാണ് . വർഷം മുഴുവനും ഏറെ മധുരവും ഒപ്പം കൈപ്പും പുളിപ്പും ചേർന്ന നെല്ലിക്കയിലൂടെ ജീവിത സന്ദേശങ്ങൾ നൽകുന്ന നെല്ലിമുത്തശ്ശി ഈ സ്കൂളിൽ മാത്രം അവകാശപ്പെടാവുന്ന പ്രപഞ്ച നന്മയാണ് . അങ്ങനെ എല്ലാവിധത്തിലും കേരള ചരിത്രത്തിൽ ഒരു പക്ഷേ , നാളെ സുവർണ്ണ ലിപികളാൽ നമുക്ക് പ്രതീക്ഷിക്കാം .ഗവ. ഹയർ സെക്കന്ററിസ്കൂൾ – മങ്ങാട് ഞങ്ങളുടെ പുതിയ ഹൈടെക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 നവംബർ 11 തിങ്കൾ വൈകിട്ട് 6:30 ന് ബഹു കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.ശ്രീ സി രവീന്ദ്രനാഥ് നിർവ്വഹിച്ചു