ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ചരിത്രം
ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.
ഉന്നതകുലജാതർക്ക് മാത്രം "വിദ്യ " അഭ്യസിക്കുവാൻ അധികാരവർഗ്ഗത്തിന്റെ അനുവാദം തിരുവിതാംകൂർ ദേശത്തു നിലനിന്നിരുന്ന കാലഘട്ടം ,വെൺപകൽ ദേശത്തെ പൂർവികർ ചിന്തിച്ചുറപ്പിച് ,ഈ പ്രദേശത്തും ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കണമെന്ന് .അന്നത്തെ വിജ്ഞാനദാഹികൾ പല ദേശത്തുനിന്നും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ധാരണകളും വിശ്വാസങ്ങളും കോർത്തിണക്കി"മരത്തണലിൽ ചുവട്ടിൽ" നിലത്തെഴുത്താശാന്റെ ശിക്ഷണത്തിൽ ആരംഭിച്ചതും ,1984 കാലഘട്ടത്തിൽ ഓലഷെഡിൽ തുടങ്ങിയതുമായ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ചിറക്കുളം സ്കൂൾ,പെൺപള്ളിക്കൂടം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗവ:എൽ .പി .ജി .എസ് വെൺപകൽ .
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാമെന്ന രാജവിളംബരം വന്നതോടെ ഈ പ്രദേശത്തെ പെൺകുട്ടികളുടെ രക്ഷിതാക്കളും ,വിദ്യാഭ്യാസ സ്നേഹികളും ,സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രവർത്തകരും ആഹ്ലാദത്തിലായി .ഇത്തരക്കാരുടെ കഠിനാധ്വാനവും നിരന്തര പരിശ്രമവും കൊണ്ട് "കുടിപ്പള്ളിക്കൂടത്തെ "പെൺപള്ളിക്കൂടമയി അധികാരികളെ കൊണ്ട് അംഗീകരിപ്പിക്കുവാൻ കഴിഞ്ഞു . തുടർന്ന് ഈ പ്രദേശത്തെ ആദരണീയരായ പൊതുതാൽപ്പര്യക്കാരുടെ കൂട്ടായ്മയുടെ ഫലമായി 30 -11 -1968 ൽ ഈ സ്കൂളിന് വേണ്ടി കൈപ്പഴകൃഷ്ണൻനായരിൽ നിന്നുമൊരാരേക്കർ ആറു സെന്റ് സ്ഥലം സർക്കാരിനെ സ്ഥലം പൊന്നും വിലയ്ക്ക് വാങ്ങിപ്പിക്കുവാൻ കഴിഞ്ഞു .
1935 കാലഘട്ടത്തിൽ ഈ സ്കൂളിൽ പഠിച്ചിരുന്നതും പഠനശേഷം നേമം വിക്ടറി ഹൈ സ്കൂളിൽ അധ്യാപികയായി ജോലി നോക്കിയ ശേഷം 1985 പെൻഷൻ പറ്റി വിശ്രമ ജീവിതം നയിക്കുന്ന ബഹുമാന്യയായ പാറുടീച്ചറുടെ ഓർമ്മകളിൽ വിരിയുന്ന ഈ സ്കൂളിനെ കുറിച്ചുള്ള ചരിത്രം ഇങ്ങനെയാണ്............
1935 നും വളരെ വർഷങ്ങൾക്കുമുമ്പേ കുടിപ്പള്ളിക്കൂടങ്ങൾ എന്ന നിലയിൽ നെയ്യാറ്റിൻകര താലൂക്കിൽ വളരെ കുറച്ച സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അവർ സ്കൂളിൽ ചേർന്നപ്പോൾ പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ആൺകുട്ടികൾ പുത്തൻകുളം സ്കൂളിലും പഠിച്ചിരുന്നു.ഓലത്താന്നി മുതൽ കാമുകിൻകോട് കാണവിളയ്ക്ക് താഴെ ഭാസ്കർനഗർ,പട്യാകാല പ്രദേശം മുതൽ ഇരുവൈക്കോണം തോട്ടം,മണലുവിള, ശാസ്താംതല പ്രദേശം വരെ വളരെ വിശാലമായ ഒരു ചുറ്റളവിലെ പെൺകുട്ടികൾ ഇവിടെ ചേർന്നാണ് പഠിച്ചിരുന്നത്. രാജഭരണം നടന്നിരുന്ന കാലം ചിത്തിരതിരുനാൾ മഹാരാജാവിനു വളരെ മുൻപേ ഈ സ്കൂൾ ആരംഭിച്ചതായാണ് പഴമക്കാർ പറഞ്ഞു പാറുടീച്ചർക്ക് അറിവുള്ളത്. ഈ പറഞ്ഞ പ്രദേശങ്ങളിലെ താഴ്ന്ന ജാതിക്കാരെ ഈ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുമായിരുന്നില്ല .
Sc/St വിഭാഗങ്ങളിൽ പെട്ടവർ പോങ്ങിൽ ഐസക്ക് സാറിന്റെ വീടിനടുത്തു പ്രവർത്തിച്ചിരുന്ന"ഞണ്ടൻ സ്കൂൾ''(ലണ്ടൻ മിഷൻ സ്കൂൾ)ൽ ചേർന്നാണ് പഠിച്ചിരുന്നത്.
പട്ടിക്കും പൂച്ചയ്ക്കും നടക്കാൻ കഴിയുമായിരുന്ന വഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് നടക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലഘട്ടമാണ് അന്ന് എന്ന് ഓർമ്മപെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.അന്ന് താഴ്ന്ന ജാതിക്കാരെന്ന് തരം തിരിക്കപ്പെട്ടിരുന്ന അത്തരക്കാർ പാടത്തു അന്തിമയങ്ങുവോളം പണിയെടുത്തു മടങ്ങുംനേരം ചെളി മാറിൽനിന്നും കഴുകി കളയണമെങ്കിൽ മണിക്കുറുകൾ മാറിനിന്നാൽ മാത്രമേ തോട്ടിലിറങ്ങാൻ കഴിയുമായിരുന്നുള്ളൂ.നടുത്തോടെന്നറിയപ്പെടുന്ന തോട്ടിൽ ഒളിച്ചിറങ്ങി കുളിക്കുന്നത് കണ്ടുപിടിച്ചാൽ ശിക്ഷ ഉറപ്പായിരുന്നു .1980 ആയതോടെ ഈ സ്കൂൾ മിക്സഡ് ആയതാണ് പാറു ടീച്ചർ ഓർക്കുന്നത്. അന്നും ഇന്നത്തെ ''എൽ ''ഷേപ്പ് കെട്ടിടം തന്നെയായിരുന്നു . ഓലമേഞ്ഞ കെട്ടിടം ,സിമന്റ് പൂശില്ലായിരുന്നു ,തറ മണൽ നിറച്ചതായിരുന്നു .ഇന്ന് കാണുന്ന കിണറോ,മൂത്രപ്പുരയോ മറ്റൊന്നും തന്നെ ഇല്ലായിരുന്നു .
ഇവരുടെ സ്കൂളിലെ അനുഭവങ്ങളും ,സ്കൂളിലേക്കുള്ള യാത്രകളും വളരെ രസകരമായിരുന്നതായി അവർ ഓർക്കുന്നു .ഇന്നത്തെ പോലെ തോടിന്റെ ഇരുകരയെയും ബന്ധിപ്പിച്ചു കൊണ്ട് ''തടി''പാലം പോലും ഇല്ലായിരുന്നു .തോട്ടിലെ വെള്ളത്തിൽ ഇറങ്ങിയതാണ് മറുകര കയറി ഞങ്ങൾ കൂട്ടുകാർ ഒന്നിച്ചു സ്കൂളിലെത്തിയിരുന്നത് . മഴക്കാലമായാൽ ഞങ്ങളുടെ സംഘത്തിലെ അംഗസംഖ്യ 1/4 ആയി കുറയും . മഴ പെയ്താൽ തോട് നിറയും ,ആൺപള്ളിക്കൂടത്തിലെ പിള്ളേരുവന്നാണ് തോളിൽ കയറ്റി ഞങ്ങളെ മറുകരയിലാക്കി ഞങ്ങൾ സ്കൂളിൽ പോയിവന്നിരുന്നത്.
ഇന്നത്തെപ്പോലെ മുഴുവൻ കുട്ടികളെയും പ്രൊമോഷൻ കൊടുത്തു വിടുന്ന രീതി അന്നില്ലായിരുന്നു .അന്ന് പഠിച്ചിരുന്ന കുട്ടികൾക്ക് എല്ലാ അക്ഷരവും നന്നായി വായിക്കുവാനും എഴുതുവാനും അറിയാമായിരുന്നു . അധ്യാപകരോട് കുട്ടികൾക്ക് നല്ല ബഹുമാനവും ആയിരുന്നു .സ്കൂളിൽ ഇന്നത്തെപ്പോലെ കല കായിക മത്സരങ്ങളോ,പി.ടി.എ.കമ്മിറ്റികളോ,യോഗങ്ങളോ ,വാർഷികമോ ഒന്നും തന്നെ ഇല്ലായിരുന്നു .ഒന്ന് മുതൽ മൂന്നു വരെ സ്ലേറ്റിലാണ് എഴുതിയിരുന്നത് .നാലുമുതൽ സ്ലേറ്റിനൊപ്പം ബുക്കും പെൻസിലും ഉപയോഗിച്ച് തുടങ്ങുമായിരുന്നു .നാലാം ക്ലാസ്സിൽ ബോർഡിൽ ബുക്കിൽ എഴുതിയെടുക്കുവാനുള്ള നോട്ട്സ് ടീച്ചർമാർ എഴുതിയിട്ട് തരുമായിരുന്നു .
നിലമേൽ ചെല്ലമ്മ സർ എച്ച് .എം ആയിരുന്നു.വെൺപകൽ പുത്തൻ വീട്ടിൽ ഭഗവതിയമ്മ ടീച്ചർ ആയിരുന്നു .ഇരുവയ്ക്കോണം മുണ്ടാക്കാഞ്ചേരി വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ വലിയമ്മ ഭാഗീരഥിയമ്മ ടീച്ചർ ആയിരുന്നു . വാരിവീട്ടിൽ ഇന്ദിരയുടെ കുഞ്ഞമ്മ നാണിയമ്മ മറ്റൊരു ടീച്ചർ ആയിരുന്നു.ആ കാലഘട്ടത്തിൽ വെൺപകൽ മംഗ്ലാവിൽ പൊന്നമ്മയെന്നയാൾ ലീവ് വേക്കൻസിയിൽ ടീച്ചറായും ജോലി നോക്കിയിട്ടുണ്ട്. പെൺപള്ളിക്കൂടമായിരുന്നെങ്കിലും ഈ സ്കൂളിൽ പഠിച്ചിരുന്ന ആദ്യ ആൺകുട്ടി ,ഇന്ന് അമേരിക്കയിൽ അറിയപ്പെടുന്ന എഞ്ചിനീയർ ആയ പ്രേംചന്ദ് ആയിരുന്നു.ഇദ്ദേഹം ആൺപള്ളിക്കൂടത്തിൽ അഡ്മിഷൻ ആയി പെൺപള്ളിക്കൂടത്തിൽ പഠിച്ചു മിടുക്കനായി മാറിയ വ്യക്തിയാണ് . ഈ സ്കൂളിന് പിൽക്കാലത്തു വസ്തു നൽകിയ കപ്പഴാ കൃഷ്ണൻപിള്ള സാറിന്റെ ശേഷക്കാരി ഈ സ്കൂളിൽ ടീച്ചർ ആയിരുന്നു (പ്രേംചന്ദിന്റെ വലിയമ്മ).വല്യമ്മയോടൊപ്പം ഈ സ്കൂളിൽ വരാൻ വാശി കാണിച്ചതിനാലാണ് പ്രേംചന്ദിന് ഈ സ്കൂളിൽ ആദ്യത്തെ ആണ്കുട്ടിയായി മാറുവാൻ കഴിഞ്ഞത് . പാറു അമ്മയുടെ പഠനകാലത്തു ആൺസാർമാർ ആരും തന്നെയില്ലായിരുന്നു.
അന്ന് ഇന്നത്തെ പോലെ സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നില്ല. പഠനോപകരണങ്ങൾ തീരെ ഇല്ലായിരുന്നു.ഭാഷ,ഗണിതം,ഭൂമിശാസ്ത്രം,മലയാളം,ചരിത്രം എന്നിവ പഠിപ്പിച്ചിരുന്നു. കലാകായിക മത്സരങ്ങളാന്നും ഇല്ലായിരുന്നു,എന്നാലും തയ്യലിനും ,പാട്ടിനും പ്രത്യേക ടീച്ചർമാർ ഉണ്ടായിരുന്നു.
നങ്കറത്തല സുമതിപ്പിള്ള (വയസ്സ് 70 )ഓർമ്മിക്കുന്നത്,ഇവർ പഠിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരാൺ സാർഈ സ്കൂളിൽ പഠിപ്പിച്ചു തുടങ്ങിയത് .ഓലത്താന്നി,പാതിരശേരിയാറ്റിനക്കരെ നിന്നും വന്നിരുന്ന നാടാർ സാർ എന്ന് വിളിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു അദ്ദേഹം .ഇദ്ദേഹം ഇവരെ സ്ലേറ്റുടച്ചതിനടിച്ചതും പിന്നെ സ്നേഹത്തോടെ വിളിച്ച് നന്നായി വരണമെന്ന് അനുഗ്രഹിച്ചതും എച്ച് .എം ആയിരുന്ന നെയ്യാറ്റിൻകര കരീൽ ലക്ഷ്മിയമ്മ ടീച്ചറുടെ പുഞ്ചിരി തൂകിയ മുഖവും സ്നേഹവും പെരുമാറ്റവും തയ്യൽ പാട്ട് ടീച്ചർ ചെല്ലമ്മ സാറിന്റെ ലാളനങ്ങളും എല്ലാം ഇവർ ഇന്നത്തെപ്പോലെ ഓർക്കുന്നു.ഈ സ്കൂളിൽ 26 -10 -1114 ൽ പെൺകുട്ടികൾക്കിടയിൽ ഇടംപിടിച്ച പെരുങ്കടവിള വടകര ദേവിയറത്തല വീട്ടിൽ കുഞ്ഞൻ മകൻ ശ്രീധരൻ ഒരു വർഷം ഇവിടെ പഠിച്ചു തുടങ്ങിയതായി രേഖകളിൽ കാണുന്നു.തുടർന്ന് 1980 കൾക്ക് ശേഷമാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിക്കാൻ തുടങ്ങിയത്.